ഫല്ലൂജ: ഇറാഖിലെ പ്രമുഖ നഗരങ്ങൾ അൽ ഖൈദയുടെ പൂർണ്ണമായ നിയന്ത്രണത്തിലായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അൽ ഖൈദയുടെ പിന്തുണയുള്ള സുന്നി വിഭാഗം ഫല്ലൂജ, റമാദി എന്നീ പ്രമുഖ നഗരങ്ങൾ തങ്ങളുടെ പിടിയിൽ ആക്കിയതോടെ സർക്കാർ സംവിധാനങ്ങൾ ഇവിടെ പൂർണ്ണമായും പരാജയപ്പെട്ടു. അൻബാർ പ്രവിശ്യയിൽ റോക്കറ്റ് വിക്ഷേപിണികളും, ഗ്രനേഡുകളും ഉപയോഗിച്ച് ശക്തമായ മുന്നേറ്റം നടത്തുന്ന അൽ ഖൈദ പോരാളികൾ തന്ത്ര പ്രധാനമായ കാർമ നഗരവും പിടിച്ചെടുത്തു. ഫല്ലൂജയിൽ വെള്ളിയാഴ്ച്ച രാത്രി മുഴുവനും ശനിയാഴ്ച്ച പകലും നടന്ന കനത്ത ഷെൽ വർഷത്തിൽ 19 പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
പ്രധാനമന്ത്രി നൌറി അൽ മലീകി നേതൃത്വം നല്കുന്ന ഷിയാ സർക്കാരിന് സുന്നി വിഭാഗം നടത്തുന്ന ഈ സായുധ കലാപം വമ്പിച്ച വെല്ലുവിളിയാണ് ഉയർത്തുന്നത്. അമേരിക്കൻ സൈന്യം ഇറാഖിൽ നിന്നും പിന്മാറിയതിനെ തുടർന്ന് ഇറാഖിലെ സുരക്ഷാ സംവിധാനങ്ങളുടെ തകർച്ചയിലേക്കാണ് ഇപ്പോഴത്തെ അവസ്ഥ വിരൽ ചൂണ്ടുന്നത്. ഭീകരാക്രമണത്തെ ചെറുക്കുന്ന ഗോത്ര വർഗ്ഗ പോരാളികൾക്കും ഇറാഖ് സർക്കാരിനും “എല്ലാ വിധ” സഹായങ്ങളും തങ്ങൾ ചെയ്യുന്നതായി വാഷിംഗ്ടണിൽ അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചിട്ടുണ്ട്.