വാഷിങ്ങ്ടണ്‍: ഒന്നാമന് താന്‍ തന്നെയെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ചു കൊണ്ട് ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡണ്ടായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക പ്രഖ്യാപനം ഇനിയും വരാനിരിക്കുന്നതേ ഉള്ളൂ. വാശിയേറിയ മത്സരത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ മീറ്റ് റോംനിയെ പരാജയപ്പെടുത്തി ക്കൊണ്ടാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ബറാക് ഒബാമയെന്ന കറുത്ത വംശജന് ഒരിക്കല്‍ കൂടെ ചരിത്രത്തെ തിരുത്തിക്കുറിച്ചത്.
ഇത്രയും ഉദ്വേഗം നിറഞ്ഞ ഒരു പ്രസിഡണ്ട് തിരഞ്ഞെടുപ്പ് അമേരിക്ക ഇതു വരെ കണ്ടിട്ടുണ്ടാകില്ല. 274 ഇലക്ടറല്‍ വോട്ടുകള്‍ ഒബാമയ്ക്ക് ലഭിച്ചപ്പോള്‍ മീറ്റ് റോംനിക്ക് 203 ഇലക്ടറല്‍ വോട്ടുകളേ നേടുവാന്‍ ആയുള്ളൂ. 23 സ്റ്റേറ്റുകളില്‍ ഒബാമയും 22 എണ്ണത്തില്‍ മീറ്റ് റോംനിയും വിജയിച്ചു. കൊളറാഡോ, മിഷിഗണ്‍, ഒഹായോ, വിസ്കോണ്‍സിന്‍ , പെന്‍സിൽവാനിയ, അയോവ, ന്യൂഹാംഷയര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയമാണ് ഒബാമയുടെ വിജയത്തിലേക്ക് വഴി തെളിച്ചത്.
ഒബാമയുടെ വിജയം ഉറപ്പായതോടെ ഡെമോക്രാറ്റുകള്‍ വിജയാഘോഷം ആരംഭിച്ചു കഴിഞ്ഞു. ലോക രാജ്യങ്ങളില്‍ നിന്നുമുള്ള പ്രമുഖര്‍ ഒബാമയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടിരിക്കുകയാണ്. യു. എസ്. പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ താന്‍ തോല്‍വി സമ്മതിച്ചതായി മീറ്റ് റോംനി വ്യക്തമാക്കി. രാജ്യം ഏറെ വിഷമതകള്‍ നേരിടുന്ന സമയമാണെന്നും രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുവാന്‍ ഒബാമയ്ക്ക് ആകട്ടെ എന്നും റോംനി പറഞ്ഞു.
ഔദ്യോഗിക പ്രഖ്യാപനം ജനുവരി ആറിനു യു. എസ്. കോണ്‍ഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തില്‍ വച്ചായിരിക്കും ഉണ്ടാകുക. സത്യപ്രതിജ്ഞ അടുത്ത വര്‍ഷം ജനുവരിയില്‍ ആയിരിക്കും.