വാഷിംഗ്ടൺ : 2008ലെ മുംബൈ ഭീകരാക്രമണത്തിനു പുറകിൽ പ്രവർത്തിച്ചത് ലെഷ്ക്കർ എ തൊയ്ബ സ്ഥാപകനായ ഹാഫിസ് സയീദ് തന്നെയാണ് എന്ന കാര്യം തങ്ങൾക്ക് ഉറപ്പാണ് എന്നും സയീദിനെ നിയമത്തിന് മുൻപിൽ കൊണ്ടു വരുവാൻ വേണ്ടിയാണ് സയീദിന്റെ തലയ്ക്ക് വിലയിട്ടത് എന്നും അമേരിക്ക അറിയിച്ചു. സയീദിനെ പിടികൂടാനോ വധിക്കാനോ അല്ല ഈ പ്രതിഫലം എന്നും അമേരിക്കൻ വക്താവ് വ്യക്തമാക്കി. സയീദിനെ പിടികൂടാൻ സഹായകരമായ വിവരം നൽകുന്നവർക്ക് പ്രതിഫലം ലഭിക്കും. സയീദ് എവിടെയാണ് എന്നതിൽ ആർക്കും സംശയമില്ല. അയാൾ പാക്കിസ്ഥാനിൽ പരസ്യമായി സ്വൈര്യവിഹാരം നടത്തുന്നത് എല്ലാവർക്കും അറിയാം. എന്നാൽ സയീദിനെ പ്രോസിക്യൂട്ട് ചെയ്യാൻ സഹായകരമായ വിവരങ്ങൾ ആണ് തങ്ങൾക്ക് വേണ്ടത്. ഇത്തരം വിവരങ്ങൾ നൽകുന്നവർക്കാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരിക്കുന്നത്.