വാഷിംഗ്ടണ്‍ : അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യം വധിച്ച താലിബാന്‍ പ്രവര്‍ത്തകരുടെ മൃതദേഹങ്ങളെ അപമാനിച്ച സംഭവത്തില്‍ അമേരിക്കന്‍ സൈനികര്‍ക്കെതിരെ അന്വേഷണം നടത്തുമെന്ന് യു. എസ്. മറൈന്‍ കോര്‍ അറിയിച്ചു. താലിബാന്‍ പോരാളികളുടെ മൃതദേഹങ്ങളില്‍ അമേരിക്കന്‍ സൈനിക യൂനിഫോം ധരിച്ച നാല് പേര്‍ മൂത്രമൊഴിക്കുന്ന ദൃശ്യം ഇന്റര്‍നെറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. മൃതദേഹങ്ങളില്‍ അമേരിക്കന്‍ സൈനികര്‍ മൂത്രമൊഴിക്കുന്ന വീഡിയോ ദൃശ്യത്തിന്റെ ഉറവിടത്തെ ക്കുറിച്ചോ വിശ്വാസ്യതയെ ക്കുറിച്ചോ സ്ഥിരീകരിച്ചിട്ടില്ലെന്നും സംഭവത്തെ ക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും യു. എസ്. മറൈന്‍ കോര്‍ പ്രസ്താവനയില്‍ അറിയിച്ചു.
സൈന്യത്തിന്റെ മൂല്യത്തിന് നിരക്കുന്ന പ്രവര്‍ത്തിയല്ല ഇതെന്നും എല്ലാ സൈനികരേയും ഇത് വെച്ച് വിലയിരുത്തരുതെന്നും പ്രസ്താവനയില്‍ പറയുന്നു. ഈ സംഭവത്തില്‍ കൌണ്‍സില്‍ ഓഫ് അമേരിക്കന്‍ -ഇസ്ലാമിക് റിലേഷന്‍സും യു. എസ്. മുസ്ലീം സിവില്‍ റൈറ്റ്സ് ഗ്രൂപ്പും സംഭവത്തില്‍ പ്രതിഷേധമറിയിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലിയോണ്‍ പനേറ്റക്ക് കത്തയച്ചിട്ടുണ്ട്.