ലണ്ടന്‍: ട്രിപ്പോളി നഗരത്തില്‍ രഹസ്യമായുണ്ടാക്കിയ തുരങ്കങ്ങള്‍ വഴി ലിബിയന്‍ ഏകാധിപതി മുഅമര്‍ ഗദ്ദാഫി രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട്. ട്രിപ്പോളിക്ക് സമാന്തരമായി ‘ഭൂമിക്കടിയില്‍ മറ്റൊരു ട്രിപ്പോളി’ സജ്ജമാക്കിയിരുന്നുവെന്നും പറയുന്നു. ഗദ്ദാഫിയും കുടുംബവും അല്ജീരിയയിലേക്ക് കടന്നെന്നു ഈജിപ്ത് വാര്‍ത്താ എജെന്സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളില്‍ ഇവര്‍ അതിര്‍ത്തി വിട്ടു എന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിക്കുന്നത്.
ഗദ്ദാഫി ഭൂമിക്കടിയില്‍ നിര്‍മിച്ച തുരങ്കങ്ങള്‍ കഴിഞ്ഞ ദിവസം ട്രിപ്പോളിയിലെ വിമതര്‍ കണ്ടെത്തിയിരുന്നു. സുരക്ഷാ സംവിധാനങ്ങളോടെ തുരങ്കത്തിനകത്ത് പരിശോധനയും നടത്തി. രണ്ടു പേര്‍ക്ക് സുഗമമായി സഞ്ചരിക്കാന്‍ കഴിയുന്ന തുരങ്കത്തില്‍ ഗദ്ദാഫിയും കുടുംബാംഗങ്ങളും ഉപേക്ഷിച്ച ഇത്തരം ചെറുവാഹനങ്ങളും കണ്ടെത്തി. ഇത്തരം വാഹനത്തിലാവും ഗദ്ദാഫി രക്ഷപ്പെട്ടതെന്ന് വിമത നേതാക്കളും പറഞ്ഞു.
അതിനിടെ, ലിബിയയിലെ വിമതര്‍ക്ക് രാജ്യ പുനര്‍നിര്‍മ്മാണത്തിനായി 1.5 ബില്യണ്‍ ഡോളറിന്റെ ധനസഹായം നല്‍കാന്‍ യു.എന്‍ തീരുമാനിച്ചു. അറബ്, യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ മരവിപ്പിച്ച ലിബിയയുടെ സ്വത്തുകള്‍ തിരിച്ചുനല്‍കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലിബിയയുടെ 500 മില്യണ്‍ ഡോളര്‍ സ്വത്താണ് വിവിധ രാജ്യങ്ങള്‍ മരവിപ്പിച്ചിട്ടുള്ളത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നേരിടുന്ന ലിബിയന്‍ വിമതര്‍ക്കു മാനുഷിക മൂല്യങ്ങള്‍ പരിഗണിച്ചാണ് സ്വത്ത് കൈമാറാന്‍ തീരുമാനിച്ചതെന്ന് യുഎസ് അറിയിച്ചു