ട്രിപോളി: ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ ലിബിയയിലെ മുന്‍ ഏകാധിപതി കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെയും മകന്‍ മുതസിമിന്റെയും മൃതദേഹം മരുഭൂമിയിലെ രഹസ്യകേന്ദ്രത്തില്‍ മറവുചെയ്തതായി റിപ്പോര്‍ട്ട്. രണ്ടുപേരുടെയും മൃതദേഹങ്ങള്‍ മിസ്രത്തില്‍ നിന്നും കൊണ്ടുപോയതായി നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. നാലുദിവസമായി ഗദ്ദാഫിയുടെ മൃതദേഹം മിസ്രത്തിലെ മാംസസൂക്ഷിപ്പുകേന്ദ്രത്തിലെ ശീതീകരണിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൃതദേഹം അഴുകിത്തുടങ്ങിയയതായി ആംനസ്റ്റിയുടെ വക്താവ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ പാശ്ചാത്യന്‍ മാധ്യമങ്ങളും ഇതിനെതിരെ രംഗത്ത് വന്നു. ഗദ്ദാഫിയുടെ മൃതദേഹത്തോട് കാണിച്ച അനാദരവ് നീതികരിക്കാനാവില്ല എന്ന് മുന്‍ ക്യുബന്‍ പ്രസിഡന്‍റ് ഫിഡല്‍ കാസ്ട്രോ പറഞ്ഞു.
ജന്മസ്ഥലമായ സിര്‍ത്തില്‍ തന്നെ ഖബറടക്കണമെന്ന് ഗദ്ദാഫിയുടെ മരണപത്രത്തില്‍ പറഞ്ഞിരുന്നു. എന്നാല്‍ അപ്രകാരം ചെയ്യില്ലെന്നും സിര്‍ത്തില്‍ ഖബറടക്കം ചെയ്താല്‍ ഭാവിയില്‍ ഗദ്ദാഫി അനുകൂലികള്‍ക്ക് അദ്ദേഹത്തെ എക്കാലത്തുംസ്മരിക്കുന്നതിന്അവസരമൊരു ക്കലാണെന്നും എന്‍ടിസി പറഞ്ഞിരുന്നു. മൃതദേഹങ്ങള്‍ അടക്കം ചെയ്യുന്നതിനെച്ചൊല്ലി ഭരണകൂടത്തില്‍ ഭിന്നതയുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒക്ടോബര്‍ 20ന് വ്യാഴാഴ്ചയാണ് ഗദ്ദാഫിയെ എന്‍ടിസി സേന വധിച്ചത്. നാറ്റോ ആക്രമണത്തില്‍ പരുക്കേറ്റ് മലിനജലക്കുഴലില്‍ അഭയം തേടി ഗദ്ദാഫിയെ എന്‍ടിസി സേന പിടികൂടി വധിയ്ക്കുകയായിരുന്നു.