ബെയ്‌റൂട്ട് :സര്‍ക്കാരിനെതിരെ ആഭ്യന്തര കലാപം രൂക്ഷമായ സിറിയയില്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വധശിക്ഷയ്‌ക്കു വിധേയനാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ആയിരങ്ങള്‍ തെരുവിലിറങ്ങി. അഞ്ചുമാസമായി ഭരണകൂടത്തിനെതിരേയുള്ള പ്രക്ഷോഭം നടന്നുവരികയാണ്. എന്നാല്‍ പ്രക്ഷോഭം കര്‍ശനമായി അടിച്ചമര്‍ത്തുന്ന നയമാണു സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. പ്രക്ഷോഭകര്‍ക്കുനേരേയുണ്ടായ സൈനികനീക്കത്തില്‍ 14 പേര്‍ മരിച്ചു. തലസ്‌ഥാനമായ ദമാസ്‌കസ്, ഹോംസ്, ഹമാം വടക്കന്‍ നഗരമായ അലെപ്പോ, കിഴക്കന്‍ പ്രവിശ്യയായ ഇദ്‌ലിബ് എന്നിവിടങ്ങളിലാണു പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടത്.
ഇതിനകം ആയിരത്തെഴുനൂറുപേര്‍ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്ക്.
‘തടവിലാക്കിയ പ്രക്ഷോഭകാരികളെ തുറന്നുവിടുക’, ‘പ്രസിഡന്റിനു വധശിക്ഷ നല്‍കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണു രാജ്യമെമ്പാടും ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുന്നത്.