ഇസ്ലാമാബാദ്: പാകിസ്‌താനില്‍ ചാവേറാക്രമണത്തിനായി കൊച്ചു കുട്ടികളെ ഉപയോഗിക്കുന്നത് വര്‍ദ്ധിച്ചു വരികയാണ് ഇതിനായി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘം പാകിസ്ഥാനില്‍ വ്യാപകമാണെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പെഷവാറില്‍നിന്നും മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ സുഹാനയെന്ന എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ചാവേറാക്കാന്‍ ഭീകരര്‍ ശ്രമംനടത്തുന്നതിനിടയില് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ബോംബ് ഘടിപ്പിച്ച കുപ്പായം നിര്‍ബന്ധിച്ച് ധരിപ്പിച്ചശേഷം പെണ്‍കുട്ടിയെ രക്ഷാസേനയുടെ ചെക്ക്‌പോസ്‌റ്റിലേക്ക് അയച്ചെങ്കിലും പെണ്‍കുട്ടി നല്‍കിയ സൂചനയുടെ അടിസ്‌ഥാനത്തില്‍ സൈനികര്‍ സ്‌ഫോടകവസ്‌തുക്കള്‍ നീക്കം ചെയ്‌ത് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് സുഹാന ഇങ്ങനെ വിവരിക്കുന്നു. ‘രണ്ടു സ്‌ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് അടുത്തേക്കു വരാന്‍ ആവശ്യപ്പെട്ടു, അടുത്ത് ചെന്നപ്പോള്‍ മുഖത്തു തൂവാല അമര്‍ത്തി അതോടെ ബോധം മറഞ്ഞു. ബോധം തെളിഞ്ഞപ്പോള്‍ സ്‌ഫോടകവസ്‌തുക്കള്‍ നിറച്ച വസ്‌ത്രം ധരിപ്പിച്ച് ചെക്ക്‌പോസ്‌റ്റിലേക്കു പോകാന്‍ ആവശ്യപ്പെട്ടു. ചെക്ക്‌പോസ്‌റ്റിനടുത്തെത്തിയപ്പോള്‍ മുന്നറിയിപ്പു നല്‍കിയതിനെത്തുടര്‍ന്നു സൈനികരെത്തി ബോംബ് നീക്കം ചെയ്യുകയായിരുന്നു’-സുഹാന പറഞ്ഞു.