ഗദ്ദാഫി ജനങ്ങളെ അഭിസംബോധന ചെയ്തു

March 23rd, 2011

Moammar-Gadhafi-epathram

ട്രിപ്പോളി: ലിബിയന്‍ ഏകാധിപതി മുവമ്മര്‍ ഗദ്ദാഫി പൊതുജനമധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് അനുയായികളെ അഭിസംബോധന ചെയ്തു. ട്രിപ്പോളിയ്‌ക്കു സമീപം ഗദ്ദാഫിയുടെ വസതിയിലാണ്‌ നൂറുകണക്കിനു അനുയായികളുടെ മധ്യത്തില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടത്‌.

സഖ്യസേന ബോംബ്‌ വര്‍ഷം നടത്തിയ ബാബ്‌ അല്‍ അസീസിയയിലെ വസതിയിലാണ്‌ ഗദ്ദാഫി അനുയായികള്‍ക്കിടയില്‍ എത്തിയത്‌. വസതിയുടെ ബാല്‍ക്കണിയില്‍ പ്രത്യക്ഷപ്പെട്ട ഗദ്ദാഫി അനുയായികളെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. മിനിറ്റുകള്‍ മാത്രം നീണ്ടു  നിന്ന പ്രസംഗത്തിനിടെ സഖ്യസേനയെ ഉടന്‍ പരാജയപ്പെടുത്തുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു. അന്തിമവിജയം തങ്ങള്‍ക്കായിരിക്കുമെന്ന നിലപാടില്‍ ഗദ്ദാഫി ഉറച്ചു നിന്നു. ഐക്യ രാഷ്‌ട്ര സഭയുടെ നിലപാടിനെ അദ്ദേഹം അപലപിച്ചു.  ലോകത്തെ ഇസ്‌ലാമിക ശക്തികളെല്ലാം ലിബിയയെ പിന്തുണക്കണമെന്നും തന്റെ പ്രസംഗത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്‌ലാമിനെതിരേ കുരിശു യുദ്ധത്തിനാണ് പാശ്ചാത്യരാഷ്ട്രങ്ങള്‍ ശ്രമിക്കുന്നതെന്ന് ഗദ്ദാഫി ആരോപിച്ചു. സഖ്യസേനയോടും പ്രക്ഷോഭകരോടും പൊരുതാന്‍ അദ്ദേഹം തന്റെ അനുയായികളോടു ആഹ്വാനം ചെയ്‌തു.

തുടര്‍ച്ചയായ വ്യോമാക്രമണത്തേത്തുടര്‍ന്നു ഗദ്ദാഫിയുടെ സൈനിക പ്രതിരോധം ദുര്‍ബലമായെങ്കിലും പ്രക്ഷോഭകരുടെ നിയന്ത്രണത്തിലുള്ള നഗരങ്ങള്‍ പിടിച്ചടക്കാനുള്ള നീക്കത്തില്‍ അയവുവന്നിട്ടില്ല. തലസ്‌ഥാനമായ ട്രിപോളി ഉടന്‍ സഖ്യസേനയുടെ നിയന്ത്രണത്തിലാകുമെന്നാണു സൂചന.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗദ്ദാഫിയുടെ വാസ സ്ഥലത്തിന് നേരെ ആക്രമണം

March 21st, 2011

libya-attack-epathram

ട്രിപ്പോളി: വെടി നിര്‍ത്തല്‍ നടപ്പാക്കണമെന്ന ഐക്യ രാഷ്ട്ര സഭയുടെ നിര്‍ദേശം ഗദ്ദാഫി തള്ളിയതിനെ തുടര്‍ന്ന് ലിബിയയില്‍ സഖ്യ സേനയുടെ ആക്രമണം ശക്തമായി. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിലാണ് ആക്രമണം നടക്കുന്നത്.  ഓപ്പറേഷന്‍ ഒഡീസ്സിഡോണ്‍ എന്ന് പേരിട്ട ആക്രമണത്തില്‍ കാനഡ, ഇറ്റലി എന്നീ രാജ്യങ്ങളും പങ്കാളികളാണ്.  ഗദ്ദാഫിയുടെ ട്രിപ്പോളിയിലെ ആസ്ഥാന മന്ദിരത്തിനു നേരെ മിസൈല്‍ ആക്രമണമുണ്ടായി. ഗദ്ദാഫി അതിഥികളെ സ്വീകരിക്കുന്ന മന്ദിരം ആക്രമണത്തില്‍ നിലം‌ പൊത്തി.

എന്നാല്‍ അതിനു പിന്നാലെ ഗദ്ദാഫിയുടെ കൊട്ടാരം സംരക്ഷിക്കാന്‍ അദ്ദേഹത്തിന്റ അനുയായികളുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ത്തു. ഗദ്ദാഫിയുടെ അനുയായികളായ 100 കണക്കിന് സ്‌ത്രീകളും കുട്ടികളും സൈനികരും ചേര്‍ന്നാണ്  മനുഷ്യ കവചം തീര്‍ത്തിരിക്കുന്നത്‌. തങ്ങളെ വധിച്ചു മാത്രമേ പാശ്ചാത്യ ശക്തികള്‍ക്ക് ഗദ്ദാഫിയെ തൊടാന്‍ സാധിക്കൂ എന്ന നിലപാടില്‍ അവര്‍ ഉറച്ചു നിന്നു. സഖ്യ സേന നടത്തുന്ന ഈ ആക്രമണത്തില്‍ 64 പേര്‍ മരിക്കുകയും 150 പേര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആക്രമണങ്ങളെ ഇന്ത്യ, റഷ്യ, ചൈന എന്നി രാജ്യങ്ങള്‍ ശക്തമായി അപലപിച്ചു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

പാക്കിസ്ഥാന്‍ മന്ത്രി വെടിയേറ്റ്‌ മരിച്ചു

March 2nd, 2011

pakistan terrorist-epathram

ഇസ്‌ലാമാബാദ് : പാക്കിസ്ഥാനിലെ മത ന്യുനപക്ഷ മന്ത്രിയായ ഷഹബാസ് ഭാട്ടി ഇന്ന് രാവിലെ ഇസ്ലാമാബാദില്‍ അക്രമികളുടെ വെടിയേറ്റ്‌ കൊല്ലപ്പെട്ടു. പാക്കിസ്ഥാന്‍ മന്ത്രി സഭയിലെ ഏക ക്രിസ്തുമത വിശ്വാസിയായിരുന്നു ഇദ്ദേഹം.

ഇന്ന് രാവിലെ സ്വവസതിയില്‍ നിന്നും തന്റെ സഹോദരി പുത്രിയോടൊപ്പം കാറില്‍ പുറത്തേക്കു പുറപ്പെട്ട ഭാട്ടിയെ ഒരു സംഘം അക്രമികള്‍ വളയുകയും, കാറില്‍ നിന്ന് കുട്ടിയേയും ഡ്രൈവറെയും പുറത്തിറക്കിയതിനു ശേഷം കാറിനുള്ളിലേക്ക് വെടി വെക്കുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷപ്പെടുത്താന്‍ ആയില്ല.

വിവിധ മനുഷ്യാവകാശ സംഘടനകള്‍ ഈ സംഭവത്തെ അപലപിച്ചു. മത തീവ്രവാദം വഴി ന്യുനപക്ഷങ്ങളെ ഭയപ്പെടുത്തുകയാണ് ഇത്തരം പ്രവര്‍ത്തികളുടെ പിന്നിലെ ലക്‌ഷ്യമെന്നു പാകിസ്ഥാന്‍ മനുഷ്യാവകാശ കമ്മീഷന്റെ തലവനായ ഐ. എ. റെഹ്മാന്‍ പറഞ്ഞു.

ജനുവരിയില്‍ പഞ്ചാബ് പ്രവിശ്യയിലെ ഗവര്‍ണര്‍ ആയ സല്‍മാന്‍ ടസ്സിര്‍ പാക്കിസ്ഥാനിലെ കര്‍ശനമായ ദൈവ ദൂഷണ നിയമ ഭേദഗതിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ കൊല്ലപ്പെടുകയുണ്ടായി. പ്രവാചകനെ അധിക്ഷേപിച്ചു സംസാരിച്ചു എന്ന പേരില്‍ കഴിഞ്ഞ വര്ഷം അസിയ ബീവി എന്ന 45 കാരിയായ ക്രിസ്തീയ വിശ്വാസിയെ വധ ശിക്ഷയ്ക്ക് വിധിക്കുകയുണ്ടായി. ഇതിനു എതിരെ ശബ്ദമുയര്‍ത്തിയ ഏക വ്യക്തിയായിരുന്നു ടസ്സിര്‍.

ഭാട്ടിയുടെ മരണത്തിന് ഉത്തരവാദിത്വം ഒരു സംഘടനയും ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. എന്നാല്‍ താലിബാനും അല്‍ ഖായ്ദ ക്കും ഇതില്‍ പങ്ക്‌ ഉണ്ട് എന്നാണ് സൂചന.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇറാനില്‍ പ്രതിപക്ഷ നേതാവ് മൂസാവി വീട്ടുതടങ്കലില്‍

February 15th, 2011

mousavi-epathram

ടെഹ്‌റാന്‍: ടുണീഷ്യയിലേയും ഈജിപ്തിലേയും വിജയങ്ങള്‍ക്കു പിന്നാലെ ഇറാനിലും ജനകീയ പ്രക്ഷോഭത്തിനു കളമൊരുങ്ങുന്നതായുള്ള സൂചനയെത്തുടര്‍ന്ന് ഇറാനിയന്‍ പ്രതിപക്ഷ നേതാവ് മിര്‍ ഹുസൈന്‍ മൂസാവിയെ വീട്ടുതടങ്കലിലാക്കി. മുബാറക്കിനെതിരെ പ്രക്ഷോഭം നയിച്ച വിപ്ലവകാരികള്‍ക്കു അഭിവാദ്യമര്‍പ്പിച്ചുള്ള റാലിയില്‍ പങ്കെടുക്കുന്നതു തടയാനാണ് തന്നെ വീട്ടുതടങ്കലി ലാക്കിയതെന്ന് അദ്ദേഹം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു.

മൂസാവിയുടെ വീട്ടിലേക്കുള്ള ഫോണ്‍ ബന്ധങ്ങളും മറ്റും അധികൃതര്‍ വിച്ഛേദിച്ചിരിക്കുകയാണ്. എന്നാല്‍ വിലക്ക് മറി കടന്നും റാലിയില്‍ പങ്കെടുക്കുമെന്ന് മൂസാവി വെബ്‌സൈറ്റില്‍ വ്യക്തമാക്കി. മറ്റൊരു വിമത നേതാവായ മെഹ്ദി കറോബിയ്‌ക്കെതിരെയും പോലീസ് സമാനമായ നടപടികള്‍ സ്വീകരിച്ചിട്ടു ണ്‌ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ടെഹ്‌റാനില്‍ സുരക്ഷാ സേനയുമായി പ്രക്ഷോഭകാരികള്‍ ഏറ്റുമുട്ടിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതേത്തുടര്‍ന്ന് പത്തു പേരെ സുരക്ഷാ സേന അറസ്റ്റു ചെയ്തതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു. 2009ലെ വിവാദമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു ശേഷം ഇറാനില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അധികാരികള്‍ മുളയിലെ നുള്ളിയിരുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഹൊസ്നി മുബാറക്‌ രാജി വെച്ചു : കൈറോ ആഹ്ലാദ തിമിര്‍പ്പില്‍

February 12th, 2011

cairo-celebrating-mubaraks-defeat-epathram

കൈറോ : ഈജിപ്ത് സ്വതന്ത്രയായി! ദൈവത്തിനു മഹത്വം!! ലക്ഷക്കണക്കിന് ഈജിപ്തുകാര്‍ ഒരേ സ്വരത്തില്‍ ആര്‍പ്പുവിളിച്ചു. അവസാനം വിപ്ലവം വിജയം കണ്ടപ്പോള്‍ എല്ലാം വളരെ പെട്ടെന്നായിരുന്നു. 18 ദിവസത്തെ ജനകീയ പ്രക്ഷോഭത്തിന് അന്ത്യം കുറിക്കാന്‍ വേണ്ടി വന്നത് വെറും 30 സെക്കന്‍ഡ്‌ മാത്രം. ഈജിപ്തിലെ വൈസ്‌ പ്രസിഡണ്ട് ടെലിവിഷനില്‍ ആ വാര്‍ത്ത അറിയിച്ചു : മുബാറക്‌ രാജി വെച്ചു.

30 വര്‍ഷമായി ഈജിപ്തില്‍ വാണ ഹോസ്നി മുബാറക്‌ കൈറോയില്‍ നിന്നും പറന്നു പോയി. അധികാരം സൈന്യത്തിന് വിട്ടു കൊടുത്താണ് മുബാറക്‌ ഒഴിഞ്ഞത്‌. എന്നാല്‍ അധികാരം കൈയ്യാളാന്‍ തങ്ങള്‍ക്ക് ഉദ്ദേശമില്ല എന്ന് സൈന്യം വ്യക്തമാക്കി. നിയമപരമായ ഒരു സര്‍ക്കാരിന് തങ്ങള്‍ രാജ്യഭരണം കൈമാറും എന്ന് സൈന്യം പ്രഖ്യാപിച്ചു കഴിഞ്ഞു.

ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഈ വിപ്ലവത്തില്‍ പ്രധാന പങ്കു വഹിച്ചത്‌. വാഎല്‍ ഘോനിം എന്ന ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ ഫേസ്ബുക്കില്‍ പോലീസിന്റെ ചവിട്ടേറ്റ്‌ മരിച്ച ഖാലെദ്‌ സയിദ്‌ന്റെ പേരില്‍ തുടങ്ങിയ ഒരു ഫേസ്ബുക്ക് പേജില്‍ നല്‍കിയ പ്രതിഷേധ പ്രകടനത്തിനുള്ള ആഹ്വാനമാണ് 30 വര്‍ഷത്തെ മുബാറക്കിന്റെ സ്വേച്ഛാധിപത്യത്തിന് അന്ത്യം കുറിക്കുന്ന വന്‍ ജനകീയ വിപ്ലവമായി രൂപം പൂണ്ടത്.

ഫെസ്ബുക്കിലൂടെയും ട്വിറ്ററിലൂടെയും മറ്റ് സോഷ്യല്‍ മീഡിയകളിലൂടെയും പ്രക്ഷോഭം ശക്തി പ്രാപിക്കുന്നത് കണ്ട സര്‍ക്കാര്‍ ഫേസ്ബുക്കും ട്വിറ്ററുമെല്ലാം രാജ്യത്ത് നിരോധിച്ചു. എന്നിട്ടും മൊബൈല്‍ ഫോണ്‍ വഴിയും മറ്റും ഓണ്‍ലൈന്‍ പ്രക്ഷോഭം തുടര്‍ന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ്‌ സേവനം പൂര്‍ണ്ണമായി തന്നെ നിര്‍ത്തലാക്കി. എന്നാല്‍ ഓണ്‍ലൈന്‍ വഴി കാര്യങ്ങള്‍ ലോകം മുഴുവന്‍ സഗൌരവം വീക്ഷിക്കുന്നുണ്ടായിരുന്നു. ജനകീയ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചതും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിട്ടതും ലോക നേതാക്കളടക്കം അപലപിച്ചു.

ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരും ട്വിറ്റര്‍ അടക്കമുള്ള ഓണ്‍ലൈന്‍ സങ്കേതങ്ങള്‍ തന്നെ ആശ്രയിച്ചാണ് ഈജിപ്തിലെ വിവരങ്ങള്‍ ലോകത്തിനു മുന്‍പില്‍ എത്തിച്ചത്‌. ഈജിപ്തിന് പുറത്തു നിന്ന് ട്വിറ്ററില്‍ ഇവരുടെ ചെറു സന്ദേശങ്ങള്‍ വഴി ഈജിപ്തിലെ സ്ഥിതി ഗതികള്‍ അറിഞ്ഞു കൊണ്ടിരിക്കു ന്നതിനിടയില്‍ തന്നെ ഇവരില പലരും പോലീസിന്റെ ആക്രമണത്തിന് ഇരയായതും ലോകം ഞെട്ടലോടെ അറിഞ്ഞു.

മുബാറക്‌ രാജി വെക്കുമെന്ന് ലോകം മുഴുവന്‍ കരുതിയ പ്രഖ്യാപനം അല്‍ ജസീറ യൂട്യൂബ് വഴി തല്‍സമയം ലോകത്തിനു മുന്‍പില്‍ എത്തിച്ചതും ഈ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഒരു നിര്‍ണ്ണായക മുഹൂര്‍ത്തമായി.

സര്‍ക്കാര്‍ തടയാന്‍ ശ്രമിച്ചിട്ടും പ്രോക്സി സെര്‍വറുകള്‍ വഴിയും, സ്വകാര്യ ശൃംഖലകള്‍ വഴിയും ബ്ലാക്ക്‌ബെറിയിലെ ട്വിറ്റര്‍ ആപ്ലിക്കേഷനുകള്‍ വഴിയും, ഫേസ്ബുക്കിലേക്കും ട്വിറ്ററിലേക്കും സന്ദേശങ്ങള്‍ കൈമാറാന്‍ കഴിവുള്ള മറ്റ് സൈറ്റുകള്‍ വഴിയുമെല്ലാം വാര്‍ത്തകള്‍ തല്‍സമയം തന്നെ പുറം ലോകത്തേക്ക് എത്തിക്കാന്‍ കഴിഞ്ഞതാണ് ഈ ഡിജിറ്റല്‍ വിപ്ലവം ലോകത്തിനു മുന്‍പില്‍ തുറന്നു കാണിച്ച ഓണ്‍ലൈന്‍ സാധ്യതകള്‍. ഒരു ജനതയെ ഒന്നിച്ചു നിര്‍ത്തുവാനും വിവരങ്ങള്‍ ധരിപ്പിക്കുവാനും കഴിവുള്ള ആധുനിക ലോകത്തിന്റെ കരുത്തുറ്റ ആയുധങ്ങളാണ് ഇവയെന്ന് ബോധ്യപ്പെടുത്താനും ഈ വിപ്ലവത്തിന് നിസ്സംശയം സാധിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഈജിപ്ത് പ്രക്ഷോഭത്തിന് പുറകിലെ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍ മോചിതനായി

February 9th, 2011

Wael-Ghonim-Khaled-Said-Mother-ePathram

കൈറോ : ഈജിപ്തിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന് തുടക്കം കുറിച്ച ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ വാഎല്‍ ഘോനിം തടവില്‍ നിന്നും മോചിതനായി. കഴിഞ്ഞ 12 ദിവസം ഇദ്ദേഹത്തെ ഏതോ രഹസ്യ കേന്ദ്രത്തില്‍ അന്യായമായി തടവില്‍ പാര്‍പ്പി ച്ചിരിക്കുകയായിരുന്നു. കണ്ണ് കെട്ടിയിട്ട അവസ്ഥയിലാണ് താന്‍ ഇത്രയും നാള്‍ തടവില്‍ കഴിഞ്ഞത് എന്ന് ഘോനിം അറിയിച്ചു. എന്നാല്‍ ഇദ്ദേഹത്തെ തടവിലാക്കിയിട്ടില്ല എന്നായിരുന്നു ഇന്നലെ വരെ സര്‍ക്കാര്‍ നിലപാട്. മര്‍ദ്ദന മുറകള്‍ സാധാരണമായ ഈജിപ്തിലെ ജെയിലുകളില്‍ ഇദ്ദേഹത്തിന്റെ സ്ഥിതി എന്താവും എന്ന അങ്കലാപ്പില്‍ കഴിയുകയായിരുന്നു കഴിഞ്ഞ രണ്ടാഴ്ചയോളം ഇദ്ദേഹത്തിന്റെ ബന്ധുക്കളും സുഹൃത്തുക്കളും.

2010 ജൂണ്‍ 6ന് ഖാലെദ്‌ സയിദ്‌ എന്ന യുവാവിനെ രണ്ടു രഹസ്യ പോലീസുകാര്‍ ഒരു ഇന്റര്‍നെറ്റ്‌ കഫേയില്‍ നിന്നും പിടികൂടുകയും ഇയാളെ പോലീസ്‌ കാറിലേക്ക് കൊണ്ട് പോകുന്നതിനു മുന്‍പ് തന്നെ തല്ലിച്ചതച്ച് കൊല്ലുകയും ചെയ്തു. ഈജിപ്തിലാകെ വന്‍ പ്രതിഷേധത്തിനിടയാക്കിയ ഈ സംഭവത്തെ തുടര്‍ന്ന് ഖാലെദിന്റെ ഓര്‍മ്മയ്ക്കായി തുടങ്ങിയ We are all Khaled Said എന്ന ഫേസ്ബുക്ക് പേജ് ജനകീയ പ്രക്ഷോഭത്തിന്റെ പൊതുശബ്ദമായി മാറുകയായിരുന്നു.

We-are-all-Khaled-Said-ePathram

ഫേസ്ബുക്ക് പേജ്

ഈ ഫേസ്ബുക്ക് പേജിന്റെ അഡ്മിനിസ്ട്രേറ്റര്‍ ആയ ഘോനിം ഇന്നലെ ഈജിപ്ത് പ്രക്ഷോഭത്തിന്റെ കേന്ദ്ര ബിന്ദുവായ താറിര്‍ സ്ക്വയറില്‍ വെച്ച് ഖാലെദിന്റെ അമ്മയെ കണ്ടു മുട്ടിയ രംഗങ്ങള്‍ വികാര ഭരിതമായിരുന്നു. ഘോനിമിനെ ആ അമ്മ ഖാലെദ്‌ എന്ന് അറിയാതെ പേരെടുത്ത് വിളിച്ചത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ആദരവായി താന്‍ കണക്കാക്കുന്നു എന്ന് ഘോനിം പറഞ്ഞു.

ദുബായ്‌ ആസ്ഥാനമായി ആഫ്രിക്ക, മദ്ധ്യ പൂര്‍വേഷ്യ എന്നിവിടങ്ങളിലെ ഗൂഗിളിന്റെ മാര്‍ക്കറ്റിംഗിന്റെ മേല്‍നോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഘോനിം.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഫേസ്ബുക്ക് പിരമിഡിനെ തകര്‍ക്കുമോ?

February 1st, 2011

egyptian-revolt-epathram

കൈറോ : പ്രസിഡണ്ട് ഹോസ്നി മുബാറക്‌ സ്ഥാനം ഒഴിയണം എന്ന ആവശ്യവുമായി ഒരു ലക്ഷം പ്രക്ഷോഭകര്‍ ഇന്ന് കൈറോയിലെ താഹിര്‍ സ്ക്വയറില്‍ ഇരച്ചു കയറി. പ്രക്ഷോഭകരെ സൈന്യം പിന്തുണച്ച ആഹ്ലാദം പ്രക്ഷോഭകാരികളുടെ മുഖങ്ങളില്‍ പ്രകടമായിരുന്നു. പ്രക്ഷോഭകാരികളെ തങ്ങള്‍ തടയില്ല എന്ന് നേരത്തെ സൈന്യം വ്യക്തമാക്കിയിരുന്നു. തലസ്ഥാന നഗരിയിലേക്കുള്ള പ്രവേശന മാര്‍ഗങ്ങള്‍ അടച്ചു കൊണ്ട് പ്രക്ഷോഭത്തിന്റെ മൂര്‍ദ്ധന്യം തലസ്ഥാനത്ത്‌ എത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധ പ്രകടനങ്ങളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ഈ ഉദ്യമത്തില്‍ അധികൃതര്‍ പരാജയപ്പെട്ടു. പതിനായിരക്കണക്കിന് ജനം അലക്സാണ്ട്രിയയിലും തെരുവില്‍ ഇറങ്ങിയിട്ടുണ്ട്.

ടുണീഷ്യയിലെ വിപ്ലവത്തിന്റെ വിജയത്തെ തുടര്‍ന്ന് ഏതാനും ചെറുപ്പക്കാര്‍ ഫേസ്ബുക്കിലൂടെ ഒരു പ്രതിഷേധ ദിനത്തിന് നല്‍കിയ ആഹ്വാനമാണ് മുബാറക്കിന്റെ ശക്തി ദുര്‍ഗ്ഗം തകര്‍ക്കാന്‍ മാത്രം പ്രബലമായ വന്‍ പ്രക്ഷോഭമായി കേവലം രണ്ടാഴ്ച കൊണ്ട് മാറിയത്‌. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ കൊണ്ട് ലോകം കുറച്ചൊന്നുമല്ല മാറി മറിഞ്ഞത്‌. പൊതുവേ രാഷ്ട്രീയ സ്ഥിരതയുള്ള ജോര്‍ദാനിലെ ഭരണാധികാരി പോലും അവിടത്തെ സര്‍ക്കാര്‍ പിരിച്ചു വിട്ടത്‌ ഏവരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാരുകള്‍ കോര്‍പ്പറേറ്റ്‌ മാനേജ്മെന്റ് പ്രസ്ഥാനങ്ങളായി മാറിയ ഈ ആധുനിക യുഗത്തില്‍ പോലും വിപ്ലവത്തിന്റെ ചേരുവകള്‍ ഒത്തു വന്നാല്‍ ഒരു വിപ്ലവത്തിനുള്ള സാദ്ധ്യത ഇന്നും യാഥാര്‍ത്ഥ്യമായി തുടരുന്നു എന്ന് വെളിപ്പെടുത്തുക എന്ന ചരിത്ര ദൌത്യമാണ് ഈ ആഫ്രിക്കന്‍ പ്രക്ഷോഭത്തിനുള്ളത്. ഫേസ്ബുക്കില്‍ നിന്നും തുടങ്ങിയ ഈ കൊടുങ്കാറ്റ് പിരമിഡിനെ തകര്‍ത്തു തരിപ്പണമാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകം.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റേഡിയോ ടാഗ് : ശിക്ഷ നല്‍കേണ്ട കുറ്റം എന്ന് വയലാര്‍ രവി

January 30th, 2011

vayalar-ravi-epathram

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ റേഡിയോ ടാഗ് ധരിപ്പിച്ചത് ഗുരുതരമായ കുറ്റമാണെന്ന് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഇത് താന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്ന് വേണ്ട നടപടികള്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കും എന്നും അദ്ദേഹം അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് നയതന്ത്ര തലത്തില്‍ അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റേഡിയോ ടാഗ്

January 30th, 2011

rfid-tag-epathram

വാഷിംഗ്ടണ്‍ : വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി. ഡല്‍ഹിയിലെ അമേരിക്കന്‍ ഡെപ്യൂട്ടി അംബാസഡറെ വിദേശ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്ത്യ ഈ കാര്യം ധരിപ്പിച്ചത്. വിദ്യാര്‍ത്ഥി കളെ ഇത്തരത്തില്‍ ടാഗുകള്‍ അണിയിക്കേണ്ട ആവശ്യം ഇല്ല എന്നാണ് ഇന്ത്യന്‍ നിലപാട്‌.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്ന Radio-frequency identification (RFID) ടാഗുകള്‍ റേഡിയോ തരംഗങ്ങള്‍ വഴി അത് അണിയുന്ന ആളെ തിരിച്ചറിയുവാനും കണ്ടുപിടിക്കാനും ഉപകരിക്കുന്നു. ഇത്തരം ടാഗുകള്‍ വാഹനങ്ങളുടെ ചുങ്കം പിരിക്കാനും ഉപയോഗിക്കുന്നുണ്ട്. ദുബായിലെ റോഡുകളില്‍ ചുങ്കം പിരിക്കുന്ന സാലിക് ടാഗുകള്‍ ഇത്തരം RFID ടാഗുകളാണ്. കാലികളെ അണിയിക്കുവാനാണ് ഇത്തരം ടാഗുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.

കാലിഫോര്‍ണിയയിലെ ട്രൈ വാലി സര്‍വകലാശാല നടത്തിയ തട്ടിപ്പില്‍ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് തങ്ങളുടെ ഭാവി പരുങ്ങലിലായത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരും ആന്ധ്രാ പ്രദേശ്‌ സംസ്ഥാനത്ത്‌ നിന്ന് ഉള്ളവരുമാണ്. വിദ്യാര്‍ത്ഥികളെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക്‌ തിരികെ അയക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കമിതാക്കളെ കല്ലെറിഞ്ഞു കൊന്നു

January 28th, 2011

terrorist-epathram

വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തിനു വിസ്സമ്മതിച്ച്  വിവാഹിതരാകുവാന്‍ ശ്രമിച്ച കമിതാക്കളെ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ കല്ലെറിഞ്ഞു കൊന്നു. അഫ്ഗാനിസ്ഥാനിലെ  ദസ്തെ ആര്‍ച്ചി ജില്ലയിലാണ് സംഭവം. ഖയമെന്ന യുവാവും അയാളുടെ കാമുകിയായ സിദ്ഖായെന്ന പത്തൊമ്പതുകാരിയുമാണ് വധ ശിക്ഷക്ക് വിധേയരായതെന്ന് അറിയുന്നു.  പ്രണയ ബദ്ധരായ ഇവര്‍ ഒളിച്ചോടുവാനുള്ള ശ്രമത്തിനിടയില്‍ താലിബാന്‍ സംഘത്തിന്റെ പിടിയില്‍ ആകുകയായിരുന്നു. പിന്നീട് ഇരുവരേയും  വിചാരണ ചെയ്തു കല്ലെറിഞ്ഞു കൊല്ലുവാന്‍ വിധിച്ചു. നൂറു കണക്കിനു ആളുകളെ സാക്ഷിയാക്കി ക്കൊണ്ടായിരുന്നു ക്രൂരമായ ഈ ശിക്ഷാ വിധി. കല്ലേറു കൊണ്ട് ഇരുവരും താഴെ വീഴുന്നതും ദയക്കായി യാചിക്കുന്നതും  അടക്കം ഉള്ള വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍ നെറ്റില്‍ പ്രചരിക്കുന്നുണ്ട്. കല്ലേറില്‍ മരിക്കാത്തതിനെ തുടര്‍ന്ന്  മരണം ഉറപ്പാക്കുവാനായി യുവതിയെ മൂന്നു തവണ താലിബാന്‍ ഭീകരന്‍ വെടി വെയ്ക്കുകയായിരുന്നു.

ഇത്തരത്തില്‍ കല്ലെറിഞ്ഞും വെടി വെച്ചും കൊല്ലുന്ന സംഭവങ്ങള്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ ശിക്ഷിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോളും പ്രാകൃതമായ ശിക്ഷാ വിധികള്‍ പലയിടത്തും അരങ്ങേറുന്നത് പതിവാണ്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

18 of 2610171819»|

« Previous Page« Previous « ഈജിപ്റ്റ്‌ ട്വിറ്റര്‍ നിരോധിച്ചു
Next »Next Page » എന്ത് കൊണ്ട് മുബാറക്കിന് മുല്ല ഭീഷണി ആവില്ല? »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine