വാഷിംഗ്ടണ്‍ : നിന്റെ ശത്രു വീഴുമ്പോള്‍ സന്തോഷിക്കരുത്; അവന്‍ ഇടറുമ്പോള്‍ നിന്റെ ഹൃദയം ആനന്ദിക്കരുത്. ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ വിശ്വസിക്കുന്ന വിശുദ്ധ ഗ്രന്ഥത്തിലെ വരികളാണിവ. സദൃശ്യ വാക്യങ്ങള്‍ 24:17. എന്നിട്ടും ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം വധിച്ച വാര്‍ത്ത കേട്ട് അമേരിക്കക്കാര്‍ ആഹ്ലാദം കൊണ്ട് തുള്ളിച്ചാടി, തെരുവുകളില്‍ ആനന്ദ നൃത്തമാടി. പ്രതികാരം എനിക്കുള്ളതു, ഞാന്‍ പകരം വീട്ടും (റോമര്‍ 12:19) എന്നും നിന്റെ ശത്രുവിനെ നിന്നെ പോലെ സ്നേഹിക്കുക എന്നുമുള്ള ബൈബിള്‍ വചനങ്ങള്‍ വിശുദ്ധമായി മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു ജനതയാണ് ശത്രുവിന്റെ മരണത്തില്‍ താണ്ടവ നൃത്തമാടിയത്.
ബിന്‍ ലാദന്റെ മരണ വാര്‍ത്ത അര്‍ഹിക്കുന്ന ഗൌരവത്തോടെ തന്നെയാണ് ഒബാമ ലോകത്തെ അറിയിച്ചത്.
എന്നാല്‍ വൈറ്റ് ഹൌസിന് പുറത്ത് അമേരിക്ക ആഘോഷ ലഹരിയില്‍ ആടിത്തിമിര്‍ത്തു.
അമേരിക്കയുടെ കുപ്രസിദ്ധമായ അബു ഗ്രൈബ് തടവറയില്‍ ശവത്തിനു സമീപം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അമേരിക്കന്‍ പട്ടാളക്കാരിയുടെ മുഖത്തെ അതേ വികാരം തന്നെയാണ് വാഷിംഗ്ടണ്‍ തെരുവുകളില്‍ ആഹ്ലാദ പ്രകടനം നടത്തിയ അമേരിക്കക്കാരുടെ മുഖത്തും പ്രകടമായത്. ഈ ചിത്രം ഒരു ദുസ്സൂചനയാണ്. സമൂഹ മനസ്സിന്റെ ഒരു അപകടകരമായ അവസ്ഥയാണ് ഇവിടെ അനാവൃതമാകുന്നത്.
അബു ഗ്രൈബ് തടവറയില്‍ നിന്നുള്ള ദൃശ്യം
ആയിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ഒരു ഭീകരന്‍ കൊല്ലപ്പെടുന്നത് കൂടുതല്‍ നാശ നഷ്ടങ്ങള്‍ ഈ ലോകത്ത് ഉണ്ടാവാതിരിക്കാന്‍ സഹായകരമാണ്. ആ നിലയ്ക്ക് ഒസാമാ ബിന്‍ ലാദന്റെ മരണം ആശ്വാസകരമായി തോന്നാം. തങ്ങളുടെ പ്രിയപ്പെട്ടവരെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് അമേരിക്കക്കാര്‍ക്ക് ആക്രമണത്തിന് പുറകില്‍ പ്രവര്‍ത്തിച്ചു എന്ന് അമേരിക്കന്‍ അധികൃതര്‍ പ്രഖ്യാപിച്ച വ്യക്തിയോട് പ്രതികാരം തോന്നുന്നതും മനുഷ്യ സഹജമാണ്. എന്നാല്‍ സഹജമായ വികാരങ്ങള്‍ എപ്പോഴും ഉത്തമമല്ല. ഇത്തരം അധമ ചോദനകളെ നിയന്ത്രിക്കുന്നതാണ് മനുഷ്യനെ സംസ്കാര ചിത്തനാക്കുന്നത്. നൂറ്റാണ്ടുകളായി ഇതാണ് മതങ്ങളും, സാമൂഹ്യ ആത്മീയ രാഷ്ട്രീയ നേതാക്കളും ഉദ്ബോധനം ചെയ്തു പോന്നത്.
6 ലക്ഷം അമേരിക്കക്കാര്‍ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധത്തിന്റെ ഒടുവില്‍ പ്രതികാരത്തിനുള്ള ആഹ്വാനം അമേരിക്കന്‍ രാഷ്ട്ര ശില്‍പ്പിയായ അബ്രഹാം ലിങ്കണ്‍ തള്ളിക്കളഞ്ഞു. നമ്മുടെ ഉള്ളില്‍ നിറഞ്ഞു നില്‍ക്കുന്ന മനുഷ്യത്വത്തിന്റെ നന്മയെ തിരിച്ചറിയാനാണ് അന്ന് ലിങ്കണ്‍ അമേരിക്കന്‍ ജനതയെ പഠിപ്പിച്ചത്.
നമ്മളെല്ലാം ഒരേ ദൈവത്തോട് തന്നെയാണ് പ്രാര്‍ഥിക്കുന്നത് എന്ന് പറഞ്ഞ ലിങ്കണ്‍ യുദ്ധത്തില്‍ രണ്ടു പക്ഷത്ത് നില കൊള്ളുന്നവര്‍ക്കും അവരുടേതായ ന്യായം ഉണ്ടാവും എന്ന അടിസ്ഥാന തത്വം അമേരിക്കക്കാരെ ഓര്‍മ്മിപ്പിച്ചു. യുദ്ധത്തിനിറങ്ങുന്ന ഓരോ ശത്രു സൈനികനും തന്റെ ആത്മരക്ഷയ്ക്കായി അതേ ദൈവത്തോട് തന്നെയാണ് പ്രാര്‍ഥിക്കുന്നത് എന്നും. സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ഭൂമിയിലെ അവസാനത്തെ പ്രതീക്ഷയായി നിലകൊള്ളാനുള്ള ഒരു മഹത്തായ ദൌത്യം അമേരിക്കയ്ക്ക് നിര്‍വഹിക്കാനുണ്ട് എന്ന ലിങ്കന്റെ വാക്കുകള്‍ക്ക് അന്ന് അമേരിക്കക്കാരെ ശാന്തരാക്കാന്‍ കഴിഞ്ഞു.
ഈ മഹത്തായ ലക്ഷ്യ ബോധമാണ് ഇന്നലെ തെരുവില്‍ നൃത്തമാടിയ അമേരിക്കയ്ക്ക് നഷ്ടമായത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നു വീണപ്പോള്‍ പലസ്തീന്‍ തെരുവുകളില്‍ ജനം നടത്തിയ ആഹ്ലാദ പ്രകടനത്തിന് സമാനമായ പ്രകടനമാണ് അമേരിക്കന്‍ തെരുവുകളിലും അരങ്ങേറിയത്. അപക്വമായ, ബാലിശമായ ഈ വികാര പ്രകടനം അപകടകരമായ ഒരു സാമൂഹിക അവസ്ഥയിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
പ്രതികാരത്തിലൂടെ എന്താണ് നേടുന്നത് എന്ന് ചിന്തിക്കുവാനും തിരിച്ചറിയുവാനുമുള്ള സന്ദര്‍ഭമാണിത്. നഷ്ടങ്ങള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ ഇനി എന്ത് ചെയ്യണം എന്ന് തീരുമാനിക്കാനും.