Sunday, August 11th, 2013

കടല്‍ കടന്ന മാത്തുക്കുട്ടിയും പ്രേക്ഷകന്‍ വീണ കുഴിയും

pullipuliyum-attinkuttyum-epathram

റോഡിലിറങ്ങിയാല്‍ കുഴിയില്‍ വീഴാതെ വീട്ടിലെത്തുക എന്നത് കേരളത്തില്‍ ജീവിക്കുന്നവര്‍ക്ക് ചിന്തിക്കാനാകത്ത കാര്യമാണ്. അതേ അവസ്ഥയാണ് തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനും. റംസാന്‍ റിലീസിനായി കടല്‍ കടന്നെത്തിയ മാത്തുക്കുട്ടിയും പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും നിലവാരത്തകര്‍ച്ച കൊണ്ട് പ്രേക്ഷകനെ കുഴിയില്‍ ചാടിക്കുന്നു. രഞ്ജിത്താണ് ഒരു ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമെങ്കില്‍ ആട്ടിന്‍ കുട്ടിയുമായി വന്നത് ലാല്‍ ജോസും. ഇരുവരും മലയാള സിനിമയുടെ പ്രതീക്ഷകളുടെ അമരക്കാർ. എന്നാല്‍ അമരക്കാര്‍ രണ്ടു പേര്‍ക്കും കാലിടറിയിരിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അവരുടെ പുതിയ ചിത്രങ്ങൾ.

mathukutty-epathram

മനോഹരമായതും കരുത്തുറ്റതുമായ നിരവധി തിരക്കഥകള്‍ എഴുതിയിട്ടുള്ള രഞ്ജിത്തിന്റെ തൂലികയില്‍ പിറന്ന മാത്തുക്കുട്ടിയ്ക്ക് പോരായ്മകള്‍ ഏറെ.

പ്രാഞ്ച്യേട്ടനും തുടര്‍ന്ന് ബാവൂട്ടിയും. രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പ്രതീക്ഷയര്‍പ്പിക്കുവാന്‍ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. ഈ പ്രതീക്ഷയെ ശരിക്കും കച്ചവടം ചെയ്യുന്നതില്‍ രഞ്ജിത്ത് വിജയിക്കുകയും ചെയ്തു. സാറ്റലൈറ്റ് റേറ്റില്‍ മാത്തൂട്ടിച്ചായന്‍ ഇന്നേ വരെ ഉള്ള റിക്കോര്‍ഡുകളെ മുഴുവന്‍ അട്ടിമറിച്ചു കളഞ്ഞു. കനത്ത മഴയിലും തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുവാന്‍ രഞ്ജിത്തിന്റെ മാത്തൂട്ടിച്ചായനാകുന്നില്ല. ബ്ലാക്ക്, റോക്ക് ആന്റ് റോള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ രഞ്ജിത്തിന്റെ കയ്യൊപ്പാണ് മാത്തൂട്ടിച്ചായനില്‍ പതിഞ്ഞിരിക്കുന്നത്. ദരിദ്രനായ ഒരു പ്രതിഭയുടെ മുഖമാണ് ഈ ചിത്രത്തിന്. ലാളിത്യം നല്ലതാണ്. എന്നാല്‍ ലളിതവല്‍ക്കരിച്ച് ലളിതവല്‍ക്കരിച്ച് അവസാനം കഥയും തിരക്കഥയും സംവിധാനവുമെല്ലാം ഒന്നുമില്ലായ്മയിലേക്ക് എത്തിയാലോ? അത്തരം ഒരു അവസ്ഥയാണ് മാത്തൂട്ടിച്ചായനുണ്ടായത്. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതി. കടല്‍ കടന്നു വരുന്ന മാത്തൂട്ടിച്ചായന്റെ കഥയ്ക്ക് ഒപ്പം സമകാ‍ലിക കേരളത്തിന്റെ അവസ്ഥയെ പറ്റി എന്തൊക്കെയൊ പറയുവാൻ ശ്രമിക്കുന്നത് എങ്ങും എത്തുന്നുമില്ല.

എം. സിന്ധുരാജിന്റെ തിരക്കഥകളുടെ ദൌര്‍ബല്യം ആവോളം അനുഭവിച്ചതാണ് മലയാള സിനിമ. ജലോത്സവവും, താപ്പാനയുമടക്കം പരാജയപ്പെട്ട സിനിമകളുടെ ലിസ്റ്റിന്റെ നീളം വളരെ വലുതാണ്. എന്നിട്ടും അദ്ദേഹത്തിനെ വിശ്വസിച്ച് ലാല്‍ജോസിനെ പോലുള്ള മികച്ച സംവിധായകര്‍ മുന്നോട്ട് വരുന്നു എന്നതാണ് അല്‍ഭുതം!! നാടന്‍ പശ്ചാത്തലത്തില്‍ 25 വര്‍ഷമായി മലയാളത്തില്‍ കുടുംബ ചിത്രങ്ങള്‍ ഒരുക്കുന്ന പ്രശസ്തനായ പേരിനൊപ്പം നാടിന്റെ പേരുമുള്ള സംവിധായകന്‍ പറഞ്ഞു താന്‍ പുറത്ത് നിന്ന് കഥകള്‍ എടുക്കുന്നില്ലാന്ന്. അദ്ദേഹം സ്വയം എഴുതി സംവിധാനം ചെയ്ത ചിത്രങ്ങള്‍ കണ്ട പലരും പറഞ്ഞത് ഇതിലും ഭേദം സിന്ധുരാജിനെ കൊണ്ട് എഴുതിക്കുകയാണെന്നാണ്‍. എന്നാല്‍ സിന്ധുരാജിന്റെ ആട്ടിൻ കുട്ടിയെ കണ്ടവര്‍ ഇതിലും ഭേദം ഉപദേശി സംവിധായകനെ കൊണ്ട് തിരക്കഥ എഴുതിക്കാമായിരുന്നു എന്ന് മറിച്ചു പറയുവാന്‍ ഇടയുണ്ട്. അപ്പോള്‍ സിന്ധുരാജിന്റെയും ആ സംവിധായക തിരക്കഥാകൃത്തിന്റേയും നിലവാരം ഊഹിക്കാവുന്നതല്ലേ ഉള്ളൂ. ഷാഫി സംവിധാനം ചെയ്ത മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമായ കുഞ്ഞാടിന്റെ അനുകരണമുള്ള കുഞ്ഞനുജനായി വരുന്നു ഈ ചിത്രത്തിലെ കുഞ്ചാക്കോ ബോബന്റെ ആട്ടിന്‍ കുട്ടി. മുട്ടനാടുകള്‍ ബോറടിപ്പിച്ചാലും കുട്ടനാടിന്റെ ദൃശ്യഭംഗി പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല. അതിന്റെ ക്രെഡിറ്റ് ക്യാമറമാന്‍ എസ്. കുമാറിനുള്ളതാണ്.

ഇതു വരെ അഭിനയിച്ച ചിത്രങ്ങളിലെ പോലെ തന്നെ തനിക്കിതിലും കാര്യമായൊന്നും ചെയ്യാനില്ല എന്ന് നമിത പ്രമോദ് എന്ന അഭിനേത്രി ഒരിക്കല്‍ കൂടെ തെളിയിച്ചിരിക്കുന്നു. ഒരു മികച്ച അഭിനേത്രിക്ക് വേണ്ട ഭാവപ്രകടനങ്ങള്‍ ഒന്നും തന്നെ ഇവരില്‍ ഇല്ലെന്ന് മാത്രമല്ല വിദൂര ഭാവിയില്‍ പോലും അതുണ്ടാകും എന്നതിന്റെ സൂചനകള്‍ കാണുവാനും ഇല്ല. മറ്റ് അഭിനേതാക്കള്‍ തങ്ങള്‍ക്ക് കിട്ടിയ കഥാപാത്രങ്ങളെ മികച്ചതാക്കിയിട്ടുണ്ട്. കഥയും കഥാപാത്രങ്ങളും ദുര്‍ബലമായത് അവരുടെ കുഴപ്പം കൊണ്ടല്ലല്ലോ.

വെറുതെ ഒരു ഭാര്യ എന്ന് പറയുന്നതു പോലെ വെറുതെ ഒരു സിനിമ എന്നതിനപ്പുറം ആട്ടിന്‍ കുട്ടിയെ പറ്റി കാര്യമായൊന്നും പറയുവാന്‍ ഇല്ല. മീശമാധവന്‍ പോലുള്ള ചിത്രങ്ങള്‍ ഒരുക്കിയ ഒരു സംവിധായകന് ഈ ചിത്രം തന്റെ മൂന്നാമത്തെയോ നാലമത്തെയോ അസിസ്റ്റന്റിനെ കൊണ്ടു ചെയ്യിച്ചിരുന്നെങ്കിലും ഇതിലും നിലവാരം ഉണ്ടാകുമായിരുന്നു എന്ന് പ്രേക്ഷകനു തോന്നിയാല്‍ അവരെ കുറ്റം പറയുവാന്‍ ആകില്ല. ഡയമണ്ട് നെക്‍ലസ്, അയാളും ഞാനും തമ്മില്‍ തുടങ്ങിയ ചിത്രങ്ങളുടെ ഏഴയലത്ത് വരില്ല ഈ പുള്ളിപ്പുലി. എന്തിന് എത്സമ്മ എന്ന ആണ്‍കുട്ടി യുടെ പോലും അടുത്തെങ്ങും എത്തില്ല ഈ ചിത്രം.

കുട്ടനാടിന്റെ ഭംഗിയും ഭാഷയും ആമേനിലൂടെ പ്രേക്ഷകന്‍ അനുഭവിച്ചത് ഇപ്പോളും അവരുടെ മനസ്സിലുണ്ട്. എന്നാല്‍ ഈ ചിത്രത്തില്‍ കുട്ടനാടിന്റെ പശ്ചാത്തലം എന്നതിനപ്പുറം അവരുടെ ജീവിതവുമായോ ഭാഷയുമായോ കാര്യമായ ബന്ധം ഒന്നും ഇല്ല.

രഞ്ജിത്ത്, ലാല്‍ ജോസ് തുടങ്ങിയ പ്രതിഭകളുടെ സ്പര്‍ശം ലവലേശം തൊട്ടു തീണ്ടാത്ത ചിത്രങ്ങളാണ് രണ്ടും. തിരക്കഥയുടെ പോരായ്മ രണ്ടു ചിത്രങ്ങള്‍ക്കും പ്രതിസന്ധി തീര്‍ക്കുന്നു. ഗാനങ്ങളും നിലവാരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. മറ്റൊന്നും ഫലിച്ചില്ലെങ്കില്‍ കാളന്‍ നെല്ലായി എന്ന് പറയുന്നതു പോലെ മറ്റു ചിത്രങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥിതിക്ക് റംസാന്‍ റിലീസെന്ന പേരില്‍ ചിത്രങ്ങള്‍ ഒരു പക്ഷെ വിജയിച്ചേക്കാം. എന്തായാലും “ന്യൂ ജനറേഷന്‍” കമ്പി വര്‍ത്തമാന സിനിമയല്ല എന്നതിനാല്‍ തന്നെ കുടുംബ സമേതം തിയേറ്ററില്‍ പോയി കാണാം എന്നൊരു ആശ്വാസം മാത്രം!!

ഓഫ്: ഈ ചിത്രത്തിന്റെ പ്രമോയുടെ ഭാഗമായോ മറ്റൊ ബുദ്ധിജീവികള്‍ക്ക് തീയേറ്ററിലേക്ക് പ്രവേശനം ഇല്ലെന്ന് പറഞ്ഞ ലാല്‍ ജോസിന് സിന്ധുരാജിനെ വച്ചാണ് തിരക്കഥ ഒരുക്കുന്നതെങ്കില്‍ അടുത്ത ചിത്രത്തിന്റെ ക്യാപ്ഷനായി “സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് തിയേറ്ററിലേക്ക് പ്രവേശനമില്ല” എന്ന് പരിഗണിക്കാവുന്നതാണ്.

ആസ്വാദകന്‍

- ന്യൂസ് ഡെസ്ക്

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine