വെള്ളിത്തിരയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ദുരിതം സ്വന്തം ജീവിതത്തിലും അനുഭവിക്കുകയാണ് ഇന്ന് പ്രശസ്ത സിനിമാ നടി കോഴിക്കോട് ശാന്താ ദേവി. രണ്‍ജിതിന്റെ നേതൃത്വത്തില്‍ മലയാളത്തിലെ പത്ത് സംവിധായകര്‍ ചേര്‍ന്ന് ഒരുക്കിയ കേരള കഫേ എന്ന ചിത്രത്തിലെ “ദ ബ്രിഡ്ജ് “ എന്ന സിനിമയില്‍, വൃദ്ധയും കാഴ്ചയില്ലാത്തവളുമായ അമ്മയെ മകന്‍ ഉപേക്ഷിക്കുന്നതായിരുന്നു കഥ. ഇതിലെ അമ്മയെ ഹൃദയ സ്പര്‍ശിയായ വിധത്തില്‍ അവതരിപ്പിച്ചത് ശാന്താ ദേവി യായിരുന്നു. പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിച്ച ആ കഥാപാത്രം ഇന്ന് ജീവിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യമായി മാറിയിരിക്കുന്നു.
ഉറ്റവരും ഉടയവരും ഇല്ലാതെ വിഷമിക്കുന്ന ആ കഥാപാത്രത്തെ പോലെ നടി ശാന്താ ദേവിയും വാര്‍ദ്ധക്യത്തില്‍ നരകിക്കുകയാണ്. കോഴിക്കോട് ഫറോക്കിലെ തന്റെ വീട്ടിലെ ഒറ്റ മുറിയില്‍ അവര്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്. മകനും കുടുംബവും ഇവര്‍ക്കൊ പ്പമായിരുന്നു താമസമെങ്കിലും, ആദ്യം മകന്റെ ഭാര്യയും പിന്നീട് മകനും ഇഹലോക വാസം വെടിഞ്ഞതോടെ ആലംബമില്ലാതായ ഇവര്‍ തനിച്ചായി. കടുത്ത പ്രമേഹവും മറ്റ് അസുഖങ്ങളും മൂലം ദുരിതത്തിലായ ഇവര്‍ക്ക് സൌജന്യ ചികില്‍സ നല്‍കാന്‍ ഒരു ആശുപത്രി തയ്യാര്‍ ആയെങ്കിലും ആശുപത്രിയില്‍ കിടപ്പിലാകുന്നതോടെ വല്ലപ്പോഴും ആരെങ്കിലും കനിഞ്ഞു നല്‍കുന്ന ചില്ലറ വേഷങ്ങള്‍ പോലും ലഭിക്കാതാകും എന്ന ഭയത്താല്‍ ആശുപത്രിയില്‍ കിടക്കാന്‍ ഇവര്‍ തയ്യാറായില്ല.
പലവിധ അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ശാന്താ ദേവിയ്ക്ക് വാര്‍ദ്ധക്യത്തില്‍ കൂട്ട് തനിക്കു ലഭിച്ച പുരസ്കാരങ്ങളും ബഹുമതികളും മാത്രം. ഇനിയും സിനിമയില്‍ അഭിനയിക്കുവാന്‍ ആഗ്രഹിക്കുന്ന ഈ അമ്മയ്ക്ക് പക്ഷെ വാര്‍ദ്ധക്യത്തില്‍ തന്നെ ഒറ്റപ്പെടുത്തിയവരെ പറ്റി പരാതിയൊന്നുമില്ല.
ശാന്തേടത്തി എന്ന് എല്ലാവരും സ്നേഹപൂര്‍വ്വം വിളിക്കുന്ന ഇവരുടെ സഹായത്തിനായി കോഴിക്കോട് കോര്‍പ്പറേഷന്‍ അധികൃതരും കേരള സംസ്ഥാന സാംസ്കാരിക വകുപ്പും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. അഞ്ചു സെന്റ് സ്ഥലത്തില്‍ ഇവര്‍ക്ക് താമസിക്കാനായി ഒരു വീട് പണിയാന്‍ ഉള്ള പദ്ധതികള്‍ ആലോചിച്ചു വരുന്നു. എന്നാല്‍ വീടും മറ്റും പണി തീരുന്നത് വരെ ഇവരുടെ ചികിത്സയ്ക്കും ദൈനംദിന ചിലവുകള്‍ക്കും മറ്റുമുള്ള ഒരു ഫണ്ടാണ് ഇവര്‍ക്ക് ഇപ്പോള്‍ ഏറ്റവും ആവശ്യം എന്ന് സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസി മലയാളി പഠന കേന്ദ്രം ഡയറക്ടറുമായ എം. എ. ജോണ്സന്‍ ചൂണ്ടിക്കാണിക്കുന്നു.
(അമൃത ടിവി യില്‍ വന്ന ഈ വീഡിയോ എടുത്തതിനു ശേഷം മാസങ്ങള്‍ കഴിഞ്ഞു. ഇതിനു ശേഷം ശാന്തേടത്തിയുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ വഷളാവുകയായിരുന്നു.)
ശാന്തേടത്തിക്ക് അവരുടെ വാര്‍ദ്ധക്യത്തിലും അവശതയിലും സഹായം എത്തിക്കാനുള്ള ശ്രമങ്ങള്‍ e പത്രം ഏറ്റെടുത്തു നടത്തുകയാണ്. ഈ സംരംഭത്തില്‍ സഹകരിക്കാനും, അമ്മയെ ആശ്വസിപ്പിക്കാനും താല്പര്യമുള്ളവര്‍ santhadevi അറ്റ് epathram ഡോട്ട് com എന്ന ഈമെയില്‍ വിലാസത്തില്‍ ബന്ധപ്പെടുക. അല്ലെങ്കില്‍, നിങ്ങളുടെ വിലാസമോ ഫോണ്‍ നമ്പരോ അഭിപ്രായമായി താഴെ രേഖപ്പെടുത്തിയാല്‍ e പത്രം നിങ്ങളെ ബന്ധപ്പെടുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : +971555814388.
- സ്വ.ലേ.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: actress, santha-devi
നല്ല സംരംഭം തന്നെ. ആ അമ്മ സഹായം അർഹിക്കുന്നു. മലയാള സിനിമയിൽ ഒരു അമ്മയുണ്ടല്ലോ. അവശതയനുഭവിക്കുന്ന സിനിമാ പ്രവർത്തകർക്ക് സഹായത്തിനായി 20-20 പടം പിടിച്ച് കോടികൾ സമാഹരിച്ചിരുന്നല്ലോ. അവരൊന്നും ഇതു കണ്ടില്ലേ? താരക്കൊഴുപ്പുള്ളവർക്ക് മാത്രമേ വിലയുള്ളൂ.