ആകാശത്തൊരു ബൂമറാങ്ങ്

May 26th, 2008

രാത്രിയില്‍ ടെറസ്സിലിരുന്ന് ആകാശം നോക്കിയിരിക്കുവാന്‍ എന്തു രസമാണ്. നക്ഷത്രങ്ങള്‍ കണ്ണുചിമ്മുന്നതും വാല്‍നക്ഷത്രങ്ങള്‍ ശരം കണക്കെ പായുന്നതും പഞ്ഞിക്കെട്ടുകള്‍ പോലുള്ള മേഘകണങ്ങളും… ഹാ! ഇതൊക്കെ ഞാന്‍ കാ‍ണാറുള്ള ആകാശക്കാഴ്ചകളില്‍ ചിലതാണ്. പക്ഷെ, മിനിഞ്ഞാന്ന് രാത്രി മുതല്‍ ഞാന്‍ കണ്ട വേറിട്ട കാഴ്ചകളെക്കുറിച്ചാണ് ചുവടെ കുറിക്കുന്നത്.

വിളക്ക് കൊളുത്തലും നാമജപവുമൊക്കെ കഴിഞ്ഞ് എന്റെ അമ്മ ടെറസ്സില്‍ ഒരു കസേരയൊക്കെയിട്ട് മാനം നോക്കിയിരിക്കുന്ന പതിവുണ്ട്. സമയം കിട്ടുന്നതിനനുസരിച്ച് അമ്മയ്ക്ക് കമ്പനിയായ് ഞാനും കൂടാറുണ്ട്. അങ്ങിനെ ആകാശത്ത് കാണുന്ന ഓരോ നക്ഷത്രത്തിന്റെ പേരുകള്‍ ചെറുപ്പത്തില്‍ അമ്മയുടെ അമ്മ പറഞ്ഞു കൊടുത്തിട്ടുണ്ടത്രേ! അമ്മയ്ക്ക് ഓര്‍മ്മയുള്ള ആ പേരുകളില്‍ ചിലത് എനിക്ക് പകര്‍ന്നു തന്നും, തിരിച്ച് എനിക്ക് അറിവുള്ള കാര്യങ്ങള്‍ അമ്മയ്ക്ക് പകര്‍ന്നുകൊടുത്തും ആകാശത്തിന്റെ മായികക്കാഴ്ചയില്‍ മയങ്ങി ഞങ്ങളിങ്ങനെയിരിക്കും, മണിക്കൂറുകളോളം…

മേയ് 22, 2008 വ്യാഴം

രാത്രി 7 മണിക്ക് ശേഷം പതിവ് പോലെ ഞങ്ങള്‍ ടെറസ്സിലിരിക്കുമ്പോള്‍, അമ്മ പെട്ടെന്ന് ഒരു മിന്നാമിനുങ്ങിനെപ്പോലെ വടക്ക് ദിശയില്‍ നിന്നും തെക്ക് പടിഞ്ഞാറേയ്ക്ക് മിന്നിമിന്നി മെല്ലെ നീങ്ങുന്ന ഒരു സാധനം ചൂണ്ടിക്കാണിച്ചു തന്നു. ആദ്യം ഞങ്ങള്‍ അതൊരു സാധാരണ വിമാനമെന്ന് വിചാരിച്ചു. പക്ഷെ, ഒരു വിമാനമല്ലെന്നുറപ്പിച്ചു. കാരണം, ഒരു വിമാനത്തിന്റെ വിളക്കുകള്‍ മിന്നിത്തെളിയുന്നത് കണ്ടിട്ടുള്ളത്‍ ഒരിക്കലും ഇങ്ങനെയല്ല. കൂടാതെ വിമാനത്തിന്റെ ഇരമ്പലുമില്ല. വളരെ നിശബ്ധമായ് നീങ്ങുന്ന ഒരു വസ്തു. അതെന്താണെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും മനസ്സിലായില്ല.

മേയ് 23, 2008 ശനി

ഐ.പി.എല്‍. ലെ ഇഷ്ട ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ജയം ടിവിയില്‍ കണ്ടതിന് ശേഷം ഞാന്‍ ടെറസ്സിലേക്ക് പോയി. അമ്മ നേരത്തേ തന്നെ അവിടെ സന്നിഹിതയായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ത്തന്നെ അമ്മ പറഞ്ഞു. “ഡാ, ഇന്നലെ ഞാനൊരു കാഴ്ച കണ്ടു. വെളുത്തിട്ട് വളഞ്ഞിരിക്കുന്ന ഒരു വടിയുടെ രൂപത്തില്‍ ഒരു വസ്തു ദേ എന്റെ തലയ്ക്ക് മുകളിലൂടെ വടക്കോട്ട് പോയി. ആദ്യം ഞാന്‍ വിചാരിച്ചു ഒരു തുണ്ട് മേഘമാണെന്ന്. പക്ഷെ മേഘം ഇത്ര വേഗത്തില്‍ നീങ്ങുകയില്ലല്ലോ. ഇതുവരെ അങ്ങിനെ ഒരു വസ്തു ഇതിനു മുന്‍പ് കണ്ടിട്ടില്ല.”

മിന്നാമിനുങ്ങ്

ഇന്നലെ കുറച്ച് പണിയുണ്ടായിരുന്നത് കൊണ്ട് അമ്മയ്ക്കൊപ്പം ആകാശം നോക്കിയിരിക്കാന്‍ കഴിഞ്ഞില്ല. ഞാന്‍ ആകാശത്തില്‍ നോക്കി നക്ഷത്രങ്ങള്‍ എണ്ണിക്കൊണ്ടിരുന്നു. ആകാശം ഇന്ന് നന്നേ ഇരുണ്ടിരിക്കുന്നു. പക്ഷെ, വെള്ളപ്പഞ്ഞിക്കെട്ട് പോലുള്ള മേഘങ്ങള്‍ വടക്ക് ഭാഗത്തായി കാണാം. ഞാന്‍ അത്ഭുതപ്പെട്ടു… ചന്ദ്രന്റെ അഭാവത്തിലും ആ മേഘങ്ങള്‍ എങ്ങനെയിത്ര വ്യക്തമായിക്കാണാന്‍ കഴിയുന്നു. സമയം 7:15 ആയിട്ടുണ്ടാവണം. അമ്മ പെട്ടെന്ന് തെക്ക് ഭാഗത്തേക്ക് വിരല്‍ ചൂണ്ടിയിട്ട് ചോദിച്ചു…. “അത് ആ മിന്നാമിനുങ്ങ് അല്ലേ?”

ഇളം പച്ച നിറത്തില്‍, അത്ര തെളിച്ചമില്ലാത്തതുമായ ഒരു വെളിച്ചം മിന്നിമിന്നി നീങ്ങുന്നു. മിനിഞ്ഞാന്ന് കണ്ടത് പോലെ തന്നെ… വടക്ക് നിന്ന് തെക്ക് പടിഞ്ഞാറായ് നീങ്ങുന്നു… ഭൂമിയില്‍ നിന്നും വളരെ ഉയരത്തില്‍ നീങ്ങുന്ന ആ വസ്തു നിമിഷങ്ങള്‍ക്കകം പടിഞ്ഞാറ് മരങ്ങള്‍ക്കപ്പുറം ഞങ്ങളുടെ കാ‍ഴ്ചയില്‍ നിന്നും മറഞ്ഞു. വീണ്ടും ഒരു 10 മിനുട്ട് ആയിട്ടുണ്ടാവും… ഇത്തവണ തെക്കു നിന്ന് എന്റെ തലയ്ക്ക് മീതെ വടക്കോട്ട് നേരത്തേ കണ്ട ‘മിന്നാമിനുങ്ങ്’ വടക്കു ഭാഗത്തേക്ക് നീങ്ങുന്നു. വടക്കു ഭാഗത്ത് മേഘങ്ങളുള്ളതിനാല്‍ പെട്ടെന്ന് തന്നെ ആ കാഴ്ച അവസാനിച്ചു…

ബൂമറാംഗ്

ഇപ്പോള്‍ സമയം 7:45 നോട് അടുത്തിട്ടുണ്ടാവണം. ഞാന്‍ വെറുതെ തല പിറകിലേയ്ക്ക് ചരിച്ച് മുകളിലേയ്ക്ക് തന്നെ നോക്കിരുന്നു. പെട്ടെന്ന് നേരെ മുകളില്‍ തെക്ക് നിന്നും വടക്കോട്ട് ഒഴുകി നീങ്ങുന്നു ഒരു വലിയ ബൂമറാംഗ് !!!”

അമ്മേ ഇതാണോ മുമ്പ് കണ്ടെന്ന് പറഞ്ഞത്?”

അമ്മ പറഞ്ഞു “അതെ. ഇതു തന്നെ. ഞാന്‍ പറഞ്ഞപ്പോള്‍ നീ കാര്യമായ് എടുത്തില്ലല്ലോ!”

ഞാന്‍ പറഞ്ഞു “ശ്..ശ്.. മിണ്ടല്ലേ…” ഇത് വല്ല വലിയ വിമാനമോ മറ്റോ ആണോ എന്നറിയുവാനാണ് മിണ്ടല്ലേ എന്നു പറഞ്ഞത്… ഞങ്ങള്‍ കാതോര്‍ത്തു….ഇല്ല, ഒരു ഇരമ്പലുമില്ല. വളരെ സ്മൂത്തായ് നീങ്ങി… പെട്ടെന്ന് മേഘക്കൂട്ടത്തിനിടയില്‍ മറഞ്ഞു !!!

ഇങ്ങനെയൊന്ന് ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല. ആദ്യം ഒരു ഒപ്റ്റിക്കല്‍ ഇല്ലൂഷന്‍ പോലെ തോന്നിയെങ്കിലും, പിന്നെ തോന്നി… ദേശാടനക്കിളികള്‍ കൂട്ടമായ് നീങ്ങും പോലെ… പക്ഷെ അത്രയും ഉയരത്തില്‍ രാത്രി, അവയെ ഒന്ന് കാണാന്‍ പോലും കഴിയില്ലല്ലോ.

ഞാന്‍ കണ്ടത്

വെളുത്ത ലൈറ്റുകള്‍ പോലെ… മങ്ങിയ നിറത്തില്‍. നമ്മുടെ കൈ നീട്ടിപ്പിടിച്ചാല്‍, ഏതാണ്ട് അത്രയും വലുപ്പത്തില്‍‍. ശരിക്കും ഒരു ബൂമറാംഗിന്റെ രൂപത്തില്‍.

എനിക്കറിയാവുന്ന എല്ലാ വസ്തുക്കളേയും വച്ച് ഞാന്‍ താരതമ്യപ്പെടുത്തിനോക്കി. ഒരു എയര്‍പ്ലെയിന്‍?ഒരു എയര്‍പ്ലെയിന്‍ ഇത്ര ഉയരത്തില്‍ പറക്കുമ്പോള്‍ ഒരു തീപ്പെട്ടിക്കൂടിന്റെ വലുപ്പത്തില്‍ പോലും നമുക്ക് കാണാനാവില്ലല്ലോ! അപ്പോള്‍ അതൊരു പ്ലെയിനല്ല. പക്ഷികളുമല്ല. അപ്പോള്‍ പിന്നെ എന്താണ്? ആകെക്കുടി ഒരു പരവേശം… അതെന്താണെന്നറിയുവാനുള്ള ത്വര… ലോകത്തോട് വിളിച്ചു പറയാന്‍ തോന്നി… കണ്ടതെന്തെന്നറിയില്ലെങ്കിലും തിരിച്ചറിയപ്പെടാത്ത എന്തോ ഞാന്‍ കണ്ടു എന്ന് പറയുവാന്‍ തോന്നിയ നിമിഷങ്ങള്‍… എന്റെ വികാരങ്ങള്‍ ശരിയായി പ്രകടിപ്പിക്കുവാന്‍ ‍വാക്കുകളിലൂടെ കഴിയുന്നില്ല …

ഗൂഗിള്‍ പറഞ്ഞത്

ഈയവസരത്തില്‍ പലരും ചെയ്യും പോലെ ഗൂഗിളിനോട് ചോദിച്ചു… “boomerang shape in the sky” ഒരുപാട് സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍ പ്രത്യക്ഷപ്പെട്ടു. എല്ലാത്തിന്റെയും പ്രധാന തലക്കെട്ട് UFO / Alien ആയിരുന്നു. അവിടെ കണ്ട ഒരു ലിങ്ക് ഇതാ ഇവിടെ. ഇതില്‍ കൊടുത്തിരിക്കുന്ന ഒരു ചിത്രം ഞങ്ങള്‍ കണ്ട വസ്തു തന്നെയായിരുന്നു. അവിടെ നിന്നും ലഭിച്ച ചിത്രം താഴെ കൊടുക്കുന്നു.

ഈ ചിത്രത്തില്‍ കാണുന്നത് പോലെ മങ്ങിയ ലൈറ്റുകളാണ് ഞങ്ങള്‍ കുറച്ച് നേരം മുന്‍പ് കണ്ടതെന്ന് ഓര്‍ത്തപ്പോള്‍… ഹൊ! എനിക്കത് പറഞ്ഞറിയിക്കാന്‍ പറ്റുന്നില്ല !!! അപ്പോള്‍ ഞങ്ങള്‍ കണ്ടത് ഒരു UFO/Alien ??? ഉള്ളില്‍ ചോദ്യങ്ങളുടെ ഒരു കാര്‍ണിവല്‍ !!! ആര്‍ക്കെന്നെ സഹായിക്കാനാവും? ആര്‍ക്കെന്റെ ചോദ്യങ്ങള്‍ക്കുത്തരമേകാനാവും??

എനിക്കാകെ ഇരിക്കപ്പൊറുതിയില്ലാതായി. ഇക്കാര്യം എല്ലാവരോടും പങ്കുവയ്ക്കണമെന്ന ഉദ്ദേശത്തോടെ ഫ്ലിക്കറിലെ ‘മലയാളിക്കൂട്ടം‘ എന്ന ഗ്രൂപ്പിലെ ഡിസ്ക്കഷന്‍ ബോര്‍ഡില്‍ ഒരു Topic ആയി എഴുതിയിട്ടു.

A boomerang in the sky !!!

Dear friends, had to share something I experienced tonight on my terrace, let me start with an intro.

Last night my mom told me she saw something moving in the sky, something unlike anything she had seen in all her whole life. She said it was kind of triangular and moved really fast across the sky.

Tonight between 7.30 and 7.45 PM IST, I was on the terrace with her hoping to see what she was talking about and lo behold a boomerang shaped object appeared traveling from south heading northwards, white and blurry in the sky, it was large (larger than any plane I have seen flying at that height, made no noise at all and disappeared as fast as it appeared…)

I tried to compare it with everything I know that flies from bird to airplanes but to no avail… am not sure as to what I saw today but I know for sure I saw it….so I did what any one else would do googled “boomerang shape in sky” and found this link!!! the picture almost exactly like what my mom and I saw in the sky, coincidence? I guess not, so I believe it was a un- identified flying object or a UFO… I wonder ‘Who’ is watching us from above and why?

PS: Nope! I don’t have any pics!

ആരെങ്കിലും സഹായകരമായി എന്തെങ്കിലും ഒരു ഉപദേശമോ മറ്റോ തരും എന്ന് വിചാരിച്ച് കാത്തിരുന്നു. പക്ഷെ, ആരും ഇതത്ര കാര്യമായി എടുത്തില്ല എന്ന് തോന്നിപ്പിക്കും വിധമായിരുന്നു അവിടെ നിന്ന് ലഭിച്ച ആദ്യ കമന്റുകള്‍ സൂചിപ്പിച്ചത്. അവരില്‍ പലരും ചോദിച്ചത് ഇതായിരുന്നു. “എന്തു കൊണ്ട് ആ കാഴ്ച കാമറയില്‍ പകര്‍ത്തിയില്ല?” ഒരാള്‍ ഇങ്ങിനെയും പറഞ്ഞു “സ്റ്റില്‍ കാമറയില്‍ വേണ്ട… അത് നീതികാണിക്കില്ല. അതുകൊണ്ട് ഒരു വീഡിയോ കാമറയില്‍ ഷൂട്ട് ചെയ്ത്, നാളെ പോസ്റ്റ് ചെയ്യൂ”. ശരിക്കും വിഷമം തോന്നിയ നിമിഷങ്ങളായിരുന്നു അത്. ഇതിനിടയ്ക്ക് ISRO യ്ക്ക് ഞങ്ങള്‍ കണ്ട കാര്യങ്ങളെക്കുറിച്ച് ഒരു മെയിലും അയച്ചു.

ചുരുളഴിയുന്നു

ഇന്നത്തെ എന്റെ ഉറക്കം കട്ടപ്പൊഹ എന്നു വിചാരിച്ച് മോണിട്ടറിന് മുന്നില്‍ അത്താഴം പോലും കഴിക്കാതെ മണിക്കൂറുകളോളം ഞാന്‍ കാത്തിരുന്നു. ആരെങ്കിലും എനിക്ക് ഒരു ‘ഉത്തരം’ തരുമെന്ന് തന്നെ പ്രതീക്ഷിച്ചു. ആ പ്രതീക്ഷ അസ്ഥാനത്തായില്ല. ഏതാണ്ട് 12 മണി കഴിഞ്ഞപ്പോള്‍ ഞാന്‍ കാത്തിരുന്നത് നസീര്‍ ഒമര്‍ (NO) ന്റെ കമന്റിന്റെ രൂപത്തില്‍ വന്നു. ആ കമന്റ് ഞാനിവിടെ പകര്‍ത്തുന്നു.

Dear friends n Nikk,

what you saw on de sky most probably may be the International Space Station. I’ve been trying to locate this but failed due to travel, restless driving n lack of sleep. but my collegues from UAE wrote about this two days back for the members of ENHG (Emirates Natural History Group) to keep an eye. It can be viewed from May 14th till 26th. so please keep an eye and try to capture if possible!!

here’s some info about it:

International Space Station (ISS) passing overhead. The space station is normally visible once or twice a day, but from Wednesday to Friday, it can be seen making as many as four daily passes over North America and Europe.

Satellites like the ISS are only visible on Earth when they are in sunlight and the viewer is in deep twilight or darkness. Such a scenario can occur more often at certain times of the year, when the Earth’s orientation relative to the Sun allows the ISS tomove out of Earth’s shadow.

That will occur over the next three days, when the station will be bathed in sunlight almost constantly. Since it takes just 90 minutes or so to orbit the Earth, it will be visible multiple times around dawn and dusk.

The space station, which orbits at an altitude of 386 kilometres, is by far the biggest and brightest manmade satellite circling the planet. It looks as bright as Venus or Jupiter and can be seen even in well-lit cities.

It can be seen with the naked eye but is recommend if you have binoculars to try them because then you see a much more detailed view. Construction of the orbital outpost, which is about as tall as a nine-story building, started in 1998 and will be completed in 2010.

NASA’s space shuttle Endeavor is scheduled to be launched on 31st May. Another unique viewing opportunity will occur two days later, when the shuttle docks with the ISS, making the station appear even brighter than usual.

Gud Luck n thank you Nikk for sharing your experience with us!!

NO യെ 12:30 യോടെ വിളിച്ച് എന്റെ സന്തോഷവും നന്ദിയും അറിയിച്ചു.

തലയ്ക്കു മുകളിലൂടെ ഇന്നലെ രാത്രി ഒഴുകി നീങ്ങിയത് ഒരു സ്പേസ് സ്റ്റേഷനായിരുന്നു !! അതൊരു പുതിയ അറിവായിരുന്നു. സ്പേസില്‍ പോവാനൊക്കില്ലെങ്കിലും, ഒരു സ്പേസ് സ്റ്റേഷന്‍ എനിക്ക് കാണാനൊത്തല്ലോ എന്ന സന്തോഷം… സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ !!! ഇന്ന് രാത്രി 7 മണിക്ക് തന്നെ ടെറസ്സില്‍ കാത്തിരിക്കണം, കാമറയുമായി. ഫ്ലിക്കര്‍ സുഹൃത്തുക്കളും അതു തന്നെ ചെയ്യുമെന്ന് ആശിക്കുന്നു. ഇന്നു രാത്രി കാര്‍മേഘങ്ങള്‍ ഉണ്ടാവരുതേ എന്ന പ്രാര്‍ത്ഥനയോടെ…

-നിക്ക്

http://www.nikk.in/

http://mrnikk.blogspot.com/

http://picnikk.blogspot.com/

http://www.flickr.com/photos/picnikk

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Barberism of caste based census

May 19th, 2008

I wish to write this article in response to a news in the daily Mathrubhumi, a week back that the next nation wide census would be based on caste basis.

We talk at length against casteism and even we are taught not to talk about one’s religion or caste. We should see people beyond the barriers of caste creed or sect. But it is a paradox that we have the rotten experience of casteism in every walk of life. This barbaric segregation is rampant everywhere. One can experience the ugliness and brutality of casteism on the political and economic scenario.

Those who steer the nation, with an eye on vote bank do frequent legislations to ensure job reservations for backward classes. Even in the field of research and development one can see caste based selection.

The proponents of our constitution proposed the job reservations for backward classes for a period of 10 years. Our politicians, for appeasing the backward classes, have extended it for many years. It is unfortunate the reservation meant for many deserving ones among backward classes do not reach them. Many of the unscrupulous politicians and bureaucrats take due care to see that the benefits of reservations should not reach the needy among the backward communities. As a result the situation of many among the backward communities especially in the northern India has fallen from bad to worst.

In our nation there are many among the forward caste communities, who live below the poverty line. Many of their children are denied their right to proper education or jobs economic backwardness. Is it a sin that one is born in an economically backward forward caste community?

Why don’t those who run the government propose and legislate for reservations on economic backgrounds

As a responsible and civic conscious citizen of my nation, I earnestly appeal those who are at the helms of affairs to stop dividing the country on the basis of caste creed and religion, instead ensure the socio, economic and cultural equality to all.

Jayaprakash T.S
Shivaganga
Nedumkunnam
Kottayam District.
e mail: jayaprakash_ts@yahoo.com

Jayaprakash T.S.
Secondary Supervisor
Baa Atoll Education Centre
C/O Ministry of Education
Republic of Maldives
Phone 00960 7752974

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

കോഴിമല രാജാവ്

May 3rd, 2008

ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ തൊപ്പിപ്പാളയില്‍ എത്താം.അവിടെയാണ് കോഴിമല (കോവില്‍ മലയെന്നും പറയപ്പെടുന്നു). കേരളത്തിലെ ഏക ആദിവാസി രാജവായ “അരിയന്‍ രാജ മന്നാന്‍” വസിക്കുന്നത് അവിടെയാണ്. തേവന്‍ രാജ മന്നാന്‍ ആയിരുന്നു ഇദ്ദേഹത്തിന് മുന്‍പത്തെ രാജാവ്.

കോട്ടയം ഗവണ്മെന്റ് ടി.ടി.ഐയിലെ ഞങ്ങളുടെ 30 അംഗ സംഘം ഉച്ചയ്ക്ക് 12 മണിയോടെയാ‍ണ് അവിടെ എത്തിയത്. ഞങ്ങളെ സഹായിക്കാന്‍ അവിടുത്തെ ട്രൈബല്‍ സ്കൂ‍ളിലെ ഒരു അദ്ധ്യാപകനും കൂടെ ഉണ്ടായിരുന്നു.

രാജാവിനെ ഫോണില്‍ വിളിച്ചപ്പോള്‍, താന്‍ പുതുതായി പണി കഴിപ്പിക്കുന്ന വസതിയിലാണെന്ന് അറിയാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ ആഗമനത്തിനായി ഞങ്ങള്‍ അര മണിക്കൂറോളം കാത്തു നിന്നു.
12.30 യോടെ രാജാവ് ഓട്ടോയില്‍ വന്നിറങ്ങി. ഒപ്പം അംഗരക്ഷകനും മന്ത്രിയും ആയ ഒരാളും കൂടെയുണ്ടായിരുന്നു.

ആദ്യമായി ഒരു രാജാവിനെ നേരില്‍ കണ്ടതിന്റെ ആകാംഷ ഞങ്ങളില്‍ പലരിലും ഉണ്ടായിരുന്നു. രാജാവ് “ചുള്ളന്‍” ആണല്ലോടി എന്ന ഒരു കുട്ടിയുടെ “കമന്റ്” ഞങ്ങളില്‍ ചിരി പടര്‍ത്തി. ആദ്യം കാണുമ്പോള്‍ സാധാരണ വേഷമായ മുണ്ടും ഷര്‍ട്ടും ആയിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. അല്‍പ്പ സമയം കാ‍ത്ത് നില്‍ക്കാന്‍ പറഞ്ഞിട്ട് അദ്ദേഹം അകത്തേയ്ക്ക് പോയി. പിന്നീട് രാജ വേഷത്തില്‍ വന്നെത്തിയ അദ്ദേഹം, ഞങ്ങളുടെ ചോദ്യങ്ങല്‍ക്ക് വളരെ സൌമ്യനായി ഇരുന്ന് ഉത്തരം തന്നു.
*താങ്കള്‍ രാജാവായിട്ട് എത്ര കാലം ആയി?

കഴിഞ്ഞ ഡിസംബര്‍ 14ന് ആണ് കേരളത്തിലേ മന്നാന്‍ ആദിവാസി വിഭാഗത്തിന്റെ ഏക ആദിവാസി രാജാവായിരുന്ന തേവന്‍ രാജ മന്നന്‍ അന്തരിച്ചത്. അദ്ദേഹം എന്റെ അമാവന്‍ ആയിരുന്നു. അദ്ദേഹത്തിന് ശേഷം ഞാന്‍ ആയി അടുത്ത രാജാവ്
*അപ്പോള്‍ രാജാവിന്റെ മകന്‍ അല്ലേ അടുത്ത രാജാവ് ആകേണ്ടത്?
ഇവിടെ മരുമക്കത്തായ രീതിയാണ് ഇപ്പോളും. മരുമക്കളില്‍ രാജാവ് ആകേണ്ട ആളെ ചിലപ്പോള്‍ പഴയ രാജാവ് തന്നെ തീരുമാനിക്കും, അല്ലെങ്കില്‍ മൂപ്പന്മാര്‍ ആയിരിക്കും തീരുമാനിക്കുക.
*എങ്ങനെയുണ്ട് രാജ പദവി?

സത്യം പറഞ്ഞാല്‍ എല്ലാം പഠിച്ച് വരുന്നതേ ഉള്ളൂ. എനിക്ക് 23 വയസ്സ് കഴിഞ്ഞതെയുള്ളൂ. (ഇപ്പോളെ രാജാവായതില്‍ ഉള്ള ചെറിയ വിഷമവും അദ്ദേഹം മറച്ച് വെച്ചില്ല.)
*രാജാവിന്റെ കുടുംബം?

ഒരു ഭാര്യ, ചെറിയ കുഞ്ഞ്

*രാജ ഭരണത്തെക്കുറിച്ച് ഒന്ന് വിശദീകരിക്കാമോ?
മന്നാന്‍ സമുദായത്തിന് തമിഴ്‌നാട്ടിലെ മധുരയിലാണ് വേരുകളുള്ളത്‌. പാണ്ഡ്യന്മാരും ചോളന്മാരുമായുള്ള യുദ്ധത്തില്‍ മന്നാന്മാര്‍ പാണ്ഡ്യന്മാരെ പിന്തുണച്ചു. യുദ്ധം ജയിച്ച പാണ്ഡ്യ രാജാവ്‌ മധുര സാമ്രാജ്യത്തിന്റെ പടിഞ്ഞാര്‍ അതിര്‍ത്തിയിലുള്ള വനഭൂമി മൊത്തത്തില്‍ മന്നാന്‍ സമുദായത്തിന് സമ്മാനമായി നല്‍കി. തുടര്‍ന്നാണ് ഇവിടെ താമസമുറപ്പിക്കുന്നത്‌. ഇവിടെ എന്നെ ഭരണത്തില്‍ സഹായിക്കാ‍ന്‍ ഒന്‍പത് മൂപ്പന്മാരാണ് ഉള്ളത്.അവരോട് ആലോചിച്ച ശേഷം മാത്രമേ പ്രധാന കാര്യങ്ങള്‍ ചെയ്യുകയുള്ളൂ.

*ആചാരങ്ങള്‍?
മധുര മീനാക്ഷിയാണ് മന്നാന്‍ സമുദായത്തിന്റെ ആരാധനാ മൂര്‍ത്തി. കൂത്ത് ആണ് പ്രധാന കല. കാലാവൂട്ട്‌ എന്നാണു ഞങ്ങള്‍ ഇതിനു പറയുന്നത്‌.
*കേരള സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും സഹായം ഒക്കെ കിട്ടാറുണ്ടോ?

കേരളത്തിലെ ഏക ആദിവാസി രാജാവായിരുന്ന രാജമന്നനെയാണ് സംസ്ഥാനത്തെ ആദിവാസികളുടെ പ്രതീകമായി കണ്ടിരുന്നത്. ആദിവാസികള്‍ക്കായുള്ള പല സര്‍ക്കാര്‍ പദ്ധതികളുടെയും ഉദ്ഘാടന ചടങ്ങിലെ സ്ഥിരം സാനിദ്ധ്യം ആയിരുന്നു അദ്ദേഹം. അദ്ദേഹത്തിന് ശേഷം എനിക്ക് ഇപ്പോള്‍ ഒരു വീട് പണിതു നല്‍കുന്നുണ്ട്.
ഇലക്ഷന്‍ സമയത്ത് രാജാവിനെ കാണാന്‍ പല ഉന്നതരും എത്താറുണ്ടെന്നും രാജാവ് പറഞ്ഞു. സൌഖ്യമന്വേഷിക്കാനല്ല, വോട്ടിനായി മാത്രം. കാരണം ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലെ വനഭൂമികളിലെ 49 കോളനികളിലായി മന്നാന്‍ സമുദായത്തില്‍പെട്ട 7,000 കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഒരു കാലത്ത് ഇടുക്കി, എറണാകുളം, ത്രിശ്ശൂര്‍ ജില്ലയിലെ കാടുകള്‍ മുഴുവന്‍ ഇവരുടെയായിരുന്നു. എന്നാല്‍ കുടിയേറ്റക്കാരും കുത്തക മുതലാളിമാരും ഇവരുടെ സ്വത്തും സ്ഥലങ്ങളും അപഹരിച്ചപ്പോള്‍, വാള്‍ നഷ്ടമായ ഒരു പടയാളിയെപ്പോലെ നോക്കി നില്‍ക്കാനെ ഇക്കൂട്ടര്‍ക്ക് സാധിച്ചുള്ളൂ. പട്ടിണിയും രോഗങ്ങളും ആയി മണ്ണിനോട് മല്ലടിക്കുമ്പോഴും, ആരോടും പരാതി പറയാതെ, പറയാനറിയാതെ നിസഹായരായി ചിരിക്കുന്ന ഒരു കുട്ടിയുടെ മുഖമാണ് പലര്‍ക്കും.
[പോകുന്നതിന് മുന്‍പ് ഒരു ഫോട്ടോയ്ക്ക് ഞങ്ങള്‍ക്കൊപ്പം അദ്ദേഹം പോസ് ചെയ്തു, ഒപ്പം ഒരു ചെറിയ സമ്മാനം രാജാവിന് സമ്മാനിക്കാനും ഞങ്ങള്‍ മറന്നില്ല, കാരണം അത്രയ്ക്ക് ക്ഷീണിപ്പിച്ചിരിക്കുന്നു ഈ കാടിന്റെ മക്കളെ നമ്മള്‍]
വിനയ് മുരളി പുതുപ്പള്ളി
ബ്ലോഗ്:www.entemalayalam.co.nr
മെയില്‍:vinaymurali@gmail.com

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബ്ലോഗ് ശില്പ ശാലയെ കോഴിക്കോട്ടുകാര്‍ ഹൃദയത്തില്‍ ഏറ്റു വാങ്ങി

May 1st, 2008

കേരള ബ്ലോഗ് അക്കാദമിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 27നു കോ‍ഴിക്കോട് സഹകരണ അര്‍ബന്‍ ബാങ്കില്‍ വച്ചു നടന്ന ബ്ലോഗ് ശില്പശാല പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. 14 വയസ്സുള്ള കുട്ടികള്‍ മുതല്‍ 70 വയസ്സിലേറെ പ്രായമുള്ള വൃദ്ധര്‍ വരെ, ഓട്ടോറിക്ഷാ തൊഴിലാളി മുതല്‍ ഡോക്ടര്‍മാര്‍ വരെ, ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ മുതല്‍ പത്രപ്രവര്‍ത്തകര്‍ വരെ കോഴിക്കോടിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ബ്ലോഗ് ശില്പ ശാലയെ സാന്നിധ്യം കൊണ്ട് സമ്പന്നമാക്കി.

അതീവ ലളിതമായി, ബ്ലോഗിന്റെ രഹസ്യങ്ങള്‍ ഓരോന്നോരോന്നായി ബ്ലോഗര്‍മാര്‍ ബ്ലോഗാര്‍ത്ഥികള്‍ക്ക് പകര്‍ന്നപ്പോള്‍ അവരുടെ മുഖം തെളിഞ്ഞു. കാസര്‍ഗോഡ് മുതല്‍ പാലക്കാട് വരെയുള്ളവര്‍ ഈ ശില്പശാലയില്‍ പങ്കെടുത്തു. മലപ്പുറം ജില്ലയില്‍ നിന്നും നല്ല പ്രാതിനിധ്യം ഉണ്ടായി, ഒരു പക്ഷെ അക്ഷയ പദ്ധതിയുടെ വിജയമാണിതു സൂചിപ്പിക്കുന്നത്.

ബ്ലോഗാര്‍ത്ഥികളെയും ബ്ലോഗര്‍മാരെയും ബ്ലോഗിണികളെയും കോഴിക്കോട് ബ്ലോഗക്കാദമിക്കു വേണ്ടി മലബാറി ഹൃദ്യമായി സ്വാഗതം ചെയ്തു. തുടര്‍ന്ന് ബ്ലോഗ് അക്കാദമിയുടെ ഉദ്ദേശ ലക്‍ഷ്യങ്ങളെക്കുറിച്ച് ചിത്രകാരന്‍ ഹ്രസ്വമായ ഒരാമുഖ പ്രസംഗം നടത്തി. ബ്ലോഗിന്റെ സാധ്യതകള്‍, ഉപയോഗങ്ങള്‍ എന്നിവ ലളിതമായ ഭാഷയില്‍ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി വിവരിച്ചു. ശില്പശാലയുടെ ലക്‍‌ഷ്യങ്ങള്‍ ഏറനാടന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ വിവരിച്ചത് കാണിക്കള്‍ക്കേറെ രസിച്ചു.

തുടര്‍ന്ന് പ്രജക്ടറിന്റെ സഹായത്തോടെ എങ്ങിനെ യൂനിക്കോഡ് ഫോണ്ടുകള്‍ ഡൌണ്‍‌ലോഡ് ചെയ്ത് കം‌പ്യൂട്ടറില്‍ മലയാളം വായിക്കാം എന്നതിനെക്കുറിച്ചും, വിവിധ മലയാള എഴുത്തുപകരണങ്ങള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം, ബ്ലോഗര്‍/വേര്‍ഡ് പ്രസ്സ് എന്നിവയില്‍ ബ്ലോഗുണ്ടാക്കുന്നവിധം, ബൂലോഗത്തെ പൊതുസ്ഥലങ്ങള്‍ എന്നിവയെക്കുറിച്ചും കണ്ണൂരാന്‍ ക്ലാസ്സെടുത്തു.

മ്യൂസിക്ക് ബ്ലോഗിംഗിനെക്കുറിച്ചും പോഡ്കാസ്റ്റിനെ ക്കുറിച്ചും തൃശൂര്‍ ആകാശവാണിയിലെ ഉദ്യോഗസ്ഥനും പ്രമുഖ ബ്ലോഗറുമായ ഡി. പ്രദീപ് കുമാര്‍ വിശദമായ ക്ലാസ് നല്‍കി. ആനുകാലികങ്ങളില്‍ സ്ഥിരമായെഴുതുന്ന വി.കെ.ആദര്‍ശ് ബ്ലോഗിന്റെ ഭാവിയെക്കുറിച്ചും, സാധ്യതകളെക്കുറിച്ചും അതീവ ലളിതമായി, നര്‍മ്മത്തില്‍ ചാലിച്ച് സംസാരിച്ച് സദസ്സിനെ കയ്യിലെടുത്തു.

വിക്കിപീഡിയയെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രമുഖ ബ്ലോഗറായിരുന്ന വിശ്വപ്രഭ സംസാരിച്ചു. തന്റെ ബ്ലോഗനുഭവങ്ങളെക്കുറിച്ചും, എങ്ങിനെ ബ്ലോഗറായെന്നും മൈന സംസാരിച്ചു.

തുടര്‍ന്നു നടന്ന ബ്ലോഗ് വിദ്യാരംഭത്തിനു കേരളത്തിലെ ആദ്യത്തെ വനിതാ ഓട്ടോ ഡ്രൈവറായ ജഫ്രീന തുടക്കം കുറിച്ചു. നിരവധി പേര്‍ വേദിയില്‍ നിന്നും ബ്ലോഗാരംഭിച്ചു. ബ്ലോഗുകള്‍ ആരംഭിച്ചു പാതി വഴിക്കായവര്‍ തങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ചു. ശില്പശാലയില്‍ പങ്കെടുത്തവര്‍ നിറഞ്ഞ മനസ്സോടെയാണ് പിരിഞ്ഞു പോയത്.

പ്രമുഖ ബ്ലോഗര്‍മാരായ കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി, ചിത്രകാരന്‍, കണ്ണൂരാന്‍, ഏറനാടന്‍, സുനില്‍.കെ.ഫൈസല്‍, മലബാറി, ആദിത്യനാഥ്, വി.കെ.ആദര്‍ശ്, ഡി.പ്രദീപ് കുമാര്‍, മൈന, അരീക്കോടന്‍, മണിക്കുട്ടി, എന്നിവര്‍ ശില്പശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. നിത്യന്‍, ദൃശ്യന്‍, വിശ്വപ്രഭ, ബെര്‍ളി തോമസ്, ദ്രൌപതി, അന്യന്‍, ടി.സുരേഷ്ബാബു, ആര്‍.ഗിരീഷ് കുമാര്‍, പ്രസാദ് വിമതം, കെ.പി.റഷീദ് (കവിതക്കൊരിടം), ഫൈസല്‍ പൊയില്‍, മിനീസ്, സഹ്യന്‍, പ്രസാദ്കുമാര്‍, കയ്യെഴുത്ത്, മുരളിക, ഷാ‍ഫി (പെരുവഴി), മനോജ് കാട്ടാമ്പള്ളി തുടങ്ങിയ ബ്ലോഗര്‍മാര്‍ ശില്പശാലയില്‍ പങ്കെടുത്തു.

വിശദമായ അവലോകനം:
http://keralablogacademy.blogspot.com/2008/04/blog-post_28.html

വാര്‍ത്തകള്‍:
http://kannuran.blogspot.com/2008/04/blog-post_28.html

അയച്ചു തന്നത്: കണ്ണൂരാന്‍

കണ്ണൂരാന്റെ ബ്ലോഗുകള്‍:

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

രാഹുലിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ

April 20th, 2008

അച്ഛമ്മയുടെ അച്ഛന്‍ ‘ഇന്ത്യയെ കണ്ടെത്തിയ’ ശേഷമാണ്‌ പ്രധാനമന്ത്രിയായത്‌. ഇന്ത്യയെ കണ്ടെത്തുന്ന ശ്രമത്തിനിടയില്‍ ഒറീസയെ എങ്ങിനെയോ മൂപ്പര്‍ക്ക്‌ കൈമോശം വന്നുപോയിരിക്കണം. അതു കൊണ്ടായിരിക്കണം രാഹുല്‍ ഒറീസയെ കണ്ടെത്താന്‍ പുറപ്പെട്ടതും വന്‍ വിജയം കൈവരിച്ചതും.

പെരിയ കോണ്‍ഗ്രസിലെ ചിന്നതമ്പി ഒറീസയുടെ ഒരു കഷണം കണ്ടെത്തുമ്പോഴേക്കും അര്‍ജുന്‍ സിംഗ്‌ ഒരു വലിയ സത്യം കണ്ടെത്തി. രാഹുലില്‍ അടുത്ത പ്രധാനമന്ത്രിയെ കണ്ടെത്തിയതിനുള്ള പേറ്റന്റ്‌ സിങ്ങിന്‌. സാക്ഷി മുഖര്‍ജിയും. ഇനിയങ്ങോട്ട്‌ സുഹൃത്തുക്കളേ രാഹുകാലം.

ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടുന്നതിനുമുമ്പ്‌ നാട്ടുരാജ്യങ്ങള്‍ വാണിരുന്നത്‌ രാജാക്കന്‍മാരായിരുന്നു. സായിപ്പിന്റെ പാദപൂജ നടത്താത്ത അന്നത്തെ സൂപ്പര്‍സ്റ്റാര്‍ രാജാക്കന്‍മാര്‍ക്കൊക്കെ കൈവന്നത്‌ പഴശ്ശിയുടെയും ടിപ്പുവിന്റെയും ഗതിയായിരുന്നു. സായിപ്പിനെ കണ്ടാല്‍ കാലുതിരുമ്മാന്‍ കൈതരിച്ച മഹാന്‍മാര്‍ക്ക്‌ തലതപ്പിനോക്കേണ്ട ഗതികേടുണ്ടായില്ല. നല്ലൊരു ആട്ടുകട്ടിലും വീശുവാന്‍ തരുണിസഹിതം ചാമരവും തരമാക്കിക്കൊടുത്തവര്‍ പെരിയ രാസാക്കന്‍മാരായി. എതിര്‍ത്ത പഴശ്ശിയുടെ നാലുകെട്ടിന്റെ അസ്ഥിവാരം വരെ കുളംതോണ്ടിയപ്പോള്‍ ഒറ്റുകാരെല്ലാം കിരീടം വെക്കാത്ത രാജാക്കന്‍മാരായതാണ്‌ ജനാധിപത്യത്തിന്റെ ചരിത്രം. രാജ്യം മൊത്തം വിറ്റിതീരെഴുതിക്കിട്ടുകയും ചെയ്‌തു.

രാജാവാണെന്ന അഹങ്കാരമൊന്നുമില്ലാത്തവരായിരുന്നു പണ്ടേ. അതുകൊണ്ടാണല്ലോ പിന്നീട്‌ മന്ത്രിയായാലും മതിയെന്നു സമാധാനിച്ചത്‌. വടക്കേയിന്ത്യയിലെ സിങ്ങുമാര്‍ മൊത്തം അര്‍ജുന്‍ സിങ്ങ്‌, നട്‌ വര്‍ സിങ്ങ്‌, ജസ്വന്ത്‌ സിങ്ങ്‌… രാസാവല്ലാത്തവര്‍ ചുരുക്കം. നോക്കണേ ഹലാക്ക്‌. രാസാവായ അര്‍ജുന്‍സിങ്ങ്‌ സാദാമന്ത്രി. ഓച്ചാനിച്ച്‌ നിന്ന്‌ റാന് ‍മൂളേണ്ട വെറും പ്രജ സര്‍ദാര്‍ജി പ്രധാനമന്ത്രി. മൊത്തത്തില്‍ ഒരു സര്‍ദാര്‍ജിഫലിതം പോലുണ്ട്‌. എത്രകാലമെന്നു വച്ചിട്ടാ സുഹൃത്തുക്കളേ സഹിക്കുക. വേറെ ഗതിയില്ലാത്തതുകൊണ്ടു സഹിച്ചു.

പണ്ട്‌ മിണ്ടാപ്പൂതം നരസിംഹറാവുജിയുടെ കീഴിലും മന്ത്രിപ്പണി. പത്തുപതിനെട്ടു ഭാഷയറിയും പഹയന്‌. എന്നാല്‍ കമാന്നൊരക്ഷരം ഉരിയാടുകയില്ല. സകലഭാഷയും പഠിച്ചശേഷം മൂപ്പര്‍ മനസ്സിലാക്കിയത്‌ ഒരു സത്യമാണ്‌. ഏതുഭാഷയായാലും മിണ്ടിയാലാണ്‌ കുഴപ്പം. ഒടുവില്‍ ക്ഷമകെട്ടു. പാരപണിയാരംഭിച്ചു. വേലായുധനോടു തന്നെ വേല വേണോന്നു മൂപ്പര്‍ ചോദിച്ചില്ല. മുഖമൊന്ന്‌ കടന്നലു കുത്തിയ പോലാക്കിയെന്നു മാത്രം. പിന്നെയൊരു മാര്‍ഗമേ കണ്ടുള്ളൂ. മകരജ്യോതി കണ്ട്‌ അണ്ണാച്ചിയെപ്പോലെ ഒരൊറ്റവിളിയാ – രാജീവിനെ വിളിക്കൂ ഇന്ത്യയെ രക്ഷിക്കൂ. പറയത്തക്ക വ്യത്യാസമൊന്നും രാജാവും രാജീവും തമ്മിലില്ലാത്ത സ്ഥിതിക്ക്‌ അതാണുത്തമമെന്നും തോന്നി.

നാലു വോട്ട്‌ അര്‍ജുന്‍ രാജാവിന്‌ സ്വന്തമായി അന്നുമില്ല. ഇന്നുമില്ല. ഇനിയുണ്ടാവുമെന്നും തോന്നുന്നില്ല. മത്സരിച്ചപ്പോഴെല്ലാം വന്‍ഭൂരിപക്ഷത്തിനാണ്‌ തോല്‍വി. എന്നുവച്ച്‌ പിന്‍മാറുകയൊന്നുമില്ല. ജനാധിപത്യത്തിന്റെ പൂമുഖത്തു (ലോക്‌സഭ) നിന്നും ചവുട്ടിപ്പുറത്താക്കിയാല്‍ നേരെ പാതി രാത്രി പിന്‍വാതിലില്‍ (രാജ്യസഭ) കാത്തു നില്‌ക്കും. അതിലൂടെ വലിഞ്ഞകത്തു കയറി രാജ്യത്തെ രക്ഷിക്കാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്‌ സിങ്ങുപരിവാരങ്ങളുടെ പണ്ടേയുള്ള ശീലം.

എല്ലാ തറവാട്ടിലെയും മുടിയനായ പുത്രന്‍മാര്‍ക്ക്‌ വല്ലതും നക്കാനായി അമ്മമാര്‍ അടുക്കളയിലേക്കുള്ള സുരക്ഷിത പാതയൊരുക്കിക്കൊടുക്കുക ഈ പിന്‍വാതിലിലൂടെയാണ്‌. ലക്ഷണംകെട്ട ജാതികളാണെങ്കില്‍ ഉള്ളതും ഞണ്ണി കലവുമുടച്ച്‌ സ്ഥലം വിടുകയാണ്‌ പതിവ്‌. എന്നാലും അമ്മയുടെ ഹൃദയത്തില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും ഒരുവനും പടിയിറങ്ങേണ്ടിവരികയില്ല. വേറൊരിടത്തായിരുന്നെങ്കില്‍ എന്നേ കരുണാകരനെ പടിയടച്ച്‌ പിണ്ഡം വച്ചേനെ.

എനിക്കു വോട്ടു തന്നു മന്ത്രിയാക്കണം എന്നൊരു രാജാവു യാചിക്കുന്നതുകേട്ടാല്‍ തലയുടെ കല്ലിളകി എന്നാണ്‌ ജനത്തിനു തോന്നുക. ഭരണഘടനപ്രകാരമാവട്ടേ തലയ്‌ക്ക്‌ സ്ഥിരതയുള്ളവര്‍ക്കുമാത്രമേ മത്സരിക്കാനും പാടുള്ളൂ. അതു കൊണ്ട്‌ അത്തരം സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും സിങ്ങിനെ നോക്കരുത്‌. മുമ്പില്‍ നിന്നിറക്കി വിട്ടാല്‍ പിന്നിലൂടെ കയറി വരുമെന്നു മാത്രം.

അങ്ങിനെ കയറി വന്നാല്‍ പിന്നെ തോല്‌പിച്ചിറക്കി വിട്ട ജനത്തിനോട്‌ രാജനീതി കാട്ടും. റിസര്‍വേഷനെക്കൊണ്ട്‌ ഒ.ബി.സിയും രാജ്യവും രാജ്യവാസികളും രക്ഷപ്പെടുകയില്ലെങ്കിലും സ്വയം രക്ഷയ്‌ക്ക്‌ അത്യുത്തമം അതു തന്നെയാണെന്ന തിരിച്ചറിവൊക്കെ സിങ്ങിനുണ്ട്‌. എന്നാല്‍ അതിന്റെയൊന്നും അഹങ്കാരം ഒട്ടില്ലതാനും.

ബോധിസത്വന്‍ തന്നെ 24 കൊല്ലം ധ്യാന നിരതനായിരുന്നപ്പോഴാണ്‌ ബോധോദയമുണ്ടായത്‌. ബോധോദയം പണ്ടേ ഉണ്ടായിരുന്നെങ്കിലും അതു പരസ്യപ്പെടുത്താന്‍ പത്തു മുപ്പത്‌ രാഹുലിന്‌ കഴിയുന്നതു വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം. ഒരു ശുഭ മുഹൂര്‍ത്തം നോക്കി നാലു പത്രക്കാര്‍ ചുറ്റിലുമുള്ള നേരത്ത്‌ മൂപ്പര്‍ ഒന്നലറി – രാഹുലിനെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ. കേട്ടാല്‍ മന്ദബുദ്ധികള്‍ക്കു തോന്നുക മറ്റേ സര്‍ദാര്‍ജിയില്‍ നിന്നും രക്ഷിക്കാനാണെന്നാണ്‌. മാഡത്തിനങ്ങിനെ പലേ ഗുണങ്ങളുമുണ്ട്‌. തരാതരം പോലെ പ്രസ്‌താവന നടത്താന്‍ എല്ലില്ലാത്ത നാവുമായി ഭൃത്യ രാജാക്കന്‍മാര്‍ സദാ ചുറ്റിലും കാണും.

ഒരാള്‍ ഒരു ദിവസം ഒരു വഷള്‌ മാത്രമേ വിളിച്ചലറാവൂ എന്ന നിബന്ധനയൊന്നും കോണ്‍ഗ്രസിലില്ല. കേരളത്തിലെ മന്ത്രി സുധാകരനെപ്പോലെ എത്രയുമാവാം. വേണമെങ്കില്‍ ഗിന്നസുകാരെ വിളിപ്പിച്ച്‌ സ്വന്തം പേരിലൊരു റിക്കോര്‍ഡും എഴുതിക്കാം.

ഒരു വഷള്‌ ഒരുവന്‍ ഉണര്‍ത്തിച്ചാല്‍ പിന്നെ വേണ്ടത്‌ വേറൊരുവന്‍ ഇന്‍ ദ നെയിം ഓഫ്‌ അള്ള അഥവാ മാഡം അത്‌ പിന്താങ്ങുകയാണ്‌. അതായത്‌ മാഡം അംഗീകരിച്ചു എന്നൊരുറപ്പിനായി.

പണ്ട്‌ വാജ്‌പേയിക്ക്‌ കപ്പിനും ചുണ്ടിനുമിടയില്‍ ഭരണം പോയപ്പോള്‍ അര്‍ജുനന്‍ അലറി വിളിച്ചതാണ്‌ മാഡത്തെ വിളിച്ച്‌ നാടു നന്നാക്കാന്‍. മാഡം വന്നതുമാണ്‌. വന്നതു പോലെ പോയതുമാണ്‌. അന്ന്‌ കലാംജി മാഡത്തിന്റെ കാതിലോതിയതെന്താണെനന്ന്‌ മൂപ്പര്‍ക്കും കേട്ട മാഡത്തിനും മാത്രമേ തിരുപാടുള്ളൂ. തടി കിട്ടിയാല്‍ പുല്ലും പറിക്കാം എന്നു പറഞ്ഞോടിയ പഴയ അടിക്കാരനെപ്പോലെ പോയ ആളാണ്‌. പിന്നീട്‌ കണ്ടത്‌ ആദ്യം ശിബിയെയും പിന്നെ ശ്രീബുദ്ധനെയും ഒടുവില്‍ മഹാത്മാഗാന്ധിയെയും പിന്തള്ളി മിസ്‌.ഗാന്ധി മഹാത്യാഗിയായി ചരിത്രത്തില്‍ പുനരവതിരിക്കുന്നതാണ്‌. അതോടു കൂടി ഉറക്കം തൂക്കി കിടക്കയില്‍ വീണെന്നു പറഞ്ഞ പോലെ സര്‍ദാര്‍ജി പ്രധാനമന്ത്രിയുമായി.

ഇതിനുമുമ്പ്‌ ശ്രീരാമന്‍ ‍മാത്രമാണ്‌ ഇങ്ങനെ കയ്യില്‍ ‍കിട്ടിയ സംഗതിയെടുത്ത്‌ കാട്ടിലിട്ട ഏക കോണ്‍ഗ്രസുകാരന്‍. അതാണല്ലോ ഗാന്ധിജി രാമ രാജ്യത്തിനു വേണ്ടി പരിശ്രമിച്ചത്‌. അതുതന്നെയാണ്‌ മാഡവും ചെയ്‌തത്‌. എന്നിട്ടെന്തു പറയാന്‍? എഴുത്തറിയാവുന്ന കോണ്‍ഗ്രസുകാര്‍ വംശനാശം വന്നതു കൊണ്ട്‌ ഒരു മാഡായനം ഉണ്ടായില്ല. തന്റെ പാദുകം തലയില്‍ വച്ച്‌ സര്‍ദാര്‍ജിയോട്‌ ഇഷ്ടം പോലെ ചിന്തിച്ചോളാനും പറയുമ്പോലെ ഭരിച്ചോളാനും പറഞ്ഞു. രാജ്യത്തിന്റെ ആരോഗ്യത്തിനും സ്വന്തം തടിക്കും എന്തു കൊണ്ടും നല്ലത്‌ അതാണെന്നൊരു തിരിച്ചറിവ്‌. അത്ര തന്നെ.

കോണ്‍ഗ്രസിലെ മാത്രമല്ല അതിന്റെ അസ്സല്‍ പകര്‍പ്പായ സകല പാര്‍ട്ടികളിലെയും കടല്‍ക്കിഴവന്‍മാര്‍ക്കും ചാവാനാവുമ്പോള്‍ ഒരു കാര്യം ബോദ്ധ്യപ്പെടും. യുവാക്കള്‍ രംഗത്തേക്ക്‌ വരണം. പരമാവധി മകനായാല്‍ നല്ലത്‌. തൊട്ടു കൂട്ടാനൊന്നില്ലെങ്കില്‍ മകളായാലും കുഴപ്പമില്ല. ശരദ്‌ പവാറിന്‌ പൊന്നുമോള്‍ സുപ്രിയ തന്നെ ധാരാളം. കലൈഞ്‌ജര്‍ക്ക്‌ യുവതിയായി കനിമൊഴിയും യുവാവായി അമ്പതുകാരന്‍ സ്റ്റാലിനുമുണ്ട്‌. അറുപതിലെത്തില്‍ മാഡത്തിന്‌ മോന്‍ രാഹുല്‍. നാലാളുടെ മുന്നില്‍ കൊണ്ടു പോയി നിര്‍ത്താന്‍ പറ്റിയ മക്കളുള്ള വയസ്സന്‍മാര്‍ രക്ഷപ്പെട്ടു. രാജ്യവും. സുകൃതം ചെയ്‌തവരാണ്‌ ഭാരതീയര്‍.

രാഹുലിനെ പ്രധാനമന്ത്രിയാക്കാന്‍ രാജാവ്‌ പുറപ്പെടുമ്പോള്‍ത്തന്നെ ബുദ്ധിയുള്ള പെങ്ങള്‍ക്കു തോന്നി കാര്യം പിശകാണെന്ന്‌. അച്ഛന്റെ പാതയിലേക്ക്‌ മകനെ തള്ളി വിടാനുള്ള വഴിയാണോന്നൊരു സംശയം. നേരെ മൂപ്പരു പോയി വെല്ലൂരിലേക്ക്‌. രാജീവിന്റെ വധത്തിലെ പങ്കിന്‌ അഴിക്കുള്ളിലായ നളിനിയെ കണ്ടു. കൈ കൂപ്പി തൊഴുതു. സംസാരിച്ചു. കോണ്‍ഗ്രസുകാര്‍ ഞെട്ടി. ഇത്രയ്‌ക്കു വിവരം മാഡത്തിന്റെ മകള്‍ക്കുണ്ടാവുമെന്ന്‌ അക്കൂട്ടര്‍ ധരിച്ചു കാണില്ല. ഒരു പ്രധാനമന്ത്രിയായ രാജീവ്‌ കൊല്ലപ്പെടുമ്പോള്‍ നിഴലുപോലെ നില്‌ക്കുന്ന അനവരതം നേതാക്കളില്‍ മരുന്നിനു പോലും ഒരെണ്ണം കൂടെച്ചാകാനിടയാകാത്ത കാര്യം മകള്‍ നളിനിയോട്‌ ചോദിച്ചിരിക്കണം.

എതായാലും പ്രിയങ്കയ്‌ക്ക്‌ ഒരു കാര്യം വ്യക്തമായിട്ടുണ്ട്‌. നമ്പാന്‍ കൊള്ളാത്ത ജാതികളാണ്‌ കോണ്‍ഗ്രസുകാരെന്ന സത്യം. ഏതായാലും അര്‍ഹതയില്ലാത്ത ഗാന്ധി നാമം എന്റെ പേരിനൊപ്പം ആരും വെയ്‌ക്കരുത്‌ എന്നു പറയാന്‍ തീരുമാനിച്ചപ്പൊഴേ നിത്യനു തോന്നിയിട്ടുണ്ട്‌ കുട്ടി സുന്ദരി മാത്രമല്ല, ബുദ്ധി കൂടിയുണ്ട്‌.

വായും പിളര്‍ന്നു വരുന്ന മുതലയെപ്പോലെയാണ്‌ കമ്മ്യൂണിസം, വരുന്നത്‌ ചിരിക്കാനാണോ അതോ വിഴുങ്ങാനാണോ എന്നു മനസ്സിലാവുകയില്ല എന്ന തമാശയാക്കിയത്‌ വിന്‍സ്‌റ്റണ്‍ ചര്‍ച്ചിലാണ്‌. അതിന്ത്യയില്‍ നന്നായി ചേരുക കോണ്‍ഗ്രസിനാണ്‌. വര്‍ഗീയത കോണ്‍ഗ്‌സുകാര്‍ക്ക്‌ കണ്ടേ കൂട. ഇന്ദിരാഗാന്ധി വെടി കൊണ്ടു വീണപ്പോള്‍ ദില്ലിയില്‍ മാത്രം പച്ചക്കു വെട്ടിയിട്ട സിഖുകാരുടെ എണ്ണമെത്രയായിരുന്നു. മോഡിയുടെ ഗുജറാത്തിലെക്കാളും മെച്ചപ്പെട്ട പ്രകടനമായിരുന്നില്ലേ ടൈറ്റ്‌ലറും കൂട്ടരും കാഴ്‌ച വെച്ചത്‌. നാവു വടിക്കാന്‍ ഈര്‍ക്കിലി ചീന്തുന്നപോലെയാണ്‌ എട്ടുംപൊട്ടും തിരിയാത്ത പാവം സിക്കു പിള്ളേരെ ഒരു പേനക്കത്തി പോലും ഉപയോഗിക്കാതെ വലിച്ചു കീറിയത്‌. ചര്‍ച്ചില്‍ പറഞ്ഞതില്‍ നിന്നും ചെറിയ വ്യത്യാസമുണ്ട്‌. ചിരിച്ചുകൊണ്ട്‌ വിഴുങ്ങുകയാണ്‌ കോണ്‍ഗ്രസുകാരുടെ രീതി. അര നൂറ്റാണ്ടിനകം അതു പലപ്പോഴും തെളിയിച്ചിട്ടുമുണ്ട്‌.

നിത്യന്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗോവന്‍ ബലാല്‍സംഗ മനശ്ശാസ്‌ത്രം

April 12th, 2008

“വെള്ളക്കാരി പെമ്പിള്ളാരെ കിടക്കയിലേക്കെത്തിക്കുകയാണ്‌ ലോകത്തിലെ ഏറ്റവും എളുപ്പമുള്ള കാര്യങ്ങളിലൊന്ന്‌. അവര്‍ ഗോവയിലെത്തുന്നതും അതിനുവേണ്ടിത്തന്നെയാണ്‌. അവരാഗ്രഹിക്കുന്നത്‌ എന്നെപ്പോലുള്ളവര്‍ സാധിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. യാതൊരു ബാദ്ധ്യതയും ബാക്കിവെക്കാതെ ജീവിതം ആസ്വദിക്കലാണവരുടെ ലക്ഷ്യം” ഗോവയിലെ അന്‍ജുനാ ബീച്ചിലെ ഒരു കണക്കപ്പിള്ള പയ്യന്റെ
വാക്കുകളാണിത്‌. പ്രസിദ്ധീകരിച്ചത്‌ ടെഹല്‍ക്കയും (മാര്‍ച്ച്‌ 29, 2008). നിത്യനും കണ്ടിട്ടുണ്ട്‌ ഗോവയിലെ ഇത്തരം മഹാന്‍മാരെ. കടപ്പുറത്തെ ഉണക്കയിലയില്‍ നിന്നും വല്യ വ്യത്യാസമൊന്നുമില്ലാത്ത ഈ ശ്രീകൃഷ്‌ണന്‍മാര്‍ പകരുന്ന ശയനസുഖം കൊണ്ടുമാത്രമാണ്‌ മദാമ്മമാര്‍ ഗോവ വിടാത്തത്‌. ആഹഹ.

സായിപ്പിന്റെ നാട്ടിലിപ്പോള്‍ മനുസ്‌മൃതി തുറന്നുവച്ചിട്ടാണ്‌ ഭരണമെന്നാണ്‌ കേട്ടാല്‍ തോന്നുക. ഇനി അതല്ലെങ്കില്‍ നല്ല ഒന്നാംതരം ഏദന്‍തോട്ടം പുന:സൃഷ്ടിക്കപ്പെട്ടതായിരിക്കണം. വിലക്കപ്പെട്ട കനി കാണുമ്പോള്‍ വിലക്കുമറക്കുന്ന ഔവ്വയും ഔവ്വയെക്കണ്ടാല്‍ സര്‍വ്വം മറക്കുന്ന ആദാമും ഔവ്വയുടെ ദൗര്‍ബല്യങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലുന്ന സാത്താനായി സര്‍പ്പവും ഒന്നുമില്ലാത്ത സുന്ദരലോകം. പിന്നെയും എന്തിനാ കര്‍ത്താവ്‌ വിലക്കപ്പെട്ട കനി വീണ്ടും നട്ടുപിടിപ്പിച്ചതെന്നുമാത്രം ആരും ചോദിക്കരുത്‌.

പ്യൂററ്റോ പ്രിന്‍സിപ്പിള്‍ എന്നൊരു സംഗതിയുണ്ട്‌. വില്‍ഫ്രഡോ പാരറ്റോ എന്ന ഇറ്റാലിയന്‍ ഇക്കണോമിസ്‌റ്റിന്റെ തീയ്യറി. എന്തു സംഗതിയെടുത്താലും അതിന്റെ 80 ശതമാനം ഫലത്തിനും പിന്നില്‍ മൊത്തം അദ്ധ്വാനത്തിന്റെ 20 ശതമാനംമാത്രമായിരിക്കും. ഉദാഹരണമായി ഒരു ഫാക്ടറിയിലെ 80ശതമാനം ജോലിയും ചെയ്യുക അവിടുത്തെ 20 ശതമാനമായിരിക്കും. മാനേജ്‌മെന്റിലെ 20 ശതമാനം ബുദ്ധിയുള്ളവരായിരിക്കും അവിടുത്തെ 80 ശതമാനം നിര്‍ണായക തീരുമാനങ്ങളുമെടുക്കുക. ഈ തീയ്യറി വച്ച്‌ ഗോവയിലെ 80 ശതമാനം ബലാല്‍സംഗം, മയക്കുമരുന്ന്‌, കൊലപാതകകേസുകള്‍ക്കും ഉത്തരവാദികള്‍ മൊത്തം ക്രിമിനലുകളുടെ 20 ശതമാനമായിരിക്കും.

അവിടുത്തെ ശരിയായ ക്രിമിനല്‍ കടപ്പുറത്തെ നേരത്തെപ്പറഞ്ഞ ഉണക്കയല പോലത്തെ ചരക്കുകളല്ല. പോലീസുകാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരുമാണ്‌. ബ്രിട്ടനിലെ പോലീസുകാരുടെ അതേ തങ്കപ്പെട്ട
സ്വഭാവമായിരിക്കും ഗോവയിലെ പോലീസിനും എന്നുകരുതിയാണ്‌ ബലാല്‌സംഗം ചെയ്‌തശേഷം കൊന്നു വലിച്ചെറിയപ്പെട്ട സ്‌കാര്‍ലറ്റ്‌ കീലിങ്ങ്‌ എന്ന പതിനാറുകാരി പെണ്‍കുട്ടിയുടെ അമ്മ ഫിയോണ അവളുടെ ഡയറി പോലീസുകാര്‍ ചോദിച്ചപ്പോള്‍ കൊടുത്തത്‌. മകളുടെ കൊലപാതകത്തിന്‌ എന്തെങ്കിലും ഒരു തെളിവ്‌ കിട്ടിയാലോ എന്നു കരുതി ആ പാവം. നമ്മുടെ പോലീസുകാര്‍ ചെയ്യാവുന്നതിന്റെ മാക്‌സിമം സഹായം ചെയ്‌തു. ബിലാത്തിയിലെ മഞ്ഞപ്പത്രങ്ങള്‍ക്ക്‌ ആ കുട്ടിയുടെ ഡയറിക്കുറിപ്പുകള്‍ വിറ്റുകാശാക്കി.

ആദ്യം അമ്മയോടു പറഞ്ഞു. മകള്‍ മുങ്ങിമരിച്ചു. അമിതമായി മയക്കുമരുന്നടിച്ചതുകാരണം. ആ അമ്മ കേരളത്തില്‍ നിന്നും മറ്റു പിഞ്ചുകുട്ടികളോടൊപ്പം ഗോവയിലെത്തി മകളുടെ ശരീരം തിരിച്ചും മറിച്ചുമിട്ട്‌ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയ മുറിവുകളൊന്നും ഗോവയിലെ പോലീസുകാരുടെയും കുട്ടിയെ പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത ഡോക്ടറുടെയും ശ്രദ്ധയിലേ പെട്ടില്ല. സ്‌്‌കാര്‍ലറ്റ്‌ ധരിച്ചിരുന്ന ബിക്ക്‌നിയുടെ അടിഭാഗം മൃതദേഹത്തില്‍ കാണാനില്ല. അവളുടെ ടോപ്പ്‌ മുലയ്‌ക്കു മുകളിലായി വലിച്ചു കയറ്റി വച്ചിരിക്കുന്നു. ഒടുവില്‍ അവളുടെ അടിവസ്‌ത്രം അമ്മ തേടിപ്പിടിച്ചത്‌ മകള്‍ ബലാല്‌സംഗം ചെയ്യപ്പെട്ട ഷാക്കിന്റെ പിന്‍വശത്തുനിന്നുമാണ്‌. അവളുടെ കാലിലെ മോതിരവും മോഷണംപോയിരിക്കുന്നു. ഇതൊന്നും ഉദ്യോഗസ്ഥരുടെ കണ്ണില്‍ പെട്ടില്ല. കാതിലും. ആ അമ്മ ഇതെല്ലാംഅവറ്റകളുടെ ശ്രദ്ധയില്‍പെടുത്താന്‍ ശ്രമിച്ചപ്പോള്‍ സംഗതി മാറി. പിന്നെ ഭീഷണി. കേന്ദ്രത്തോടാവശ്യപ്പെട്ട്‌ വിസാ കാലാവധി നീട്ടിത്തരാതെ തിരിച്ചയക്കും എന്നു ഭീഷണിപ്പെടുത്തിയത്‌ ഗോവന്‍ അഭ്യന്തരമന്ത്രി തന്നെയാണെന്നും ഫിയോണ നിലവിളിക്കുന്നു.

കുട്ടിയുടെ ഡയറി മഞ്ഞപ്പത്രത്തിനുവിറ്റവര്‍ അവളുടെ അമ്മ ഉറങ്ങിയ പായകളുടെ എണ്ണമെടുക്കാന്‍ പോയി. തികച്ചും സ്വാഭാവികം. ഒരു വിവാഹം പോലും കഴിക്കാതെ നാലാളുകളിലായി 9 മക്കളെ പ്രസവിച്ചവളാണ്‌ ഫിയോണ എന്ന്‌ പോലീസുകാര്‍ കുരവയിട്ടു. മാധ്യമങ്ങള്‍ ഏറ്റുപാടി. വിവാഹമെന്ന സ്ഥാപനത്തിന്‌ എതിരാണ്‌ താന്‍ എന്ന്‌ ഫിയോണ ചങ്കൂറ്റത്തോടെ പറഞ്ഞത്‌ മാത്രം വിലപ്പോയില്ല. ഫിയോണയെയും മകള്‍
സ്‌കാര്‍ലറ്റിനെയും കല്ലെറിഞ്ഞവരൊന്നും തന്റെ തന്ത ഇന്ന എരപ്പാളിയാണെന്ന ഡി.എന്‍.എ
സര്‍ട്ടിഫിക്കറ്റും വച്ചല്ല നടക്കുന്നത്‌.

ഇനി ഒരു അവിവാഹിതക്ക്‌ നാലുപേരിലായി ഒമ്പതുപിള്ളാരുണ്ടായാല്‍ അതിലൊന്നിനെ ഗോവന്‍ കടപ്പുറത്തുവച്ച്‌ വച്ച്‌ കൂട്ടബലാല്‍സംഗം ചെയ്‌ത്‌ കൊന്ന്‌ കടലില്‍ തള്ളണം എന്നെവിടെയെങ്കിലും
എഴുതിവച്ചിട്ടുണ്ടോ? ഫിയോണയുടെ പേരിലുള്ള മറ്റൊരാരോപണം 15 വയതിനുള്ള ഒരു പെണ്ണിനെ
ഒറ്റക്ക്‌ ഒരു ഗൈഡിന്റെ കൂടെ വിട്ടിട്ട്‌ അവള്‍ ലോകംചുറ്റാന്‍ പോയി എന്നാണ്‌. പറയുന്ന പരിഷകള്‍ ഒന്നുകൂടിയറിയണം. ബ്രിട്ടനില്‍ വിവാഹപ്രായം 16ാണെന്ന വസ്‌തുത. വരുന്ന ജൂണ്‍ 16ന്‌ സ്‌കാര്‍ലറ്റിന്‌ 16 വയസ്സാകും എന്നും ഫിയോണ. ഏതായാലും മൂത്രത്തില്‍ പിടിച്ചു കയറാനുള്ള ശ്രമമാണ്‌ ഗോവന്‍ അധികൃതര്‍ സ്‌കാര്‍ലറ്റിന്റെ കാര്യത്തില്‍ നടത്തിയത്‌.

ജനുവരി മുതല്‍ മൊത്തം 22 വിദേശികള്‍ ഗോവന്‍ തീരത്തു മരിച്ചിട്ടുണ്ട്‌. മരിച്ച 11 ബ്രിട്ടീഷുകാരില്‍ അവസാനത്തേതാണ്‌ സ്‌കാര്‍ലറ്റ്‌. കാര്യമായൊരന്വേഷണവും ഇക്കാര്യത്തില്‍ ആവശ്യവുമില്ല. എല്ലാം
മയക്കുമരുന്നുവിഭാഗത്തില്‍ വരവുവെയ്‌ക്കുകയാണ്‌ പതിവ്‌.

നടക്കുന്ന ബലാല്‍സംഗത്തിന്റെ കണക്കുകള്‍ ഒരു ശതമാനം പോലും മിക്കവാറും കണക്കു പുസ്‌തകത്തിലെത്താറില്ല. തല്‌ക്കാലം സിംഗിളല്ലേ നടന്നുള്ളൂ. കൂട്ടം തടയാത്തതുകൊണ്ട്‌ തടികിട്ടി. ഇനി പരാതിപറയാന്‍ പോയാല്‍ അടുത്തതും നടക്കും തനിക്കുമുമ്പേ മാനം കപ്പലുകയറും എന്ന സ്ഥിതിയായാല്‍ പിന്നെന്തു പരാതി. കിട്ടിയ ഫ്‌ളൈറ്റിന്‌ സ്ഥലം കാലിയാക്കലാണ്‌ നല്ലതെന്ന ഉത്തമവിശ്വാസത്തിലാണ്‌
സഞ്ചാരികള്‍.

എന്തുകൊണ്ട്‌ ഗോവന്‍തീരം മയക്കുമരുന്നിന്റെ പിടിയിലമരുന്നു? ആരാണ്‌ ഗോവയിലെ കടല്‍തീരങ്ങള്‍ കൈയ്യടക്കിവച്ചിരിക്കുന്നത്‌? ഗോവയിലെ മാവിന്‍തോട്ടങ്ങള്‍ റിസോര്‍ട്ടുകളായി മാറിയതെങ്ങിനെയാണ്‌? അവിടുത്തെ കര്‍ഷകര്‍ എങ്ങോട്ടുപോയി? ഇത്രയും മനോഹരമായ ഒരു പ്രദേശം എങ്ങിനെ വെറുമൊരു
കോണ്‍ക്രീറ്റുകാടായി? കേരളക്കരയില്‍ ഭൂമിമാഫിയ ആണെങ്കില്‍ ഗോവക്കാര്‍ക്ക്‌ അത്‌ ലാന്റ്‌ ഷാര്‍ക്ക്‌ (ഭൂസ്രാവുകള്‍) ആണ്‌. സര്‍ക്കാര്‍ ഭൂമിയെല്ലാം ചില്ലാക്കാശിന്‌ കൈക്കലാക്കി കൊടികുത്തിവാഴുന്നവര്‍. ഒരോ സ്‌ക്വയര്‍ഫീറ്റ്‌ മണ്ണില്‍ നിന്നും ടൂറിസം വകയില്‍ ആദായമുണ്ടാക്കാന്‍ പറ്റുമ്പോള്‍ അഴിമതി അതിന്റെ
മൂര്‍ദ്ധന്യാവസ്ഥയിലെത്തുന്നു. ലാഭം കൊയ്യാന്‍ മയക്കുമരുന്നുകള്‍ തലങ്ങും വിലങ്ങും ഒഴുകുന്നു.

വിദേശികള്‍ക്ക്‌ യഥേഷ്ടം ഭുമി വാങ്ങിക്കൂട്ടുന്നതിന്‌ ഗോവയില്‍ തടസ്സമില്ല. റഷ്യക്കാര്‍ക്കും ഇസ്രയേലികള്‍ക്കും അവിടെ മയക്കുമരുന്നുവ്യാപാര സൃംഖലകളുണ്ടെന്നാണ്‌ വെളിപ്പെടുന്നത്‌. എല്ലാ വെളിപ്പെടലുകള്‍ക്കുമായി ഒരു നരബലി നടത്തേണ്ടിവന്നു. സ്‌കാര്‍ലറ്റ്‌. അവിടെയാണ്‌ മാധ്യമങ്ങളുടെ പിഴ. വലിയ പിഴ.
സംഭവിക്കേണ്ടുന്നത്‌ സംഭവിക്കുന്നതിനുമുന്‍പേ പ്രവചിക്കലുതന്നെയാണ്‌ മാധ്യമങ്ങളുടെ കടമ. അല്ലെങ്കില്‍ പിന്നെ ഇതിനെക്കൊണ്ടെന്തുകാര്യം? കുട്ടനാട്ടില്‍ യന്ത്രമിറക്കാന്‍ പറ്റാത്ത സ്ഥിതി പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും ഇന്നലെയാണോ കിട്ടിയത്‌ ഇത്രയും ചാനലുകളും തേരാപ്പാര നടക്കുന്ന പത്രക്കാരും ഉണ്ടായിട്ടും സംഭവിക്കാതിരിക്കേണ്ടതെല്ലാം സംഭവിച്ചപ്പോള്‍ മാത്രമാണ്‌ ജനമറിഞ്ഞത്‌.

അബന്ധത്തില്‍ വന്നുപെടുന്ന സ്‌കാര്‍ലറ്റുമാര്‍ സുഹൃത്തുക്കളെ വിശ്വസിക്കുന്നു. പിന്നെ പ്രശസ്‌ത കവയിത്രി ദൊരോത്തി പാര്‍ക്കര്‍ എഴുതിയപോലെ.

ഐ ലൈക്‌ റ്റു ഹാവ്‌ എ മാര്‍്‌ട്ടിനി
ടൂ അറ്റ്‌ ദ വെരി മോസ്‌റ്റ്‌
ത്രീ അയാം അണ്ടര്‍ ദ ടേബ്‌ള്‍
ഫോര്‍ അയാം അണ്ടര്‍ ദ ഹോസ്‌റ്റ്‌

ഭാഗ്യം ദൊരോത്തി ഫിഫ്‌ത്ത്‌ ഐ വില്‍ ബി അണ്ടര്‍ ദ വേവ്‌സ്‌ എന്നെഴുതിയില്ല. ആ വരികള്‍ സ്‌കാര്‍ലറ്റ്‌ കൂട്ടിച്ചേര്‍ക്കട്ടെ.

സ്‌കാര്‍ലറ്റിന്‌ ഈ ലോകത്തെ മുഴുവന്‍ ആണുങ്ങള്‍ക്കും വേണമെങ്കില്‍ ഭോഗിക്കാം. ആരുമെതിരല്ല അവളുടെ സമ്മതമുണ്ടെങ്കില്‍. മദ്യപിച്ച വേളയില്‍ അബോധാവസ്ഥയില്‍ മൂളിയ സമ്മതത്തോടെയുള്ള ശാരീരികബന്ധം പോലും ബലാല്‍സംഗമാണെന്ന്‌ നിയമവിദഗ്‌ധര്‍.

എന്തുകൊണ്ട്‌ ജനുവരിതൊട്ട്‌ മൂന്നുമാസത്തിനുള്ളില്‍ 11 ബ്രിട്ടീഷുകാര്‍ തന്നെ കൊല്ലപ്പെട്ടിട്ടും ഇവിടെയൊരന്വേഷണം നടന്നില്ല, സായിപ്പിന്റെ നായ ഇന്ത്യയില്‍ ചത്താല്‍ സമാധാനം പ്രധാനമന്ത്രി പറയണമെന്നു പറയുന്നവര്‍ക്ക്‌ എന്തേ ഈ ജീവനുകള്‍ക്കൊന്നും വിലയില്ലേ? അതായത്‌ ലേഖനത്തിന്റെ ആദ്യം വരുന്ന പയ്യന്റെ വാക്കുകളിലേക്കുതന്നെ മടങ്ങാം. ബ്രിട്ടനിലെയും മറ്റ്‌ സമ്പന്ന രാഷ്ട്രങ്ങളിലെ പരമദരിദ്രനാരായാണന്‍മാരെയാണ്‌ ടൂറിസ്റ്റുകളായി ഇങ്ങോട്ടുകെട്ടിയെടുക്കുന്നത്‌. യൂറോപ്യന്‍ സംസ്‌കാരത്തിന്റെ പുറമ്പോക്കിലാണവരുടെ സ്ഥാനം. പട്ടിയുടെ വിലപോലുമില്ലാത്തവര്‍. ആദായത്തില്‍
ഒരുനേരത്തേക്കുള്ള മയക്കുവെടി തരപ്പെടുത്താന്‍ വേണ്ടിമാത്രം ഗോവയിലെ ഏത്‌ ഉണക്കയലകള്‍ക്കും ഭോഗിക്കാനായി കിടന്നുകൊടുക്കുന്നവര്‍. നാലുമുക്കാലിനു ഗതിയുള്ള സായിപ്പിന്‌ പോകാനും ഉടുതുണിയഴിക്കാനും നല്ല ന്യൂഡ്‌ ബീച്ചുകള്‍ ഇഷ്ടം പോലെ ലോകത്തുണ്ട്‌. അവരങ്ങോട്ടാണ്‌ പോവുക. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി മാത്രം ടൂറിസ്‌റ്റുകളായവര്‍ ഇങ്ങോട്ടും.

ഫിയോണ പറഞ്ഞ വസ്‌തുതയോര്‍ക്കുക. മൂപ്പര്‍ അവിടെ കുതിരഫാം നടത്തിക്കൊണ്ടിരിക്കുന്നു. ഇത്തവണത്തെ വെക്കേഷന്‍ ഇന്ത്യയിലാക്കാന്‍ വേണ്ടി അവര്‍ ഒരു കുതിരയെ വിറ്റു. അതായത്‌ അര ഡസനിലേറെ
പിള്ളേരെയും കൂട്ടി ഇന്ത്യയില്‍ വന്ന്‌ മാസങ്ങളോളം ജോളിയടിച്ച്‌ തിരിച്ചുപോകാന്‍ ഒരു കുതിരയെ അവിടെ വിറ്റാല്‍ മതി. ഇപ്പോ അക്കൂട്ടര്‍ ഗോവാ കടപ്പുറത്തേക്ക്‌ വരുന്നതിന്റെ ഗുട്ടന്‍സ്‌ പിടികിട്ടിക്കാണും. ചത്താലും കൊന്നാലും ഒരമ്പാസിഡറും ഒരുചുക്കും ചോദിക്കാന്‍ പോകുന്നില്ല.

ഇന്ത്യക്കാരിയെ ബലാല്‌സംഗം ചെയ്യുന്നതിലും എന്തുകൊണ്ടും സുരക്ഷിതം മദാമ്മയെ ചെയ്യുന്നതാണെന്ന ഗോവന്‍ മനശ്ശാസ്‌ത്ര രഹസ്യവും ഇതുതന്നെയാണ്‌. നോക്കണേ ഇലനക്കിയവന്റെ ചിറി നക്കി നാം
ഉണ്ടാക്കുന്ന വിദേശനാണ്യത്തിന്റെ ദുര്‍ഗന്ധം. രണ്ടെണത്തോര്‍ത്ത്‌ ഒന്നായി വാങ്ങാന്‍ ഗതിയില്ലാത്ത മദാമ്മക്ക്‌ ശയനസുഖം പകര്‍ന്നുകൊടുത്ത്‌ ജീവിതം പച്ചപിടിപ്പിക്കുന്ന ഇന്ത്യന്‍ യുവത്വത്തിന്റെ ദൈന്യത.

– നിത്യന്‍
http://www.nithyankozhikode.blogspot.com/
http://www.nithyacharitham.blogspot.com/

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മൂര്‍ഖനെ വെറും കൈയ്യോടെ പിടികൂടുന്ന ഭരതന്‍

March 20th, 2008
ഋത്വിക്ക് പ്രവീണ്‍, ഇരിങ്ങാലക്കുട ബ്ലോഗ് – http://ritwikpravin.blogspot.com/

കൊടും വിഷമുള്ള പുല്ലാനി മൂര്‍ഖനെ വെറുംകൈയ്യോടെ പിടികൂടി ശ്രദ്ധേയനാവുകയാണ് ഭരതന്‍. കൂലിപ്പണിക്കാരനായ ഭരതന്‍ ത്രിശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശിയാണ്. പത്തിവിടര്‍ത്തിയാടുന്ന വിഷപ്പാമ്പുകളെ പിടികൂടിയാല്‍, അവയെ കൊല്ലാതെ ജനവാസമില്ലാത്ത പ്രദേശങ്ങളില്‍ കൊണ്ടു വിടുകയാണ് ഈ മൃഗസ്നേഹിയുടെ പതിവ്. കുട്ടികാലത്ത് വളപ്പില്‍ നിന്ന് പിടികൂടിയ കരിമൂര്‍ഖനില്‍ തുടങ്ങി, ദൂരദേശങ്ങളില്‍ നിന്നു വരെ ഭരതന്‍ വിഷപാമ്പുകളെ പിടികൂടിയിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പോത്തന്‍കോടിലെ പരിസ്ഥിതി പ്രശ്നം

February 22nd, 2008
ശ്രീജിത്ത് വി. എസ്
തിരുവനന്തപുരം ജില്ലയില്‍, പോത്തന്‍ കോട് പഞ്ചായത്തില്‍, പോത്തന്‍ കോട് വാര്‍ഡില്‍ പ്ലാമൂട് – ചിറ്റിക്കര പ്രദേശത്തെ പ്രവര്‍ത്തനം നിലച്ച പാറമടയുടെ ഇപ്പോഴത്തെ ഭീകരാവസ്ഥയെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട്.വളരെ ഏറെക്കാലം നടത്തിയ അനധികൃത പാറ ഖനനം മൂലം ചിറ്റിക്കര പാറമട ഇന്നൊരു അഗാധ ഗര്‍ത്തമായി മാറിയിരിക്കുന്നു.2002 ജൂണ്‍ മാസത്തില്‍ ഈ പാറമടയുടെ പ്രവര്‍ത്തനം ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ നിര്‍ത്തലാക്കി. അതിനുശേഷം പാറമടയില്‍ മഴ വെള്ളവും പാറയിടുക്കില്‍ കൂടി വരുന്ന ഭൂഗര്‍ഭ ജലവും സംഭരിക്കപ്പെട്ട് വളരെ വലിയൊരു ജലാശയമായി മാറിയിരിക്കുന്നു.റോഡരുകില്‍ നിന്നും ഏകദേശം 150 മുതല്‍ 250 അടി വരെ ആഴത്തിലാണ് പാറമടയുടെയും ജലാശയത്തിന്റെയും നില്‍പ്പ്.ഏതൊരുവിധ സുരക്ഷാവലയങ്ങളോ, ചുറ്റുമതിലുകളോ ഈ പാറയ്ക്ക് ഇപ്പോള്‍ നിലവിലില്ല. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും പാറമട ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുകയാണ്. കൂടാതെ പുറമെ നിന്നുള്ള ചില സാമൂഹ്യവിരുദ്ധര്‍ പ്ലാസ്റ്റിക്, കോഴിമാലിന്യങ്ങള്‍ മുതലായവ നിക്ഷേപിച്ചും തുടങ്ങി.

വേനല്‍ക്കാലാരംഭത്തില്‍ തന്നെ കുടിവെള്ളത്തിനു ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത്, പാറമടയിലെ ജലസംഭരണിയെ വേണ്ട വിധം സംരക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. ഈ കാ‍ര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുമെന്നും എത്രയും പെട്ടെന്നു വേണ്ട നടപടികള്‍ സ്വീകരിക്കപ്പെടും എന്നും ഗ്രാമവാസികള്‍ പ്രതീക്ഷിക്കുന്നു.
ഇ മയില്‍ ആയി ഈ റിപ്പോര്‍ട്ട് അയച്ച് തന്നത് ശ്രീജിത്ത് വി. എസ്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

17 of 1710151617

« Previous Page
Next » മൂര്‍ഖനെ വെറും കൈയ്യോടെ പിടികൂടുന്ന ഭരതന്‍ »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine