ആസിയാന്‍ കരാര്‍ : കേരളത്തിന് മഹാബലിയുടെ ഗതികേട്

September 4th, 2009

kerala-farmerആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ മൂലം വാമനന് മൂന്നടി മണ്ണ് ദാനം കൊടുത്ത മഹാബലിയുടെ ഗതിയായിരിക്കും കേരളത്തിന് ഉണ്ടാകുക. കേരളത്തിലെ നാണ്യ വിളകളും സുഗന്ധ വ്യഞ്ജനങ്ങളും ഉല്പാദിപ്പിച്ച് കയറ്റി അയച്ച് അല്ലലില്ലാതെ ജിവിതം നയിക്കുന്ന കര്‍ഷകരെയാണ് അഭിനവ വാമനന്‍ മന്‍‌മോഹന്‍ സിംഗ് ചതിച്ചിരിക്കുന്നത്. മഹാബലി വാമനന് ദാനം ചോദിച്ച മൂന്നടി മണ്ണ് കൊടുത്തതാണ് ഗതികേടാ യതെങ്കില്‍ തേനും പാലും ഒഴുക്കാമെന്ന് പറഞ്ഞ് വന്നവര്‍ക്ക് കൈപ്പത്തി അടയാളത്തില്‍ വോട്ട് നല്‍കിയതാണ് കേരളത്തിന്നും ഇന്ത്യക്കും വിനയാ യിരിക്കുന്നത്. രാജ്യത്തെ മുച്ചൂടും മുടിച്ചേ ഇവര്‍ അടങ്ങുകയുള്ളു.
 
ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പിട്ടിരിക്കുന്നത് ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ആണ്. സ്വതന്ത്രം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആദ്യം തോന്നുക അതില്‍ സാധാരണ ജനങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനു പ്രഥമ സ്ഥാനം ഉണ്ടാകും എന്നാണ്. എന്നാല്‍ ആ വാക്കിന്റെ മറ പറ്റി സമ്പന്നരായ ഒരു ചെറു സംഘത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് നീക്കം. ജനാധിപത്യം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തോന്നുക ജനങ്ങളുടെ, ജന സാമാന്യത്തിന്റെ ആധിപത്യം എന്നാണ്. പക്ഷേ പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കുന്നത് മുഖ്യമായി മുതലാളിത്ത താല്‍പര്യങ്ങളാണ് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.
 
സ്വതന്ത്ര വ്യാപാര മേഖലയും ചെയ്യുന്നത് അതു തന്നെ. മുതലാളി ത്തത്തിന്റെ നിരന്തരമായ വളര്‍ച്ചക്ക് കമ്പോളം തുടര്‍ച്ചയായി വികസിച്ചു കൊണ്ടിരിക്കണം. ഓരോ രാജ്യത്തെയും മുതലാളിത്ത ത്തിന്റെയും മുതലാളിത്ത ഉല്‍പാദകരുടെയും ആവശ്യമാണത്. അതിനു തടസ്സമാണ് കഴിഞ്ഞ കാലത്ത് അതത് രാജ്യത്തെ കമ്പോളം അവിടത്തെ ഉല്‍പ്പാദകരെ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ ഇറക്കുമതി ചുങ്കങ്ങളും മറ്റും. ചെറുകിട ഉല്‍പാദകര്‍ക്ക് ഇതാണ് ആവശ്യം. എന്നാല്‍ നിരന്തരം വലുതാകാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക്, പ്രത്യേകിച്ച് കുത്തകയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഒരു രാജ്യത്തെ കമ്പോളത്തിനകത്ത് ഒതുങ്ങി നില്‍ക്കാനാവില്ല. വികസിതവും കാര്യമായി വികസിച്ചു കൊണ്ടിരി ക്കുന്നതുമായ രാജ്യങ്ങളിലെ മുതലാളിമാര്‍ക്കാണ് ഈ താല്‍പര്യം ശക്തമായിട്ടുള്ളത്. അവര്‍ക്കു വേണ്ടി അമേരിക്കന്‍ സാമ്രാജ്യ ത്വത്തിന്റെ മുന്‍കയ്യോടെ നടപ്പാക്ക പ്പെടുന്നതാണ് സ്വതന്ത്ര വ്യാപാര കരാറുകള്‍. അക്കൂട്ടത്തില്‍ പെടുന്നതാണ് ആസിയാന്‍ കരാറും.
 
ബ്രൂണെ, മലേഷ്യ, ഇന്തോനേഷ്യ, കമ്പോഡിയ, ലാവോസ്, സിംഗപ്പൂര്‍, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, തായ്ലന്റ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് ഈ കരാറിനകത്ത് ഉള്‍പ്പെടുന്നത്. ഈ രാജ്യങ്ങള്‍ക്കുള്ള പ്രധാന പ്രത്യേകത, ഭൂമദ്ധ്യ രേഖയ്ക്ക് സമീപം കിടക്കുന്നു എന്നതാണ്. ഈ രാജ്യങ്ങളിലെ കാലാവസ്ഥയും കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും തമ്മില്‍ പലതു കൊണ്ടും ബന്ധമുണ്ട്. അതു കൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍ ഉല്‍പ്പാദി പ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളും സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിളകളുമെല്ലാം സമാനമാണ്. മാത്രമല്ല, അതില്‍ പലതിലും നമ്മുടെ നാടിനേക്കാള്‍ ഉല്‍പ്പാദനക്ഷമത ഇവര്‍ക്കുണ്ട് എന്നതുമാണ് വസ്തുത. അതു കൊണ്ട് ഈ രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ സ്വതന്ത്രമായി കടന്നു വരാന്‍ ഇടയായാല്‍ സംഭവിക്കാന്‍ പോകുന്നത് കേരളത്തിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിയും എന്നതാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളെയെല്ലാം ഇത് ബാധിക്കും. കേരളത്തിന്റെ കാര്‍ഷിക മേഖല തകര്‍ന്ന് തരിപ്പണമാവുകയും ചെയ്യും.
 
ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ കാഴ്ചപ്പാടുകളെ പിന്‍പറ്റി കൊണ്ടു തന്നെയാണ് ആസിയാന്‍ കരാറും നിലവില്‍ വരുന്നത്. ഓരോ രാജ്യവും അതാത് രാജ്യത്തിന്റെ സമ്പദ് ഘടനയെ നില നിര്‍ത്താനും ശക്തിപ്പെടുത്താനും താരീഫ് ചുങ്ക വ്യവസ്ഥകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സ്വാതന്ത്ര്യ ത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ പ്രധാനമായതാണ് ഇത്. അതു പോലെ തന്നെ ഇറക്കുമതി നിയന്ത്രണവും ഇതിന്റെ ഭാഗം തന്നെയാണ്. ആഗോള വല്‍ക്കരണം ചെയ്യുന്ന പ്രധാനപ്പെട്ട കാര്യം ഇത്തരത്തില്‍ രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക അതിര്‍ത്തികളെ ഇല്ലാതാക്കുക എന്നതാണ്. 1991ല്‍ ആരംഭിച്ച ആഗോള വല്‍ക്കരണ പ്രക്രിയയും ഡബ്ല്യൂ. ടി. ഓ. കരാറും ഇറക്കുമതി ഉദാരവ ല്‍ക്കരണത്തിന്റെ നയങ്ങള്‍ ലോകത്താകമാനം നടപ്പിലാക്കാന്‍ തുടങ്ങി. വികസിത മുതലാളിത്ത രാഷ്ട്രങ്ങളുടെ കയ്യില്‍ ഉല്‍പന്നങ്ങളും ധാരാളം മൂലധനവും ഉണ്ട്. ഇന്ത്യ പോലുള്ള വമ്പിച്ച കമ്പോളം പ്രദാനം ചെയ്യുന്ന രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നില നിര്‍ത്തിയാല്‍ വികസിത രാഷ്ട്രങ്ങളുടെ ചരക്ക് വില്‍പനയും കൂടുതല്‍ ലാഭം തേടിയുള്ള മൂലധന നിക്ഷേപവും നടക്കില്ല. ഇത് നടന്നില്ലെങ്കില്‍ അവരുടെ സമ്പദ്ഘടന തന്നെ വലിയ പ്രതിസന്ധി യിലേക്ക് മുതലകൂപ്പ് നടത്തും. ഇത് പരിഹരിക്കാനാണ് ചരക്കുകളുടെയും മൂലധനത്തിന്റെയും സ്വതന്ത്രമായ വിനിമയം എന്ന ആശയം ഇവര്‍ മുന്നോട്ടു വെക്കുന്നത്.
 
എന്‍. ഡി. എ. സര്‍ക്കാരിന്റെ കാലത്താണ് ഇതിന്റെ കരട് രൂപം തയ്യാറാക്കപ്പെടുന്നത്. 2003 ഒക്ടോബറില്‍ പ്രധാനമന്ത്രി വാജ്പേയ് കരാറില്‍ ഒപ്പിട്ടു. 2005ല്‍ അന്തിമ കരാര്‍ ഒപ്പിടണ മെന്നായിരുന്നു ധാരണ. അതാണ് ഇപ്പോള്‍ 2009 ഒക്ടോബറില്‍ ഒപ്പിടുന്ന നിലയില്‍ എത്തിയതും. 2010 ജനുവരിയോടെ കരാര്‍ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. ചര്‍ച്ചകളും കൂടിയാലോ ചനകളും മറ്റുമായി ഒപ്പിടല്‍ നീണ്ടു പോവുകയായിരുന്നു. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര മേഖല എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇറക്കുമതി ചുങ്കമേ ഇല്ലാതാക്കി സാധനങ്ങളും സേവനങ്ങളും നിക്ഷേപങ്ങളും സ്വതന്ത്രമായി പ്രവഹിക്കുന്ന നില ഉണ്ടാകും. ഇത് ഏറ്റവും ഗുരുതരമായി ബാധിക്കാന്‍ പോകുന്നത് കേരളത്തെയാണ്.
 
കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ പ്രധാനപ്പെട്ട സവിശേഷത കൃഷി ഭൂമിയുടെ ഏകദേശം 16 ശതമാനം മാത്രമാണ് ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യുന്നത് എന്നതാണ്. നാണ്യ വിളകളില്‍ ഊന്നി നില്‍ക്കുന്ന ഇത്തരം ഒരു അവസ്ഥ കേരളത്തില്‍ രൂപീകരിക്ക പ്പെടുന്നതിന് ചരിത്ര പരമായ കാരണങ്ങള്‍ ഉണ്ട്. സുഗന്ധ വ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള മലഞ്ചരക്കുകള്‍ കേരളം നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഇവിടെ നിന്ന് കയറ്റി അയച്ചതായിരുന്നു. വിദേശ മാര്‍ക്കറ്റില്‍ പ്രിയമുള്ള വസ്തുക്കളായിരുന്നു ഇവ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി തോട്ടങ്ങള്‍ ആരംഭിച്ചു. അതിന്റെ തുടര്‍ച്ചയായാണ് നാണ്യ വിള ഉല്‍പാദനത്തിന്റെ രീതി വികസിച്ചു വന്നത്. ആഭ്യന്തരമായ മറ്റ് ചില കാരണങ്ങളും ഇത്തരം ഒരു മാറ്റത്തിന് കാരണമായി; പ്രേരകമായി.
 
സവിശേഷമായ കേരളത്തിന്റെ ഈ സമ്പദ്ഘടന മറ്റ് സംസ്ഥാന ങ്ങളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു രീതി ഇവിടെ വളര്‍ത്തിയെടുത്തു. കുരുമുളകിന്റെ രാജ്യത്തെ മൊത്തം ഉല്‍പാദനത്തിന്റെ 88 ശതമാനവും കേരളത്തില്‍ നിന്നാണ്. നാളികേരത്തിന്റെ 46 ശതമാനവും അതിന്റെ കയറ്റുമതിയുടെ 93 ശതമാനവും ഇവിടെ നിന്നാണ്. റബ്ബര്‍ ഉല്‍പാദനത്തിന്റെ 92 ശതമാനം, ഏലം ഉല്‍പാദനത്തില്‍ 72 ശതമാനം എന്നിവയും നമ്മുടെ സംസ്ഥാനത്തിന്റെ സംഭാവനയാണ്. കയറും കശുവണ്ടിയും മല്‍സ്യവും ചേരുന്നതാണ് കേരളത്തിന്റെ കാര്‍ഷിക മേഖലയും അനുബന്ധ ഉല്‍പാദന മേഖലയും. വ്യാവസായികമായി വികസിക്കാത്ത കേരളത്തില്‍ നമ്മുടെ സമ്പദ്ഘടനയുടെ സുപ്രധാന അടിത്തറയാണ് മേല്‍പ്പറഞ്ഞവ. ഗള്‍ഫ് കുടിയേറ്റവും നാണ്യ വിളകളുടെയും അനുബന്ധ മേഖലകളുടെയും കയറ്റുമതിയാണ് നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമാക്കി നിര്‍ത്തുന്നത്. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയേയും പ്രവാസി മേഖലയേയും തകര്‍ത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആസിയാന്‍ കരാറിലൂടെ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താന്‍ പോകുന്നത്.
 
കുരുമുളക്, റബ്ബര്‍, തേയില, കാപ്പി, മല്‍സ്യം, നാളികേരം തുടങ്ങിയ ഉല്‍പന്ന ങ്ങള്‍ക്കെല്ലാം ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും. പാമോയില്‍ കയറ്റുമതി ചെയ്യുന്ന രണ്ട് പ്രധാന ആസിയാന്‍ രാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയും. ഇതിന്റെ ഉല്‍പാദന ച്ചെലവ് അവിടെ കുറവാണ് എന്ന് മാത്രമല്ല, ഉല്‍പാദന ക്ഷമതയും വളരെ കൂടുതലാണ്. തായ്ലന്റ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയവ റബ്ബര്‍ ഉല്‍പാദനത്തിലും ഉല്‍പാദന ക്ഷമതയിലും വളരെ മുന്നിലാണ്. തേയില ഉല്‍പാദന ത്തിലാണെങ്കില്‍ വിയറ്റ്നാമും നമ്മളെക്കാള്‍ ബഹുദൂരം മുന്നിലാണ്. നാളികേരം ഉല്‍പാദനത്തില്‍ ഫിലിപ്പീന്‍സിന്റെ സ്ഥാനവും ഏറെ മുന്നിലാണ്. മണ്ഡരി രോഗവും മറ്റും കാരണം ഏറെ പ്രയാസപ്പെടുന്ന കേരളത്തിലെ നാളികേര കൃഷിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവും ഈ കരാര്‍.
 
മത്സ്യോല്‍പ്പാ ദനത്തില്‍ തായ്ലന്റ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വലിയ പ്രതിസന്ധി സൃഷ്ടിക്കും. കേരളത്തിലെ 70 ലക്ഷത്തോളം വരുന്ന പരമ്പരാഗത മല്‍സ്യ തൊഴിലാളികളുടെ ജീവിതം ഇതോടെ പ്രതിസന്ധിയിലാകും. കേരളത്തിലെ ആഭ്യന്തര ശരാശരി മത്സ്യോല്‍പ്പാദനം ഏകദേശം ആറര ലക്ഷം ടണ്ണാണ്. ഇതില്‍ പത്തു ശതമാനമേ കയറ്റുമതി ചെയ്യുന്നുള്ളൂ. കേരളത്തിലെ കടലിനോട് സമാനമായ കാലാവസ്ഥയാണ് ആസിയാന്‍ രാജ്യങ്ങളിലുള്ളത്. അതിനാല്‍ അവിടെ ലഭിക്കുന്ന മത്സ്യവും നമ്മുടേതിനു സമാനമാണ്. സ്വഭാവികമായും നമ്മുടെ കടലോര മേഖലയെ വറുതിയിലേക്ക് നയിക്കാനേ ആസിയാന്‍ കരാര്‍ ഇടയാക്കൂ.
 
ഇന്ത്യന്‍ ഭരണ ഘടനയില്‍ മൂന്നു തരത്തിലുള്ള പട്ടികകളാണ് ഉള്ളത്. കേന്ദ്രത്തിന് പൂര്‍ണ്ണ അധികാരം നല്‍കുന്ന കേന്ദ്ര പട്ടിക. സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന സംസ്ഥാന പട്ടിക, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാര പരിധിയില്‍ പെടുന്ന കണ്‍കറന്റ് പട്ടിക എന്നിവ. ഇതില്‍ കൃഷി സംസ്ഥാന പട്ടികയില്‍ പെടുന്നു. കേരളത്തിന്റേതു പോലുള്ള കാര്‍ഷിക മേഖലയില്‍ വന്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന ആസിയാന്‍ കരാര്‍ ഒപ്പിടുമ്പോ ഴുണ്ടാകുന്ന പ്രശ്നങ്ങള്‍ മുഖ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വ കക്ഷി സംഘം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സംസ്ഥാനവുമായി ഈ കാര്യം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് പ്രധാന മന്ത്രി നല്‍കി. കരാറിന്റെ പൂര്‍ണ രൂപം അറിയിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതെന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ധൃതി പിടിച്ച് കരാറില്‍ ഒപ്പിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ആണവ കരാറിന്റെ കാര്യത്തില്‍ ഇടതു പക്ഷത്തിനു നല്‍കിയ ഉറപ്പ് അവഗണിച്ചു കൊണ്ട് കരാറില്‍ ഒപ്പിടാന്‍ കാണിച്ച വ്യഗ്രത പോലെ തന്നെയുള്ള ഒന്നായിരുന്നു അത്. പാര്‍ലമെന്റ് പിരിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞാണ് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ജന ജീവിതത്തെ ഏറെ ബാധിക്കുന്ന ഈ കരാറിന്റെ വിശദാംശങ്ങള്‍ ഇന്ത്യയിലെ പരമോന്നത സഭയായ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയില്‍ കേരള ജനതയുടെ മേല്‍ ദുരിതം അടിച്ചേല്‍പി ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
 
ആസിയാന്‍ കരാര്‍ പ്രതിസന്ധി ഉണ്ടാക്കും എന്ന കാര്യം യു. ഡി. എഫും. അംഗീകരിക്കുന്നുണ്ട്. അതു കൊണ്ടാണല്ലോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും പ്രധാന മന്ത്രിയെ കണ്ടത്. എന്നാല്‍ തങ്ങളുടെ ആശങ്ക തീര്‍ന്നു എന്നതിനു അടിസ്ഥാനമായി അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. വിശദാംശങ്ങള്‍ പരിശോധി ക്കുമ്പോഴാണ് ഉള്ളു കള്ളികള്‍ വ്യക്തമാവുക. നെഗറ്റീവ് ലിസ്റ്റില്‍ 1460 ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടു ത്തണമെ ന്നായിരുന്നു ഇന്ത്യയുടെ ആദ്യത്തെ വാദം. ഇപ്പോള്‍ അത് 489 ആയി കുറച്ചിരി ക്കുകയാണ്. ഇതിനു പോലും സാധ്യത ഇല്ല എന്നതാണ് കരാര്‍ പരിശോധി ക്കുമ്പോള്‍ വ്യക്തമാകുന്നത്. 1994ല്‍ ചേര്‍ന്ന ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനം, മുഴുവന്‍ ഉല്‍പന്നങ്ങളുടെയും തീരുവ 10 വര്‍ഷം കൊണ്ട് 5 ശതമാനമായി കുറയ്ക്കണമെന്ന് തീരുമാനിച്ചതാണ്. 2004 മുതല്‍ ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുമായി നടന്ന ചര്‍ച്ചയിലൂടെ ഇന്ത്യയ്ക്കു വേണ്ടി മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റ് നെഗറ്റീവ് ലിസ്റ്റ്, തീവ്ര സംരക്ഷിത ലിസ്റ്റ് എന്നിവയി ലുള്ളവയെ സാധാരണ ലിസ്റ്റിലേക്ക് മാറ്റാന്‍ അനുവദിച്ചിട്ടുണ്ട്. അടുത്ത 10 വര്‍ഷം കൊണ്ട് തീരുവ 5 ശതമാനമായി കുറയ്ക്കേണ്ട ഉല്‍പന്നങ്ങള്‍ മാത്രമുള്ള സാധാരണ ലിസ്റ്റിലായി കേരളത്തിലെ മിക്കവാറും എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളും. ആ കരാറില്‍ ഇന്ത്യ 2009 ഒക്ടോബറില്‍ ഒപ്പിടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ധൃതി പിടിച്ച് കേരളത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെ ആഗസ്ത് മധ്യത്തില്‍ തന്നെ ഒപ്പിടുകയാണ് ഉണ്ടായത്. 2010 ജനുവരി ഒന്നോടെ കരാര്‍ നിലവില്‍ വരും. അതോടെ 2017 ആകുമ്പോഴേക്കും ചുങ്കം ഒഴിവാക്കണമെന്ന മുന്‍ധാരണ നേരത്തെയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏഴു കൊല്ലം കഴിഞ്ഞേ അതു കൊണ്ട് പ്രശ്നം ഉണ്ടാകൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മൂന്നു വര്‍ഷങ്ങ ള്‍ക്കുള്ളില്‍ തന്നെ ആ സ്ഥിതി സംജാതമാകും. ഈ വിളകളെല്ലാം ദീര്‍ഘ കാല വിളകളാണ് എന്ന വസ്തുത ഓര്‍ക്കേണ്ടതുണ്ട്. നിര്‍ദ്ദിഷ്ട കാലയളവിനു ശേഷം ഉണ്ടാകുമെന്ന് ഉറപ്പായ വില ത്തകര്‍ച്ചയുടെ ആഘാതം സമീപ ഭാവിയില്‍ തന്നെ കര്‍ഷകര്‍ നേരിടേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം. കാര്‍ഷിക തകര്‍ച്ച തന്നെയാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന കാര്യം യു. ഡി.എഫു. കാരും അംഗീകരി ക്കുന്നുവെന്ന് ഇതിനര്‍ത്ഥം.
 
കേരളത്തിലെ കൃഷിക്കാര്‍ സബ്സിഡി ആഗ്രഹി ക്കുന്നവരാണ് എന്ന വിമര്‍ശനവും ഉമ്മന്‍ ചാണ്ടി നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ നമ്മുടെ കൃഷിക്കാര്‍ക്ക് ഊഹിക്കാനാവാത്ത തോതില്‍ ഉയര്‍ന്ന സബ്സിഡി ലഭിക്കുന്നുണ്ട് എന്ന കാര്യം ഉമ്മന്‍ ചാണ്ടി വിസ്മരിക്കുകയാണ്. ഇപ്പോഴുള്ള സബ്സിഡി കൂടി പിന്‍വലിച്ചാല്‍ നമ്മുടെ കാര്‍ഷിക മേഖലയുടെ നില എന്തായി ത്തീരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മൂന്നാം ലോക രാജ്യങ്ങളിലെ സബ്സിഡി പിന്‍വലിപ്പിക്കുക എന്ന ആഗോള വല്‍ക്കരണ നയത്തിന്റെ അതേ കാഴ്ചപ്പാടാണ് ഇദ്ദേഹവും മുന്നോട്ടു വയ്ക്കുന്ന തെന്നര്‍ത്ഥം. വികസിത രാജ്യങ്ങള്‍ നല്‍കുന്ന ഉയര്‍ന്ന സബ്സിഡിയുമായി ബന്ധപ്പെട്ടാണ് ദോഹാ വട്ട ചര്‍ച്ചകളില്‍ ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ രൂപപ്പെട്ടത് എന്ന കാര്യം ഇവര്‍ വിസ്മരിക്കുകയാണ്.
 
സ്വതന്ത്ര വ്യാപാര മേഖലയായി മാറ്റപ്പെടുന്നതോടെ ഈ രാജ്യങ്ങളിലേക്ക് ഈ മേഖലയില്‍ ഇല്ലാത്ത രാജ്യങ്ങളിലെ ഉല്‍പന്നങ്ങളും ചുങ്കമില്ലാതെയും നിയന്ത്രണ മില്ലാതെയും കടന്നു വരുന്ന അവസ്ഥ ഉണ്ടാകും. അത് നമ്മുടെ സമ്പദ് ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ആസിയാന്‍ കരാറില്‍ ഒപ്പു വെക്കുന്നതോടെ സമസ്ത മേഖലകളിലും തകര്‍ച്ച യുണ്ടാവാന്‍ പോവുകയാണ്. അതോടൊപ്പം ഭക്ഷ്യ സുരക്ഷയെ തകര്‍ക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യുന്ന സമീപന ത്തിനെതിരെ ജനങ്ങളെ ആകമാനം ഉണര്‍ത്താന്‍ കഴിയുന്ന തരത്തില്‍ ഇത് മാറേണ്ടതുണ്ട്.
 
വ്യാവസായിക ഉല്‍പന്നങ്ങള്‍ നമുക്കു കൂടുതല്‍ കയറ്റി അയയ്ക്കാമെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇതു വസ്തുതാ വിരുദ്ധമാണ്. ഇന്ത്യയേക്കാള്‍ വളരെ മുമ്പ് തന്നെ വ്യവസായ വല്‍ക്കരണം നടന്ന രാജ്യങ്ങളാണ് ആസിയാനില്‍ പെട്ട സിംഗപ്പൂര്‍. ലോകത്തിലെ തന്നെ പ്രമുഖ വ്യാവസായിക കേന്ദ്രമാണ് സിംഗപ്പൂര്‍. മാത്രമല്ല, ജപ്പാനും ചൈനയും പോലുള്ള രാജ്യങ്ങള്‍ ആസിയാനുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. അതിനാല്‍ അവ ഉല്‍പ്പാദിപ്പിക്കുന്ന വ്യാവസായിക ഉല്‍പന്നങ്ങള്‍ ആസിയാന്‍ രാജ്യങ്ങളിലൂടെ ഇന്ത്യന്‍ കമ്പോളത്തിലേക്ക് വരികയും അത് നമ്മുടെ വ്യാവസായിക മേഖലയെ തന്നെ തകര്‍ക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകും. 1999 – 2002 കാലഘട്ടത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറിലൂടെ കുറഞ്ഞ വിലയ്ക്ക് വിയറ്റ്നാം കുരുമുളക് ഇവിടെ എത്തിയ കാര്യം നാം ഓര്‍ക്കുന്നത് നന്ന്. ഇത്തരത്തില്‍ നമ്മുടെ കാര്‍ഷിക വ്യാവസായിക മേഖലകളെ തന്നെ അപകടപ്പെടുത്തുന്ന നിലയിലേക്കാണ് ഈ കരാര്‍ നീങ്ങുന്നത്. ഇത് കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കുള്ള മരണ മണിയാണ്. അതു കൊണ്ട് ഇതിനെ ചെറുത്തേ പറ്റൂ. അതിനുള്ള പോരാട്ടങ്ങള്‍ ഇവിടെ ഉയര്‍ന്നു വരേണ്ടതുണ്ട്.
 
നമ്മുടെ കാര്‍ഷിക മേഖലയെ തകര്‍ത്ത് വിദേശ ശക്തികളുടെ താല്‍പര്യം സംരക്ഷിക്കുന്ന നയത്തി നെതിരായി സംസ്ഥാനത്തിന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കു ന്നതിനായി വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. സാമ്രാജ്യത്വ നയങ്ങളിലൂടെ ഇന്ത്യയുടെ വിവിധ മേഖലകളെ തകര്‍ക്കുന്ന നയത്തി നെതിരായി ട്ടായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടം. രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങളെയും സമ്പ്രദായങ്ങളെയും സംരക്ഷിക്കാനുള്ള സമരം കൂടിയായിരുന്നു അത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് ഗാന്ധിജിയുടേത്. രാജ്യത്തിന്റെ പുരോഗതിക്ക് സാമ്രാജ്യത്വത്തെ തകര്‍ത്താല്‍ മാത്രം പോര, ജന്മിത്വം കൂടി തകരണം എന്ന കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നതില്‍ ഗാന്ധിജിക്ക് വന്ന പോരായ്മകളെ ക്കുറിച്ച് നമുക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍ ഗാന്ധിജിയുടെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ സമീപനത്തെ നാം എക്കാലവും സ്വാഗതം ചെയ്തിട്ടുള്ളതുമാണ്. ആ കാഴ്ചപ്പാടിനെ ഉള്‍ക്കൊണ്ടു കൊണ്ടാണ് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആസിയാന്‍ കരാറിനെതിരായും കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ ക്കെതിരായും തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മനുഷ്യ ചങ്ങല തീര്‍ക്കുന്നതിന് സി. പി. ഐ. (എം) സംസ്ഥാന കമ്മിറ്റി തീരുമാനി ച്ചിരിക്കുന്നത്. ഇത് വമ്പിച്ച വിജയമാ ക്കുന്നതിനു കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല രാജ്യത്തെങ്ങുമുള്ള സാമ്രാജ്യത്വ വിരോധികളും കൃഷിക്കാ രടക്കമുള്ള അദ്ധ്വാനിക്കുന്ന ജനങ്ങളാകെയും അണി നിരക്കേണ്ടതുണ്ട്.
 
നാരായണന്‍ വെളിയംകോട്
 
 

- ജെ.എസ്.

വായിക്കുക:

1 അഭിപ്രായം »

എം.എ. യൂസഫലി പ്രകാശനം ചെയ്തത് UNESCO യുടെ ലോഗോ

August 29th, 2009

unesco-logo

ഈ കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് ഒരു ലോഗോ പ്രകാശനം നടന്നു. അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായില്‍ വെച്ച് ഒരു കൂട്ടം സംഘടനകളുടെ ആഭിമുഖ്യത്തില്‍ ആചരിക്കുന്നതിന്റെ ഭാഗമായുള്ള ‘ലോഗോ പ്രകാശനം’ ആയിരുന്നു അത്. ഈ സംഘടനകള്‍ അന്താരാഷ്ട്ര സാക്ഷരതാ ദിനം യുനെസ്കോ നിര്‍ദ്ദേശിച്ച സെപ്റ്റംബര്‍ എട്ടിന് ആചരിക്കുന്നത് അവരുടേതായ പരിപാടികളോടെയാണ്. ഈ പരിപാടികള്‍ നടത്തുന്നതിന്റെ ഭാഗമായി ഇവര്‍ പക്ഷെ പ്രകാശനം ചെയ്തത് യുനെസ്കോയുടെ ലോഗോ ആണ്. യുനെസ്കോയുടെ ലോഗോ പ്രകാശനം ചെയ്തതാകട്ടെ ഇവരുടെ ക്ഷണം സ്വീകരിച്ചെത്തിയ വ്യവസായ പ്രമുഖനും മനുഷ്യ സ്നേഹിയുമായ പത്മശ്രീ എം. എ. യൂസഫലിയും.

തിരക്കേറിയ ജീവിതത്തില്‍ നിന്നും പൊതു പരിപാടികള്‍ക്ക് സമയം കണ്ടെത്തി ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ ശ്രീ. യൂസഫലി ഈ അബദ്ധം ശ്രദ്ധിച്ചു കാണാന്‍ ഇടയില്ല. എന്നാല്‍ ഇദ്ദേഹത്തെ ചടങ്ങിനു ക്ഷണിച്ച ‘അക്ഷര – വായന‘ കൂട്ടങ്ങളും ഇത് ശ്രദ്ധിച്ചില്ലെന്ന് പറയുന്നത് ഇവരുടെ വായനയുടെ വ്യാപ്തിയും ആഴവും വെളിപ്പെടുത്തുന്നു. തങ്ങള്‍ നടത്തുന്ന പരിപാടികളിലേക്ക് മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുവാനായി ലോഗോ പ്രകാശനം നടത്തുന്ന പതിവുണ്ട്. ഇത് പക്ഷെ ആ പരിപാടിക്കു വേണ്ടി സ്വന്തമായി രൂപകല്‍പ്പന ചെയ്ത ലോഗോ ആയിരിക്കും. എന്നാല്‍ ഒരു അന്താരാഷ്ട്ര സംഘടനയുടെ ലോഗോ ഇത്തരത്തില്‍ സ്വയമങ്ങ് ഏറ്റെടുത്ത് പ്രകാശനം ചെയ്ത സംഭവം ഇതാദ്യമായിട്ടായിരിക്കും നടക്കുന്നത്.

യുനെസ്കോ പോലുള്ള ഒരു സംഘടനയുടെ ലോഗോ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണ് എന്ന് അവരുടെ ഔദ്യോഗിക വെബ് സൈറ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. എന്തെങ്കിലും അന്താരാഷ്ട്ര ദിനങ്ങളുടെ ആചരണത്തിന്റെ ഭാഗമായി ഈ ലോഗോ ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നു എങ്കില്‍ അതിനുള്ള അനുമതി മുന്‍‌കൂര്‍ ആയി എഴുതി വാങ്ങിക്കേണ്ടതാണ്. ഇത്തരം അനുമതി ഇല്ലാതെ ഈ ലോഗോ ഉപയോഗിക്കുവാനുള്ള അനുമതി കേവലം യുനെസ്കോയുടെ ഭരണ സമിതിക്ക് മാത്രമേ ഉള്ളൂ എന്നും ഇത്തരം അനുമതിയോടെ ഈ ലോഗോ ഉപയോഗിക്കുമ്പോള്‍ UNESCO എന്നതിന്റെ പൂര്‍ണ്ണ രൂപം അതിനു കീഴെ എഴുതി ചേര്‍ക്കേണ്ടതാണ് എന്നും നിര്‍ദ്ദേശമുണ്ട്. അനുമതിയില്ലാതെ ലോഗോ ഉപയോഗിക്കുന്നത് തടയാന്‍ അംഗ രാജ്യങ്ങളെല്ലാം സഹകരിക്കണം എന്നും യുനെസ്കോ അഭ്യര്‍ത്ഥിച്ചിരിക്കുന്നു.
വര്‍ഷിണി


M.A. Yousufali unveils the UNESCO logo!

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ന് റംസാന്‍ ഒന്നാം രാവ്‌

August 21st, 2009

ramadan-kareemഅറബി മാസത്തിലെ ശഹബാന്‍ മാസം മുപ്പത്‌ പൂര്‍ത്തി ആവുകയോ റംസാന്‍ മാസ പിറവി കാണുകയോ ചെയ്താല്‍ റംസാന്‍ മാസം ആസന്നമാകും. പ്രസ്തുത അടിസ്ഥാന ത്തിലാണ് കേരളത്തിലും മറ്റ് ഗള്‍ഫ്‌ രാജ്യങ്ങളിലും നാളെ റംസാന്‍ വ്രതം ആരംഭിക്കുന്നത്.
 
ഇന്ന് റംസാന്‍ ഒന്നാം രാവ്‌, അറബി ദിവസങ്ങള്‍ കണക്കാക്കുന്നത് തലേന്നുള്ള രാത്രി ഉള്‍പ്പെടുത്തിയാണ്. ഉദാഹരണത്തിന് ഇന്ന് വെള്ളിയാഴ്‌ച്ച ആണെങ്കില്‍ ഇന്നലെ കഴിഞ്ഞ രാത്രിക്കാണ് വെള്ളിയാഴ്‌ച്ച രാവ്‌ എന്ന് ഇസ്ലാമില്‍ പറയുന്നത്.
 
അപ്പോള്‍ ഇന്ന് വെള്ളിയാഴ്‌ച്ച സൂര്യന്‍ അസ്തമിച്ചാല്‍ ഈ വര്‍ഷത്തിലെ പരിശുദ്ധ റംസാനിന്റെ ആദ്യ രാത്രി വരവായി. ഈ രാത്രിക്ക് ഇസ്ലാമില്‍ പല പുണ്യങ്ങളും പ്രാധാന്യവുമുണ്ട്. പ്രവാചകനായ മുഹമ്മദ്‌ നബി (സ) റംസാന്‍ ഒന്നാം രാത്രിയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ നിരവധി ഹദീസുകള്‍ ഇസ്ലാമിക ഗ്രന്ഥങ്ങളില്‍ കാണാം.
 
റംസാന്‍ ഒന്നാം രാത്രി വിശുദ്ധ ഖുര്‍ആനിലെ നാല്‍പ്പത്തെട്ടാം അദ്ധ്യായമായ സൂറത്തുല്‍ ഫത്ഹ് പാരായണം ചെയ്‌താല്‍ ആ വര്‍ഷത്തില്‍ ഭക്ഷണ ക്ഷാമം ഉണ്ടാവില്ലെന്നും മൂന്നോ അഞ്ചോ ഏഴോ ദിവസങ്ങള്‍ തുടര്‍ച്ചയായി ഇരുപത്തി ഒന്ന് പ്രാവശ്യം നിത്യമാക്കിയാല്‍ ഉദ്ദേശങ്ങള്‍ പൂര്‍ത്തിയാകുമെന്ന് മുജര്‍റബാത്‌ തുടങ്ങിയ കിത്താബുകളില്‍ പരാമര്‍ശിക്കുന്നുണ്ട്.
 
قال أبو بكر النيسابوري: سمعت محمد بن عبد الملك يقول: سمعت يزيد بن هارون يقول: سمعت المسعودي يقول: بلغني أن من قرأ سورة الفتح يعني {إنّا فتحنا لك فتحا مبينا} أول ليلة من شهر رمضان في صلاة التطوع حفظ ذلك العام. اهـ. قلت: وذكر هذا بعينه العلامة الخطيب الشربيني رحمه الله تعالى في تفسيره آخر سورة الفتح عن ابن عادل؛ فانظره.” اهـ.
 
റംസാന്‍ മാസത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിച്ച് അര്‍ഹിക്കുന്ന രീതിയില്‍ ഈ പുണ്യ മാസത്തെ വരവേല്‍ക്കാനും പുണ്യങ്ങള്‍ ചെയ്യാനും ജയന്നി യന്താവായ റബ്ബ് നമുക്ക്‌ തൌഫീഖ്‌ നല്‍കട്ടെ ആമീന്‍.
 
ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി, ദുബായ്
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഭര്‍ത്താവിനു ലൈംഗീക ബന്ധം നിഷേധിച്ചാല്‍ ഭാര്യക്ക്‌ പട്ടിണി

August 18th, 2009

ഐ പിലിനെ കുറിച്ചും, സ്വവര്‍ഗ്ഗാ നുരാഗികളുടെ വിവാഹത്തെ സംബന്ധിച്ചും എല്ലാം ഉള്ള ചൂടേറിയ ചര്‍ച്ചകള്‍ ഇന്ത്യയില്‍ നടക്കുമ്പോള്‍ അഫാഗാനില്‍ നിന്നും ഉള്ള ഈ വാര്‍ത്ത ശ്രദ്ധിക്കാ തിരിക്കുവാന്‍ കഴിയില്ല. പരിഷ്കൃത സമൂഹത്തിനു ചിന്തിക്കുവാന്‍ കഴിയാത്ത നിരവധി നിയമങ്ങളെ സംബന്ധിച്ചു അഫ്ഗാനില്‍ നിന്നും ഉള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്‌ ഇതാദ്യമല്ല. മനുഷ്യ ജീവി എന്ന നിലയില്‍ ഉള്ള പരിഗണനകള്‍ പോലും അവിടത്തെ സ്ത്രീകള്‍ക്ക്‌ പലപ്പോഴും നിഷേധിക്കപ്പെടുന്നു. സഞ്ചാര സ്വാതന്ത്ര്യമോ, വിദ്യാഭ്യാസം ചെയ്യുവാന്‍ ഉള്ള സ്വാതന്ത്ര്യമോ, അഭിപ്രായ / ആശയ പ്രകടനത്തിനുള്ള സ്വാതന്ത്ര്യമോ ഇല്ലാതെ തികച്ചും അടിമത്വ സമാനമായ “സുരക്ഷിത” ജീവിതം നയിക്കുന്ന അവിടത്തെ സ്ത്രീകള്‍ക്ക്‌ മറ്റൊരു കരി നിയമം കൂടെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാകുവാന്‍ പോകുന്നു. ഭാര്യ ഭര്‍ത്താവുമായി ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു എതിരു നിന്നാല്‍ പട്ടിണി ക്കിടുവാന്‍ ഭര്‍ത്താവിനു നിയമ പരമായ അധികാരം നല്‍കുന്ന ബില്ല് വരാന്‍ പോകുന്നുവത്രെ!! കഷ്‌ട്ടം.
 
യുദ്ധവും ദാരിദ്ര്യവും കൊണ്ടു പൊറുതി മുട്ടിയ അഫ്ഗാനില്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നത്‌ സ്ത്രീകളും കുട്ടികളുമാണ്‌. സ്വാതന്ത്ര്യവും മനുഷ്യാവ കാശങ്ങളും അവരെ സംബന്ധി ച്ചിടത്തോളം ഒരു പക്ഷെ മരീചികയാകാം. അതിനിടയില്‍ ഇത്തരം മനുഷ്യത്വ രഹിതമായതും സ്ത്രീയെ കേവലം ലൈംഗീക ഉപകരണമായി കാണുന്നതുമായ പുതിയ അവസ്ഥ അവരുടെ ജീവിതത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കും. പുരുഷന്റെ ലൈംഗീകാ വകാശം ഉറപ്പു വരുത്തുമ്പോള്‍ സ്ത്രീയുടെ മാനസീക / ശാരീരിക അവസ്ഥകളെ കുറിച്ച്‌ ബോധപൂര്‍വ്വം മറന്നു പോകുന്നു. ഇതേ കുറിച്ചുള്ള വാര്‍ത്ത ഇവിടെ http://www.dailymail.co.uk/news/worldnews/article-1207026/Afghan-husbands-allowed-starve-wives-refuses-sex.html ഡൈയ്‌ലിമെയിലിന്റെ വെബ്സൈറ്റില്‍.
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇന്ന് ബാറാഅത്ത്‌ രാവ്‌

August 5th, 2009

ഇന്ന് മുസ്ലിംകളുടെ പുണ്യ ദിനമായ ബാറാ അത്ത്‌ രാവാണ് (ശഹബാന്‍ പതിനഞ്ച്). ഇന്ന് രാത്രി താഴെ പറയുന്ന ദിക്റുകള്‍ ചൊല്ലല്‍ സുന്നത്താണ്, പുണ്യ കര്‍മ്മമാണ്‌.
 
ബറാത്ത് രാവില്‍ ഇശാ മഗ് രിബിന്റെ ഇടയില്‍ ഒരു ദുഖാന്‍ സൂറത്തും, മൂന്ന് യാസീന്‍ സൂറത്തും ഓതണം. ഒന്ന് – ദീര്‍ഘായുസിന് വേണ്ടി, രണ്ട് ‌- ആപത്തുകള്‍ തടയാന്‍ വേണ്ടി, മൂന്ന് – ഭക്ഷണ വിശാലതയ്ക്കും, പരാശ്രയമില്ലാതെ ജീവിക്കാനും, സ്നേഹിക്കുന്നവര്‍ക്കും, ബന്ധുക്കള്‍ക്ക് വേണ്ടിയും. യാസീന്‍ ഓതുമ്പോള്‍ അവക്ക്‌ ഇടയില്‍ സംസാരിക്കരുത്. അതിന്നു ശേഷം ഇലാഹി “ജൂതുക്ക ദല്ലനി” എന്ന് തുടങ്ങുന്ന ദുആയും പത്ത്‌ പ്രാവശ്യം ഓതുക. ഇത് മുജര്‍രബാത്ത് എന്ന കിതാബിലും മറ്റു അത്കാരിന്റെ കിതാബുകളിലും പറഞ്ഞിട്ടുണ്ട്.

اللهم إنك حليم ذو إنائة لاطاقة لنا فاعف عنّا بحلمك ياألله
70 പ്രാവശ്യം പറയുക
يا حيّ يا قيّوم برحمتك استغيث 100 പ്രാവശ്യം പറയുക
 
الهي جودك دلني عليك واحسانك اوصلني اليك وكرمك قربني لديك اشكو اليك مالا يخفى عليك واسئلك مالا يعسر عليك اذ علمك بحالي يكفي عن سئالي مفرجا عن كرب المكروبين فرج عني ما انا فيه
لا اله الا انت سبحانك اني كنت من الظالمين .
فستجبنا له ونجيناه من الغم وكذالك ننجي المؤمنين . اللهم ياذالمن ولا يمن عليه ياذالجلال والاكرام. ياذاالطول والانعام لا اله الا انت ظهر اللاجين وجار المستجيرين ومأمن الخائفين .
اللهم ان كنت كتبتني عندك في ام الكتاب شقيا أو محروما أو مطرودا أو مقترا علي في الرزق فامح اللهم بفضلك شقاوتي وحرماني وطردي واقتار رزقي واثبتني عندك في ام الكتاب سعيدا مرزوقا موفقا للخيرات فانك قلت وقولك الحق في كتابك المنزل على لسان نبيك المرسل يمحو الله ما يشاء ويثبت وعنده ام الكتاب .
الهي بالتجلي الاعظم في ليلة النصف من شهر شعبان المكرم التي يفرق فيها كل امر حكيم ويبرم ان تكشف عنا من البلاء ما نعلم وما لا نعلم وما انت به اعلم انك انت الاعز الاكرم .وصلى الله على سيدنا محمد النبي الامي وعلى اله وصحبه وسلم
10 مرة

 
ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി, ദുബായ്‌
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നാടു കടത്തലിന്റെ രാഷ്ടീയം – എസ്. കുമാര്‍

July 29th, 2009

c-r-neelakantanപുകഴ്ത്തുന്നവന്‌ പുരസ്ക്കാരങ്ങളും പാരിതോ ഷികങ്ങളും നല്‍കുക എന്നത്‌ ഏകാധി പത്യത്തിന്റെ ജന്മ സിദ്ധമായ പ്രവണതയാണ്‌. ഇടക്കൊക്കെ ഇത്‌ ജനാധിപ ത്യത്തിലേക്ക്‌ കടന്നു വരികയും ജനാധിപത്യ മര്യാദകളെ മലീമസ മാക്കുകയും ചെയ്യാറുമുണ്ട്‌. അധികാര സ്ഥാനങ്ങളുടെ നേര്‍ക്ക്‌ ചൂണ്ടുന്ന വിരലുകളുടേയും, ശാബ്ദിക്കുന്ന നാക്കുകളുടേയും ഉടമകളായ ശരീരങ്ങളെ ഉന്മൂലനം ചെയ്യുകയോ, നാടു കടത്തുകയോ, കാരാഗൃഹ ത്തിലടക്കുകയോ ഊരു വിലക്കുകയോ ചെയ്യുക എന്നത്‌ കാലങ്ങളായി തുടര്‍ന്നു വരുന്ന ഏകാധിപത്യ ദുഷ്പ്രവണതയാണ്‌. അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന കൊള്ളരു തായ്മകളെ കുറിച്ച്‌ ശബ്ദിക്കുന്നവരെ നിശ്ശബ്ദ മാക്കുവാനും അതോടൊപ്പം സമാന ചിന്തയുമായി മുന്നോട്ട്‌ പോകുന്ന വര്‍ക്ക്‌ മുന്നറിയിപ്പു നല്‍കുവാനായും ഇവര്‍ ഇത്‌ പ്രയോഗിക്കുന്നു. അടിയന്തി രാവസ്ഥ ജനാധിപത്യ സമൂഹത്തെ ഏകാധിപത്യ ഭരണമാക്കു വാനുള്ള അവസരമായി അധികാരികള്‍ പ്രയോജന പ്പെടുത്താറുണ്ട്‌.
 
സാമ്രാജ്യത്വത്തിനും ഏകാധിപത്യ നിലപാടുള്ള ഭരണകൂട ങ്ങള്‍ക്കും എതിരെ ജന പക്ഷത്തു നിന്നു പ്രവര്‍ത്തിച്ച ലോകത്തെ പല നേതാക്ക ന്മാര്‍ക്കും സ്വന്തം ജീവന്‍ നഷ്ടപ്പെടുകയോ തടങ്കലോ നാടുകടത്തലോ അനുഭവിക്കെ ണ്ടതായോ വന്നിട്ടുണ്ട്‌. ഭരണ കൂടങ്ങളും അധികാര കേന്ദ്രങ്ങളും വിമര്‍ശ്ശകരെ നിശ്ശബ്ദരാക്കുവാന്‍ ശ്രമിക്കുമ്പോള്‍ പൊതു ജനം പലപ്പോഴും ഇവര്‍ക്കൊപ്പം ആണ്‌ നില കൊള്ളുക. ആങ്ങ്സാങ്ങ്‌ സൂചിയെ പ്പോലുള്ളവരെ ഭരണകൂടം വീട്ടു തടങ്കലില്‍ സൂക്ഷിക്കുമ്പോളും അവരുടെ ആശയങ്ങളെ ലോകം അംഗീകരിക്കുന്നതും ആദരിക്കുന്നതും അതിലെ സത്യ സന്ധതയെ തിരിച്ചറിയുന്നതു കൊണ്ടാണ്‌. അതു കൊണ്ടു തന്നെ ആണ്‌ മാനവീകതയുമായി ബന്ധപ്പെട്ട പല പുരസ്കാരങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അവരെ തേടിയെത്തുന്നതും.
 
ജനാധിപത്യം നല്‍കുന്ന സ്വാതന്ത്രങ്ങളില്‍ മുന്‍ നിരയില്‍ ഉള്ളതാണ്‌ അഭിപ്രായ സ്വാതന്ത്രം. ജന വിരുദ്ധ നിലപാടുള്ള ഭരാണ കൂടങ്ങളും അധികാര കേന്ദ്രങ്ങളും ഭയപ്പെടുന്നതും ഇതിനെ ആണ്‌. അങ്ങേയറ്റം അരാഷ്ടീയമായവും ജനാധിപത്യ വിരുദ്ധവുമായ ഒരു പ്രവര്‍ത്തിയാണ്‌ അഭിപ്രായ പ്രകടനത്തെ ഇല്ലാതാക്കുവാന്‍ ഉള്ള “നാടു കടത്തല്‍” എന്നത്‌. പരിഷ്കൃതര്‍ / പുരോഗമന ചിന്താഗതിക്കാര്‍ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ പോലും തങ്ങള്‍ക്കെതിരായി വസ്തു നിഷ്ഠമായ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ പോലും അസഹിഷ്ണുതയോടെ പ്രതികരിക്കുന്നതും മേല്‍പ്പറഞ്ഞ രീതിയില്‍ നിശ്ശബ്ദരാ ക്കുന്നതിനുള്ള നടപടികള്‍ അവലംബിക്കുന്നതു കാണാം.
 
കേരള ചരിത്രത്തില്‍ പ്രാധാന്യത്തോടെ ഇടം നേടിയതാണ്‌ ദിവാന്റെ ദുര്‍ഭരണ ങ്ങള്‍ക്കെതിരായി തൂലിക ചലിപ്പിച്ചതിനു സ്വദേശാഭിമാനി രാമകൃഷണ പിള്ളയെ നാടു കടത്തിയത്‌. അടുത്ത ദിവസങ്ങളിലായി മാധ്യമങ്ങളില്‍ പ്രധാന്യത്തോടെ വന്ന ഒരു വാര്‍ത്തയായിരുന്നു പ്രമുഖ പരിസ്ഥിതി / സാമൂഹിക പ്രവര്‍ത്തകനായ ശ്രീ. സി. ആര്‍. നീലകണ്ഠന്റെ കേരളത്തിനു പുറത്തേക്കുള്ള സ്ഥലം മാറ്റം. സാധാരണ രീതിയില്‍ ഒരു ജോലിക്കാരന്റെ സ്ഥലം മാറ്റം എന്നത്‌ ഒരു സ്ഥപനത്തിന്റെ ഔദ്യോഗിക വിഷയം മാത്രം ആയി കാണാവുന്നതാണ്‌. എന്നാല്‍ ഇവിടെ അത്‌ “നാടു കടത്തല്‍” എന്ന നിലയില്‍ വാര്‍ത്താ പ്രാധാന്യം നേടുന്നത്‌ ശ്രീ സി. ആര്‍. നീലകണ്ഠന്‍ എന്ന വ്യക്തി കേരളീയ പൊതു ജീവിതത്തിന്റെ സജീവ സാന്നിധ്യം ആകുന്നതു കൊണ്ടാണ്‌.
 
കേരളത്തിന്റെ സാമൂഹിക – രാഷ്ടീയ – പാരിസ്ഥിതിക വിഷയങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന ശ്രീ. സി. ആര്‍. നീലകണ്ഠനെ മലയാളികള്‍ സഗൗരവം ആണ്‌ ശ്രവിച്ചു കൊണ്ടിരിക്കുന്നത്‌. തന്റെ വാക്കുകള്‍ക്ക്‌ വസ്തുതകളുടെ പിന്‍ബലം നല്‍കുവാന്‍ ഇദ്ദേഹം പുലര്‍ത്തുന്ന നിതാന്ത ജാഗ്രതയാണ്‌ മറ്റു പലരില്‍ നിന്നും വ്യത്യസ്ഥമായി ഇദ്ദേഹത്തെ ശ്രദ്ദേയമാക്കുന്നതിലെ ഒരു പ്രധാന കാര്യം. അടുത്ത കാലത്ത്‌ കേരളം വളരെയധികം ചര്‍ച്ച ചെയ്യുകയും സഖാവ്‌. വി. എസ്സിനു ജന പിന്തുണ വര്‍ദ്ധിപ്പിക്കുകയും അതേ സമയം പാര്‍ട്ടി അച്ഛടക്ക നടപടി നേരിടേണ്ടി വന്നതില്‍ പങ്കു വഹിച്ചതുമായ ലാവ്‌ലിന്‍ അഴിമതി വിഷയവുമായി ബന്ധപ്പെട്ട്‌ ഇദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ദേയമാണ്‌. ഇതു സംബന്ധിച്ച്‌ നിരവധി ലേഖനങ്ങളും ഇദ്ദേഹത്തിന്റേതായി വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. കൂടാതെ ഒരു പുസ്തകവും ഈയ്യിടെ പുറത്തു വരികയുണ്ടായി. പ്രസ്തുത വിഷയത്തില്‍ മാധ്യമ ചര്‍ച്ചകളിലും മറ്റും അദ്ദേഹത്തിന്റെ നിലപാടുകള്‍ വളരെ ശക്തമാണ്‌.
 
ശ്രീ. സി. ആര്‍. നീലകണ്ഠനെ പ്പോലുള്ള വസ്തുതകളുടെ പിബലവുമായി വാദങ്ങള്‍ നിരത്തുന്ന വ്യക്തികള്‍ ലാവ്‌ലിന്‍ വിഷയത്തില്‍ പൊതു ജനങ്ങള്‍ക്ക്‌ സ്വീകാര്യരും മറിച്ച്‌ പ്രസ്തുത വിഷയം പൊതു സമൂഹത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതും നീതി ന്യായ ക്കോടതിയില്‍ വിചാരണ ചെയ്യപ്പെടുന്നതും അലോസരപ്പെ ടുത്തുന്നവര്‍ക്ക്‌ അപ്രിയരും ആയി മാറുന്നു. അദ്ദേഹത്തിന്റെ ഇടപെടലുകള്‍ പലരേയും അസ്വസ്ഥരാക്കുന്നു. ഈ പശ്ചാത്തലത്തില്‍ തന്നെ ആണ്‌ അദ്ദേഹത്തിന്റെ സ്ഥലം മാറ്റം സാമൂഹ്യ പ്രവര്‍ത്തകരെയും സത്യാന്വേഷികളേയും പൊതു ജനങ്ങളെയും അസ്വസ്ഥമാക്കുന്നത്‌. പല കോണുകളില്‍ നിന്നും ഇതിനെ കുറിച്ച്‌ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. പല സാംസ്കാരിക പരിസ്ഥിതി പ്രവത്തകരും ഇതിനെതിരായി തന്നളുടെ അഭിപ്രായം ഇതിനോടകം പ്രകടിപ്പിച്ചിരിക്കുന്നു.
 
ശ്രീ. സി. ആര്‍. നീലകണ്ഠന്റെ സ്ഥലം മാറ്റം കമ്പനിയുടെ ആഭ്യന്തര കാര്യം ആണെന്നു കരുതിയാല്‍ തന്നെ അദ്ദേഹം തന്റെ നിലപാടുകളില്‍ നിന്നും പുറകോട്ടു പോകും എന്ന് നമുക്ക്‌ കരുതാനാവില്ല. തല്‍ക്കാലം ഇതിനെ ഒരു നാടു കടത്തല്‍ ആയി കാണാതെ ഇരുന്നാലും നാടു കടത്തലിനെ കുറിച്ച്‌ പണ്ട്‌ ആരോ പറഞ്ഞ വാചകങ്ങള്‍ ഓര്‍മ്മയില്‍ വരികയാണ്‌. “എന്നെ നാടു കടത്തിയാലും എന്റെ നാക്കു പിഴുതെടുത്താലും നിങ്ങള്‍ക്ക്‌ സമാധാനമായി മുന്നോടു പോകുവാന്‍ കഴിയില്ല. നാളെ ഒത്തിരി നാവുകളില്‍ നിന്നും ഉയരുന്ന ചോദ്യങ്ങള്‍ക്ക്‌ നിങ്ങള്‍ മറുപടി പറയേണ്ടി വരും”
 
എസ്. കുമാര്‍
 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വലതു പക്ഷ ആശങ്കകള്‍

July 20th, 2009

pinarayi-vsഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടതു മുതല്‍ ആഗോള തലത്തില്‍ വലതു പക്ഷങ്ങളെ കുറച്ചൊന്നും അല്ല ആശങ്കാ കുലരാക്കി യിട്ടുള്ളത്‌. ഇടതു ചേരിയ്ക്ക് എതിരായി, ഇടതു പക്ഷ ജനാധിപത്യ ചേരികളെ തകര്‍ക്കുവാന്‍ ആഗോള തലത്തില്‍ എന്നും വലതു പക്ഷങ്ങള്‍ തങ്ങളുടെ കുത്സിത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്‌. അതിനായി അവര്‍ ഉപയോഗിച്ച പ്രധാന ആയുധങ്ങളില്‍ ഒന്നാണ്‌ മാധ്യമങ്ങള്‍. ഇടതു ചേരികള്‍ക്ക് എതിരായി നുണ പ്രചരണങ്ങള്‍ നടത്തുവാന്‍ മാധ്യമങ്ങളെ സൃഷ്ടിക്കുകയും അവയെ തങ്ങളുടെ പ്രചാരണ ങ്ങള്‍ക്കായി വളരെ യധികം ഉപയോഗ പ്പെടുത്തിയിട്ടുമുണ്ട്‌. ഇന്ത്യയിലും ഇതിന്റെ തുടര്‍ച്ചയാണ്‌ നാം കണ്ടു വരുന്നത്‌. ന്യൂന പക്ഷങ്ങള്‍ക്കും ദളിതുകള്‍ക്കും മറ്റു അവശ വിഭാഗങ്ങള്‍ക്കും വേണ്ടി നില കൊള്ളുന്ന പ്രസ്ഥാനങ്ങളെ തകര്‍ക്കുവാന്‍ ഉള്ള ശ്രമങ്ങളില്‍ ഇന്ന് ഏറ്റവും സജീവമായി പ്രയോഗിക്കുന്നത്‌ അവയുടെ ശക്തന്മാരായ നേതാക്കന്മാര്‍ ക്കെതിരായ വാര്‍ത്ത കളിലൂടെയും പ്രചരണങ്ങ ളിലൂടേയുമാണ്‌.
 
ഇടതു പക്ഷ ജനകീയ സംഘടനകളെ സംബന്ധിച്ച്‌ ചര്‍ച്ചകളും ആശയ പരമായ ഭിന്നതകളും ഉണ്ടാകുക സ്വാഭാവികമാണ്‌. എന്നാല്‍ ആരോഗ്യ കരമല്ലാത്ത അഭിപ്രായ ഭിന്നതകളെ അതിരു വിടാന്‍ അനുവദിക്കാറുമില്ല. വിവിധ കമ്മറ്റികള്‍ ചര്‍ച്ചകളിലൂടെ ഒരു തീരുമാനം ഉരുത്തിരി ച്ചെടുക്കുന്നതോടെ അത്തരം ആശയ പരമായ ഭിന്നതകള്‍ അവസാനി ക്കുകയാണ്‌ സാധാരണ പതിവ്‌. എന്നാല്‍ ഇതിനെ അനാവശ്യമായ മാനങ്ങള്‍ നല്‍കി ക്കൊണ്ട്‌ അതില്‍ നിന്നും മുതലെടു ക്കുവാനോ സംഘടനയെ തകര്‍ക്കുവാനോ ശ്രമിക്കുന്നവര്‍ പല രൂപങ്ങളില്‍ അവതരിക്കുന്നു. സാമൂഹ്യ നിരീക്ഷകര്‍, രാഷ്ടീയ നിരീക്ഷകര്‍, പത്ര നിരൂപകര്‍, പൊതു താല്‍പര്യക്കാര്‍, പാര്‍ട്ടി ബന്ധുക്കള്‍ തുടങ്ങിയ മുഖം മൂടികളുമായി അവര്‍ രംഗത്തെത്തുന്നു. കേരളത്തില്‍ ഇപ്പോള്‍ ഇവരെ തട്ടി ത്തടഞ്ഞ്‌ വഴി നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയായിരിക്കുന്നു.
 
സി. പി. എമിലെ സമകാലിക സംഭവ വികാസങ്ങളില്‍ കേരളത്തിലെ വലതു പക്ഷ മാധ്യമങ്ങളും മേല്‍പ്പറഞ്ഞ വിഭാഗത്തില്‍ പെട്ടവരും വളരെയധികം ഉല്‍ക്കണ്ഠാ കുലരാണ്. പ്രൈം ടൈം ന്യൂസുകളില്‍ ഈ ആശങ്ക പങ്കു വെക്കുവാനായി ദിവസവും ധാരാളം സമയം അവര്‍ ചിലവിടുന്നു. പഴയ പാര്‍ട്ടി പ്രവര്‍ത്തകര്‍, രാഷ്ടീയ നിരീക്ഷകര്‍, ഒറിജിനല്‍ മാര്‍ക്സിസ്റ്റുകാര്‍ തുടങ്ങിയ ഒരു വലിയ വിചാരണ – ഉപദേശക സംഘത്തെ അണി നിരത്തി ക്കൊണ്ട്‌ അവര്‍ പാര്‍ട്ടിയിലെ പ്രശ്നങ്ങളും പ്രശ്ന പരിഹരണങ്ങളും പ്രേക്ഷകനു മുമ്പില്‍ അവതരിപ്പിക്കുന്നു. ഇതു കാണുന്ന പ്രേക്ഷകന്‍ പാര്‍ട്ടിയെന്തോ വലിയ ആപത്തില്‍ പെട്ടിരിക്കയാണെന്നും ഇക്കൂട്ടര്‍ പറയുന്നതാണ്‌ പാര്‍ട്ടിയില്‍ ഉള്ള പ്രശനങ്ങള്‍ക്ക്‌ പരിഹാരമെന്നും തെറ്റിദ്ധരിക്കുന്നു.
 
മാധ്യമങ്ങളില്‍ ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്‌ “വി. എസ്സ്‌ അനുകൂല” പ്രകടനങ്ങളുടെ ദൃശ്യങ്ങളും പ്രതിപക്ഷം വി. എസ്സിനു നല്‍കുന്ന “പിന്തുണ” സംബന്ധിച്ചുള്ള പ്രസ്ഥാവനകളും ആണ്‌. സി. പി. എം. പോലുള്ള സംഘടനകളുടെ പ്രവര്‍ത്തന രീതിയും സംഘടനാ തത്വങ്ങളും അറിയാത്ത മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍ എഴുന്നള്ളിക്കുന്ന വിഡ്ഡിത്തങ്ങള്‍ പലപ്പോഴും യാഥാര്‍ത്ഥ്യ ങ്ങളുമായി പുലബന്ധം ഇല്ലാത്തതാണ്‌. താഴെ തട്ടു മുതല്‍ മേലെ തട്ടു വരെ ശക്തമായ അച്ചടക്കം നില നില്‍ക്കുന്ന പ്രസ്ഥാനമാണ്‌ സി. പി. എം. സംഘടനയില്‍ വ്യക്തികള്‍ക്ക്‌ അഭിപ്രായ സ്വാതന്ത്രം ഉണ്ട്‌. എന്നാല്‍ ഒരു വിഷയത്തില്‍ പാര്‍ട്ടി നിലപാട്‌ എടുക്കുന്നത്‌ വിശദമായ പഠനങ്ങളുടേയും വിലയിരു ത്തലുകളുടേയും അടിസ്ഥാനത്തില്‍ ആണ്‌. ഇത്തരത്തില്‍ ഒരു തീരുമാനം എടുത്താല്‍ അത്‌ അനുസരിക്കുവന്‍ ബാധ്യസ്ഥനാണ്‌ ഓരോ പാര്‍ട്ടി അംഗവും. ഇക്കാര്യത്തില്‍ പാര്‍ട്ടിയിലെ സ്ഥാന മാനങ്ങളോ, വ്യക്തി പ്രഭാവമോ ഒന്നും ഒരാള്‍ക്ക്‌ പ്രത്യേക പരിഗണനയോ ഇളവോ നല്‍കുന്നില്ല. അതു കൊണ്ടു തന്നെ അച്ചടക്കം ലംഘിക്കു ന്നവര്‍ക്ക്‌ നേരെ അച്ചടക്ക നടപടി എടുക്കുന്നതും തുടര്‍ച്ചയായി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ പുറത്താക്കുന്നതും ഇടതു പക്ഷ പ്രസ്ഥാനങ്ങളില്‍ പുതുമയുള്ള കാര്യമല്ല. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയും സംഘടനാ തത്വങ്ങളും അറിയുന്നവര്‍ക്ക്‌ ഇതില്‍ അല്‍ഭുതമോ അതിശയമോ തോന്നാന്‍ ഇടയില്ല. വ്യക്തി പൂജയും അച്ചടക്ക ലംഘനങ്ങളും അലങ്കാരമായി ക്കൊണ്ടു നടക്കുന്ന വലതു പക്ഷ പ്രസ്ഥാനങ്ങളുമായി ഒരു തരത്തിലും ഉപമിക്കാന്‍ കഴിയുന്നതല്ല ഇടതു പക്ഷ പ്രസ്ഥനങ്ങളെ. അവിടെ കാലു തിരുമ്മികള്‍ക്കും സ്തുതി പാഠകര്‍ക്കും ആണ്‌ സ്ഥാന മാനങ്ങള്‍ എങ്കില്‍ ഇവിടെ പ്രവര്‍ത്ത നത്തിനും അച്ചടക്കത്തിനും ആണ്‌ പ്രാധാന്യം. വ്യക്തിക്കല്ല പ്രസ്ഥാനത്തിനാണ് എക്കാലത്തും ഇടതു പക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ച്‌ പ്രഥമ പരിഗണന.
 
പാര്‍ട്ടി അച്ചടക്കം ലംഘിച്ചു എന്ന് പൂര്‍ണ്ണമായും ബോധ്യം വന്നതിനെ തുടര്‍ന്നാണ്‌ വി. എസ്സിനെതിരെ നടപടിയുണ്ടായത്‌. അത്‌ വി. എസ്സ്‌. അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ വലതു പക്ഷ മാധ്യമങ്ങളും കഥയറിയാതെ ആട്ടം കാണുന്നവരും അഭിപ്രായം പറയുന്നവരും ഇതിനെ വലിയ ഒരു അപരാധമായി ചിത്രീകരിക്കുന്നു. കോണ്‍ഗ്രസ്സ്‌ പോലുള്ള വലതു പക്ഷ സംഘടനകളില്‍ കേന്ദ്ര നേതൃത്വത്തെ പരസ്യമായി വെല്ലു വിളിച്ചും പ്രസിഡണ്ടിനെ പരിഹസിച്ചും പുറത്തു പോയവരെ പിന്നീട്‌ ആഘോഷ പൂര്‍വ്വം സ്വീകരിച്ച്‌ ആനയിച്ചു തിരിച്ചു കൊണ്ടു വരുന്ന പതിവുണ്ട്‌. സോണിയാ ഗാന്ധിയെ അംഗീകരിക്കുവാന്‍ കഴിയില്ലെന്ന് പറഞ്ഞു പുറത്തു പോയി പുതിയ സംഘടന യുണ്ടാക്കിയ കരുണാകരനും സംഘവും തിരിച്ചു വരികയും അത്തരത്തില്‍ തിരിച്ചു വന്ന വ്യക്തിക്ക്‌ സ്ഥാന മാനങ്ങള്‍ നല്‍കുകയും ചെയ്യുന്ന നാണം കെട്ട നടപടികളില്‍ കേരളത്തില്‍ ഒരു മാധ്യമക്കാരനും ആശങ്കയോ അതിശയമോ തോന്നിയില്ല. അത്‌ പതിറ്റാണ്ടു കള്‍ക്ക്‌ മുന്‍പെ കോണ്‍ഗ്രസ്സിന്റെ സംസ്കാരമായി അവര്‍ അംഗീകരിച്ചു കഴിഞ്ഞു. അതില്‍ അവര്‍ക്ക്‌ അപാകതയോ അപരാധമോ തോന്നുന്നില്ല.
 
കോണ്‍ഗ്രസില്‍ നിന്നും വെല്ലു വിളിച്ചു പുറത്തു പോയ കെ. മുരളീധരന്‍ ഒരു ഘട്ടത്തില്‍ ഇടതു പക്ഷവുമായി സഹകരിച്ച്‌ കോണ്‍ഗ്രസ്സി നെതിരെ പ്രവര്‍ത്തിക്കുകയും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു. ഡി. എഫി നെതിരായി കേരളത്തില്‍ പലയിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി “കരുത്ത്‌” തെളിയിക്കുകയും ചെയ്തിട്ട്‌ ഇപ്പോള്‍, തന്നെയും സംഘത്തേയും യു. ഡി. എഫില്‍ എന്തു കൊണ്ട്‌ എടുക്കുന്നില്ല എന്നാണ്‌ ചോദിച്ചു നടക്കുന്നത്‌. ലജ്ജയില്ലാത്ത ഇത്തരം ചോദ്യങ്ങളെ നിര്‍ലജ്ജം പ്രേക്ഷകനു മുമ്പില്‍ അവര്‍ വിളമ്പുന്നു. ഇത്തരം അപഹാസ്യമായതും വൈരുധ്യാ ത്മകമായതുമായ വലതു പക്ഷ പൊറൊട്ടു നാടകങ്ങള്‍ കണ്ടാലും കണ്ടില്ലെന്ന് വെക്കുകയോ അതിനെ സാമാന്യ വല്‍ക്കരിക്കുകയോ ചെയ്യുന്ന മാധ്യമങ്ങള്‍ ഇടതു പക്ഷ പ്രസ്ഥാനങ്ങളിലെ പ്രത്യേകിച്ചു സി. പി. എമ്മിലെ സംഘടനാ വിഷയങ്ങളെ വക്രീകരിച്ചും വികലമായും വാര്‍ത്തകളാക്കി തുടര്‍ച്ചയായി പ്രസിദ്ധീക രിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്തു കൊണ്ടിരിക്കുന്നു.
 
ഇത്തരം അശ്ലീലങ്ങളെ അംഗീകരിക്കുകയും അവരുടെ ഒത്തു ചേരലുകളെ ആഘോഷ ങ്ങളാക്കുകയും ചെയ്യുന്ന മാധ്യമങ്ങള്‍ ഇന്ന് സി. പി. എം. പോലുള്ള ഇടതു പക്ഷ പ്രസ്ഥാനത്തെ ഇതുമായാണ്‌ താരതമ്യം ചെയ്യുന്നത്‌. വര്‍ഗ്ഗീയതയോടും ചൂഷണങ്ങളോടും ഒത്തു തീര്‍പ്പില്ലാതെ പൊരുതുന്ന ഇടതു പക്ഷ സംഘടനകളെ തകര്‍ക്കുക എന്ന ഉദ്ദേശ്യമാ ണിതിന്റെ പുറകില്‍.
 
ഇതിലും വലിയ സംഗതിയാണ്‌ സി. പി. എം. നേതാക്കന്മാരുടെ ജീവിത ശൈലിയെ കുറിച്ചുള്ള ആരോപണങ്ങള്‍. നേതാക്കന്മാര്‍ നെയ് മുറ്റിയവര്‍ ആണെന്ന് വരെ പറഞ്ഞു കളഞ്ഞു ചിലര്‍. സി. പി. എമുകാര്‍ മെല്ലിച്ച്‌ താടി വച്ച്‌ കട്ടന്‍ ചായയും ബീഡിയും പരിപ്പു വടയും ആയി ജീവിക്കണം എന്ന് എന്താണിത്ര നിര്‍ബന്ധം. സമൂഹത്തിന്റെ ജീവിത രീതിയില്‍ ഉണ്ടായ മാറ്റം ഇവര്‍ക്കും ബാധകമാണ്‌. അല്ലാതെ ഇവര്‍ ജീവിതത്തെ പട്ടിണിയും പരിപ്പു വടയുമായി മുന്നോട്ട് കൊണ്ടു പോകണം എന്ന് നിര്‍ബന്ധം പിടിക്കുവാന്‍ വിമര്‍ശകര്‍ക്ക്‌ എന്ത്‌ അവകാശം? പഴയ സഖാക്കളുടെ ജീവിത രീതിയല്ല ഇന്നത്തെ സഖാക്കളുടേത്‌. ഒന്നുകില്‍ അവര്‍ക്ക്‌ സ്വന്തമായി തൊഴില്‍ ഉണ്ടാകും, അല്ലെങ്കില്‍ അവരുടെ മക്കളും ഭാര്യയും എല്ലാം തൊഴില്‍ എടുക്കുന്നവരാണ്‌. അതു കൊണ്ടു തന്നെ അവരുടെ ജീവിതത്തില്‍ സമയാ സമയത്തിനു ഭക്ഷണം കഴിക്കുവാന്‍ കഴിയുന്നു. അതിനോട്‌ അസഹിഷ്ണുത നിറഞ്ഞ ഒരു മനോഭാവമാണ്‌ മുഴുവന്‍ വലതു പക്ഷങ്ങള്‍ക്കും.
 
ചെറു പ്രായത്തിലെ യുവ ജനങ്ങള്‍ ഇടതു പക്ഷ സംഘടനകളില്‍ അംഗങ്ങളാ കുന്നതില്‍ വ്യാകുലരായവര്‍ ആണ്‌ വിദ്യാലയ രാഷ്ടീയത്തെ ഭയത്തോടെ കാണുന്നതില്‍ അധികവും. വിദ്യാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനകളെ നിരോധിക്കുവാന്‍ മുറവിളി കൂട്ടുന്നവര്‍ വര്‍ഗ്ഗീയതയുടെ വിഷ വിത്തുകള്‍ വിതറുന്ന മത സംഘടനകളും അവരുടെ “ഫ്രണ്ടുകളും പരിഷത്തുകളും” ഉയര്‍ത്തുന്ന വെല്ലുവിളിയെ ബോധപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുന്നു. യുവാക്കളെ അരാഷ്ടീയ വല്‍ക്കരിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ ആണിന്ന് നടന്നു കൊണ്ടിരിക്കുന്നത്‌. ഇടതു പക്ഷ പ്രസ്ഥാനങ്ങളെയും അവയുടെ വിദ്യാര്‍ത്ഥി യുവ ജന സംഘടനകളെയും നിരന്തരം ഇകഴ്ത്തി ക്കാണിച്ചു കൊണ്ട്‌ സമൂഹത്തെ പൂര്‍ണ്ണമായും വലതു വല്‍ക്കരിക്കുവാന്‍ ഉള്ള ശ്രമങ്ങള്‍ തൊണ്ണൂറുകളിലേ ആരംഭിച്ചിട്ടുണ്ട്‌. സ്വശ്രയ വിദ്യാഭ്യാസ രംഗത്തെ പ്രശനങ്ങള്‍ക്ക്‌ പരിഹാരം കാണുവാനും സ്വകാര്യ സ്വാശ്രയ സംഘങ്ങളുടെ നീരാളി പ്പിടുത്തത്തില്‍ നിന്നും സാധാരണക്കാരെ രക്ഷിക്കുവാനും ഉള്ള ശ്രമങ്ങളെ തുരങ്കം വെക്കുന്നതും മറ്റാരുമല്ല ഇവിടത്തെ വലതു പക്ഷ ചേരിയാണ്‌.
 
വലതു പക്ഷങ്ങളുടെ മുതല ക്കണ്ണീരു കണ്ട്‌ തെറ്റിധരിക്കാതെ, ഇടതു പക്ഷത്തെ നിരന്തരമായ ദുഷ് പ്രചരണങ്ങളിലൂടെ തകര്‍ക്കുവാന്‍ ഉള്ള ശ്രമങ്ങളെ തിരിച്ചറിയുകയും അതിനെതിരെ സംഘടിക്കുകയും ചെയ്ത്‌ സാമൂഹ്യ നീതിക്കായും വര്‍ഗ്ഗീയ തക്കെതിരായം ഉള്ള പോരാട്ടങ്ങളും ഇനിയും തുടരുക എന്നത്‌ ഓരോ പ്രവര്‍ത്തകന്റേയും അനുഭാവിയുടേയും കടമയാണ്‌. വിഭാഗീയത യ്ക്കെതിരായ പാര്‍ട്ടി നടപടികളെ വെട്ടി നിരത്തലായി വിലയി രുത്താതെ അത്തരം ദുഷ് പ്രചരണങ്ങളെ ശക്തമായി പ്രതിരോധിച്ചു കൊണ്ടും അവഗണിച്ചു കൊണ്ടും യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറി യാത്തവര്‍ക്കായി പാര്‍ട്ടി സംഘടനാ രീതിയെ പറ്റി വിശദീകരിച്ചു കൊണ്ടും പാര്‍ട്ടിയെ തകര്‍ക്കുവാന്‍ ഉള്ള ശ്രമങ്ങളെ പ്രതിരോധിക്കുക. സംഘടിച്ച്‌ ശക്തരായി പോരാട്ടങ്ങളില്‍ മുന്നണി പ്പോരാളിയായി നല്ലോരു നാളെയെ നമുക്കായി ഒന്നിച്ച്‌ പടുത്തുയര്‍ത്താം. അഭിവാദ്യങ്ങളോടെ.
 
n.മനു
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഓണത്തിന് കാര്‍ഷിക മേള

July 14th, 2009

കേന്ദ്ര കൃഷി മന്ത്രാല യത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ച്‌ ഓണത്തി നോടനുബ ന്ധിച്ച്‌ ആഗസ്റ്റ്‌ അവസാന വാരം കൊച്ചിയില്‍ കാര്‍ഷിക മേള നടത്തുവാന്‍ തീരുമാനമായി. കാര്‍ഷിക മേളയോട നുബന്ധിച്ച്‌ വിപുലമായ കാര്‍ഷിക ഉല്‍പ്പനങ്ങളുടെയും സംസ്കരണത്തിന്റെയും പ്രദര്‍ശനവും ഒരുക്കുന്നുണ്ട്‌. കാര്‍ഷിക മേഖലയെയും പച്ചക്കറി കൃഷി, മൃഗ സംരക്ഷണം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും മേളയോട നുബന്ധിച്ച്‌ ഉണ്ടായിരിക്കും.
 
വിവിധ പ്രദേശങ്ങളിലെ ഭക്ഷ്യ ഇനങ്ങള്‍ ഉള്‍ക്കൊളളിച്ച ഭക്ഷ്യ മേളയും വിവിധ പഴ വര്‍ഗ്ഗങ്ങളുടെ പ്രത്യേക പ്രദര്‍ശനവും മേളയെ ആകര്‍ഷകമാക്കും. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങളും കാര്‍ഷിക രംഗവുമായി ബന്ധപ്പെട്ട വിവിധ കലാ പരിപാടികളും മേളയോട നുബന്ധിച്ച്‌ സംഘടിപ്പിച്ച്‌ ജനങ്ങളെ മേളയിലേക്ക്‌ ആകര്‍ഷിക്കുവാന്‍ ഒരുക്കുന്നുണ്ട്‌. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുളള കാര്‍ഷിക സ്ഥാപനങ്ങളും മേളയില്‍ പങ്കെടുക്കും.
 
എറണാകുളം ജില്ലാ കളക്ടര്‍ കണ്‍വീനറായും നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ ബോര്‍ഡിന്റെ എം. ഡി. ചീഫ്‌ കണ്‍വീനറായും കാര്‍ഷിക മേളയ്ക്ക്‌ നേതൃത്വം നല്‍കുന്നതിനായ്‌ ഒരു കമ്മറ്റി രൂപീകരിച്ചു. കേന്ദ്ര കൃഷി മന്ത്രി ശരത്ത്‌ പവാര്‍ കേരളാ മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍, കേന്ദ്ര കൃഷി സഹമന്ത്രി പ്രോഫ. കെ. വി. തോമസ്‌, സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരന്‍ എന്നിവര്‍ മുഖ്യ രക്ഷാധികാ രികളായിരിക്കും. കേന്ദ്ര കൃഷി സഹമന്ത്രി പ്രോഫ. കെ. വി. തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗമാണ്‌ കമ്മറ്റി രൂപീകരിച്ചതു. യോഗത്തില്‍ സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരനും എറണാകുളം ജില്ലാ കളക്ടര്‍ ഡോ. ബീനയും മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
 
കൊച്ചീക്കാരന്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ചേറ്റുവ അഴിമുഖത്ത്‌ കേന്ദ്ര സഹായം ഉപയോഗിച്ച്‌ പുലിമുട്ട്‌ നിര്‍മിക്കും – പി.സി. ചാക്കോ

July 14th, 2009

ചാവക്കാട്‌ : കേന്ദ്ര സര്‍ക്കാരിന്റെ നൂറു ശതമാനം ഫണ്ട്‌ ഉപയോഗിച്ച്‌ ചേറ്റുവ അഴിമുഖത്ത്‌ പുലിമുട്ട്‌ നിര്‍മിക്കാന്‍ സമ്മര്‍ദം ചെലുത്തുമെന്ന്‌ പി. സി. ചാക്കോ എം. പി. പറഞ്ഞു. കടപ്പുറം മണ്ഡലം യു. ഡി. എഫ്‌. കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തില്‍ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം. ചേറ്റുവ ഫിഷിങ്‌ ലാന്റിങ്‌ സെന്ററിനെ തുറമുഖമാക്കി വികസിപ്പിക്കും. ചേറ്റുവ ടോള്‍ നിര്‍ത്തലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.
 
ഒ. അബ്ദു റഹിമാന്‍ കുട്ടി, പി. കെ. അബൂബക്കര്‍ ഹാജി, സി. എച്ച്‌. റഷീദ്‌, കെ. എം. ഖാദര്‍, കെ. സി. വീരമണി, വി. കെ. ഷാഹു ഹാജി, സി. കാദര്‍, പി. വി. ഉമ്മര്‍ കുഞ്ഞി, സി. മുസ്‌താഖലി, പൊറ്റയില്‍ മുംതാസ്‌, പി. കെ. ബഷീര്‍, ടി. കെ. മുബാറക്‌, ടി. കെ. ഹമീദ്‌, ആര്‍. എസ്‌. ഷറഫുദ്ദീന്‍ തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. കടപ്പുറം പഞ്ചായത്തിലെ കടല്‍ ക്ഷോഭ ബാധിത പ്രദേശങ്ങള്‍ പി. സി. ചാക്കോ സന്ദര്‍ശിച്ചു. ചാവക്കാട് മണ്ഡലം യു. ഡി. എഫ്‌. കമ്മിറ്റി പി. സി. ചാക്കോ എം. പി. ക്ക്‌ സ്വീകരണം നല്‌കി. ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ജമാല്‍ പെരുമ്പാടി ഉദ്‌ഘാടനം
ചെയ്‌തു. താഴത്ത്‌ കുഞ്ഞി മരക്കാര്‍ അധ്യക്ഷനായി. പി. കെ. അബുബക്കര്‍ ഹാജി, സി. എച്ച്‌. റഷീദ്‌, ഒ. അബ്ദു റഹിമാന്‍ കുട്ടി, പി. എ. മാധവന്‍, ഫിറോസ്‌ പി. തൈപറമ്പില്‍, കെ. എസ്‌. ബാബു രാജ്‌, അക്‌ബര്‍ കോനോത്ത്‌, ബീന രവി ശങ്കര്‍,
കെ. എസ്‌. ബദറുദ്ദീന്‍, പി. വി. അഷറഫ്‌ അലി, കെ. ഷാഹു, എ. എ. ജയ കുമാര്‍, എ. കെ. സത്യന്‍, കെ. വി. കൃഷ്‌ണന്‍ കുട്ടി, ഇ. പി. അബ്ദു റഹിമാന്‍, പി. വി. സുലൈഖ, ആര്‍. കെ. നൗഷാദ്‌ എന്നിവര്‍ പ്രസംഗിച്ചു. ഒരുമനയൂര്‍ മണ്ഡലം യു. ഡി. എഫ്‌. കമ്മിറ്റി നല്‌കിയ സ്വീകരണം എന്‍. ടി. ഹംസ ഹാജി ഉദ്‌ഘാടനം ചെയ്‌തു. അബ്ദുള്‍ ഖാദര്‍ അധ്യക്ഷനായി. ജമാല്‍ പെരുമ്പാടി, എ. സലീം, കെ. ജെ. ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
 
ദാവൂദ് ഷാ

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പോയി തുലയൂ, ഇവിടം നിറഞ്ഞു!

July 3rd, 2009

Terrie-Anne-Verneyഓസ്ട്രേലിയയിലെ വെള്ളക്കാരുടെ വംശ വെറി ആളി കത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒട്ടേറെ വെബ് സൈറ്റുകളുടേയും ചില ഇന്റര്‍നെറ്റ് അധിഷ്ഠിത സാമൂഹ്യ ശൃംഖലകളുടേയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ടെറി ആന്‍ എന്ന റേഡിയോ അവതാരക ഇന്നലെ പിടിക്കപ്പെട്ടു. ഇവര്‍ നിയന്ത്രിച്ച സൈറ്റുകളില്‍ ഏറ്റവും പ്രധാനവും ഓസ്ട്രേലിയയിലെ വംശ വെറിയന്മാരുടെ ഇടയില്‍ ഏറെ പ്രിയങ്കരവും ആയി തീര്‍ന്ന ഫേസ്ബുക്ക് പേജിന്റെ പേരാണ് “F— Off, We’re Full” എന്നത്. അതിനെ മലയാളത്തില്‍ ഇങ്ങനെ മാത്രമേ വിവര്‍ത്തനം ചെയ്യാന്‍ കഴിയൂ – “പോയി തുലയൂ, ഇവിടം നിറഞ്ഞു!”
 
ഇവരുടെ നിയന്ത്രണത്തിലുള്ള മറ്റ് ഫേസ്ബുക്ക് പേജുകള്‍ ഇവയാണ്: “Stop the Islamisation of Australia while we still can”, “Australian Conservative United Party”, the “Australian Protectionist Party”, “Australians against Multiculturalism”.
 
ഫേസ്ബുക്കില്‍ പ്രകോപനപരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ഇംഗ്ലിഷ് ശരിയായി സംസാരിക്കാന്‍ അറിയാത്ത വിദേശ കുടിയേറ്റക്കാരെ ഇവര്‍ പരിഹസിക്കുന്നു. ഇസ്ലാമിക ജീവിത രീതി ഓസ്ട്രേലിയന്‍ ജീവിത ശൈലിയെ നശിപ്പിക്കുന്നു എന്ന് ഇവര്‍ ആരോപിക്കുന്നു. ആക്രമണത്തിന് ഇരയായിട്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് തിരിച്ചു പോവാത്തതെന്ത് എന്ന് ഇവര്‍ ചോദിക്കുന്നു.
 
ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന്റെ പേരും പറഞ്ഞ് സഹതാപം തേടി നടക്കുന്നതിനു പകരം തിരികെ സ്വന്തം നാട്ടില്‍ പോയി പഠിക്കുകയാണ് വേണ്ടത്. സര്‍ദാര്‍മാരുടെ തലപ്പാവിനെ പറ്റിയാവണം അവര്‍ ഇന്ത്യക്കാരുടെ തലക്ക് ചുറ്റും ഉള്ള അമേധ്യം (shit) എന്നത് കൊണ്ട് ഉദ്ദേശിച്ചത്. ഇത് തലക്കു ചുറ്റും കിടക്കുന്നത് കൊണ്ട് ഇന്ത്യാക്കാരുടെ തലച്ചോറിന് സാരമായ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തലച്ചോര്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് അവരെ ഇവിടെ ആരും സ്വാഗതം ചെയ്യുന്നില്ല എന്നത് ഇനിയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാവാത്തത്. തലയിലേക്ക് ഒരു തോക്ക് കുത്തിക്കയറ്റിയാലെ ഇതൊക്കെ ഇവരുടെ തലയില്‍ കയറൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു.
 
എന്നാല്‍ ഈ വാര്‍ത്ത ഓസ്ട്രേലിയയിലെ സിഡ്നി മോണിങ് ഹെറാള്‍ഡ് എന്ന പത്രം പുറത്തു വിട്ടതോടെ റേഡിയോ അവതാരിക വെട്ടിലായിരിക്കുകയാണ്. ഇവര്‍ക്കെതിരെ റേഡിയോ സ്റ്റേഷന്‍ നടപടിയുമെടുത്തു. ഇത്തരം പെരുമാറ്റം തങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല എന്ന് വ്യത്യസ്ത സംസ്ക്കാരങ്ങള്‍ക്ക് വേണ്ടി പരിപാടികള്‍ അവതരിപ്പിക്കുന്ന 2MIA എന്ന റേഡിയോ സ്റ്റേഷന്‍ അധികാരികള്‍ വ്യക്തമാക്കി. ഈ വിവരങ്ങള്‍ തങ്ങള്‍ ഇന്നലെയാണ് അറിഞ്ഞത്. ഇത് തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് എന്നും സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു.
 
“F— Off, We’re Full” എന്ന ഈ വംശ വെറിയന്‍ മുദ്രാവാക്യം പക്ഷെ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്.
 

FOWF-tshirt

 
ഓസ്ട്രേലിയന്‍ ദേശീയ ദിന ആഘോഷ വേളയില്‍ ഒട്ടേറെ ചെറുപ്പക്കാര്‍ ഈ മുദ്രാവാക്യം ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നു.
 

FOWF-body-art

 
പലരും തങ്ങളുടെ ദേഹത്ത് ഇത് വരച്ചു വെക്കുകയും ചെയ്തു.
 

FOWF-car-sticker FOWF-car-sticker

 
വാഹനങ്ങളുടെ മേല്‍ ഈ മുദ്രാവാക്യം എഴുതിയ സ്റ്റിക്കറുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
 
എല്ലാ സംസ്കാരങ്ങളേയും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതില്‍ ഒരു കാലത്ത് പുകള്‍ പെറ്റ ഓസ്ട്രേലിയയുടെ അടുത്ത കാലത്തെ ഈ വംശീയ അധഃപതനം ഏറെ ആശങ്കകള്‍ ഉളവാക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്താല്‍ ബ്രിട്ടനില്‍ നിന്ന് നാട് കടത്തപ്പെട്ട കുറ്റവാളികള്‍ ആണ് ഓസ്ട്രേലിയയിലെ ആദ്യ കുടിയേറ്റക്കാര്‍. ഇവരുടെ പിന്മുറക്കാര്‍ ഇത്തരത്തില്‍ ക്രിമിനല്‍ വാസനകള്‍ കാണിച്ചില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ എന്ന്‍ ചിലര്‍ കമന്റുകളില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
 
“പോയി തുലയൂ, ഇവിടം നിറഞ്ഞു!” എന്ന് ഈ വെള്ളക്കാരോട് വിളിച്ചു പറയാന്‍ ഇവിടത്തെ മണ്ണിന്റെ മക്കള്‍ ആയ അബോറിജിനുകള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് ഈ വംശ വെറി കണ്ടു മടുത്ത ഒരു സഹൃദയനായ വെള്ളക്കാരന്‍ തന്നെ ഒരു ഫേസ്ബുക്ക് പേജില്‍ കമന്റ് എഴുതിയത് ശ്രദ്ധേയമാണ്.
 
ഗീതു
 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

10 of 1791011»|

« Previous Page« Previous « My dear Lohi, may your soul rest in peace in eternity.
Next »Next Page » ചേറ്റുവ അഴിമുഖത്ത്‌ കേന്ദ്ര സഹായം ഉപയോഗിച്ച്‌ പുലിമുട്ട്‌ നിര്‍മിക്കും – പി.സി. ചാക്കോ »



  • ഗാസയിലെ മനുഷ്യക്കുരുതി ഉടനെ നിര്‍ത്തണം
  • ഒന്നിനും കൊള്ളാത്ത പ്രവാസികാര്യ വകുപ്പും ഒന്നും ചെയ്യാത്ത പ്രവാസികാര്യ മന്ത്രിയും ഓശാന പാടാന്‍ ശിഖണ്ഡികളായ ചില പ്രവാസികളും
  • ഇന്ന് അനശ്വര രക്തസാക്ഷി സര്‍ദാര്‍ ഭഗത് സിങ്ങിന്റെ ജന്മദിനം
  • സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളി തുറന്നു പറഞ്ഞ മഹാനടന്‍
  • മലയാളിയും ക്രെഡിറ്റ്‌ കാര്‍ഡും – ഭാഗം 1
  • നിയമം പിള്ളേടെ വഴിയേ…
  • സിനിമയുടെ ശീര്‍ഷാസനക്കാഴ്ച: കൃഷ്ണനും രാധയും
  • വേട്ടയാടുന്ന ദൃശ്യങ്ങള്‍
  • പോന്നോണം വരവായി… പൂവിളിയുമായി
  • ദൂരം = യു. ഡി. എഫ്.
  • അച്യുതാനന്ദനെ കോമാളി എന്ന് വിളിച്ച പത്രപ്രവര്‍ത്തകന്‍ മാപ്പ് പറയണം
  • വി. എസ്. തന്നെ താരം
  • അഴിമതി വിരുദ്ധ ജന വികാരം യു.ഡി.എഫിന് എതിരായ അടിയൊഴുക്കായി
  • ഗാന്ധിയന്മാരുടെ പറന്നു കളി
  • മോശം പ്രകടനവുമായി ശ്രീശാന്ത്
  • നമ്മുടെ ചിഹ്നം ഐസ്ക്രീം…
  • കുഞ്ഞൂഞ്ഞിന്റെ സിന്ധുകുഞ്ഞാട്
  • ഡോ. പി. കെ. ആര്‍. വാര്യര്‍ വിട വാങ്ങി
  • കൊല കൊമ്പന്മാരുടെ ചിത്രങ്ങള്‍
  • മുഖ്യ തല ആരുടെ കുഞ്ഞൂഞ്ഞൊ? ചെന്നിത്തലയോ



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine