പനാജി: അടുത്ത ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നയിക്കും. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗോവയിലെ പനാജിയില്‍ നടന്ന ബി.ജെ.പി ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിലാണ് മോഡിയെ മുഖ്യപ്രചാരകനായി തിരഞ്ഞെടുത്തത്. ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ. അഡ്വാനിയും അദ്ദേഹത്തെ അനുകൂലിക്കുന്ന ഉമാഭാരതി, ശത്രുഘ്‌നന്‍ സിഞ, ജസ്വന്ത സിങ്ങ് തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ചിലരും യോഗത്തില്‍ നിന്നും വിട്ടു നിന്നെങ്കിലും പാര്‍ട്ടിയെ ഒരു പ്രബല വിഭാഗം നരേന്ദ്ര മോഡിയെ നായക്കണമെന്ന് നിലപാടില്‍ ഉറച്ചു നിന്നു. ഗുജറാത്തില്‍ തുടര്‍ച്ചയായി വിജയം കൈവരിച്ചു കൊണ്ടിരിക്കുന്ന മോഡിക്ക് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുവാന്‍ നല്ല കഴിവുണ്ടെന്നും കൂടാതെ വികസന നായകന്‍ എന്ന പ്രതിച്ഛായ അദ്ദേഹത്തിനു വേണ്ടു വോളം ഉണ്ടെന്നും വരുന്ന തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിക്ക് പ്രയോജനം ചെയ്യുമെന്നും അവര്‍ വാദിച്ചു. ആര്‍.എസ്.എസും മോഡിക്ക് അനുകൂലമായ നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ തന്നില്‍ വിശ്വാസം അര്‍പ്പിച്ചുവെന്നും. കോണ്‍ഗ്രസ്സില്‍ നിന്നും മുത്മായ ഭാരതം കെട്ടിപ്പടുക്കുവാന്‍ ലഭിക്കുന്ന ഒരു കല്ലും താന്‍ പാഴാക്കില്ലെന്നും തന്നെ അനുകൂലിച്ചവര്‍ക്കും അനുഗ്രഹിച്ചവര്‍ക്കും നന്ദിരേഖപ്പെടുത്തുന്നതായും മോഡി വ്യക്തമാക്കി.യു.പി.എ. സര്‍ക്കാറിന്റെ അഴിമതിയും വികസന മുരടിപ്പും ആയിരിക്കും നരേന്ദ്ര മോഡി പ്രധാനമായും തിരഞ്ഞെടുപ്പിനു വിഷയമാക്കുക.
ബി.ജെ.പി രൂപീകരണത്തിനു ശേഷം ഇന്നേവരെ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും വിട്ടു നില്‍ക്കാത്ത അഡ്വാനി ഗോവയിലെ നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മോഡിയോടുള്ള എതിര്‍പ്പാണ് അദ്ദേഹം യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുവാനുള്ള കാരണമെന്ന് ഒരു വിഭാഗം പറയുന്നു. എന്നാല്‍ അനാരോഗ്യം മൂലമാണ് അഡ്വാനി യോഗത്തില്‍ എത്താതിരുന്നതെന്നാണ് ബി.ജെ.പി. ദേശീയ വക്താവിന്റെ വിശദീകരണം. കേരളത്തില്‍ നിന്നും ഒ.രാജഗോപാല്‍, പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, ഉമാകാന്തന്‍, സി.കെ.പത്മനാഭന്‍, പി.എസ്.ശ്രീധരന്‍ പിള്ള തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
വളരെ താഴ്ന്ന സാമ്പത്തിക നിലയില്‍ നിന്നുമാണ് നരേന്ദ്ര മോഡി എന്ന രാഷ്ടീയ പ്രവര്‍ത്തകന്റെ കടന്നു വരവ്. കൌമാരകാലത്ത് സഹോദരനൊപ്പം ചായക്കടയില്‍ ജോലി ചെയ്തിട്ടുണ്ട് അദ്ദേഹം. ചെറുപ്പത്തിലെ തന്നെ ആര്‍.എസ്.എസ് പ്രചാരകനായി പൊതു പ്രവര്‍ത്തനം ആരംഭിച്ച നരേന്ദ്ര മോഡി പിന്നീട് ബി.ജെ.പിയില്‍ എത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്ന് 2001 ഒക്ടോബര്‍ 7നു കേശുഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് മോഡി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി ചുമതയേല്‍ക്കുന്നത്. ഭരണ തന്ത്രഞ്ജന്‍ എന്ന നിലയിലും മികച്ച സംഘാടകന്‍ എന്ന നിലയിലും വളരെ പെട്ടെന്ന് തന്നെ മോഡി ശ്രദ്ദേയനായി. തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയെ ഗുജറാത്തില്‍ വിജയത്തില്‍ എത്തിച്ചതില്‍ മോഡിയുടെ കഴിവ് നിര്‍ണ്ണായകമാണ്. മുഖ്യമന്ത്രിയായിരിക്കെ നടന്ന ഗുജറാത്ത് കലാപം മോഡിയുടെ പേരിനൊപ്പം തീരാ കളങ്കമായി മാറി. വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ആവശ്യമായ സൌകര്യങ്ങള്‍ ഒരുക്കി വികസനത്തിന്റെ വക്താവായിക്കൊണ്ടാണ് ഇതിനെ മോഡി മറികടക്കുവാന്‍ ശ്രമിക്കുന്നത്.പാര്‍ട്ടിക്ക് അകത്തും പുറത്തും ഉള്ള എതിര്‍പ്പുകളെ സധൈര്യം നേരിട്ടു കൊണ്ടാണ് നരേന്ദ്ര മോഡി എന്ന രാഷ്ടീയ പ്രവര്‍ത്തകന്‍ എന്നും വിജയങ്ങള്‍ കൈവരിച്ചിട്ടുള്ളത്. ബി.ജെ.പിയിലെ ഏറ്റവും മുതിര്‍ന്ന നേതാവ് എല്‍.എകെ. അഡ്വാനിക്ക് പോലും ഇപ്പോള്‍ ആ നിശ്ചയദാര്‍ഢ്യത്തിനു മുമ്പില്‍ മുട്ടു മടക്കേണ്ടി വന്നു.
തിരഞ്ഞെടുപ്പിന്റെ ചുക്കാന്‍ നരേന്ദ്രമോഡിയെ ഏല്പിച്ചതോടെ ബി.ജെ.പിക്ക് അകത്തും പുറത്തുമുള്ള മോഡിവിരുദ്ധ ക്യാമ്പുകള്‍ പൂര്‍വ്വാധികം സജീവമായി. ഓണ്‍ലൈനില്‍ ഉള്‍പ്പെടെ നിരവധി പോസ്റ്റുറുകളും പ്രത്യക്ഷപ്പെട്ടു. ഗുജറാത്ത് കലാപമാണ് ബി.ജെ.പിക്ക് പുറത്തുള്ള മോഡി വിരുദ്ധര്‍ ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യയിലെ ആദ്യത്തെ വര്‍ഗ്ഗീയ കലാപമല്ല 1992-ല്‍ ഗുജറാത്തില്‍ നടന്നതെന്നും ഇന്ദിരാഗാന്ധി വധത്തെ തുടര്‍ന്ന് നടന്ന സിഖ് കൂട്ടക്കൊല മുതല്‍ കേരളത്തി നടന്ന മാറാട് കലാപം വരെ മോഡിയെ അനുകൂലിക്കുന്നവര്‍ മറുപടിയായി ഉയര്‍ത്തിക്കാട്ടുന്നു.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം