അഹമ്മദാബാദ്: ഗോധ്ര കലാപത്തെ കുറിച്ച് അന്വേഷിക്കുന്ന നാനാവതി കമ്മീഷനു മുന്നില്‍ മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഗോധ്ര കലാപ കേസില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ നില വീണ്ടും പരുങ്ങലിലാക്കുന്നു. ഗോധ്ര തീവണ്ടി തീവയ്പിനു ശേഷം നടന്ന കലാപ കാലത്തെ പറ്റിയുള്ള പ്രധാനപെട്ട രേഖകളായ ടെലഫോണ്‍ കോള്‍ രേഖകള്‍, ഓഫീസര്‍മാരുടെ യാത്രാ രേഖകള്‍, വാഹനങ്ങളുടെ ലോഗ് ബുക്ക് തുടങ്ങിയ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പക്കലുണ്ടായിരുന്ന രേഖകള്‍ 2007-ല്‍ നശിപ്പിക്കപ്പെട്ടു എന്നാണ് സഞ്ജീവ് ഭട്ട് കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയത്.
ഗോധ്ര തീവയ്പിനു ശേഷം നടന്ന കലാപത്തില്‍ ആക്രമണകാരികളെ അനുകൂലിക്കുന്ന നടപടിയാണ് മോഡി സ്വീകരിച്ചത് എന്ന് താന്‍ കലാപ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു എങ്കിലും അത് അവഗണിക്കപ്പെട്ടു എന്നും ഗോധ്ര സംഭവത്തിനു തൊട്ടടുത്ത ദിവസം നടന്ന ഉന്നത പൊലീസ് ഓഫീസര്‍മാരുടെ യോഗത്തില്‍ താനും പങ്കെടുത്തിരുന്നു എന്നും യോഗത്തില്‍ വച്ച് മോഡി മുസ്ലീം വിരുദ്ധ നിലപാട് കൈക്കൊണ്ടു എന്ന് മുന്‍പ് പറഞ്ഞതില്‍ താന്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് ഭട്ട് സുപ്രീം കോടതിയില്‍ സത്യവാങ്ങ്‌മൂലവും സമര്‍പ്പിച്ചിരുന്നു. നരേന്ദ്ര മോഡി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്ത മറ്റു പൊലീസ് ഓഫീസര്‍മാരെല്ലാം ഭട്ട് യോഗത്തില്‍ പങ്കെടുത്തു എന്ന വസ്തുത നിഷേധിച്ചിരുന്നു. എന്നാല്‍, 2002-ലെ രേഖകള്‍ ഇപ്പോഴുണ്ടാവില്ല എന്ന് അറിയാവുന്ന സഞ്ജീവ് ഭട്ട് അക്കാര്യം മുതലെടുക്കാനാണ് ശ്രമിക്കുന്നത് എന്ന് സര്‍ക്കാരിന്റെ അഭിഭാഷകന്‍ ആരോപിച്ചു. നിശ്ചിത സമയത്തിനു ശേഷം ഇത്തരം രേഖകള്‍ സര്‍ക്കാര്‍ നശിപ്പിച്ചു കളയാറുണ്ട് എന്ന് ഭട്ടിന് വ്യക്തമായി അറിയാമെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, കുറ്റകൃത്യം, കോടതി, തീവ്രവാദം, മനുഷ്യാവകാശം