ന്യൂഡല്‍ഹി : സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിച്ചു കൊണ്ട് രാജ്യത്തെ എണ്ണ കമ്പനികള്‍ പെട്രോള്‍ വില വീണ്ടും ഉയര്‍ത്തി. ഇന്നലെ രാത്രി മുതല്‍ ലിറ്ററിന് 1.80 രൂപയാണ് പെട്രോള്‍ വിലയില്‍ വന്ന വര്‍ദ്ധനവ്. ഈ വര്‍ഷത്തെ അഞ്ചാമത് പെട്രോള്‍ വില വര്‍ദ്ധനവാണ് ഇത്. രാജ്യത്തെ പലിശ നിരക്ക് 4 ശതമാനം കൂടിയതും ഭക്ഷ്യ വില 5 ശതമാനം വര്‍ദ്ധിച്ചതും കണക്കിലെടുക്കുമ്പോള്‍ ഇത് സാധാരണ ജനത്തിന് മേല്‍ അടിച്ചേല്‍പ്പിക്കുന്ന അധിക ഭാരം കടുത്തതാണ്. പെട്രോള്‍ വില നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ അധികാരം എടുത്തു മാറ്റി വില സ്വന്തമായി നിശ്ചയിക്കാനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക് വിട്ടു കൊടുത്തതോടെ ഈ വര്ഷം 23 ശതമാനമാണ് കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചത്.
2010 ജൂണില്‍ പെട്രോളിന്റെ വില നിശ്ചയിക്കുവാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടു നല്‍കുവാന്‍ കേന്ദ്ര ഗവണ്മെന്റ് തീരുമാനിച്ചിരുന്നു. ഇത് എണ്ണക്കമ്പനികള്‍ക്ക് രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുവാന്‍ അവസരമൊരുക്കുമെന്ന് പറഞ്ഞ് ഇടതു പക്ഷ രാഷ്ടീയ കക്ഷികള്‍ അന്ന് ഇതിനെ ശക്തമായി എതിര്‍ത്തു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില കുറയുമ്പോള്‍ പെട്രോളിനു വില കുറയുമെന്ന് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍ തല്‍ക്കാലം തടി തപ്പി. വില നിശ്ചയിക്കുവാനുള്ള അധികാരം ലഭിച്ചതിനു ശേഷം എണ്ണക്കമ്പനികള്‍ പല തവണ പെട്രോളിന്റെ വില വര്‍ദ്ധിപ്പിച്ചു. എന്നാല്‍ ആഗോള വിപണിയില്‍ വലിയ തോതില്‍ ക്രൂഡോയിലിനു വിലയിടിഞ്ഞപ്പോളും ഇന്ത്യയില്‍ തുച്ഛമായ വിലക്കുറവാണ് എണ്ണക്കമ്പനികള്‍ വരുത്തിയത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, ഇന്ത്യന്‍ രാഷ്ട്രീയം, പ്രതിഷേധം, സാമ്പത്തികം