ഡല്‍ഹി : പ്രധാന മന്ത്രിയുടെ ഓഫീസിലും ചൈന സൈബര്‍ ആക്രമണം നടത്തിയതായി സൂചന. എന്നാല്‍ ഇതിനായി ചൈനീസ് ഹാക്രമികള്‍ (ഹാക്ക് ചെയ്യുന്ന ആക്രമികള്‍) റഷ്യയിലെയും, ദക്ഷിണ അമേരിക്കയിലേയും, കാലിഫോര്‍ണിയയിലെയും ഗേറ്റ് വേകള്‍ ആണ് ഉപയോഗിച്ചത് എന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രധാന മന്ത്രിയുടെ ഓഫീസിലെ pmo@nic.in എന്ന ഈമെയില്‍ വായിക്കുവാനായി ഹാക്രമികള്‍ ശ്രമിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഉദ്യമം പരാജപ്പെട്ടു എന്നാണ് കരുതപ്പെടുന്നത്.
ഇന്ത്യയുടെ സുപ്രധാന സൈനിക നയതന്ത്ര വ്യാവസായിക ശൃംഖല യുടെ ഇന്റര്‍നെറ്റ് അടിത്തറ ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയമാണ് എന്ന് ഇന്ത്യന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യയോട് ശത്രുതയുള്ള രാജ്യങ്ങള്‍ ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള സാധ്യത വളരെ ഏറെയാണ്. പ്രത്യേകിച്ചും ഇന്ത്യയില്‍ സൈനികമായും, നയതന്ത്ര പരമായും, ആഭ്യന്തരമായും, ആഗോള വ്യാപാര രംഗത്തും താല്പര്യങ്ങളുള്ള ചൈന. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ചൈന സൈബര്‍ ആക്രമണ രംഗത്ത് ഏറെ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. ഇതിനായി ഒരു പ്രത്യേക സൈബര്‍ സൈന്യം തന്നെ ചൈന ഒരുക്കിയിട്ടുമുണ്ട്. 300,000 ഹാക്രമികളാണ് ഈ സൈബര്‍ സൈന്യത്തില്‍ ഉള്ളത് എന്നാണ് ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനുമാനം.
ചൈന ഇന്ത്യയെ ആക്രമിക്കുന്നത് ഇത് ആദ്യ സംഭവമല്ല എന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.



ഗുള്‍ബാഗ് സൊസൈറ്റി കൂട്ട കൊലയില്‍ കൊല്ലപ്പെട്ട പാര്‍ലമെന്റ് അംഗം എഹ്‌സാന്‍ ജാഫ്രി പ്രാണ രക്ഷാര്‍ത്ഥം സഹായത്തിനായി നരേന്ദ്ര മോഡിയെ ഫോണില്‍ വിളിച്ചപ്പോള്‍ മോഡി സഹായിക്കാന്‍ നിരസിക്കുക മാത്രമല്ല ജാഫ്രിയെ അധിക്ഷേപി ക്കുകയും ചെയ്തു എന്ന് കൂട്ട കൊലയില്‍ നിന്നും രക്ഷപ്പെട്ടയാള്‍ കോടതിയില്‍ സാക്‍ഷ്യപ്പെടുത്തി. കൂട്ട കൊല നടത്തിയ 24 ഓളം പേരെ സാക്ഷി പിന്നീട് തിരിച്ചറിയുകയും ചെയ്തു. 2002 ഫെബ്രുവരി 28ന് മൃത ദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയുന്ന നിലയില്‍ ആയിരുന്നു എന്നും എന്നാല്‍ രണ്ടു ദിവസം കഴിഞ്ഞു കണ്ടപ്പോള്‍ അവ തിരിച്ചറിയാന്‍ ആവാത്ത വിധം ചുട്ടു കരിക്കപ്പെട്ട നിലയിലായിരുന്നു എന്നും ഇയാള്‍ കോടതിക്കു മുന്‍പാകെ മൊഴി നല്‍കി.
ഡല്‍ഹി : വിഖ്യാത സിത്താര്‍ വിദ്വാന്‍ പണ്ഡിറ്റ് രവിശങ്കറിന്റെ പുത്രിയെ സ്വകാര്യ ചിത്രങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം പിടുങ്ങാന്‍ ശ്രമിച്ച ജുനൈ ഖാന്‍ ഡല്‍ഹി കോടതിയില്‍ ജാമ്യത്തിനു ശ്രമിക്കുന്നു. എന്നാല്‍ പോലീസ് ഈ നീക്കത്തെ ചെറുക്കുന്നുണ്ട്. സെപ്റ്റെംബര്‍ പതിനാലിന് മുംബൈയില്‍ വെച്ച് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്ലിന്റെ പിടിയിലായ ഖാന്‍ ഒന്നേകാല്‍ ലക്ഷം ഡോളറാണ് ചിത്രങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയ്ക്ക് റഷ്യയില്‍ 17 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. ഇതില്‍ ആകെ ഒരു കേസില്‍ മാത്രമാണ് പ്രതികള്‍ ശിക്ഷിക്കപ്പെട്ടത്. ജനാധിപത്യ വ്യവസ്ഥിതി യിലേയ്ക്ക് മാറിയ ശക്തമായ ഒരു രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും നാണക്കേട് ഉളവാക്കുന്ന കണക്കുകളാണ്. മാധ്യമ പ്രവര്‍ത്തകരുടെ സംരക്ഷണ സമിതി (കമ്മിറ്റി ടു പ്രൊട്ടെക്ട് ജേണലിസ്റ്റ്സ്) എന്ന സംഘടനയുടെ അന്വേഷണ റിപ്പോര്‍ട്ടാണ് ഈ ഞെട്ടിയ്ക്കുന്ന വസ്തുതകള്‍ പുറത്ത് കൊണ്ടു വന്നത്. മാധ്യമ പ്രവര്‍ത്തനത്തെ തുടര്‍ന്നുണ്ടായ ശത്രുതയാണ് ഈ കൊലപാത കങ്ങള്‍ക്ക് കാരണമായത് എന്ന് റിപ്പോര്‍ട്ട് ചൂണ്ടി കാണിക്കുന്നു.
സി.ബി.ഐ. അന്വേഷിച്ച സിസ്റ്റര്‍ അഭയ വധ ക്കേസിലെ പ്രതികളായ സിസ്റ്റര്‍ സെഫി, ഫാദര്‍ ജോസ് പുതൃക്കയില്‍ എന്നിവരെ ബാംഗ്ലൂരില്‍ വെച്ച് നാര്‍കോ അനാലിസിസിന് വിധേയമാക്കിയതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നലെ കേരളത്തിലെ മാധ്യമങ്ങള്‍ പുറത്തു വിട്ടു. ഈ വീഡിയോ സി.ഡി. കോടതിയില്‍ ഹാജരാക്കിയ വേളയില്‍ അതിലെ ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്യപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. അതിന്റെ ഒറിജിനല്‍ രൂപമാണ് ഇന്നലെ ടെലിവിഷന്‍ ചാനലുകള്‍ കേരള ജനതയ്ക്ക് മുന്‍പാകെ പ്രദര്‍ശിപ്പിച്ചത്. ഈ വീഡിയോ ആരോ മാധ്യമ ഓഫീസുകളില്‍ എത്തിച്ചു കൊടുക്കുകയായിരുന്നു. ഏഷ്യാനെറ്റ്, ഇന്ത്യാവിഷന്‍, കൈരളി ടിവി. എന്നിങ്ങനെ ഒട്ടു മിക്ക ചാനലുകളും ഈ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പിന്നീട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിന്റെ അഭ്യര്‍ത്ഥന മാനിച്ച് ചാനലുകള്‍ ഈ പ്രക്ഷേപണം നിര്‍ത്തി വെച്ചു. കോടതിയുടെ പരിഗണനയില്‍ ഉള്ള കേസിനെ പ്രക്ഷേപണം ബാധിക്കും എന്ന കാരണത്താലാണ് പ്രക്ഷേപണം നിര്‍ത്തി വെയ്ക്കാന്‍ മജിസ്ട്രേട്ട് ആവശ്യപ്പെട്ടത്.
























