ലുധിയാന: ദേശീയ സ്കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണക്കൊയ്ത്ത് നടത്തിക്കൊണ്ട് എം. ഡി. താര വിസ്മയമാകുന്നു. ആദ്യ ഇനത്തില്‍ തന്നെ കേരളത്തിനു സ്വര്‍ണ്ണം നേടി കുതിപ്പാരംഭിച്ച താര ക്രോസ് കണ്ട്രി ഇനത്തില്‍ ഒന്നാമതെത്തിയതോടെ മൂന്നാമത്തെ സ്വര്‍ണ്ണവും സ്വന്തമായി. മൂന്ന് സ്വര്‍ണ്ണമടക്കം മൊത്തം നാലു മെഡലുകളാണ് താര സ്വന്തമാക്കിയത്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ദേശീയ സംസ്ഥാനമീറ്റുകളില്‍ നിന്നായി മുപ്പതിലധികം മെഡലുകള്‍ ഈ പറളിക്കാരി സ്വന്തമാക്കിയിട്ടുണ്ട്.
പറളി മുട്ടില്‍ പടി ദേവദാസിന്റേയും വസന്തയുടേയും മകളായ താര പറളി എച്ച്. എസിലെ പ്ലസ്റ്റു വിദ്യാര്‍ഥിനിയാണ്. 2006-ല്‍ പാലക്കാട് നടന്ന സംസ്ഥാന സ്കൂള്‍ മീറ്റില്‍ 5000 മീറ്ററില്‍ വെള്ളിമെഡല്‍ നേടിക്കൊണ്ടാണ് താര ട്രാക്കുകളില്‍ ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങിയത്. 2008-ലെ ചാലക്കുടിയില്‍ നടന്ന സ്കൂള്‍ മീറ്റില്‍ സീനിയര്‍ വിഭാഗത്തില്‍ മൂന്നിനങ്ങളിലായി സ്വര്‍ണ്ണം നേടിക്കൊണ്ട് ദീര്‍ഘദൂര ഓട്ടമത്സരങ്ങളില്‍ തന്നെ വെല്ലാന്‍ ആരുമില്ലെന്ന് തെളിയിച്ചു. തുടര്‍ന്ന് കൊച്ചിയില്‍ നടന്ന ദേശീയ സ്കൂള്‍ മീറ്റിലും 5000,3000 ക്രോസ് കണ്ട്രി എന്നിവയില്‍ സ്വര്‍ണ്ണം നേടിയതോടെ സംസ്ഥാനത്തിനപ്പുറത്തേക്കായി താരയുടെ കുതിപ്പ്. അമൃത്‌സറിലും, പൂണെയിലും നടന്ന ദേശീയ സ്കൂള്‍ മത്സരങ്ങളിലും സ്വര്‍ണ്ണം കരസ്ഥമാക്കിയ താരയുടെ സ്വര്‍ണ്ണക്കുതിപ്പ് ഇന്നിപ്പോള്‍ അത് ചെന്നു നില്‍ക്കുന്നത് ലുധിയാനയില്‍ തണുത്തുറഞ്ഞ ഗുരുനാനാക്ക് സ്റ്റേഡിയത്തില്‍ നിന്നും സ്വന്തമാക്കിയ മൂന്ന് സ്വര്‍ണ്ണ മെഡലുകളുടെ തിളക്കത്തിലാണ്. കായികാധ്യാപകന്‍ മനോജിന്റെ പ്രചോദനം താരയുടെ ചുവടുകള്‍ക്ക് ശകി പകര്‍ന്നു. താരക്ക് പരിപൂര്‍ണ്ണമായ പിന്തുണയുമായി കുടുമ്പാംഗങ്ങളും സഹാപാഠികളും ഒപ്പം പറളിയെന്ന കൊച്ചു ഗ്രാമവും. താരയുടെ അനിയന്‍ ധനേഷും പ്രതീക്ഷ പകരുന്ന ഒരു കായിക താരമാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ബഹുമതി, വിവാദം, സ്ത്രീ