തലശ്ശേരി: പുന്നോര്‍പ്പോട്ടിപ്പാലത്ത് മാലിന്യ വിരുദ്ധ സമരം നടത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പോലീസ് നടത്തിയ ബലപ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരിക്കു പറ്റിയിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷം പടരുകയാണ്. ഇതിനിടയില്‍ നഗര സഭയുടെ മാലിന്യ വണ്ടി ചിലര്‍ കത്തിച്ചു. 20 സ്ത്രീകള്‍ ഉള്‍പ്പെടെ ആറുപതോളം പേരെ പോലീസ് അറസ്റ്റു ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്.
തലശ്ശേരി നഗരസഭയുടെ മാലിന്യങ്ങള്‍ പുന്നോര്‍പ്പോട്ടിപ്പാലത്ത് തള്ളുന്നതിനെതിരെ സമീപ വാസികള്‍ കുറച്ചു നാളായി പന്തല്‍ കെട്ടി സമരം നടത്തി വരികയായിരുന്നു. ഇന്നു പുലര്‍ച്ചെ നാലു മണിയോടെ പോലീസ് സമരപ്പന്തല്‍ പൊളിച്ചു നീക്കി. പോലീസിന്റെ സഹായത്തോടെ നഗരസന്ഭ മാലിന്യങ്ങള്‍ വീണ്ടും തങ്ങളുടെ പ്രദേശത്ത് തള്ളുമെന്ന് അറിഞ്ഞ് നൂറുകണക്കിനു നാട്ടുകാര്‍ പ്രതിഷേധവുമായി നിലയുറപ്പിച്ചിരുന്നു. തലശ്ശേരി ഡി. വൈ. എസ്. പിയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തും ലാത്തിച്ചാര്‍ജ്ജ് നടത്തിയും മാറ്റിയശേഴം വാഹനങ്ങളില്‍ കൊണ്ടു വന്ന മാലിന്യം അവിടെ നിക്ഷേപിക്കുകയായിരുന്നു.
മാലിന്യ പ്രശ്നത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനു വിരുദ്ധമായാണ് പോലീസ് നടത്തിയ അധിക്രമങ്ങള്‍ എന്ന് സമര സമിതി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ അനുമതിയോടെ ആണ് മാലിന്യം പ്രദേശത്ത് തള്ളിയതെന്നാണ് തലശ്ശേരി നഗരസഭാ ചെയര്‍ പേഴ്സണ്‍ ആമിന മാളിയേക്കലിന്റെ നിലപാട് . സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് പ്രദേശവാസികളും എന്നാല്‍ പോലീസിനെ ഉപയോഗിച്ചിട്ടായാലും വരും ദിവസങ്ങളിലും മാലിന്യം നിക്ഷേപിക്കുമെന്ന് പ്രാദേശിക ഭരണകൂടവും വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിരിക്കുകയാണ്. സമരത്തിനു പിന്നില്‍ ഭൂമാഫിയയാണെന്നാണ് നഗര സഭ ആരോപിക്കുന്നത്. എന്നാല്‍ നഗരമാലിന്യങ്ങള്‍ വന്‍തോതില്‍ നിക്ഷേപിക്കുന്നതു മൂലം പ്രദേശത്തെ ജനജീവിതം ദു:സ്സഹമായിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, പരിസ്ഥിതി, പോലീസ്, പോലീസ് അതിക്രമം, പ്രതിരോധം, വിവാദം, സ്ത്രീ