കൊച്ചി: ആദ്യ കാല കമ്യൂണിസ്റ്റ് നേതാവും പ്രമുഖ അഭിഭാഷകനുമായ ജി. ജനാര്‍ദ്ദനക്കുറുപ്പ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ കരിമ്പാലൂര്‍ കളരി അഴികത്ത് വീട്ടില്‍ 1920 ജൂണ്‍ എട്ടിനു കൊച്ചുണ്ണിത്താന്റെ മകനായി ജനിച്ച ജനാര്‍ദ്ദനക്കുറുപ്പ് എറണാകുളം ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ ശേഷം 1959 മുതല്‍ അഭിഭാഷക വൃത്തിയിലേക്ക് തിരിഞ്ഞു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യാന്‍ തുടങ്ങിയ കുറുപ്പ് ക്രിമിനല്‍ കേസുകളിലാണ് അധികവും ഹാജരാകാറ്. അഞ്ഞൂറോളം ക്രിമിനല്‍ കേസുകള്‍ വാദിച്ച് ജയിച്ചിട്ടുണ്ട്. രണ്ടാം മാറാട് കേസുള്‍പ്പെടെ പ്രമാദമായ പല കേസുകളിലും ജനാര്‍ദ്ദനക്കുറുപ്പ് ഹാജരായിട്ടുണ്ട്. സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കേസില്‍ ഉന്നത രാഷ്ടീയ ഇടപെടല്‍ ആരോപിച്ച് പിന്നീട് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സ്ഥാനം രാജി വെച്ചു.
അഭിഭാഷകന്‍ എന്നതിലുപരി മികച്ച ഒരു വാഗ്മിയും സംഘാടകനും കലാകാരനും ആയിരുന്നു അഡ്വ. ജനാര്‍ദ്ദനക്കുറുപ്പ്. കമ്യൂണിസ്റ്റു പ്രസ്ഥാനത്തെ ജനങ്ങളില്‍ എത്തിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കു നിര്‍വ്വഹിച്ച കെ. പി. എ. സി. യുടെ സംഘാടകരില്‍ ഒരാളായിരുന്നു. കെ. പി. എ. സി. യുടെ പ്രസിഡണ്ടായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. “നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി” എന്ന നാടകത്തിന്റെ സംവിധാനത്തിലും സഹകരിച്ചിട്ടുണ്ട്. ഈ നാടകത്തില്‍ ജന്മിയായ കേശവന്‍ നായരായി ജനാര്‍ദ്ദനക്കുറുപ്പ് അഭിനയിച്ചിട്ടുമുണ്ട്. “എന്റെ ജീവിതം“ എന്ന പേരില്‍ ആത്മ കഥയും എഴുതിയിട്ടുണ്ട്.
പരേതയായ ശ്രീകുമാരിയമ്മയാണ് ഭാര്യ. കലൂരിലെ വീട്ടില്‍ പൊതു ദര്‍ശനത്തിനു വെച്ച ഭൌതിക ദേഹം നാളെ രാവിലെ പച്ചാളം ശ്മശാനത്തില്‍ സംസ്കരിക്കും. പ്രമുഖനായ ഒരു ക്രിമിനല്‍ അഭിഭാഷകനെയാണ് ജനാര്‍ദ്ദനക്കുറുപ്പിന്റെ നിര്യാണത്തോടെ കേരളീയ സമൂഹത്തിനു നഷ്ടമാകുന്നത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, കേരള ഹൈക്കോടതി, കോടതി, ചരമം
ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും നാടക പ്രവര്‍ത്തകനും പ്രമുഖ അഭിഭാഷകനുമായിരുന്ന സഃ ജി. ജനാര്‍ദ്ദനക്കുറുപ്പിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്ന് എന്റെ അന്ത്യാഞ്ജലികള്‍ അര്പ്പിക്കുന്നു.
Narayanan Veliancode