ആലപ്പുഴ: ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഒരു സംഘം ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ എ. ബി. വി. പി. പ്രവര്‍ത്തകനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഇന്നലെ രാവിലെ പതിനൊന്നു മണിയോടെ ആണ് കോളേജ് കവാടത്തിനു മുമ്പില്‍ ഉണ്ടായ സംഘട്ടനത്തിലാണ് എ. ബി. വി. പി. പ്രവര്‍ത്തകനായ കോട്ട ശ്രീശൈലത്തില്‍ വിശാലി (19) നു ഗുരുതരമായ പരിക്കേറ്റത്. കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വിശാല്‍ എ. ബി. വി. പി. ചെങ്ങന്നൂര്‍ നഗര്‍ പ്രമുഖ് ആണ്. വിശാലിന്റെ മാതാപിതാക്കള്‍ ലണ്ടനിലാണ്.
രാവിലെ ഡിഗ്രി ക്ലാസ് തുടങ്ങുന്നതിനാല്‍ നവാഗതരായ വിദ്യാര്‍ത്ഥികളെ സ്വീകരിക്കുന്നതിന്റെ ഭാഗമായി മധുര പലഹാര വിതരണവും മറ്റും സംഘടിപ്പിച്ചിരുന്നു. ഇതിനിടയില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുമായി എ. ബി. വി. പി. പ്രവര്‍ത്തകര്‍ നേരിയ വാക്കു തര്‍ക്കമുണ്ടായി. ഇതിനിടയില്‍ ഒരു സംഘം മാരകായുധങ്ങളുമായി ആക്രമണം തുടങ്ങി. വിശാലിനെ മര്‍ദ്ദിക്കുകയും തുടര്‍ന്ന് വെട്ടുകയുമായിരുന്നു. ഗുരുതരമായ പരിക്കേറ്റ വിശാലിനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ഇന്നു പുലര്‍ച്ചയോടെ മരിച്ചു. ആക്രമണത്തില്‍ എ. ബി. വി. പി. പ്രവര്‍ത്തകനായ മുണ്ടങ്കാവ് ഭസ്മക്കാട്ടില്‍ എം. എസ് ശ്രീജിത്ത് (19), വിഷ്ണു പ്രസാദ് (19) എന്നിവര്‍ക്കും ഗുരുതരമായ പരിക്കു പറ്റിയിട്ടുണ്ട്. ഇവര്‍ ചെങ്ങന്നൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിശാലിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എ. ബി. വി. പി. യും മറ്റു സംഘപരിവാര്‍ അനുകൂല സഘടനകളും ഹര്‍ത്താലിനു ആഹ്വാനം ചെയ്തിട്ടുണ്ട്. എ. ബി. വി. പി. ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കും. വിശാലിന്റെ കൊലപാതകത്തെ തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, രാഷ്ട്രീയ അക്രമം, വിദ്യാഭ്യാസം