പത്തിരിപ്പാല: പഠന കാലത്ത് പരിചയമുള്ള യുവതിയുമായി ബസ് സ്റ്റോപ്പില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു യുവാവിനെ ഒരു സംഘം എസ്. ഡി. പി. ഐ. പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. യുവാവിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. യുവതിയെ ഇവര്‍ സമീപത്തുള്ള എസ്. ഡി. പി. ഐ. ഓഫീസില്‍ പൂട്ടിയിടുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മങ്കര സ്വദേശി ഇബ്രാഹിം ബാദുഷ (26)യെ പോലീസ് അറസ്റ്റു ചെയ്തു.
രാവിലെ പതിനൊന്നു മണിയോടെ പത്തിരിപ്പാല ടൌണിലെ ഓട്ടോ സ്റ്റാൻഡിനരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നു യുവതിയും യുവാവും. ഇതിനിടയില്‍ അവരെ സമീപിച്ച സംഘം ഇരുവരേയും ചോദ്യം ചെയ്തു. തങ്ങള്‍ ഒരുമിച്ചു പഠിച്ചവരാണെന്നും കണ്ടപ്പോള്‍ സംസാരിച്ചതാണെന്നും പറഞ്ഞിട്ടും ഇവര്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും യുവതിയെ വലിച്ചിഴച്ച് ബലമായി ഓഫീസിലേക്ക് കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. അക്രമികളെ ഭയന്ന നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി യുവതിയെ രക്ഷിച്ചു. പാലക്കാട് മേപ്പറമ്പ് സ്വദേശിനിയായ. യുവതിയെ പിന്നീട് പിതാവ് പോലീസ് സ്റ്റേഷനില്‍ നിന്നും കൂട്ടിക്കൊണ്ടു പോയി. പെണ്‍കുട്ടിയുടെ കഴുത്തിനും കൈക്കും പരിക്കുണ്ട്.
ഇത്തരം ഒരു സംഭവം ഉണ്ടായിട്ടും അര മണിക്കൂറോളം നാട്ടുകാര്‍ പ്രതികരിക്കാതെ നിന്നത് അക്രമികളെ ഭയന്നാണെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡി. വൈ. എഫ്. ഐ. ഉള്‍പ്പെടെ നിരവധി സംഘടനകള്‍ രംഗത്തെത്തുകയും പ്രതിഷേധ ജാഥ നടത്തുകയും ചെയ്തു. സംസ്ഥാനത്ത് സദാചാര പോലീസിന്റെ പേരില്‍ ആളുകള്‍ക്ക് നേരെ അക്രമം വര്‍ദ്ധിച്ചു വരുന്നുണ്ട്. ആഭ്യന്തര വകുപ്പ് ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് നിരവധി സംഘടനകള്‍ നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, തീവ്രവാദം