മൂവാറ്റുപുഴ: പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയ കേസില്‍ ഒരാളെ കൂടെ പോലീസ് പിടികൂടി. ഏലൂര്‍ സ്വദേശി അന്‍വര്‍ സാദിഖാണ് അറസ്റ്റിലായത്. ദീര്‍ഘ കാലമായി ഒളിവിലായിരുന്നു ഇയാള്‍. ഈ കേസില്‍ ഇനി മുഖ്യപ്രതികളായ നാസര്‍, സവാദ് എന്നിവരടക്കം 26 പ്രതികളെ കൂടെ പിടികൂടാനുണ്ട്. 2010 ജൂലായ് നാലിനായിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. വിവാദമായ ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായ പ്രൊഫ. ടി.ജെ. ജോസഫിനെയാണ് ഒരു സംഘം ആക്രമിച്ചത്. രാവിലെ പള്ളിയില്‍ നിന്നും കുടുമ്പത്തോടൊപ്പം വരികയായിരുന്ന പ്രൊഫസറുടെ കാറു തടഞ്ഞു നിര്‍ത്തി ഒരു സംഘം അക്രമികള്‍ കൈപ്പത്തി വെട്ടിമാറ്റുകയായിരുന്നു. വെട്ടിമാറ്റിയ കൈപ്പത്തി തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞു. അക്രമികളെ തടയാന്‍ ശ്രമിച്ച കന്യാസ്ത്രിയായ സഹോദരിയെയും അക്രമി സംഘം വെറുതെ വിട്ടില്ല. സംഭവത്തിനു പിന്നില്‍ മത തീവ്രവാദികളാണെന്ന് കരുതുന്നു. കേസിപ്പോള്‍ എന്‍.ഐ.എ അന്വേഷിച്ചു വരികയാണ്.
അറ്റുപോയ കൈപത്തി പിന്നീട് സുദീര്‍ഘമായ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. പ്രോഫസര്‍ ഇപ്പോളും ചികിത്സയിലാണ്. ഇതിനിടയില്‍ കോളേജ് മാനേജ്മെന്റ് പ്രൊഫസറെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. ഇതിനെതിരെ അദ്ദേഹമിപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. കൈപ്പത്തി വെട്ടിമാറ്റിയ സംഭവം കേരളത്തെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരുന്നു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു സംഭവം ഉണ്ടായത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, കേരള രാഷ്ട്രീയം, ക്രമസമാധാനം, തീവ്രവാദം, പോലീസ്