കോതമംഗലം : അടിസ്ഥാന തൊഴിൽ സൌകര്യങ്ങൾ നിഷേധിക്കപ്പെടുന്നതിന് എതിരെ നേഴ്സുമാർ നടത്തിയ പ്രതിഷേധ സമരം വിജയിച്ചു. പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ ശക്തമായ ഇടപെടലിനെ തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് സമരം ഒത്തു തീർന്നത്. കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ കഴിഞ്ഞ മൂന്നു മാസത്തിൽ ഏറെ കാലമായി നടന്നു വന്ന സമരം ഒടുവിൽ മൂന്ന് നേഴ്സുമാർ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെയാണ് ചൂട് പിടിച്ചത്.
ആത്മഹത്യ ചെയ്യാനായി വിദ്യ, അനു, പ്രിയ എന്നിവർ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ കയറി ആത്മഹത്യാ ഭീഷണി നടത്തി. ഇതേ തുടർന്ന് ഇവർക്ക് അനുഭാവം പ്രകടിപ്പിച്ച് കൊണ്ട് നാട്ടുകാർ ആശുപത്രിക്ക് പുറത്തും പൊതു നിരത്തിലും കുത്തിയിരിപ്പ് തുടങ്ങി. ജനശ്രദ്ധ ആകർഷിച്ചതോടെ രാഷ്ട്രീയക്കാരും സ്ഥലത്തെത്തി. ആർ. ഡി. ഒ., തഹസിൽദാർ, ഫയർ ഫോഴ്സ് ഓഫിസർ, ഡി. വൈ. എസ്. പി. എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അനുരഞ്ജന ചർച്ച മാനേജ്മെന്റ് നിലപാടിൽ ഉറച്ചു നിന്നത് മൂലം പരാജയപ്പെട്ടു.
മാനേജ്മെന്റ് പ്രതിനിധികൾ സംഭവസ്ഥലത്ത് നിന്നും മാറി നിന്നത് മൂലം ഒത്തുതീർപ്പ് ശ്രമങ്ങൾ ടെലിഫോൺ വഴിയായിരുന്നു. തൊഴിൽ അവകാശങ്ങൾക്ക് വേണ്ടി നേഴ്സുമാർ നേരത്തെ നടത്തിയ സമരം മാർച്ച് 5ന് ഒത്തുതീർപ്പ് ആയപ്പോൾ തൊഴിൽ വകുപ്പുമായി ഉണ്ടാക്കിയ കരാർ പ്രകാരമുള്ള മിനിമം വേതനം, ഷിഫ്ട് സമ്പ്രദായം എന്നിവ മാർ ബസേലിയോസ് ആശുപത്രി മേധാവികൾ നടപ്പിലാക്കാൻ കൂട്ടാക്കാഞ്ഞതിനെ തുടർന്നാണ് ഇപ്പോൾ സമരം നടത്തിയത്. സ്ഥിരപ്പെടുത്താനുള്ള നേഴ്സുമാരുടെ എണ്ണത്തെ ചൊല്ലിയും തർക്കമുണ്ട്. സമുദായത്തെ വെറുപ്പിക്കാനുള്ള ഭീതി മൂലമാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഈ സമരത്തിൽ ഇടപെടാതെ മാറി നിന്നത് എന്ന് പരാതിയുണ്ട്. ഇത്രയേറെ ജനശ്രദ്ധ ആകർച്ചിച്ചിട്ടും മുഖ്യമന്ത്രി സംഭവ സ്ഥലം സന്ദർശിക്കുവാൻ കൂട്ടാക്കിയില്ല.
പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദൻ രാത്രി സ്ഥലത്തെത്തി ഒത്തുതീർപ്പ് ശ്രമങ്ങൾക്ക് നേതൃത്വം നൽകിയതിനെ തുടർന്നാണ് നേഴ്സുമാർ സമരം പിൻവലിക്കാൻ സന്നദ്ധരായത്. തൊഴിൽ കമ്മീഷണറുടെ മദ്ധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ സമരത്തിന് മുൻപ് നിലനിന്ന അതേ അവസ്ഥയിൽ നേഴ്സുമാർ ജോലിക്ക് പ്രവേശിക്കും എന്ന് ധാരണയായി. ഞായറാഴ്ച്ച തൊഴിൽ മന്ത്രിയുടേയും ആരോഗ്യ മന്ത്രിയുടേയും സാന്നിദ്ധ്യത്തിൽ നടക്കുന്ന ചർച്ചയിൽ പ്രശ്നം പൂർണ്ണമായും പരിഹരിക്കും. നേഴ്സുമാരെ സ്ഥിരപ്പെടുത്തുന്ന പ്രശ്നവും ചർച്ച ചെയ്യും. ഇരു വിഭാഗത്തിന്റേയും പ്രതിനിധികൾ ഒപ്പു വെച്ച ഒത്തുതീർപ്പ് കരാർ ചർച്ചയ്ക്ക് ശേഷം വി. എസ്. അച്യുതാനന്ദൻ സമരപ്പന്തലിൽ എത്തി അറിയിച്ചതോടെ ഉദ്വേഗ ഭരിതമായ നിമിഷങ്ങൾക്ക് അറുതി വരുത്തിക്കൊണ്ട് നേഴ്സുമാർ സമരം അവസാനിപ്പിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കേരള രാഷ്ട്രീയ നേതാക്കള്‍, തൊഴിലാളി, പ്രതിരോധം, മനുഷ്യാവകാശം