കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ അസ്പത്രിയിലെ നഴ്‌സുമാരുടെ സമരം രൂക്ഷമാകുന്നു. ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളില്‍ കയറിയ മൂന്ന് നഴ്‌സുമാര്‍ ഇപ്പോഴും ആത്മഹത്യ ഭീഷണി മുഴക്കി അവിടെ തന്നെ നില്‍ക്കുകയാണ്. ഇവരുടെ ആരോഗ്യ നില വഷളായി വരികയാണ്. കളക്ടര്‍ ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച നടത്തി എങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രശ്നം രൂക്ഷമായതോടെ നഴ്‌സുമാരുടെ പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോതമംഗലം താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ആശുപത്രി പരിസരത്ത് വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. മുഴുവന്‍ ബോണ്ട് നഴ്‌സുമാരെയും സ്ഥിരപ്പെടുത്താനാവില്ലെന്ന് ആശുപത്രി അധികൃതര്‍ മാനേജ്‌മെന്റ് വ്യക്തമാക്കിയതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്. ആശുപത്രി അധികൃതര്‍ക്കെതിരെയും പോലീസിനെതിരെയും മുദ്രാവാക്യം വിളിച്ചും നാട്ടുകാര്‍ റോഡ് ഗതാഗതം ഉപരോധിച്ചും പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. നേഴ്സുമാരുടെ സമരത്തോട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്തു കൊണ്ടിരിക്കുന്ന നിലപാടിനെതിരെ ശക്തമായ രോഷമാണ് ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നത്.ഇതിനിടെ പ്രതിഷേധ പ്രകടനക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരക്കാരുമായും സര്‍ക്കാരുമായും ബന്ധപ്പെട്ടു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വി എസിന്റെ ശക്തമായ പിന്തുണ സമരത്തിനു ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും ലഭിക്കുന്ന സൂചന.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ്, സ്ത്രീ