കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായ പരിധി എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് വിവിധ മുസ്ലിം സംഘടനകള്‍ സുപ്രീം കോടതിയെ സമീപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ടു പോകുവാന്‍ വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന വിവിധ മുസ്ലിം സംഘടനകളുടെ യോഗം തീരുമാനിച്ചു. നിലവില്‍ ഇന്ത്യയില്‍ സ്ത്രീകളുടെ വിവാഹ പ്രായം 18 വയസ്സാണ്. എന്നാല്‍ ശരീയത്ത് പ്രകാരം പെണ്‍കുട്ടികള്‍ ഋതുമതിയായാല്‍ വിവാഹം കഴിക്കാം. ഇത് പ്രകാരം ഉള്ള വിവാഹത്തിനു അനുമതി വേണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതു സംബന്ധിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്തുവാനും തീരുമാനമായി. പെണ്‍കുട്ടികള്‍ വഴി പിഴക്കാതിരിക്കുവാനാണ് വിവാഹം നേരത്തെ ആക്കുന്നത് എന്നാണ് ഈ വാദത്തെ പിന്തുണച്ചു കൊണ്ട് ചില മത പണ്ഡിതന്മാരും സംഘടനകളും പറയുന്നത്.
ഇന്ത്യയില്‍ ശൈശവ വിവാഹം കുറ്റകരമാണ്. അടുത്തിടെ ഉണ്ടായ അറബിക്കല്യാണവും അതിനെ തുടര്‍ന്നുണ്ടായ വിവാദവുമാണ് ഇപ്പോള്‍ പെട്ടെന്ന് ഇക്കാര്യത്തില്‍ ഒരു നീക്കത്തിന്റെ കാരണം. യത്തീംഖാന അന്തേവാസിയും വിദ്യാര്‍ഥിനിയുമായ 17 വയസ്സുകാരിയെ ഒരു യു. എ. ഈ. പൌരനു വിവാഹം കഴിച്ചു കൊടുക്കുകയും ഏതാനും ദിവസം ഒരുമിച്ച് താമസിച്ച ശേഷം സ്വദേശത്തെക്ക് മടങ്ങിപോയ അയാള്‍ പെണ്‍കുട്ടിയെ മൊഴി ചൊല്ലിയതായി അറിയിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്ന് വരന്‍, വരന്റെ ബന്ധുക്കൾ, യത്തീം ഖാന അധികൃതര്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തിരുന്നു.
മുസ്ലിം വ്യക്തി നിയമത്തില്‍ പെണ്‍കുട്ടികള്‍ക്ക് പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ വിവാഹം കഴിക്കുവാന്‍ 18 വയസ്സ് പൂര്‍ത്തിയാകണം എന്നത് മുസ്ലിം മത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് എന്ന് യോഗം വിലയിരുത്തി. മുസ്ലിം ലീഗ്, സമസ്ത, എസ്. വൈ. എസ്., ജമാ അത്തെ ഇസ്ലാമി, എം. ഇ. എസ്., ഇരു വിഭാഗം മുജാഹിദുകള്‍ തുടങ്ങിയ സംഘടനകള്‍ യോഗത്തില്‍ പങ്കെടുത്തു. പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 എന്ന് നിജപ്പെടുത്തിയത് ഒഴിവാക്കുവാന്‍ ആയുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഉള്ള കാര്യങ്ങള്‍ക്കായി ‘മുസ്ലിം സംരക്ഷണ സമിതി’ എന്ന പേരില്‍ പുതിയ ഒരു സംഘടനയും രൂപീകരിച്ചു. സമസ്തയുടെ സെക്രട്ടറി ബാപ്പു മുസ്ല്യാരാണ് സമിതി അധ്യക്ഷൻ. മുസ്ലിം ലീഗ് നേതാവ് എം. സി. മോയിന്‍ ഹാജിയാണ് സെക്രട്ടറി. വിവിധ വിഷയങ്ങളില്‍ ഭിന്നാഭിപ്രായം വച്ചു പുലര്‍ത്തുകയും പരസ്പരം പോരടിക്കുകയും ചെയ്യുന്ന മുസ്ലിം സംഘടനകള്‍ ഈ വിഷയത്തില്‍ ഒറ്റക്കെട്ടായാണ് നിലപാട് എടുത്തിരിക്കുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കോടതി, മതം, മനുഷ്യാവകാശം, വിവാദം, സ്ത്രീ