കോഴിക്കോട് : മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി യുടെ സന്ദര്‍ശന വേളയില്‍ പട്ടയം വാങ്ങാന്‍ എത്തിയ ആദിവാസി സ്ത്രീകളുടെ ദേഹത്ത് നിന്നും പോലീസ് കറുത്ത വസ്ത്രങ്ങള്‍ ബലമായി അഴിപ്പിച്ചത് രാജ്യത്തെ സ്ത്രീകള്‍ക്ക് ആകമാനം അപമാനകരമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രസ്താവിച്ചു. ഈ കാര്യം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും ദേശീയ പട്ടിക വര്‍ഗ്ഗ കമ്മീഷന്റെയും ശ്രദ്ധയില്‍ കൊണ്ട് വരും.
മുഖ്യമന്ത്രിയില്‍ നിന്നും പട്ടയം സ്വീകരിക്കാന്‍ എത്തിയതായിരുന്നു ആദിവാസി സ്ത്രീകള്‍. ഇവരുടെ അരയില്‍ ചുറ്റിയിരുന്ന കറുത്ത തുണി മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാന്‍ ഉപയോഗിക്കും എന്ന് ഭയന്ന് പോലീസ് ബലമായി അഴിപ്പിച്ചു മാറ്റുകയായിരുന്നു. ഗോത്ര വര്‍ഗ്ഗക്കാരുടെ വസ്ത്രധാരണ സമ്പ്രദായത്തിന്റെ ഭാഗമാണ് കറുത്ത തുണി. ഇത് മനസിലാക്കാതെ ഇവരെ അപമാനിച്ച പോലീസുകാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണം. ദരിദ്രരായ ഗോത്ര വര്‍ഗ്ഗ സ്ത്രീകള്‍ ആയത് കൊണ്ടാണ് ഈ പ്രശ്നത്തിനെതിരെ ഏറെ ഒച്ചപ്പാട് ഉണ്ടാവാഞ്ഞത് എന്ന് ബൃന്ദ ചൂണ്ടിക്കാട്ടി. അല്ലായിരുന്നെങ്കില്‍ ഇതിനോടകം ഈ സംഭവത്തിനെതിരെ വന്‍ പ്രതികരണം ഉണ്ടാവുമായിരുന്നു.
വയനാട്ടിലെ ആദിവാസികളില്‍ പലര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് മുകളില്‍ ഉള്ളവരുടെ റേഷന്‍ കാര്‍ഡാണ് നല്‍കിയിരിക്കുന്നത് എന്ന് താന്‍ മനസ്സിലാക്കിയതായി ബൃന്ദ പറഞ്ഞു. ഇത് മൂലം ഇവര്‍ക്ക് വിപണി നിരക്കില്‍ അരി വാങ്ങേണ്ടതായി വരുന്നു. എത്രയും പെട്ടെന്ന് എല്ലാ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കും ദാരിദ്ര്യ രേഖയ്ക്ക് കീഴിലുള്ളവരുടെ റേഷന്‍ കാര്‍ഡ് നല്‍കണം എന്നും ബൃന്ദ ആവശ്യപ്പെട്ടു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, പോലീസ് അതിക്രമം, വിവാദം, സ്ത്രീ