മലയാള സിനിമയിലെ ഒരു ഗന്ധര്‍വ സാന്നിദ്ധ്യമായിരുന്നു പത്മരാജന്‍, ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്, സാഹിത്യകാരൻ എന്നീ നിലകളിലെല്ലാം തന്റെതായ മുദ്ര പതിപ്പിച്ചാണ് ഒരു തണുത്ത ജനുവരിയില്‍ തന്റെ സിനിമയിലെ ഗന്ധര്‍വന്‍ പറന്നു പോയ പോലെ പറന്ന് പറന്ന് പറന്ന്…. പത്മരാജന്‍ പോയത് (24 ജനുവരി 1991).
സമാന്തര സിനിമകളുമായി രംഗത്ത് വന്ന അദ്ദേഹം സിനിമക്കായി തെരഞ്ഞെടുത്ത വിഷയം എല്ലാം തന്നെ വളരെ വ്യത്യസ്തമായിരുന്നു. പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി പത്മരാജന്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും ഒരു പിടി നല്ല ചിത്രങ്ങള്‍ ഒരുക്കാന്‍ ഒരാളെത്തി എന്നതാണ് സത്യം, സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുൾപ്പെടെ മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. ദേശീയവും അന്തർദ്ദേശീയവുമായ നിരവധി ബഹുമതികളും അദ്ദേഹത്തിനു ലഭിച്ചു. അരപട്ട കെട്ടിയ ഗ്രാമത്തില്‍, പെരുവഴിയമ്പലം കള്ളന്‍ പവിത്രന്‍, ഒരിടത്തൊരു ഫയൽവാൻ, കൂടെവിടെ, നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപൂവ്, തിങ്കളാഴ്ച നല്ല ദിവസം, തൂവാനത്തുമ്പികള്‍, കരിയിലക്കാറ്റുപോലെ, ഇന്നലെ, അപരന്‍, മൂന്നാംപക്കം, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങി നിരവധി നല്ല ചിത്രങ്ങള്‍ അദ്ദേഹം നമുക്കായി അണിയിച്ചൊരുക്കി. സിനിമ കൂടാതെ തിരക്കഥകള്‍, ചെറുകഥകള്‍, നോവലെറ്റ്, നോവലുകള്‍ അങ്ങനെ പത്മരാജന്‍ കൈവെക്കാത്ത മേഖലകള്‍ വിരളം. പ്രഹേളിക, അപരന്‍ പുകക്കണ്ണട, മറ്റുള്ളവരുടെ വേനൽ, കൈവരിയുടെ തെക്കേയറ്റം, സിഫിലിസ്സിന്റെ നടക്കാവ്, കഴിഞ്ഞ വസന്തകാലത്തിൽ, പത്മരാജന്റെ കഥകൾ എന്നിവയാണ് അദ്ദേഹത്തിന്റെ കഥാ സമാഹാരങ്ങള്‍, പെരുവഴിയമ്പലം, തകര, രതിനിർവ്വേദം, ജലജ്വാല, നന്മകളുടെ സൂര്യൻ, വിക്രമകാളീശ്വരം എന്നീ നോവലെറ്റുകളും, നക്ഷത്രങ്ങളെ കാവൽ, വാടകക്കൊരുഹൃദയം ഉദ്ദകപ്പോള, ഇതാ ഇവിടെവരെ, ശവവാഹനങ്ങളും തേടി, മഞ്ഞുകാലംനോറ്റ കുതിര, പ്രതിമയും രാജകുമാരിയും, കള്ളൻ പവിത്രൻ, ഋതുഭേദങ്ങളുടെ പാരിതോഷികം തുടങ്ങിയ നോവലുകളും നിരവധി തിരക്കഥകളും ഉണ്ട്. ജനുവരിയുടെ നഷ്ടമായി പത്മരാജന്‍ അകാലത്തില്‍ പറന്നകലുമ്പോള്‍ സാഹിത്യ – ചലച്ചിത്ര ലോകത്തിനു തീരാനഷ്ടമാകുകയായിരുന്നു. ഇന്നും കഥകളുടെ ഗന്ധര്‍വനായ പത്മരാജന്‍ ഒഴിച്ചിട്ട ഇടം പൂരിപ്പിക്കാനാരുമില്ലാതെ ഒഴിഞ്ഞു തന്നെ കിടക്കുകയാണ്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers, obituary, remembrance