ദുബായ് : എസ്. എന്‍. സ്വാമി കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച് എന്‍. ആര്‍. സഞ്ജീവ് സംവിധാനം ചെയ്ത മള്‍ട്ടീ സൂപ്പര്‍ താര ചിത്രമായ ജനകന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള ആദ്യ പ്രദര്‍ശനം ഇന്നലെ ദുബായില്‍ നടന്നു. ഗലേറിയ തിയേറ്ററില്‍ തിങ്ങി നിറഞ്ഞ സദസ്സിനു മുന്‍പില്‍ നടന്ന ആദ്യ പ്രദര്‍ശനത്തില്‍ കാണികളോടൊപ്പം സിനിമയില്‍ ടൈറ്റില്‍ റോള്‍ നിര്‍വ്വഹിച്ച സൂപ്പര്‍ താരം സുരേഷ് ഗോപിയും സിനിമ കാണാന്‍ എത്തിയത് കാണികളെ ആവേശ ഭരിതരാക്കി.
ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെടുന്ന പെണ്‍കുട്ടിയുടെ അച്ഛന്റെ പ്രതികാരത്തിന്റെ കഥ പറയുന്ന ജനകന്റെ പ്രമേയത്തില്‍ പുതുമയൊന്നുമില്ല. എന്നാല്‍ മോഹന്‍ ലാലും സുരേഷ് ഗോപിയും ഒന്നിക്കുന്ന ഏറെ സാമൂഹ്യ പ്രസക്തിയുള്ള പ്രമേയമാണ് ഈ സിനിമയുടേത് എന്ന് വാര്‍ത്താ മാധ്യമങ്ങളിലൂടെയും താരങ്ങളുടെയും അഭിമുഖങ്ങളിലൂടെയും കേട്ട കാണികള്‍ക്ക് സിനിമയുടെ യുക്തി ഭദ്രതയില്ലാത്ത അവതരണ രീതി നിരാശ ഉളവാക്കിയെങ്കില്‍ അതില്‍ തെല്ലും അതിശയോക്തി ഉണ്ടാവില്ല.
എന്നാല്‍ സുരേഷ് ഗോപിയുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ദുബായിലെ ആദ്യ പ്രദര്‍ശനത്തില്‍ കാണികള്‍ ഏറെ ആവേശത്തോടെയാണ് തങ്ങളുടെ പ്രിയ താരത്തെ എതിരേറ്റത്. സിനിമാ പ്രദര്‍ശനത്തിന് ശേഷം നടന്ന ചോദ്യോത്തര വേളയില്‍ കാണികള്‍ തങ്ങളുടെ സ്നേഹാദരങ്ങള്‍ കൊണ്ട് സുരേഷ് ഗോപിയെ വീര്‍പ്പ്മുട്ടിച്ചു. ഇത്തരം ഒരനുഭവം തനിക്ക് സമ്മാനിച്ച ദുബായ് നഗരത്തിനു നന്ദി പറഞ്ഞ അദ്ദേഹം ജനകന്‍ ഏറെ സാമൂഹ്യ പ്രസക്തിയുള്ള സിനിമയാണ് എന്ന് അഭിപ്രായപ്പെട്ടു.
വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക് സമൂഹത്തില്‍ നില നില്‍ക്കുന്ന തിന്മകളെ പറ്റിയും തങ്ങള്‍ നേരിടേണ്ടി വരാവുന്ന വിപത്തുകളെ പറ്റിയും ബോധ്യം വേണം. എന്നാലേ വേണ്ട മുന്‍കരുതലുകള്‍ എടുക്കാന്‍ അവര്‍ക്ക് കഴിയൂ. സാമൂഹ്യ വിരുദ്ധര്‍ ഒരുക്കുന്ന ചതിക്കുഴികളില്‍ വീഴാതെ തങ്ങളെ തന്നെ സംരക്ഷിക്കാന്‍ കുട്ടികള്‍ക്ക് വേണ്ട ജാഗ്രത നല്‍കാന്‍ ഇന്നത്തെ സാമൂഹികാവസ്ഥയുടെ വ്യക്തമായ പരിച്ഛേദമായ ജനകനെ പോലെയുള്ള സിനിമകള്‍ക്ക് കഴിയും എന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
താന്‍ സിനിമയില്‍ തെറി പറയുന്നതിനെ ഒരു ചോദ്യത്തിന് മറുപടിയായി ന്യായീകരിച്ച അദ്ദേഹം, ദുഷിച്ച സാമൂഹിക വ്യവസ്ഥയില്‍ വളര്‍ന്നു വരുന്ന കുട്ടികള്‍ക്ക്, ആവശ്യം വന്നാല്‍ നല്ല തെറി പറയാന്‍ കഴിയണം എന്ന സുരേഷ് ഗോപിയുടെ മറുപടി കാണികളില്‍ ചിരിയുണര്‍ത്തി. കള്ളവും ചതിയും പതിയിരിക്കുന്ന സമൂഹത്തില്‍ നിന്നും കുട്ടികളെ മറച്ചു പിടിച്ചു കൊണ്ട് സംരക്ഷിക്കുന്നതില്‍ കാര്യമില്ല. അത് അവരെ കൂടുതല്‍ അപകടത്തില്‍ കൊണ്ട് ചെന്നെത്തിക്കുകയെ ഉള്ളൂ എന്നതാണ് ജനകന്‍ നല്‍കുന്ന സന്ദേശം. കുട്ടികളെ സമൂഹത്തിലെ വിപത്തുകളെ പറ്റി ബോധാവാന്മാരാക്കണം. എന്നാലേ സിനിമയിലെ കഥ പോലെയുള്ള സംഭവങ്ങളില്‍ നിന്നും അവര്‍ക്ക് സ്വയം രക്ഷിക്കാന്‍ കഴിയൂ എന്നും സുരേഷ് ഗോപി പറഞ്ഞു.
ലൈന്‍ ഓഫ് കളേഴ്സ് നിര്‍മ്മാതാക്കളായ ജനകന്റെ അന്താരാഷ്‌ട്ര തലത്തിലുള്ള ആദ്യ പ്രദര്‍ശനം ജനകന്റെ അന്‍പതാം ദിന ആഘോഷത്തോടൊപ്പം ദുബായില്‍ സംഘടിപ്പിച്ചത് എക്സിക്യൂട്ടിവ് ബാച്ചിലേഴ്സ് ഡോട്ട് കോം ആണ്. തങ്ങളുടെ അടുത്ത പ്രോജക്റ്റ് മമ്മുട്ടി – എസ്. എന്‍. സ്വാമി ടീമിന്റെ കാമല്‍ ആണ് എന്ന് എക്സിക്യൂട്ടിവ് ബാച്ചിലേഴ്സ് ഡോട്ട് കോം സ്ഥാപകനായ സത്താര്‍ അല്‍ കരണ്‍ അറിയിച്ചു. സത്താര്‍ തന്നെ കഥയും തിരക്കഥയും നിര്‍വഹിക്കുന്ന ഒട്ടേറെ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്ന “ക്യാമ്പസ് സ്റ്റോറി” എന്ന ചലച്ചിത്രവും അണിയറയില്‍ ഒരുങ്ങി വരുന്നുണ്ട്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mohanlal, suresh-gopi