തിരുവനന്തപുരം : പ്രശസ്ത സംഗീത സംവിധാകന്‍ എം. ജി. രാധാകൃഷണന്‍ അന്തരിച്ചു. 73 വയസായിരുന്നു. കരള്‍ രോഗ ബാധയെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെ ആയിരുന്നു ജീവന്‍ നിലനിര്‍ത്തി യിരുന്നത്. ഉച്ചക്ക് രണ്ടു മണിയോടെ ആണ് അന്ത്യം സംഭവിച്ചത്.
1940 ജൂലായ് 29ന് ഹരിപ്പാട് ആയിരുന്നു ജനനം. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളേജില്‍ സംഗീത വിദ്യാഭ്യാസം. സംഗീതത്തിലും, ലളിത ഗാനത്തിലും അദ്ദേഹത്തിനു അനിതര സാധാരണമായ കഴിവായിരുന്നു ഉണ്ടായിരുന്നത്. ലളിത ഗാനത്തെ ജനകീയ മാക്കുന്നതില്‍ വലിയ പങ്കാണ് അദ്ദേഹം വഹിച്ചത്. നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നു. ആകാശവാണിയില്‍ ജീവനക്കാരനായിരുന്ന ഇദ്ദേഹം ജി. അരവിന്ദന്‍ 1978ല്‍ സംവിധാനം ചെയ്ത തമ്പിനു സംഗീതം നല്‍കിക്കൊണ്ട് ചലച്ചിത്ര രംഗത്തെക്ക് വന്നു. അട്ടഹാസം എന്ന ചിത്രത്തിലൂടെ കെ. എസ്. ചിത്രയെ ആദ്യമായി സിനിമാ ഗാന രംഗത്തേക്ക് കൊണ്ടു വന്നത് ഇദ്ദേഹം ആയിരുന്നു.
മണിച്ചിത്രത്താഴ്, തകര, ആരവം, അഗ്നിദേവന്‍, അദ്വൈതം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചു.
സംഗീത സംവിധാകന്‍ എന്ന നിലയില്‍ മാത്രമല്ല, ഗായകന്‍ എന്ന നിലയിലും ഇദ്ദേഹം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവാസുരത്തിലെ വന്ദേ മുകുന്ദ ഹരേ… എന്ന ഗിരീഷ് പുത്തഞ്ചേരി എഴുതിയ അഷ്ടപതി എം. ജി. രാധാകൃഷ്ണന്റെ ശബ്ദത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.
2001-ല്‍ അച്ഛനെ യാണെനിക്കിഷ്ടം എന്ന ചിത്രത്തിനും, പിന്നീട് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത അനന്ത ഭദ്രം എന്ന ചിത്രത്തിലെ തിര നുരയും ചൂരുള്‍ മുടിയില്‍ എന്ന ഗാനത്തിനു 2005-ലും സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം ലഭിച്ചിരുന്നു.
ഡോ. ഓമനക്കുട്ടി, പ്രശസ്ത ഗായകന്‍ എം. ജി. ശ്രീകുമാര്‍ എന്നിവര്‍ സഹോദരങ്ങളാണ്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: mg-radhakrishnan, music