അബുദാബി: കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഗദ്ദാമ’ ഷാര്‍ജ യില്‍ ആരംഭിച്ചു. ഗള്‍ഫ് നാടുകളില്‍ വീട്ടു ജോലിക്കാരായി എത്തിച്ചേര്‍ന്ന്‍ ദുരിതങ്ങളില്‍ അകപ്പെടുന്ന സ്ത്രീകളുടെ അനുഭവങ്ങള്‍ നിത്യവും മാധ്യമ ങ്ങളിലൂടെ നമ്മുടെ മുന്നിലെത്തുന്നു. വീട്ടു ജോലിക്കാരെ അറബിയില്‍ വിളിക്കുന്ന ഗദ്ദാമ എന്ന പേര് ടൈറ്റില്‍ ആയി വരുന്ന ഈ ചിത്രത്തിലൂടെ, ഇന്ന് വരെ നാം കാണാത്ത ഒരു ജീവിതം തുറന്നു വെക്കുകയാണ് കമല്‍ എന്ന സംവിധായകന്‍. റിയാദിലെ പത്രപ്രവര്‍ത്തകനായ കെ. യു. ഇഖ്ബാല്‍ എഴുതിയ ഗദ്ദാമ എന്ന കഥയും, അദ്ദേഹത്തിന്‍റെ തന്നെ ഇടയവിലാപം എന്ന രചനയും ചേര്‍ത്ത് തയ്യാറാക്കിയ ഈ ചിത്രത്തിന്‍റെ കഥക്ക് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് ഗിരീഷ് കുമാര്‍.
കാവ്യാ മാധവന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്രീനിവാസന്‍, ബിജു മേനോന്‍, സുരാജ് വെഞ്ഞാറമൂട്, സുകുമാരി, ലെന തുടങ്ങിയ പ്രഗല്‍ഭ താര നിരയോടൊപ്പം ഇന്തോനേഷ്യ, പാകിസ്ഥാന്‍, സുഡാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള അഭിനേതാക്കളും തിരശ്ശീലയില്‍ എത്തുന്നു. ഒരു യൂണിവേഴ്സല്‍ തീം ആയ ‘ഗദ്ദാമ’ തമിഴ്, സിംഹള, അറബി, ഇന്തോനേഷ്യന്‍ ഭാഷകളില്‍ മൊഴിമാറ്റം ചെയ്തു പ്രദര്‍ശിപ്പിക്കും.
അനിത പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ പി. വി. പ്രദീപ് നിര്‍മ്മിക്കുന്ന ഗദ്ദാമ, യു. എ. ഇ. യിലും പാലക്കാടുമായി ചിത്രീകരണം പൂര്‍ത്തിയാക്കും.
( ചിത്രങ്ങള്‍ അയച്ചു തന്നത്: റഹീം പൊന്നാനി ദുബായ് )
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kavya