ഇന്ത്യൻ മനശ്ശാസ്ത്രത്തിൽ പ്രണയത്തിന്റെ അപൂർവ്വ സുന്ദര വർണ്ണങ്ങൾ വാരി വിതറിയ ഒട്ടേറെ ചലച്ചിത്രങ്ങൾക്ക് ജന്മം നൽകിയ യാഷ് ചോപ്ര ഓർമ്മയായി. കഴിഞ്ഞ ഒരാഴ്ച്ചയിലേറെയായി ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിൽസയിൽ ആയിരുന്ന അദ്ദേഹം ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് മരണമടഞ്ഞത്. 80 വയസായിരുന്നു.
1976ൽ അദ്ദേഹം സംവിധാനം ചെയ്ത കഭീ കഭീ എന്ന പ്രണയ കാവ്യം ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനസ്സിൽ യാഷ് ചോപ്രയുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളിൽ ഒന്നായി നിലനിൽക്കുന്നു.
അമിതാഭ് ബച്ചനേയും ഷാറൂഖ് ഖാനേയും സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയ യാഷ് ചോപ്ര നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ഒട്ടനേകം സിനിമകൾ നിർമ്മിക്കുകയും ചെയ്തു. അമിതാഭിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ദീവാർ മുതൽ ഷാറൂഖിനെ പ്രണയ നായകനാക്കിയ ദിലവാലാ ദുൽഹനിയാ ലേ ജായേംഗേ വരെ, സിൽസിലാ, ദിൽ തോ പാഗൽ ഹെ, ലംഹേ, കാലാ പത്ഥർ, ത്രിശൂൽ മുതൽ ഫന, ധൂം, ചൿ ദേ ഇൻഡിയ എന്നിങ്ങനെ ഒട്ടേറെ ചിത്രങ്ങളാണ് യാഷ് ചോപ്ര സംവിധാനം ചെയ്യുകയോ നിർമ്മിക്കുകയോ ചെയ്തത്. ഇന്ത്യൻ സിനിമയിലേക്ക് സംഗീതത്തിന്റെ മാധുര്യം തിരികെ കൊണ്ടുവരുന്നതിൽ സുപ്രധാന വഴിത്തിരിവായ “ചാന്ദ്നി” യും യാഷ് ചോപ്രയുടെ സംഭാവനയാണ്.
1998ൽ ദിൽ തോ പാഗൽ ഹെ, 2005ൽ വീർ സര എന്നീ ചിത്രങ്ങളുടെ നിർമ്മാണത്തിന് ദേശീയ പുരസ്കാരം ലഭിച്ചു. 2005ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിക്കുകയുണ്ടായി. ഫ്രാൻസിലെ പരമോന്നത സിവിലിയൻ പുരസ്കാരമായ ലെജൻ ഓഫ് ഓണർ ലഭിച്ച അദ്ദേഹത്തിന് 2001ൽ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹെബ് ഫാൽകെ പുരസ്കാരം ലഭിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: filmmakers, obituary