ന്യൂഡല്‍ഹി : 2010 ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് അഭിമാനിക്കാന്‍ ഏറെ. മികച്ച ചിത്രത്തിനുള്ള പുരസ്കാരം നവാഗത സംവിധായകന്‍ സലിം അഹമ്മദ് സംവിധാനം ചെയ്ത “ആദാമിന്റെ മകന്‍ അബു” എന്ന ചിത്രത്തിന് ലഭിച്ചപ്പോള്‍ ഇതേ ചിത്രത്തിലെ അഭിനയത്തിന് സലിം കുമാര്‍ മികച്ച നടനുള്ള പുരസ്കാരത്തിന് അര്‍ഹനായി. മികച്ച ഛായാഗ്രാഹണം (മധു അമ്പാട്ട്), മികച്ച പശ്ചാത്തല സംഗീതം (ഐസക് തോമസ് കൊട്ടുകപ്പള്ളി) എന്നിങ്ങനെ മറ്റു രണ്ടു പുരസ്കാരങ്ങളും ഈ ചിത്രത്തിന് ലഭിച്ചു.
മികച്ച നടി : ശരണ്യ
മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചത് ആലപ്പുഴ സ്വദേശിയായ സംവിധായകന്‍ എ. ബി. രാജിന്റെ മകളും ഒട്ടേറെ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള നടിയുമായ ശരണ്യക്കാണ്. തെന്‍മേര്‍ക്കു പരുവക്കാറ്റ് എന്ന തമിഴ് ചിത്രത്തിനാണ് ശരണ്യക്ക് പുരസ്കാരം ലഭിച്ചത്.
“യന്തിരന്‍” എന്ന ചിത്രത്തിലെ പ്രൊഡക്ഷന്‍ ഡിസൈനിന് സാബു സിറിലിനും “നമ്മ ഗ്രാമം” എന്ന ചിത്രത്തിലെ വസ്ത്രാലങ്കാരത്തിന് ഇന്ദ്രന്‍സ് ജയനും ദേശീയ പുരസ്കാരം സ്വന്തമാക്കി.
“നമ്മ ഗ്രാമ” ത്തിലെ അഭിനയത്തിലൂടെ സുകുമാരി മികച്ച സഹ നടിയായി.
സ്നേഹല്‍ ആര്‍. നായര്‍ സംവിധാനം ചെയ്ത “ജേം” എന്ന ചിത്രം ഫീച്ചര്‍ ഇതര വിഭാഗത്തില്‍ പുരസ്കാരം നേടി.
ജോഷി ജോസഫ് മികച്ച സിനിമാ നിരൂപകനായി തെരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം സ്റ്റേറ്റ്സ്മാന്‍ എന്ന പത്രത്തില്‍ എഴുതിയ “ജസ്റ്റ് എ ട്വിസ്റ്റര്‍” എന്ന പംക്തിക്കാണ് പുരസ്കാരം.
“ഒറ്റയാള്‍” എന്ന ചിത്രത്തിന് ഷൈനി ജേക്കബ് ബെഞ്ചമിന്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.
എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ ആസ്പദമാക്കി കെ. ആര്‍. മനോജ് സംവിധാനം ചെയ്ത “എ പെസ്റ്ററിംഗ് ജേണി” യാണ് മികച്ച അന്വേഷണാത്മക ചിത്രം. മികച്ച ശബ്ദ ലേഖനത്തിനുള്ള പുരസ്കാരം ഈ ചിത്രത്തിലെ ശബ്ദ ലേഖനത്തിന് ഹരികുമാര്‍ എം. നായര്‍ക്ക് ലഭിച്ചു.
മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഡോ. ബിജു സംവിധാനം ചെയ്ത “വീട്ടിലേക്കുള്ള വഴി” കരസ്ഥമാക്കി.
സല്‍മാന്‍ ഖാന്റെ “ദബാംഗ്” ജനപ്രിയ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.
സലിം കുമാറിനോടൊപ്പം തമിഴ് നടന്‍ ധനുഷിനും മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിട്ടുണ്ട്. രജനീകാന്തിന്റെ മരുമകനായ ധനുഷിന് ആടുകളം എന്ന ചിത്രത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.
“ബാബു ബാന്‍ഡ് ബജാ” എന്ന മറാട്ടി ചിത്രത്തിലെ അഭിനയത്തിന് മറാട്ടി നടി മൈഥിലീ ജഗ്പത് വരാദ്കറും മികച്ച നടിക്കുള്ള ഇത്തവണത്തെ പുരസ്കാരം പങ്കിട്ടു.
വിപണി കയ്യടക്കിയ ബോളിവുഡ് ചിത്രങ്ങളെ പിന്തള്ളി മറ്റു ഭാഷാ ചിത്രങ്ങളാണ് പുരസ്കാരത്തിന് അര്‍ഹമായത് എന്നത് ശ്രദ്ധേയമാണ്. സലിം കുമാറിന് ദേശീയ പുരസ്കാരം ലഭിച്ചത് ഇത്തവണത്തെ പുരസ്കാര നിര്‍ണ്ണയ സമിതിയില്‍ മലയാളികള്‍ ഇല്ലാതിരുന്നതിനാലാണ് എന്നാണ് പ്രശസ്ത നടന്‍ ദിലീപ് അഭിപ്രായപ്പെട്ടത്. സംവിധായകനും നിര്‍മ്മാതാവുമായ ജെ. പി. ദത്ത യുടെ നേതൃത്വത്തിലുള്ള ഫീച്ചര്‍ ചിത്ര ജൂറിയില്‍ മലയാളികള്‍ ഉണ്ടായിരുന്നില്ല.
നവാഗത സംവിധായകനായ സലിം അഹമ്മദ് സംവിധാനം ചെയ്ത “ആദാമിന്റെ മകന്‍ അബു” എന്ന ചിത്രത്തില്‍ ഹജ്ജിനു പോകുവാന്‍ അതിയായ ആഗ്രഹവുമായി നടക്കുന്ന ഒരു പാവപ്പെട്ട വൃദ്ധന്റെ കഥാപാത്രമാണ് സലിം കുമാര്‍ അവതരിപ്പിച്ചത്. സെറീന വഹാബാണ് ഈ ചിത്രത്തിലെ നായിക.
“ആദാമിന്റെ മകന്‍ അബു” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വേളയില്‍ സലിം കുമാര്‍ ചിത്രത്തെ കുറിച്ച് വിശദീകരിക്കുന്നു. ചിത്രത്തെ കുറിച്ച് തനിക്ക് ഉറച്ച പ്രതീക്ഷയുണ്ട് എന്ന് സലിം കുമാര്‍ അന്ന് തന്നെ വ്യക്തമാക്കിയിരുന്നു.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, salim-kumar