പെരിന്തല്‍മണ്ണ: ടി.വി ചര്‍ച്ചകളില്‍ തന്റെ സിനിമയെ പറ്റിയും പ്രേക്ഷകരില്‍ നിന്നുമുള്ള പ്രോത്സാഹനത്തെ പറ്റിയും വാചാലനാകുന്ന സന്തോഷ് പണ്ഡിറ്റിനു പ്രേക്ഷകര്‍ എപ്രകാരം തന്നെ സ്വീകരിക്കുന്നു എന്നത് നേരിട്ട് അനുഭവിക്കുവാന്‍ അവസരം ലഭിച്ചു. പെരിന്തല്‍ മണ്ണയിലെ ഒരു ബ്യൂട്ടീപാര്‍ലര്‍ ഉദ്‌ഘാടനത്തിനു എത്തിയപ്പോളാണ് പ്രേക്ഷകര്‍ സന്തോഷിനെ “സ്നേഹ പ്രകടനം” കൊണ്ട് വീര്‍പ്പു മുട്ടിച്ചത്. ഉദ്‌ഘാടനത്തിനു ശേഷം സന്തോഷിനെ ഏറെ പ്രശസ്തനാക്കിയ ‘രാത്രി ശിവരാത്രി’ എന്ന പാട്ട് പാടുവാന്‍ ആരംഭിച്ചതോടെ നാലുപാടു നിന്നും ചീമുട്ടയും തക്കാളിയും കൊണ്ടുള്ള ഏറു വന്നു. കൂടാതെ അസഭ്യവര്‍ഷവും. ഒടുവില്‍ ചീമുട്ടയേറില്‍ നിന്നും രക്ഷപ്പെടുവാന്‍ കാറില്‍ കയറിയെങ്കിലും “ആരാധകര്‍” കാറിനെ പിന്തുടര്‍ന്നും ചീമുട്ടയെറിഞ്ഞു. “ആരാധകരുടെ” ചീമുട്ടയെറിഞ്ഞുള്ള “സ്നേഹപ്രകടനത്തില്‍” നിന്നും രക്ഷപ്പെടുത്തുവാന്‍ ശ്രമിച്ച പോലീസുകാര്‍ക്കു നേരെയും ചീമുട്ടയേറുണ്ടായി. ചാനല്‍ ചര്‍ച്ചകളില്‍ തന്റെ സിനിമ കണ്ടവര്‍ ആരും അത് മോശമാണെന്ന് അഭിപ്രായപ്പെടില്ലെന്ന് ആവര്‍ത്തിക്കുന്ന സന്തോഷ് പണ്ഡിറ്റിനെ പ്രേക്ഷകര്‍ കൈകാര്യം ചെയ്തത് തികച്ചും അപ്രതീക്ഷിതമായായിരുന്നു.
യൂറ്റൂബിലെ നെഗറ്റീറ്റ് പബ്ലിസ്റ്റിയിലൂടെ പ്രശസ്തനായ സന്തോഷിന്റെ “കൃഷ്ണനും രാധയും” എന്ന ചിത്രം തീയേറ്ററുകളില്‍ നിന്നും സമീപകാലത്തിറങ്ങിയ സൂപ്പര്‍ താര ചിത്രങ്ങളേക്കാള്‍ മികച്ച കളക്ഷന്‍ ആണ് നേടിക്കൊണ്ടിരിക്കുന്നത്. തീയേറ്ററുകള്‍ കയറുന്ന പ്രേക്ഷകരില്‍ അധികവും സിനിമ തുടങ്ങുന്നത് മുതല്‍ കൂക്കിവിളിച്ചും അസഭ്യം പറഞ്ഞുമാണ് സന്തോഷിന്റെ ചിത്രത്തെ “വിജയി”പ്പിച്ചത്. തീയേറ്ററുകളിലെ അതേ വികാരം തന്നെ പെരിന്തല്‍ മണ്ണയിലെ ജനങ്ങളും ചീമുട്ടയേറിലൂടെ പ്രകടിപ്പിച്ചു എന്നു വേണം കരുതുവാന്‍.