മൊബൈല്‍ ഫോണില്‍ വീഡിയോ ആല്‍ബം

April 26th, 2009

Mobile Phone Video Albumമാതൃ സ്നേഹത്തിന്റെ കഥകള്‍ പറയുന്ന ധാരാളം പാട്ടുകളും, മ്യുസിക് ആല്‍ബങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഈ രംഗത്ത് ഒരു പരീക്ഷണവുമായി, അബുദാബിയില്‍ നിന്നും ഹനീഫ് കുമരനെല്ലൂര്‍ വരുന്നു. നിരവധി ആല്‍ബങ്ങളും ടെലി സിനിമകളും സംവിധാനം ചെയ്തു ശ്രദ്ധേയനായ ഹനീഫ് , അദ്ദേഹം ഉപയോഗിക്കുന്ന സെല്‍ ഫോണ്‍ (Nokia N95) ഉപയോഗിച്ചു ചിത്രീകരിച്ച ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക്…’ എന്ന വീഡിയോ ആല്‍ബം ഒരു ചരിത്ര സംഭവം ആക്കിയിരിക്കുന്നു.
 
മാതാവ് നഷ്ടപ്പെട്ട ഒരു കുട്ടിയുടെ ഓര്‍മ്മക ളിലൂടെയാണ് ഇതിന്റെ കഥ പറഞ്ഞു പോകുന്നത് . ഖമറുദ്ധീന്‍ എടക്കഴിയൂര്‍ രചിച്ച സ്ക്രിപ്റ്റ്, ആകര്‍ഷകമായി അവതരി പ്പിച്ചിരിക്കുന്നു ക്യാമറമാനും സംവിധായകനും കൂടിയായ ഹനീഫ് കുമരനല്ലൂര്‍.
 

Mobile Phone Video Album Team

 
മാസ്റ്റര്‍ ഫ്ലെമിന്‍ ഫ്രാന്‍സിസ്, ദേവി അനില്‍, അന്‍വര്‍ എന്നിവര്‍ പ്രധാന കഥാപാ ത്രങ്ങള്‍ക്ക് വേഷപ്പക ര്‍ച്ചയേകുന്നു.
 
‘ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കുടുംബം ‘ എന്ന സിനിമയിലെ ബാല നടന്‍ കൂടിയായ ഫ്ലെമിന്‍ ഫ്രാന്‍സിസ്, അബുദാബിയിലെ വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന കൊച്ചു മിടുക്കനാണ്.
 
മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ദൂരം’ എന്ന ടെലി സിനിമയിലൂടെ അറ്റ്‌ലസ് – ജീവന്‍ ടെലി ഫെസ്റ്റ് 2007 ലെ, മികച്ച നടിക്കുള്ള രണ്ടാമത്തെ അവാര്‍ഡ് കരസ്ഥമാക്കിയ ബഹുമുഖ പ്രതിഭയായ ദേവി അനില്‍, ഇതിലെ ഉമ്മയുടെ വേഷ ത്തിലൂടെ ഹൃദയ സ്പര്‍ശിയായ പ്രകടനം കാഴ്ച വെച്ചു.
 
ഈ സെല്‍ ഫോണ്‍ ആല്‍ബത്തിന്റെ ഗാന രചനയും, സംഗീതവും നിര്‍വ്വഹി ച്ചിരിക്കുന്നത് സി. കെ. താജ് ഇക്ബാല്‍ നഗര്‍, ആലാപനം : മാസ്റ്റര്‍ ഹാരിസ് കോക്കൂര്‍, എഡിറ്റിംഗ് : മുജീബ് റഹ്മാന്‍ കുമരനല്ലൂര്‍.
 
ഫ്രാന്‍സിസ് ഇരിങ്ങാലക്കുട, മമ്മൂട്ടി ചങ്ങരംകുളം, വര്‍ഗ്ഗീസ് ഇരിങ്ങാലക്കുട എന്നിവര്‍ ‘സ്നേഹപൂര്‍വ്വം ഉമ്മാക്ക്…’ വേണ്ടി
പിന്നണിയില്‍ പ്രവര്‍ത്തി ച്ചിരിക്കുന്നു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി  
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

മിനി സ്ക്രീനിലെ പാട്ടെഴുത്തുകാരന്‍

April 22nd, 2009


 
“കണ്ണന്റെ കാലടി ചുംബിക്കും തിരകളില്‍
നിന്നോര്‍മ്മ പല വട്ടം നീന്തി ത്തുടിച്ചതും
തളിരിട്ട മോഹങ്ങള്‍ പൂത്തു നില്‍ക്കുമ്പോള്‍
ഇള വെയിലേല്‍ക്കുവാന്‍ പോരുമോ കണ്മണീ…..”
 
ഷലീല്‍ കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയിലെ ഈ വരികള്‍ എഴുതിയത് ഹാരിഫ് ഒരുമനയൂര്‍.
 
അഷ്റഫ് മഞ്ചേരി യുടെ സംഗീതത്തില്‍ അനുപമ പാടിയ ഈ ഗാനം കഴിഞ്ഞ ദിവസം അജ്മാനിലെ ഒരു ഷോപ്പിങ്ങ് മാളില്‍ ചിത്രീകരിക്കുക യായിരുന്നു. മേഘങ്ങളുടെ സഹ സംവിധായകന്‍ കൂടിയാണ് ഹാരിഫ്.
 
ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളേജില്‍ പ്രീഡിഗ്രീക്ക് പഠിച്ചു കൊണ്ടി രിക്കുമ്പോള്‍, സി. എല്‍. ജോസിന്റെ ‘അമര്‍ഷം’ എന്ന നാടകത്തിനു പാട്ടുകള്‍ എഴുതി കൊണ്ടാണ് ഗാന രചനയിലേക്ക് ഹാരിഫ് കടന്നു വന്നത് .
 
വിദ്യാധരന്‍, മോഹന്‍ സിതാര, ദേവീകൃഷ്ണ, ഡേവിഡ് ചിറമ്മല്‍ എന്നീ സംഗീത സംവിധായകര്‍ ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനും എട്ടോളം നാടക ങ്ങള്‍ക്ക് ഗാന രചന നിര്‍വ്വഹിക്കാനും സാധിച്ചു. നാടക ലോകത്തെ സൌഹൃദങ്ങളും അനുഭവങ്ങളുമാണ്‌ അദ്ദേഹത്തെ സിനിമയുടെ ലോകത്ത് എത്തിച്ചത്.
 
മലയാളത്തിലെ പ്രമുഖ ബാനറായിരുന്ന ‘പ്രിയ ഫിലിംസ്’ ഉടമ എന്‍. പി. അബു വുമായുള്ള ബന്ധം, 1986 ല്‍ ഹാരിഫിനെ ചെന്നൈ വിക്ടറി ഫിലിം ഇന്‍സ്ടിട്യൂട്ടില്‍ എത്തിച്ചു.
 
അവിടെ നിന്നും തിരക്കഥയിലും സംവിധാനത്തിലും ഡിപ്ലോമ എടുത്ത്, ആ കാലഘട്ട ത്തിലെ മലയാളത്തിലെ ശ്രദ്ധേയരായ സംവിധായകര്‍ പി. കെ. കൃഷ്ണന്‍, വിജയ കുമാര്‍, പി. എ. ഉണ്ണി എന്നിവരുടെ അസ്സോസിയേറ്റ് ആയി പ്രവര്‍ത്തിച്ചു. ദേശീയ അംഗീകാരം നേടിയ എഡിറ്റര്‍ എസ്. അയ്യപ്പന്റെ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചിരുന്നു.
 
കവിത യുടെയും സാഹിത്യ ത്തിന്റെയും വഴികളിലൂടെ സഞ്ചരിച്ച്, സിനിമയുടെ മായിക ലോകത്ത് തന്റെ വൈഭവം തെളിയിച്ച്, ഇപ്പോള്‍ ഒരു പ്രവാസിയായി യു. എ. ഇ. യില്‍ കഴിയുന്നു.
 
സിനിമയും സാഹിത്യവും മനസ്സിനുള്ളില്‍ ഒതുക്കി ജീവിത ത്തിലെ സ്വപ്നങ്ങള്‍ക്ക് നിറം പകരാനുള്ള ഊര്‍ജം തേടി ഗള്‍ഫില്‍ എത്തി. നീണ്ട പതിനഞ്ചു വര്‍ഷം ശരാശരി പ്രവാസി യായി കഴിയുമ്പോളും, തന്റെ ഉള്ളില്‍ കനലായി എരിഞ്ഞു കൊണ്ടിരിക്കുന്ന കഥകളും കവിതകളും കടലാസിലേക്ക് പകര്‍ത്തിയിരുന്നു.
 
ഗള്‍ഫില്‍ എത്തിച്ചേര്‍ന്ന ആദ്യ നാളുകളില്‍, ഇവിടത്തെ കലാ പ്രവര്‍ത്ത നങ്ങളെ കൌതുക ത്തോടെ കണ്ടു നിന്നിരുന്ന ഹാരിഫ്, നാട്ടുകാരുടെ കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ രൂപീകരണത്തോടെ, വീണ്ടും കലാരംഗത്ത് സജീവമായി.
 
ഇപ്പോള്‍ ഒരുമയുടെ കലാ വിഭാഗം സിക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. അബുദാബി യിലെ നാടക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ നാടക സൌഹൃദത്തിലും സഹകരിക്കുന്നു.
 
യു. എ. ഇ. യിലെ അക്ഷര ക്കൂട്ടം സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍, 2008 ലെ ഏറ്റവും മികച്ച കവിത യായി ഹാരിഫിന്റെ ‘വിളിപ്പാടകലെ’ തിരഞ്ഞെടുത്തു.
 
ഈയിടെ യു. എ. ഇ. യില്‍ ചിത്രീകരിച്ച അഞ്ച് ടെലി സിനിമകള്‍ക്ക് പാട്ടുകള്‍ എഴുതുകയും സഹ സംവിധായകനായി പ്രവര്‍ത്തിക്കുകയും ചെയ്തു.
 
ഏഷ്യാനെറ്റില്‍ ടെലി കാസ്റ്റ് ചെയ്ത മുഷ്താഖ് കരിയാടന്റെ ‘ആര്‍പ്പ്’ എന്ന സിനിമ ഒരു വഴിത്തിരിവായി. ഈ ടെലി സിനിമയിലെ
 
‘രാപ്പാടി വീണ്ടും പാടുന്നോരീണം ..
ആത്മാവിലേതോ തേങ്ങലായ് മാറീ…
സൌവര്‍ണ്ണ സന്ധ്യകള്‍ ഓര്‍ക്കുകയില്ലിനി
നിന്‍ നെഞ്ചില്‍ ഓമനിച്ച അഴകിന്റെ ചിത്രം…. “
 
എന്ന ഗാനം ഹാരിഫിനു ഒട്ടേറെ അഭിനന്ദനങ്ങള്‍ നേടി ക്കൊടുത്തു.
 
മലയാള സിനിമയിലെ പ്രശസ്തരായ സംഗീത സംവിധായകര്‍ ബേണി ഇഗ്നേഷ്യസ്സിന്റെ സംഗീതത്തിനു വരികള്‍ എഴുതാനും ഭാഗ്യം ലഭിച്ചു.
 
അബുദാബിയിലെ സാം ഏലിയാസ് നായകനായി അഭിനയിച്ച് സംവിധാനം ചെയ്ത ‘ഒരു പുഴ യൊഴുകും വഴി ‘ എന്ന ടെലി സിനിമക്കു വേണ്ടിയായിരുന്നു അത്.
 
സിനിമയിലെ പോലെ ട്യൂണിട്ട് പാട്ടെഴുതുന്ന രീതിയാണു ഈ ടെലി സിനിമയിലും ചെയ്തത്.
 
ഗാന രചയിതാക്കളെ സംബന്ധിച്ചു വളരെ ശ്രമകരമായ ഒരു ദൌത്യമാണ് ഇതെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ ചിത്രത്തിന്റെ സഹ സംവിധായകന്‍ കൂടിയാണു ഹാരിഫ്.
 
2007ലെ അറ്റ്ലസ് – ജീവന്‍ ടെലി ഫെസ്റ്റില്‍ അവാര്‍ഡ് നേടിയ ‘ദൂരം’ എന്ന സിനിമക്കു ശേഷം മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്യുന്ന ‘ജുവൈരിയായുടെ പപ്പ’ എന്ന സിനിമയിലും ഹാരിഫിന്റെ സാന്നിധ്യമുണ്ട്.
 


അതു പോലെ മറ്റു ചില സംരംഭങ്ങളുമായി സഹകരിക്കാന്‍ തയ്യാറായി നില്‍ക്കുമ്പോഴും, സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ടെലി സിനിമയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു.
 

 
ഫോക്കസ് മീഡിയ നിര്‍മ്മിക്കുന്ന “സ്നേഹിത” എന്ന ചിത്രത്തില്‍, ഗള്‍ഫിലെ ഇടത്തരം കുടുംബ ങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ നര്‍മ്മം കലര്‍ത്തി പ്രേക്ഷകര്‍ക്ക് ഒരു സന്ദേശമാക്കി അവതരിപ്പിക്കാനാണു ഹാരിഫ് ഉദ്ദേശിക്കുന്നത്.
 
ഇ മെയില്‍ : pmharif at yahoo dot com (050 53 84 596)
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഡോക്യുമെന്ററിക്ക് സുവര്‍ണ കിരീടം

April 21st, 2009

ദോഹ: ഖത്തറിലെ അല്‍ ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്രോ ത്സവത്തില്‍ ‘ബിലാല്‍’ എന്ന ഇന്ത്യന്‍ ഡോക്യുമെന്ററിക്ക് സുവര്‍ണ കിരീടം. അല്‍ ജസീറ ഡോക്യുമെന്ററി ചലച്ചിത്രോ ത്സവത്തിന്റെ അഞ്ച് വര്‍ഷത്തെ ചരിത്രത്തി ലാദ്യമായിട്ടാണ് ഇന്ത്യയ്ക്ക് കിരീടം ലഭിക്കുന്നത്. അര ലക്ഷം ഖത്തര്‍ റിയാലാണ് സുവര്‍ണ കിരീടം ജേതാവിന് ലഭിക്കുക.
 
‘ബിലാലി’ന്റെ സംവിധായകന്‍ പശ്ചിമ ബംഗാള്‍ സ്വദേശി സൗരവ് സാരംഗ്, അല്‍ ജസീറ ടെലിവിഷന്‍ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ അമര്‍ അല്‍താനിയില്‍ നിന്ന് സ്വര്‍ണ കിരീടം ഏറ്റു വാങ്ങിയപ്പോള്‍ തിങ്ങി നിറഞ്ഞ സദസ്സില്‍ ഹര്‍ഷാര വങ്ങളുയര്‍ന്നു.
 
ദോഹാ ഷെറാട്ടണിലെ അല്‍ മജ്‌ലിസ് ഹാളില്‍ നടന്ന ചടങ്ങില്‍ അന്താരാഷ്ട്ര രംഗത്തെ ചലച്ചിത്ര നിര്‍മാതാക്കളും സംവിധായകരും നടന്മാരും കലാകാര ന്മാരുമടങ്ങുന്ന വമ്പിച്ചൊരു ജനക്കൂട്ടം സന്നിഹിതരായിരുന്നു. അന്ധരായ മാതാപിതാ ക്കളോടൊത്ത് ഇരുണ്ട മുറിയില്‍ തനിച്ച് ജീവിതം നയിക്കുന്ന മൂന്നു വയസ്സുകാരന്റെ കഥയാണ് ഈ ചിത്രത്തിലെ മുഖ്യ പ്രമേയം.
 
92 മിനിറ്റ് നീളമുള്ള ചിത്രത്തിലൂടെ കുട്ടിക്ക് ലഭിക്കുന്ന സ്‌നേഹത്തിന്റെയും വിനോദത്തിന്റെയും ക്രൂരതയുടെയും പ്രതീക്ഷകളുടെയും നിമിഷങ്ങളാണ് സൗരവ് ലോകത്തിന്റെ മുന്നില വതരിപ്പിക്കുന്നത്. അറബ് നാട്ടില്‍ തന്റെ ചിത്രത്തിനു ലഭിച്ച അംഗീകാരം തന്നെ വളരെയധികം സന്തോഷ ഭരിതനാക്കു ന്നുവെന്ന് സൗരവ് പറഞ്ഞു.
 
ചൈനക്കാരനായ സംവിധായകന്‍ ജ്യോയാ വോവൂവിന്റെ ‘എയാ നാസി പ്യൂപ്പിള്‍’ എന്ന ചിത്രം ഏറ്റവും നല്ല മീഡിയ ചിത്രത്തിനുള്ള സ്വര്‍ണ അവാര്‍ഡി നര്‍ഹമായി.
 
40,000 റിയാലാണ് സമ്മാന ത്തുക. ബെല്‍ജിയം കാരന്‍ ക്രിസ്റ്റഫര്‍ ഡാലെ സംവിധാനം ചെയ്ത ”ഫൈന്‍ഡിങ് ഹോം” ഏറ്റവും നല്ല ലഘു ചിത്രത്തിനുള്ള അല്‍ജസീറാ സ്വര്‍ണ കിരീടത്തിനര്‍ഹമായി. 30,000 റിയാലാണ് സമ്മാന ത്തുക. നാസി മനുഷ്യ സമൂഹത്തിന്റെ ശാസ്ത്രീയമായ കാഴ്ചപ്പാടുക ളവതരിപ്പിക്കുന്ന ചിത്രമാണ് ‘എയാ നാസി പ്യൂപ്പിള്‍’. അമേരിക്കന്‍ നാവിക വ്യൂഹത്തിലെ ആദ്യത്തെ സൈനികന്‍ ഇറാഖില്‍ മൂന്നു വര്‍ഷത്തേ തടക്കമുള്ള പത്തൊമ്പതു വര്‍ഷത്തെ സജീവ സേവനത്തിനു ശേഷം സമീപ കാലത്ത് ജോലി യില്‍നിന്ന് വിരമിച്ച ശേഷമുള്ള ജീവിത കഥകളാണ് ‘ഫൈന്‍ഡിങ് ഹോ’മിലെ പ്രമേയം.
 
സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോകുന്ന വേളയില്‍ സ്വന്തം കുടുംബം സന്ദര്‍ശിക്കുന്നത് മാറ്റി വെച്ച തന്റെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞ യൗവനത്തെ ക്കുറിച്ചും തകര്‍ന്ന ദാമ്പത്യത്തെ ക്കുറിച്ചുമുള്ള ചിന്തകളാണ് ക്രിസ്റ്റഫര്‍ ചിത്രത്തില്‍ പകര്‍ത്തിയത്.
 
സമാപന ച്ചടങ്ങില്‍ മറ്റ് നിരവധി അവാര്‍ഡുകളും പ്രഖ്യാപിച്ചു.
 
മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡുകള്‍

April 18th, 2009

ഈ വര്‍ഷത്തെ ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡുകള്‍ ദുബായില്‍ നടന്ന വര്‍ണ്ണ ശബളമായ ചടങ്ങില്‍ വെച്ച് പ്രഖ്യാപിച്ചു. ആജീവനാന്ത നേട്ടത്തിനുള്ള പുരസ്കാരം മലയാള ചലചിത്ര സംഗീതത്തിന് നല്‍കിയ സമഗ്രമായ സംഭാവനകളെ പരിഗണിച്ച് പ്രശസ്ത സംഗീതജ്ഞന്‍ വി. ദക്ഷിണാമൂര്‍ത്തിക്ക് സമ്മാനിച്ചു. ചടങ്ങില്‍ വിശിഷ്ട അതിഥിയായി എത്തിയ ബോളിവുഡ് താരം കരിഷ്മാ കപൂര്‍ ആണ് പുരസ്കാരം നല്‍കിയത്.
 
ദുബായ് ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന ആട്‌വാ ഗ്രൂപ്പ് ആണ് ജിമ്മ (GMMA – Gulf Malayalam Music Awards) എന്ന ഈ പുരസ്കാര ദാനം എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്നത്. 2006ല്‍ നടന്ന ആദ്യത്തെ ജിമ്മ പുരസ്കാര ദാനത്തില്‍ മലയാളത്തിന്റെ ഗാന ഗന്ധര്‍വന്‍ പദ്മശ്രീ ഡോ. കെ ജെ. യേശുദാസിനാണ് ആജീവനാന്ത സംഭാവനക്കുള്ള ജിമ്മ പുരസ്കാരം സമ്മാനിച്ചത്.
 
തുടര്‍ന്ന് 2007ല്‍ എസ്. ജാനകിക്കും 2008ല്‍ പദ്മശ്രീ ഡോ. എസ്. പി. ബാലസുബ്രഹ്മണ്യത്തിനും ഈ പുരസ്കാരം ലഭിക്കുകയുണ്ടായി.
 





 
ബോളിവുഡ് താരം കരിഷ്മാ കപൂര്‍, തെന്നിന്ത്യന്‍ താര സുന്ദരി ലക്ഷ്മി റായ്, ചലചിത്ര സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്, പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവ്, റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ പ്രിയപ്പെട്ട ദീദിയായി മാറിയ ഉഷാ ഉതുപ്പ്, മലയാളത്തിന്റെ വാനമ്പാടി കെ.എസ്. ചിത്ര, സംഗീത സംവിധായകന്‍ ശരത്, ഗായകരായ വേണുഗോപാല്‍, വിജയ് യേശുദാസ്, മധു ബാലകൃഷ്ണന്‍, അഫ്സല്‍, ഗായത്രി, ജ്യോല്‍‌സ്‌ന, സയനോറ, റിമി ടോമി എന്നീ നിരവധി താരങ്ങളുടെ സാന്നിധ്യം ചടങ്ങിന് താര പരിവേഷം പകര്‍ന്നു.
 

 
ഹിറ്റ് എഫ്. എം 96.7 റേഡിയോയുടെ അവതാരകരുടെ ചടുലമായ അവതരണ ശൈലി ചടങ്ങിനെ ഒരു മികവുറ്റ സംഗീത നൃത്ത അനുഭവം ആക്കി മാറ്റി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

രാത്രി കാലം മികച്ച ചിത്രം

March 29th, 2009

അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സമാപന സമ്മേളനത്തോ ടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ അയൂബ് കടല്‍മാട് സംവിധാനം ചെയ്ത ‘രാത്രി കാലം’ഒന്നാം സ്ഥാനം നേടി. ശങ്കര്‍ ശ്രീലകം സംവിധാനം ചെയ്ത ‘Eയുഗം’ സലീം ഹനീഫ് സംവിധാനം ചെയ്ത ‘ബ്ലാങ്ക് പേജ്’ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പ്രവാസി എന്ന വിഷയത്തെ ആധാരമാക്കി 5 മിനിട്ട് ദൈര്‍ഘ്യമുള്ള 5 സിനിമകളാണ് അവസാന റൌണ്ട് മത്സരത്തില്‍ എത്തിയത്.

മുള്ളന്‍ അബ്ദുല്‍ സലാം അവതരിപ്പിച്ച ‘രാത്രി കാല’ ത്തിന് മികച്ച ചിത്രത്തോടൊപ്പം, മികച്ച സംവിധായകന്‍ (അയൂബ് കടല്‍മാട്), മികച്ച നടി (അനന്ത ലക്ഷ്മി ഷറീഫ്) എന്നീ അവാര്‍ഡുകളും, ജൂറിയുടെ പ്രത്യേക അഭിനന്ദനവും ലഭിച്ചു.

ഷാനവാസ് ആറ്റിങ്ങല്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ‘Eയുഗം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ (ശങ്കര്‍ ശ്രീലകം), മികച്ച ക്യാമറ (ഷമീര്‍ വടക്കേക്കാട്), മികച്ച എഡിറ്റിംഗ് (ലിജേഷ് നന്ദനം, ഗോള്‍ഡന്‍ ഐ സ്റ്റുഡിയോ) എന്നീ അവാര്‍ഡുകളും ‘Eയുഗം’ കരസ്ഥമക്കി.

മൂന്നാം സ്ഥാനത്ത് എത്തിയ ‘ബ്ലാങ്ക് പേജ്’ ഏറ്റവും നല്ല നടനുള്ള അവാര്‍ഡും (സലീം ഹനീഫ്), പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും കരസ്ഥമക്കി. മികച്ച സഹ നടന്‍, ശബ്ദ മിശ്രണം എന്നിവക്കുള്ള അവാര്‍ഡ് ‘നിഴലുകള്‍’ നേടി. സഹ നടി, ബാല താരം എന്നീ അവാര്‍ഡുകള്‍ ‘നാളെയുടെ പ്രവാസി’ നേടി.

രാത്രി കാലം, Eയുഗം, ബ്ലാങ്ക് പേജ്, നിഴലുകള്‍, നാളെയുടെ പ്രവാസി എന്നീ അഞ്ചു ചിത്രങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു എന്നും സാങ്കേതികമായ ജയ പരാജയങ്ങള്‍ മാത്രമയിരുന്നു നടന്നതെന്നും വിധി നിര്‍ണ്ണയിച്ച സത്യജിത്ത് വാരിയത്തും ശിവ കുമാറും പറഞ്ഞു.

പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന, വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന ‘ആയ’ മാരുടെ ജീവിതമായിരുന്നു രാത്രി കാലം എന്ന സിനിമയില്‍ അയൂബ് കടല്‍മാട് അവതരിപ്പിച്ചത്. ‘രാത്രി കാലം’ എന്ന പേര്‍ എന്തു കൊണ്ട് സ്വീകരിച്ചു എന്നുള്ള ജൂറിയുടെ ചോദ്യത്തിന്, ഇത്തരം കഥാപാത്രങ്ങളുടെ ജീവിതം രാത്രികള്‍ക്ക് സമമാണെന്നും പകലുകള്‍ അവര്‍ക്ക് അന്യമാണെന്നും സംവിധായകന്‍ പറഞ്ഞു. പ്രൊഫഷണലിസം നിറഞ്ഞു നിന്നു ഈ ചിത്രത്തില്‍ എന്ന് ജൂറി പ്രത്യേകം പരാമര്‍ശിച്ചു.

വിജയികള്‍ക്ക് ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി പുരസ്കാരങ്ങള്‍ നല്‍കി. ഈ ആവേശകരമായ തുടക്കം പിന്നീടുള്ള കുതിപ്പിന്ന് ചവിട്ടു പടി ആയിരി ക്കണമെന്ന് സാഹിത്യ വിഭാഗം സിക്രട്ടറി സാജിദ് കൊടിഞ്ഞി അഭിപ്രായപ്പെട്ടു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

അഭിപ്രായം എഴുതുക »

160 of 172« First...1020...159160161...170...Last »

« Previous Page« Previous « ‘മേഘങ്ങള്‍’ – ഗള്‍ഫില്‍ നിന്നൊരു ടെലി സിനിമ കൂടി
Next »Next Page » ഗള്‍ഫ് മലയാളം മ്യൂസിക് അവാര്‍ഡുകള്‍ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine