രാത്രി കാലം മികച്ച ചിത്രം

March 29th, 2009

അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സമാപന സമ്മേളനത്തോ ടനുബന്ധിച്ച് സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ അയൂബ് കടല്‍മാട് സംവിധാനം ചെയ്ത ‘രാത്രി കാലം’ഒന്നാം സ്ഥാനം നേടി. ശങ്കര്‍ ശ്രീലകം സംവിധാനം ചെയ്ത ‘Eയുഗം’ സലീം ഹനീഫ് സംവിധാനം ചെയ്ത ‘ബ്ലാങ്ക് പേജ്’ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

പ്രവാസി എന്ന വിഷയത്തെ ആധാരമാക്കി 5 മിനിട്ട് ദൈര്‍ഘ്യമുള്ള 5 സിനിമകളാണ് അവസാന റൌണ്ട് മത്സരത്തില്‍ എത്തിയത്.

മുള്ളന്‍ അബ്ദുല്‍ സലാം അവതരിപ്പിച്ച ‘രാത്രി കാല’ ത്തിന് മികച്ച ചിത്രത്തോടൊപ്പം, മികച്ച സംവിധായകന്‍ (അയൂബ് കടല്‍മാട്), മികച്ച നടി (അനന്ത ലക്ഷ്മി ഷറീഫ്) എന്നീ അവാര്‍ഡുകളും, ജൂറിയുടെ പ്രത്യേക അഭിനന്ദനവും ലഭിച്ചു.

ഷാനവാസ് ആറ്റിങ്ങല്‍ നിര്‍മ്മിച്ച് നായകനായി അഭിനയിച്ച ‘Eയുഗം’ മികച്ച രണ്ടാമത്തെ ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ (ശങ്കര്‍ ശ്രീലകം), മികച്ച ക്യാമറ (ഷമീര്‍ വടക്കേക്കാട്), മികച്ച എഡിറ്റിംഗ് (ലിജേഷ് നന്ദനം, ഗോള്‍ഡന്‍ ഐ സ്റ്റുഡിയോ) എന്നീ അവാര്‍ഡുകളും ‘Eയുഗം’ കരസ്ഥമക്കി.

മൂന്നാം സ്ഥാനത്ത് എത്തിയ ‘ബ്ലാങ്ക് പേജ്’ ഏറ്റവും നല്ല നടനുള്ള അവാര്‍ഡും (സലീം ഹനീഫ്), പശ്ചാത്തല സംഗീതത്തിനുള്ള അവാര്‍ഡും കരസ്ഥമക്കി. മികച്ച സഹ നടന്‍, ശബ്ദ മിശ്രണം എന്നിവക്കുള്ള അവാര്‍ഡ് ‘നിഴലുകള്‍’ നേടി. സഹ നടി, ബാല താരം എന്നീ അവാര്‍ഡുകള്‍ ‘നാളെയുടെ പ്രവാസി’ നേടി.

രാത്രി കാലം, Eയുഗം, ബ്ലാങ്ക് പേജ്, നിഴലുകള്‍, നാളെയുടെ പ്രവാസി എന്നീ അഞ്ചു ചിത്രങ്ങളും ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിരുന്നു എന്നും സാങ്കേതികമായ ജയ പരാജയങ്ങള്‍ മാത്രമയിരുന്നു നടന്നതെന്നും വിധി നിര്‍ണ്ണയിച്ച സത്യജിത്ത് വാരിയത്തും ശിവ കുമാറും പറഞ്ഞു.

പ്രവാസി കുടുംബങ്ങളില്‍ താല്‍കാലിക ജോലിയില്‍ എത്തി ച്ചേരുന്ന, വിശിഷ്യാ പ്രസവാനന്തര ശുശ്രൂഷക്കായി ജോലി ചെയ്യുന്ന ‘ആയ’ മാരുടെ ജീവിതമായിരുന്നു രാത്രി കാലം എന്ന സിനിമയില്‍ അയൂബ് കടല്‍മാട് അവതരിപ്പിച്ചത്. ‘രാത്രി കാലം’ എന്ന പേര്‍ എന്തു കൊണ്ട് സ്വീകരിച്ചു എന്നുള്ള ജൂറിയുടെ ചോദ്യത്തിന്, ഇത്തരം കഥാപാത്രങ്ങളുടെ ജീവിതം രാത്രികള്‍ക്ക് സമമാണെന്നും പകലുകള്‍ അവര്‍ക്ക് അന്യമാണെന്നും സംവിധായകന്‍ പറഞ്ഞു. പ്രൊഫഷണലിസം നിറഞ്ഞു നിന്നു ഈ ചിത്രത്തില്‍ എന്ന് ജൂറി പ്രത്യേകം പരാമര്‍ശിച്ചു.

വിജയികള്‍ക്ക് ഐ. എസ്. സി. മാനേജിംഗ് കമ്മിറ്റി പുരസ്കാരങ്ങള്‍ നല്‍കി. ഈ ആവേശകരമായ തുടക്കം പിന്നീടുള്ള കുതിപ്പിന്ന് ചവിട്ടു പടി ആയിരി ക്കണമെന്ന് സാഹിത്യ വിഭാഗം സിക്രട്ടറി സാജിദ് കൊടിഞ്ഞി അഭിപ്രായപ്പെട്ടു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

അഭിപ്രായം എഴുതുക »

‘മേഘങ്ങള്‍’ – ഗള്‍ഫില്‍ നിന്നൊരു ടെലി സിനിമ കൂടി

March 17th, 2009

ആധുനിക കാലഘട്ടത്തില്‍ ജനങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിരിക്കുന്ന ദൃശ്യ മാധ്യമങ്ങള്‍ വഴി നന്‍മ യുടെ സന്ദേശം ജനങ്ങളില്‍ എത്തിക്കാന്‍, അതിന്‍റെ ശില്‍പ്പികള്‍ ധാര്‍മ്മിക മൂല്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്ന വരായിരിക്കണം എന്ന് ഉപനിഷത്ത് പണ്ഡിതനായ എന്‍. എം. പണിക്കര്‍ പറഞ്ഞു.

ബേബി മൂക്കുതലക്കു വേണ്ടി എം. ജെ. എസ്. മീഡിയ അവതരിപ്പിക്കുന്ന ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുടെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു സംസാരി ക്കുകയായിരുന്നു അദ്ദേഹം.

നിരവധി പരിപാടികള്‍ ടെലിവിഷനു വേണ്ടി അവതരിപ്പിച്ചു ശ്രദ്ധ നേടിയ ഷലില്‍ കല്ലൂര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ടെലി സിനിമ യാണ് മേഘങ്ങള്‍.

അജ്മാന്‍ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച സ്വിച്ചോണ്‍ ചടങ്ങില്‍ കാര്‍ത്തിക ഗ്രൂപ്പ് എം. ഡി. വിന്‍സെന്‍റ്, ഷീലാ പോള്‍, നാസ്സര്‍ ബേപ്പൂര്‍, സോമന്‍ കരിവള്ളൂര്‍, ബാബു രാജ്, മനാഫ് കേച്ചേരി, ജോസ് ആന്‍റണി കുര‍ീ‍പ്പുഴ, സലീം അയ്യനേത്ത്, വിജു സി. പരവൂര്‍, തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

ഗള്‍ഫിലെ ജീവിതങ്ങള്‍ സിനിമയാക്കുന്ന സ്ഥിരം ട്രാക്കില്‍ നിന്നും മാറി, വ്യത്യസ്തമായ ഒരു കഥ പറയുകയാണ് വെള്ളിയോടന്‍ എന്ന കഥാകൃത്ത്. ദുബായിലും, ഷാര്‍ജയിലുമായി ചിത്രീകരണം പുരോഗമിക്കുന്ന മേഘങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുന്നത് അനില്‍ വടക്കെക്കരയാണ്. ഗാന രചന: ആരിഫ് ഒരുമനയൂര്‍, സംഗീതം: അഷറഫ് മഞ്ചേരി, ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് അനുപമ വിജയന്‍ എന്നിവരാണ്.

അസ്സോസ്സിയേറ്റ് ചെയ്തിരിക്കുന്നത് മുഷ്താഖ് കരിയാടന്‍, ഷാജഹാന്‍ ചങ്ങരംകുളം, ഷാനു കല്ലൂര്‍, ആരിഫ് ഒരുമനയൂര്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: ഷൈനാസ് ചാത്തന്നൂര്‍.

വിനീത രാമചന്ദ്രന്‍, ഷിനി, മേഘ, മിഥിലാ ദാസ്, ആര്യ, സമീര്‍ തൃത്തല്ലൂര്‍, നിഷാദ് അരിയന്നുര്‍, ഷാജി, രാഘവന്‍, വെള്ളിയോടന്‍, സതീഷ് മേനോന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.

കൂടാതെ ഗള്‍ഫിലെ കലാ ലോകത്ത് ശ്രദ്ധേയരായ നിരവധി കലാകാരന്‍മാര്‍ അണി നിരക്കുന്ന മേഘങ്ങള്‍, സൌഹൃദങ്ങളുടേയും, സ്നേഹ ബന്ധങ്ങളുടേയും പശ്ചാത്തലത്തില്‍ വികസിക്കുന്നു.

മലയാളത്തിലെ പ്രമുഖ ചാനലില്‍ ജുലൈ മാസത്തില്‍ ടെലികാസ്റ്റ് ചെയ്യുവാനുള്ള തയ്യാറെടുപ്പിലാണ് മേഘങ്ങളുടെ അണിയറക്കാര്‍.

വിവരങ്ങള്‍ക്ക്: 050 52 85 365 email : mjsmedia at live dot com

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സീതയുടെ പാട്ടുകള്‍ – പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍

March 9th, 2009

അമേരിക്കന്‍ കാര്‍ട്ടുണിസ്റ്റും അനിമേറ്ററുമായ നീന പാലി യുടെ Sita Sings The Blues എന്ന കാര്‍ട്ടൂണ്‍ സിനിമ മാര്‍ച്ച് 7 നു് ഇന്റര്‍നെറ്റിലൂടെ പുറത്തിറങ്ങി. ക്രിയേറ്റീവ് കോമണ്‍സ് ഷെയര്‍ അലൈക്ക് പ്രകാരം ആര്‍ക്കും പകര്‍ത്താനും പങ്കു വെയ്ക്കാനും മാറ്റം വരുത്താനും വിതരണം ചെയ്യാനുമുള്ള അനുമതിക ളോടെയാണിത് വരുന്നതെന്നാണു് ഇതിന്റെ പ്രത്യേകത.

തിരുവനന്തപുരത്തെ ടെക്നോപാര്‍ക്കും ഈ കഥയില്‍ പ്രാധാന്യത്തോടെ വരുന്നുണ്ടു്. തന്റെ ഭര്‍ത്താവു് ഒരു ഇമെയില്‍ അയച്ച് ബന്ധം അവസാനി പ്പിച്ചതോടെ നിരാശയായ നീന പാലി രാമായണത്തില്‍ ആശ്വാസം കണ്ടെത്തുന്നു. രാമായണത്തിലെ സീതയുടെ അനുഭവ വുമായുള്ള തന്റെ ജീവിതത്തിലെ സാമ്യം തന്റെ കഥയും രാമായണത്തിലെ സീതയുടെ അവസ്ഥയും കൂട്ടി ക്കലര്‍ത്തി സിനിമ യെടുക്കുവാന്‍ അവരെ പ്രേരിപ്പിയ്ക്കുന്നു.

മൂന്നു് വര്‍ഷത്തോളം ഒറ്റയ്ക്കു് പ്രയത്നിച്ചാണു് അവര്‍ സിനിമ പൂര്‍ത്തി യാക്കിയത്. നിഴല്‍ പാവകള്‍ തമ്മിലുള്ള സംഭാഷണമായും ആനറ്റ് ഹാന്‍ഷായുടെ പാട്ടുകളുടേയും സഹായത്തോ ടെയുമാണു് അവര്‍ കഥ പറയുന്നത്. ഇതില്‍ ഉപയോഗിച്ച പാട്ടുകള്‍ 1920 ല്‍ പാടിയതും പൊതു സ്വത്തായി മാറിയതു മാണെങ്കിലും ഗാന രചന തുടങ്ങി ചില വശങ്ങള്‍ ഇപ്പോഴും പകര്‍പ്പവകാശ പരിധിയ്ക്കുള്ളിലാണ്. 220,000 അമേരിക്കന്‍ ഡോളറാണു് (ഒരു കോടിയോളം രൂപ) പകര്‍പ്പവകാശം കൈവശ മുള്ളവര്‍‌ ആദ്യം ചോദിച്ചതു് (പിന്നീടത് 50,000 അമേരിക്കന്‍ ഡോളറായി കുറച്ചു). ഒരു വിതരണ ക്കാരുമില്ലാ ത്തതിനാല്‍ അവര്‍ക്കത് കൊടുക്കാന്‍ സാധിച്ചില്ല.

സിനിമ പുറത്തിറക്കുന്നതിന് മുമ്പു് തന്നെ ഫെസ്റ്റിവലുകളില്‍ പ്രദര്‍ശിപ്പി യ്ക്കാവുന്നതു് കൊണ്ടു് അവര്‍ തന്റെ സിനിമയും കൊണ്ടു് പല ഫെസ്റ്റിവലുകളില്‍ കറങ്ങി. ഫ്രാന്‍സിലെ ആനസി അന്താരാഷ്ട്ര അനിമേഷന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏറ്റവും നല്ല സിനിമയായും ബെര്‍ലിന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ശ്രദ്ധ യര്‍ഹിയ്ക്കുന്ന സിനിമയായും തെരഞ്ഞെടുക്കപ്പെട്ടു.

സിനിമാ നിര്‍മ്മാണത്തിന്റെ പുതിയ വഴിയിലൂടെയാണു് പിന്നീടു് ഈ സംരംഭം കടന്നു് പോയതു്. ഇന്റര്‍നെറ്റ് വഴിയുള്ള സംഭാവനകള്‍ വഴിയാണു് (മുഴുവന്‍ പണവും കിട്ടുന്നതിനു് മുമ്പു് തന്നെ പണം കടം വാങ്ങിയാണു്) പാട്ടുകളുടെ ഉപയോഗത്തിനുള്ള അവകാശം നേടിയെടുത്തതു്. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ എനിയ്ക്കും അതിയായ സന്തോഷമുണ്ടു്. നിങ്ങള്‍ക്കും ഈ സംരംഭത്തിലേയ്ക്കു് സംഭാവന നല്‍കാം.

കഴിഞ്ഞ ആഴ്ച തന്നെ എനിയ്ക്കു് ഫെസ്റ്റിവലുകളില്‍ ഉപയോഗിച്ച പതിപ്പിന്റെ ഡിവിഡി കിട്ടിയിരുന്നു. സിനിമ എനിയ്ക്കിഷ്ടമായി, പാട്ടുകള്‍ പൂര്‍ണ്ണമായി മനസ്സിലായില്ലെങ്കില്‍ കൂടി. കഥയോടൊപ്പം തന്നെ മൂന്നു് ഇന്ത്യക്കാര്‍ തമ്മിലുള്ള ഇതിലെ സംഭവങ്ങളെ ക്കുറിച്ചുള്ള ചര്‍ച്ചയും ഉള്‍പ്പെടുത്തിയിട്ടുണ്ടു്.

അമേരിക്കന്‍ പകര്‍പ്പാവകാശ നിയമം സര്‍ക്കാര്‍ വകയായ ടിവി ചാനലുകള്‍ക്കു് പകര്‍പ്പാവകാശ നിയമത്തില്‍ ഇളവു് നല്‍കിയതു് കാരണം ഈ വരുന്ന മാര്‍ച്ച് 7 നു് ന്യൂ യോര്‍ക്ക് നഗരത്തിലെ ഡബ്ലിയുനെറ്റ് ചാനല്‍ സംപ്രേക്ഷണം ചെയ്തു. ആ ദിവസം തന്നെ ഡിവിഡി പതിപ്പുകളും ലഭ്യമാക്കുകയുണ്ടായി.

ഡിവിഡി പതിപ്പിറങ്ങുന്നതിനു് മുമ്പു് തന്നെ കമ്പ്യൂട്ടറില്‍ കാണാവുന്ന പല വലിപ്പത്തിലുള്ള ഡിജിറ്റല്‍ പതിപ്പുകള്‍ ഇവിടെ ലഭ്യമാണു്. പൈറസിയെ ക്കുറിച്ചു് പേടിയില്ലാതെ ഇന്നു തന്നെ ഇതിന്റെ പകര്‍പ്പുകള്‍ നിങ്ങള്‍ക്കും വിതരണം ചെയ്യാം.

ഡൌണ്‍ലോഡ് ചെയ്യൂ!! കണ്ടാസ്വദിയ്ക്കൂ!! പകര്‍ത്തി വിതരണം ചെയ്യൂ!! ഏറ്റവും പ്രധാനമായി ഈ സിനിമയെ ക്കുറിച്ചുള്ള വിവരം എല്ലാവരുമായി പങ്കിടൂ.

ഇന്റര്‍നെറ്റ് മൂവി ഡാറ്റാബേസിലെ വിവരണം

http://pravi.livejournal.com/27935.html

– പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ (pravi.a at gmail dot com)

- ജെ.എസ്.

അഭിപ്രായം എഴുതുക »

പാട്ടിന്റെയമ്മ ഇനി ഡോക്ടറമ്മ – അഭിലാഷ്

March 8th, 2009

സര്‍വ്വ കലാ ശാലകളുടെ മാനസ ഗംഗോത്രി ഇനി സംഗീതാത്മകമാവും. മൈസൂര്‍ യൂണിവേഴ്സിറ്റിയിലെ ഓരോ അരി മുല്ല പൂക്കളും കാത്തിരുന്ന നിമിഷം, കര്‍ണ്ണാടക സംഗീതത്തിന്റെയൊ ഹിന്ദുസ്ഥാനി സംഗീതത്തിന്റെയൊ തണല്‍ ഒന്നുമില്ലാതെ തെന്നിന്ത്യന്‍ സിനിമാ സംഗീത ലോകത്തെ നാദ ചക്രവര്‍ത്തിനി ആയി മാറിയ എസ്. ജാനകി എന്ന ജാനകിയമ്മയെ മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചതോടെ മൈസൂര്‍ യൂണിവേഴ്സിറ്റിയുടെ നിറുകയില്‍ ഒരു പൊന്‍ തൂവല്‍ കൂടിയായി.

പതിനെട്ടു ഭാഷകളിലായ് ഇരുപത്തി ഏഴായിരത്തോളം ഗാനങ്ങള്‍ പാടിയ ജാനകിയമ്മ സംഗീത ലോകത്തിനു നല്‍കിയ സമഗ്ര സംഭാവനയെ മാനിച്ചാണു വൈകിയ വേളയില്‍ ആണെങ്കിലും മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചത്. മാര്‍ച്ച് ഏഴിനു ഭാരതത്തിലെ വലിയ കാമ്പസായ മാനസ ഗംഗോത്രിയില്‍ വച്ചാണ് ഡോക്ടറേറ്റ് സമ്മാനിച്ചത്.

നാലു ദേശിയ അവാര്‍ഡ്, പതിനാലു തവണ കേരള സംസ്ഥാന അവാര്‍ഡ്, പത്തു തവണ ആന്ധ്രാ പ്രദേശ് സംസ്ഥാന അവാര്‍ഡ്, ഏഴു തവണ തമിഴ്നാട് സംസ്ഥാന അവാര്‍ഡ്, ഒറീസാ സംസ്ഥാന അവാര്‍ഡ്, കലൈമാ മണി പട്ടം, സുര്‍ ‍സിങ്ങര്‍ ബിരുദം, മദര്‍ തേരേസ പുരസ്ക്കാരം തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ബഹുമതികളും അംഗീകാരങ്ങളും ജാനകിയമ്മയെ തേടി വന്നപ്പോള്‍ പത്മ അവാര്‍ഡ് നല്‍കി ആദരിക്കാന്‍ രാഷ്ട്രം ഇതു വരെ തയ്യാറായിട്ടില്ല.

ജാനകിയമ്മയെ കൂടാതെ ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍, ബാബ ആറ്റൊമിക്ക് റിസര്‍ച് സെന്ററിലെ ശാസ്ത്രഞനായ ശ്രീ. ആര്‍. കെ. സിന്‍ഹ, മംഗലാപുരം ഗോവാ യൂണിവേഴ്സിറ്റികളുടെ മുന്‍ വൈസ് ചാന്‍സലറായ പ്രൊ. ബി. ഷെയ്ക്ക് അലി, ഏഷ്യ പസഫിക്ക് യൂണിവേഴ്സിറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസര്‍ ഡോ. ജി. കെ. ചദ്ദാ എന്നി പ്രഗല്‍ഭരെയും മൈസൂര്‍ യൂണിവേഴ്സിറ്റി ഡോക്ടറെറ്റ് നല്‍കി ആദരിച്ചു.

അഭിലാഷ്, ദുബായ്



- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പൂത്തൂ കൊണ്ടൊരു പൂക്കൂട്ടി

February 23rd, 2009

കൊല്ലം അഞ്ചല്‍ സ്വദേശി റസൂല്‍ പൂക്കുട്ടിയ്ക്ക് മികച്ച ശബ്ദ മിശ്രണത്തിനുള്ള ഓസ്‌കര്‍. ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി ഈ നേട്ടം കൈവരിക്കുന്നത്. ഇന്ത്യന്‍ സിനിമാ ആരാധകരുടെ മനസ്സില്‍ ഒരു ചക്രവാളം പോലെ തെളിഞ്ഞു നില്‍ക്കുന്ന പേര് മുംബൈയില്‍ നിന്നുള്ള റസൂല്‍ പൂക്കൂട്ടി സൌണ്ട് ഡയറക്ടര്‍‍.

ഓസ്കര്‍ നോമിനേഷന്‍ ചെയ്ത പേരുകളില്‍ മലയാളി നാമധേയം എന്ന് കേട്ടയുടനെ ആളുകള്‍ ആരാണീ പുതിയ ചെറുപ്പക്കാരന്‍ എന്ന് ഇന്‍റര്‍നെറ്റിലും പത്രമാഫീസുകളിലും ചോദിച്ചു കൊണ്ടേയിരിക്കുന്നു.

റസൂല്‍ പൂക്കുട്ടി സ്ലം ഡോഗ് മില്യണര്‍ എന്ന സിനിമ കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്നെ അപരിചിതമായ നാമം ഒറ്റ ദിവസം കൊണ്ട് ലോകത്തിന്‍റെ നെറുകയില്‍.

കൊല്ലം ജില്ലയിലെ അഞ്ചല്‍ എന്ന സ്ഥലത്തുള്ള റസൂല്‍, പൂനേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എത്തിപ്പെടുന്നത് 1991ല്‍ ആണ്. അവിടെ നിന്ന് സൌണ്ട് റെക്കോഡിങ്ങ് സ്പെഷ്യലൈസ് ചെയ്ത Sync-sound Recording (on-location recording) റസൂല്‍ തന്‍റെ അരങ്ങേറ്റം കുറിക്കുന്നത് പ്രൈവറ്റ് ഡിറ്റക്റ്റീവ് എന്ന നസറുദ്ധീന്‍ ഷാ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സിനിമയിലാണ്.

ദേവ് ബംഗളിയ്ടെ ‘Split Wide Open അതു പോലെ സുനില്‍ സിപ്പി, റാഹുല്‍ ബോസ് എന്നിവരുടെ സിനിമയില്‍ നിന്ന് മികച്ചതും കൃത്യതയുള്ളതുമായ അനുഭവ സമ്പത്തുമായാണ് റസൂല്‍ തന്‍റെ വൈദഗ്ദ്ധ്യം തെളിയിക്കാന്‍ ലഗാന്‍, സാ‍ാരിയ, ബ്ലാക്, ഗാന്ധി മൈ ഫാദര്‍ എന്നി സിനിമകളിലൂടെ ഒരു പറക്കും തളിക പോലെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറുന്നത്. അപ്പോഴും സിനിമയുടെ അകത്തളങ്ങളില്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ട പേര് മാത്രമായിരുന്നു അഞ്ചല്‍ക്കാരന്‍ റസൂല്‍ പൂക്കുട്ടി.

സ്ലം ഡോഗ് മില്യണര്‍ റസൂലിന്‍റെ ജീവിതം മാറ്റി മറിക്കുന്നു.

ഒരു മലയാളിയുടെ ആദ്യത്തെ ഓസ്കര്‍ അവാര്‍ഡ്. ഏതൊരു ഇന്ത്യക്കാരനും ഏതൊരു സിനിമാക്കാരനും കൊതിക്കുന്ന അവാര്‍ഡ് റസൂല്‍ പൂക്കുട്ടി എന്ന അഞ്ചല്‍ക്കാരന്‍ സ്വന്തമാക്കിയിരിക്കുന്നു.

ഓസ്കര്‍ അവാര്‍ഡ് ദാനത്തിന് പോകും മുമ്പ് റസൂല്‍ പൂക്കുട്ടിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണം:

ചോദ്യം: ഓസ്കര്‍ നോമിനേഷന്‍ ഉണ്ട് എന്ന് കേട്ടപ്പോള്‍ താങ്കള്‍ക്ക് ആദ്യം തോന്നിയ വികാരം എന്തായിരുന്നു.?

റസൂല്‍‍: സത്യം പറയാം അവിശ്വസനീയമായിരുന്നു ഓസ്കര്‍ നോമിനേഷന്‍ വാര്‍ത്ത. അതിനു കാരണം സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു ആളിന്‍റേയും സ്വപ്നം തന്നെയാണ് ഓസ്കര്‍ അവാര്‍ഡ്. അപ്പോള്‍ പിന്നെ അതിന് നോമിനേഷന്‍ ചെയ്യപ്പെടുക എന്നു പറയുമ്പോള്‍…

പത്രപ്രവര്‍ത്തകരും സിനിമാ സുഹൃത്തുക്കളും വിളിക്കുമ്പോള്‍ ആദ്യമൊക്കെ അവിശ്വസനീയവും അത്ഭുതവുമായിരുന്നു. പിന്നെ ആലോചിച്ചത്, ഇന്ത്യന്‍ സിനിമയിലെ ടെക്നിക്കല്‍ സൈഡില്‍ വര്‍ക്ക് ചെയ്യുന്നവരെ ഉത്തേജിപ്പിക്കാന്‍ ഇത്തരം നോമിനേഷന്‍ സഹായകമാകും എന്നാണ്.

നോമിനേഷന്‍ ഇന്ത്യന്‍ സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാന്‍ കാണുന്നു. പ്രത്യേകിച്ച് ആരുമറിയാതെ സിനിമയുടെ അകത്തളങ്ങളില്‍ മാത്രം അറിയുന്നവര്‍ക്ക് കിട്ടിയ അംഗീകാരം തന്നെയാണ്. മറ്റൊന്ന് ഇത് ഇന്ത്യന്‍ സിനിമയിലെ ടെക്നീഷ്യന്‍ മാരെ സിനിമയെ കൂടുതല്‍ സീരിയസ്സായി സമീപിക്കാനും ഇടയാക്കും.

ചോദ്യം: ഡാനി ബോയലുമായി വര്‍ക്ക് ചെയ്തതിന്‍റെ അനുഭവം എങ്ങിനെ?

റസൂല്‍: സ്ലം ഡോഗ് മില്യണര്‍ ഒരു ലോ ബഡ്ജറ്റ് സിനിമയാണ്. അതു കൊണ്ട് അത്തരം സിനിമയ്ക്ക് ഓസ്കര്‍ കിട്ടിക്കൂടാ എന്നില്ല. എന്നെ പോലുള്ള ഒരു ടെക്നീഷ്യന്‍ ഒരു പക്ഷെ അതു കൊണ്ടാണ് ഒരു ഷോക്ക് ന്യൂസ് അവിശ്വസനീയം എന്ന് തോന്നാനും കാരണം.

സ്ലം ഡോഗ് മില്യണറിലെ ഓരോ ഷോട്ടും വ്യത്യസ്തമാണ്. പരമ്പരാഗതമായ രീതിയില്‍ ഒന്നൊ രണ്ടോ കാമറയാണ് സംവിധായകര്‍ സാധാരണ ഉപയോഗിക്കാറുള്ളത്. എന്നാല്‍ സ്ലം ഡോഗില്‍ ഞങ്ങള്‍ ഉപയോഗിച്ചത് ഏറ്റവും മികച്ച റസലൂഷന്‍ ഉള്ള മൂവി കാമറയും ഒപ്പം അത്ര തന്നെ സ്റ്റില്‍ കാമറയും.

ഓരോ കാമറയും സീനിന്‍റെ ഉള്ളടക്കത്തിനനുസരിച്ച് ക്രമീകരിച്ച് ഉപയോഗിക്കു കയായിരുന്നു. ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളു എങ്ങിനെ ഇതൊക്കെ ഷൂട്ട് ചെയ്യുമെന്ന്. ഒന്നിലധികം കാമറകള്‍ ഉപയോഗിക്കുമ്പോള്‍ അതിനെ സാങ്കേതികമായി ഒരേ സമയം കൈകാര്യം ചെയ്യുന്നത് ടെക്നീഷ്യന്‍ മാര്‍ക്ക് ഒരു വെല്ലുവിളിയാണ്. മാത്രവുമല്ല സെറ്റില്‍ നിന്ന് തന്നെയാണ് സൌണ്ട് റെക്കോര്‍ഡിങ്ങും ചെയ്യുന്നത്. അതായത് സ്പോട്ട് റെക്കോര്‍ഡിങ്ങ്.

ചോദ്യം: റസൂല്‍ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ Sync Sound Recording തിരഞ്ഞെടുക്കാനുള്ള കാരണം?

റസൂല്‍: ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഒരു പാട് യൂറോപ്യന്‍ ഹോളിവുഡ് സിനിമകള്‍ കാണുവാന്‍ അവസരം കിട്ടുകയുണ്ടായി. അതു കൊണ്ട് തന്നെ അത്തരം സിനിമകളോട് കൂടുതല്‍ ആഭിമുഖ്യവും തോന്നി. താരതമ്യേന ഇന്ത്യന്‍ സിനിമകളേ അപേക്ഷിച്ച് അത് തികച്ചും റിയലിസ്റ്റിക്കും ആയിരുന്നു.

പിന്നീട് വിദേശ സിനിമകള്‍ നേരിട്ട് സൌണ്ട് ലൈവ് ആയി ലൊക്കേഷനില്‍ നിന്ന് തന്നെ റെക്കോര്‍ഡ് ചെയ്യുന്ന രീതിയാണല്ലോ അവലംബിക്കുന്നത്. അത് പഠിക്കുകയും പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇന്ത്യന്‍ സിനിമകള്‍ സ്റ്റുഡിയോയില്‍ കൊണ്ട് വന്ന് ഡബ് ചെയ്യുന്ന രീതിയാണല്ലൊ ഉപയോഗിക്കുന്നത് സാധാരണയായി. ഇതിനൊരു മാറ്റം വേണമെന്ന് ആത്മാത്ഥമായി ആഗ്രഹിച്ചു എന്ന് പറയാം. തികച്ചും റിയലിസ്റ്റിക് ആയുള്ള ശബ്ദ ക്രമീകരണം. അതായിരുന്നു സ്വപ്നം.

അന്താ‍രാഷ്ട്ര നിലവാരമുള്ള ഒരു സിനിമയ്ക്ക് നേരിട്ടുള്ള ശബ്ദ ലേഖന സാധ്യതകള്‍ ഏറെയാണ്. ഒരു പക്ഷെ അതൊക്കെ കൊണ്ടാവണം ഞാന്‍ Sync Sound Recording തിരഞ്ഞെടുത്തത്.

ചോദ്യം: താങ്കളുടെ ഇന്ത്യന്‍ സിനിമയ്ക്ക് പുതിയ ഇഫക്റ്റ് ഉണ്ടാക്കുമെന്ന് മാധ്യമങ്ങളും സിനിമാ വൃത്തവും സന്തോഷിക്കുന്നു. ഇന്ത്യന്‍ സിനിമയിലെ കാരണവര്‍ അമിതാഭ് ബച്ചന്‍ പറഞ്ഞത് ‘ഇത് സിനിമയിലെ അകത്തളങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് കിട്ടിയ അംഗീകാരമാണ്” എന്നാണ് അദ്ദേഹത്തിന്‍റെ ബ്ലോഗില്‍ പറഞ്ഞിരിക്കുന്നത്. താങ്കള്‍ക്ക് എന്ത് തോന്നുന്നു.

റസൂല്‍ : അമിതാഭ് ബച്ചന്‍ എഴുതിയത് എന്താണെന്ന് ഞാന്‍ വായിച്ചിട്ടില്ല. പക്ഷെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം എന്നെ വിളിക്കുകയും ഓസ്കര്‍ അവാര്‍ഡ് കിട്ടാന്‍ ആശംസിക്കുകയും ചെയ്തു. ഏറ്റവും വലീയ അംഗീകാരമായിട്ടാണ് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ എനിക്ക് തോന്നിയത്. അദ്ദേഹത്തിന്‍ റെ ഫോണ്‍ എനിക്ക് കിട്ടിയപ്പോള്‍ ഓസ്കര്‍ അവാര്‍ഡ് കിട്ടിയ സന്തോഷം തോന്നി.

സിനിമാ വ്യവസായത്തില്‍ പൊതുവെ ടെക്നീഷ്യന്‍ എന്നും അവഗണിക്കപ്പെട്ടവരാണ്. ഒരു ടെക്നീഷ്യന്‍ ഓസ്കറിന് പരിഗണിക്കുന്നു എന്നാല്‍ സിനിമയുടെ ടെക്നിക്കല്‍ വിഭാഗത്തിനു കിട്ടുന്ന ഏറ്റവും വലീയ അംഗീകാരവും ഒപ്പം അവഗണിക്കപ്പെട്ട വിഭാഗത്തെ മുഖ്യ ധാരയില്‍ എത്തിക്കുന്നു എന്നത് കൂടിയാണ്.

മാത്രമല്ല ഈ നോമിനേഷനിലൂടെ തെളിയിക്കുന്നത് പൂര്‍ണ്ണ സ്വാതന്ത്ര്യം ടെക്നീഷ്യന്‍സിനു കൊടുത്താല്‍, നല്ല അവസരങ്ങള്‍ കൊടുത്താല്‍ ഏറ്റവും നല്ല അവിശ്വസനീയമായ വിജയം ഉണ്ടാക്കി തരാന്‍ കെല്പുള്ളവരാണ് .

എന്നാല്‍ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് എ. ആര്‍. റഹ്മാന്‍റെ നോമിനേഷന്‍. അത്രയും നല്ല ജീനിയസ്സ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്.

ചോദ്യം: താങ്കളുടേയും സ്വപ്നം ഒരു സംവിധായകനാവുക എന്നതാണൊ?

റസൂല്‍: ഫിലിം അക്കാദമിയില്‍ എത്തുന്ന എല്ലാവരുടേയും സ്വപ്നം ഒരു സവിധായകനാവുക എന്നതു തന്നെയാണ്. അതില്‍ എനിക്കും മാറ്റമൊന്നും ഇല്ല.

എനിക്ക് കുറച്ച് കൊല്ലം മുമ്പ് വിജയിക്കാതെ പോയ ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ആ സ്വപ്നം ഇന്നും ജീവിക്കുന്നു എന്റെ ഉള്ളില്‍. കാത്തിരുന്നു കാണുക തന്നെ.

ചോദ്യം: താങ്കള്‍ക്ക് എങ്ങിനെ അനുഭവപ്പെടും ഓസ്കര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സംബന്ധിക്കുമ്പോള്‍ എന്നതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

റസൂല്‍: എനിക്ക് ഓസ്കര്‍ കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യാം. ഏറ്റവും സത്യമായിട്ടുള്ളത് നോമിനേഷന്‍ കിട്ടി എന്നുള്ളതു തന്നെ. അത് തന്നെ ഏറ്റവും വല്യ ഭാഗ്യമായി കാണുകയും ചെയ്യുന്നു. അവാര്‍ഡ് തീരുമാനിക്കുന്നത് രഹസ്യ ബാല്‍റ്റിലൂടെയാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നിരുന്നാലും ഞാന്‍ ആഗ്രഹിക്കുന്നത് പ്രതീക്ഷിക്കുന്നത് എല്ലാ സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ആഗ്രഹിക്കുന്ന ഓസ്കര്‍ എനിക്ക് കിട്ടുമെന്ന് തന്നെയാണ്.

രാജു ഇരിങ്ങല്‍, വി. എച്ച്. നിഷാദ്

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

159 of 170« First...1020...158159160...170...Last »

« Previous Page« Previous « രാമു കാര്യാട്ടിന്‌ സ്‌മാരകമായി പേരു മാത്രം മതി – ലോഹിത ദാസ്‌
Next »Next Page » പാട്ടിന്റെയമ്മ ഇനി ഡോക്ടറമ്മ – അഭിലാഷ് »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine