ആലപ്പുഴ : ഗാനമേള വേദിയില്‍ പാടുമ്പോള്‍ പ്രശസ്ത ഗായകന്‍ ഇടവ ബഷീര്‍ (78) കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴയില്‍ ബ്ലൂ ഡയമണ്ട്സ് ഓര്‍ക്കസ്ട്ര യുടെ സുവര്‍ണ്ണ ജുബിലി ആഘോഷത്തില്‍ പാടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചു എങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി.
ആലപ്പുഴ ബ്‌ളൂ ഡയമണ്ട്‌സ് ഓര്‍ക്കസ്ട്രയുടെ ആദ്യ കാല ഗായകന്‍ കൂടിയായ ഇടവ ബഷീര്‍, അതേ ട്രൂപ്പിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷ പരിപാടികള്‍ നടക്കുന്ന വേദിയില്‍, യേശുദാസിന്‍റെ ‘മാനാ ഹോ തും…’ എന്ന ഹിന്ദി ഗാനത്തിന്‍റെ അവസാനത്തെ പല്ലവി പാടിത്തീരാന്‍ രണ്ടു വരി ബാക്കി നില്‍ക്കെ യാണ് കുഴഞ്ഞു വീണു മരിച്ചത്.
ഒരു കലാകാരനെ സംബന്ധിച്ച് ഇതൊരു അപൂര്‍വ്വ ഭാഗ്യം ആണെങ്കിലും ഗാനമേള വേദികളെ കൂടുതല്‍ ജനകീയമാക്കിയ ഈ പ്രതിഭ യുടെ വേര്‍പാട് സംഗീത ലോകത്തെ ശോകമൂകമാക്കി.
ഏതാനും സിനിമകളിലും ഇടവാ ബഷീറിന്‍റെ ശബ്ദ സാന്നിദ്ധ്യം ഉണ്ടായിട്ടുണ്ട്. അടൂര്‍ ഭാസി സംവിധാനം ചെയ്ത രഘുവംശം (1978) എന്ന സിനിമയിലെ ‘വീണ വായിക്കുമെന്‍ വിരല്‍ത്തുമ്പിലെ…’ എന്ന ഈ ഗാനം എസ്. ജാനകി ക്കൊപ്പം പാടിക്കൊണ്ടായിരുന്നു സനിമാ പ്രവേശം. സംഗീതം നല്‍കിയത് എ. ടി. ഉമ്മര്‍.
പിന്നീട് ‘മുക്കുവനെ സ്നേഹിച്ച ഭൂതം’ എന്ന സിനിമ യിലെ ‘ആഴിത്തിരമാലകള്‍…’ എന്ന ഗാനം വാണി ജയറാമിനൊപ്പം പാടി. സംഗീതം നൽകിയത് കെ. ജെ. ജോയ്.
മാപ്പിളപ്പാട്ടു ഗാന ശാഖയിലും അദ്ദേഹം പാടിയ ഹിറ്റ് ഗാനങ്ങള്‍ ഇന്നും ആസ്വാദകര്‍ ഏറ്റു പാടുന്നു. ഈദുല്‍ ഫിത്വറിന്‍ തക്ബീര്‍ നാദം.. പെരുന്നാള്‍ കുരുവീ…, കുളിര്‍ കോരി പൂ നിലാവില്‍… എന്നിവ അവയില്‍ ചിലതു മാത്രം.