മലയാള സിനിമയിൽ ഗുണമേന്മയുള്ള സിനിമകൾ നിർമ്മിച്ച് ശ്രദ്ധേയനായ പ്രകാശ് ബാരെയുടെ പാപ്പിലിയോ ബുദ്ധയ്ക്ക് പൊതു പ്രദർശന അനുമതി നിഷേധിച്ച സെൻസർ ബോർഡ് നടപടി വിവാദമാകുന്ന സാഹചര്യത്തിൽ സിനിമയുടെ സ്വകാര്യ പ്രദർശനം നാളെ (സെപ്റ്റംബർ 23) വൈകീട്ട് 4 മണിക്ക് ഡെൽഹി പ്രസ് ക്ലബ്ബിൽ ക്ഷണിക്കപ്പെട്ട സദസ്സിനു മുൻപിൽ ചിത്രം പ്രദർശിപ്പിക്കും എന്ന് നിർമ്മാതാക്കളായ സിലിക്കോൺ മീഡിയ, കായൽ ഫിലിംസ് എന്നിവർ അറിയിച്ചു.
കഴിഞ്ഞ ആഴ്ച്ചയിൽ തിരുവനന്തപുരം അജന്ത തിയേറ്ററിൽ പാപ്പിലോൺ ബുദ്ധയുടെ സ്വകാര്യ പ്രദർശനം നടത്തിയിരുന്നു.
പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ ജന്മഭൂമിയിന്മേലുള്ള അവകാശത്തിനായുള്ള പ്രതിരോധത്തിന്റെ കഥ പറയുന്ന ചിത്രം ഹിംസാത്മകവും അശ്ലീല സംഭാഷണങ്ങളോട് കൂടിയതുമാണ് എന്ന കാരണം കാണിച്ചാണ് സെൻസർ ബോർഡ് വിലക്കിയത്. ഗാന്ധിജിയെ അപകീർത്തിപ്പെടുത്തുന്ന ദൃശ്യങ്ങളും ചിത്രത്തിന് അനുമതി നിഷേധിക്കാനുള്ള കാരണമായി നിർമ്മാതാവ് പ്രകാശ് ബാരെയ്ക്ക് അയച്ച നിഷേധക്കുറിപ്പിൽ സെൻസർ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.
മുത്തങ്ങയിലേയും ചെങ്ങറയിലേയും ആദിവാസി പ്രതിരോധങ്ങളെ സൂക്ഷ്മമായി പഠിച്ച് തയ്യാറാക്കിയ ചിത്രത്തിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ കല്ലൻ പൊക്കുടൻ ഒരു പ്രമുഖ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കൊളോണിയൽ സെൻസർഷിപ്പ് നിയമങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ സെൻസർ ബോർഡിന്റെ പ്രവർത്തന രീതി കാലോചിതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പാപ്പിലിയോൺ ബുദ്ധയുടെ പ്രദർശനനാനുമതി നിഷേധിച്ച നടപടി എന്ന് സംവിധായകൻ ജയൻ ചെറിയാൻ ചൂണ്ടിക്കാട്ടി. ഒരു സംഘം ഉദ്യോഗസ്ഥരുടെ വിവരമില്ലായ്മയ്ക്ക് മുൻപിൽ ഉത്തരം പറയാൻ ഇരുന്നാൽ മാത്രമേ ചിത്രത്തിന് പ്രദർശനാനുമതി ലഭിക്കുകയുള്ളൂ എന്ന് വരുന്നത് പരിഹാസ്യമാണ് എന്ന് ഒട്ടേറെ അന്താരാഷ്ട്ര ചലച്ചിത്ര ബഹുമതികളും പുരസ്കാരങ്ങളും നേടിയിട്ടുള്ള ജയൻ അഭിപ്രായപ്പെട്ടു.
പാപ്പിലോൺ ബുദ്ധയുടെ നിർമ്മാതാക്കൾ സെൻസർഷിപ്പ് തീരുമാനത്തിനെതിരെ അപ്പീൽ നല്കുവാൻ തീരുമാനിച്ചിരിക്കുകയാണ്.