സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയുടെ ശാപമെന്ന സത്യം തിലകന് എന്ന മഹാനടന് ഈ ലോകത്തോട് തുറന്നു പറഞ്ഞപ്പോള്‍ അദ്ദേഹത്തെ മലയാള സിനികയില്‍ നിന്നു തന്നെ മാറ്റി നിര്‍ത്താനും, തല്ലാനും, കൊല്ലാനും, അധിക്ഷേപിക്കാനും മുതിര്‍ന്ന് ഗുണ്ടകളും ക്വട്ടേഷന്‍ സംഘങ്ങളുമായി മാറിയ പലരും ഇന്ന് തിലകന്റെ അഭിനയ പ്രതിഭയെ പറ്റി സംസാരിക്കുന്നത് കാണുമ്പോള്‍ പുച്ഛമാണു തോന്നുന്നത് . മലയാളികളുടെ കാപട്യം തിരിച്ചറിയാന്‍ ഇത്തരം സന്ദര്‍ഭങ്ങള്‍ ശ്രദ്ധാപൂര്‍വ്വം വീക്ഷിക്കണം. ജനങ്ങള്‍ ആരാധിക്കുന്നവര്‍ എത്ര അല്പന്മാരാണെന്ന് മനസ്സിലാക്കാന്‍ ഉതകുന്ന സന്ദര്‍ഭങ്ങളാണിതൊക്കെ. തിലകന്റെ മരണത്തില്‍ ഒരു പരിധി വരെ അമ്മയെന്ന സംഘടനയുടെ പങ്ക് തള്ളിക്കളയാന്‍ സാധ്യമല്ല. അത്രത്തോളം മാനസ്സിക സമ്മര്‍ദ്ദമാണു ആ സംഘടന അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്.
തിലകനെന്ന അഭിനയ ചക്രവര്‍ത്തിയുടെ ആദര്‍ശ നിഷ്ഠ, കലയോടുള്ള പ്രതിബദ്ധത ഇതൊന്നും ആര്‍ക്കും നിഷേധിക്കാന്‍ സാധ്യമല്ല. അദ്ദേഹത്തിന്റെ ജീവിതം തന്നെയായിരുന്നു അഭിനയം. നിഷേധിയുടെ സ്വരം, ഭാവം അതായിരുന്നു തിലകന് എന്ന നടനും വ്യക്തിയും. മുണ്ടക്കയം തിലകന് എന്ന നാടകക്കാരനായ കമ്യൂണിസ്റ്റില്‍ നിന്ന് തിലകന് എന്ന ഇരുത്തം വന്ന നടനിലേക്കുള്ള ദൂരത്തിലും ഈ വാര്‍ധക്യ കാലത്തും തിലകനിലെ വ്യക്തിയുടെ ആദര്‍ശത്തിലും കാര്‍ക്കശ്യങ്ങളിലും ഒരു അണുകിട വ്യതിയാനം സംഭവിച്ചിട്ടില്ല. 19-മത്തെ വയസ്സില്‍ നാടകാഭിനയത്തിന് വീട്ടുകാര്‍ എതിരെന്ന് കണ്ടപ്പോള്‍ വീടു വിട്ടിറങ്ങിപ്പോന്ന തിലകന്റെ അതേ ആര്‍ജ്ജവം തന്നെയാണ് 2010 ല്‍ അമ്മ എന്ന സംഘടന അദ്ദേഹത്തെ പുറത്താക്കിയപ്പോഴും കണ്ടത്. ഒന്നിനു മുന്നിലും കൂസാത്ത അദ്ദേഹത്തിന്റെ കഥാപാത്രങ്ങളുടെ ചോരയും നീരും തന്നെയായിരുന്നു തിലകൻ. തനിക്ക് തോന്നുന്ന ശരികള്‍ ആരെ അലോസരപ്പെടുത്തിയാലും അത് വിളിച്ചു പറയാനുള്ള ചങ്കൂറ്റമാണ് തിലകനെ മലയാള സിനിമയില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ പോലെ തന്നെ വ്യത്യസ്തനാക്കുന്നത്.
സൂപ്പര്‍ താരങ്ങളുടെ കോക്കസ് കളിയാണ് മലയാള സിനിമയുടെ ശാപം എന്ന വിമര്‍ശനം ഉയര്‍ത്തിയ തിലകന് അതിന്റെ പേരില്‍ നഷ്ടമായ ചിത്രങ്ങളുടേയും അപ്രഖ്യാപിത വിലക്കുകളുടേയും എണ്ണം എത്രയെന്ന് എല്ലാവര്ക്കും നന്നായറിയാം. എന്നിട്ടും തിലകനിലെ നിഷേധിയുടെ സ്വരം ഉറച്ചു തന്നെ നിന്നു. കടുത്ത ജീവിത ദുരിതങ്ങളിലൂടെ മുണ്ടക്കയത്തെ കയറ്റിറക്കങ്ങളെ അതിജീവിച്ച് വളര്‍ന്ന ഒരാളിന് ഏത് വിമര്‍ശനത്തേയും പ്രതിസ്വരത്തേയും മറികടക്കാന്‍ പോന്ന കരുത്തുണ്ടായിരുന്നു. കരുത്തുറ്റ നടന് ഇമേജിന് പകരം വെക്കാന്‍ ഇനി മലയാള സിനിമയില്‍ മറ്റൊരു നടനില്ല. പി. ജെ. ആന്റണി, ബാലന് കെ. നായര്‍, ഭരത് ഗോപി, തിലകൻ, മുരളി… ഈ പട്ടികയിലുള്ള ആരും ഇന്ന് ജീവിച്ചിരിപ്പില്ല. സ്വന്തം അമ്മയോട് വഴക്കിട്ട വാശിയില്‍ ഇറങ്ങിപ്പോന്ന തനിക്ക് ഈ അമ്മയുടെ വിലക്ക് വെറും പുല്ലാണ് എന്നായിരുന്നു അമ്മ സംഘടനയില്‍ നിന്നുള്ള വിമര്‍ശനങ്ങളോട് തിലകന്റെ പ്രതികരണം. ജാതിപ്പേര് എഴുതാത്തതിന് കോളേജില്‍ പുറത്താക്കപ്പെട്ടിട്ടുള്ള തിലകന് എക്കാലത്തും തികഞ്ഞ മതേതരത്വ വാദിയായിരുന്നു. ഈ ലോകത്ത് വിട പറഞ്ഞ് പൊതുദര്‍ശനത്തിനായി തിലകന് വെള്ള പുതച്ച് കിടക്കുമ്പോള്‍ സിനിമാ ലോകത്തു നിന്ന് വരാനിടയുള്ള മഹത് വചനങ്ങള്‍ നമുക്ക് ഊഹിക്കാന്‍ കഴിയും. തിലകനെ അവര്‍ വാഴ്ത്തിപ്പാടും. ജീവിച്ചിരിക്കുമ്പോള്‍ തിലകനെ മാറ്റൂ എന്ന് നിര്‍ദേശിക്കുന്നതില്‍ മാത്രം ശ്രദ്ധ പതിപ്പിച്ചവരും തിലകനെ തല്ലാന്‍ കയ്യോങ്ങിയവരും അദ്ദേഹത്തെ ഇനി വാഴ്ത്തുന്നതും നാം കാണും.
– നാരായണൻ വെളിയംകോട്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: narayanan-veliancode