ലോക മനഃസാക്ഷിയെ ഞെട്ടിപ്പിച്ചു കൊണ്ട് ഗാസയിലെ പലസ്തീന്‍ മണ്ണില്‍ ചോരപ്പുഴയൊഴുക്കാന്‍ ഇസ്രയേല്‍ വീണ്ടും കച്ച മുറുക്കി ഇറങ്ങിയിരിക്കുകയാണു. നാലു ദിവസമായി തുടരുന്ന വ്യോമാക്രമണം ശക്തമാക്കിയ സയണിസ്റ്റ് സൈന്യം ഗാസയിലെ ഹമാസ് സര്‍ക്കാരിന്റെ ആസ്ഥാനവും പ്രധാനമന്ത്രി ഇസ്മായില്‍ ഹനിയയുടെ വസതിയും ആക്രമിച്ചു. ശനിയാഴ്ച പുലരും വരെ തുടര്‍ന്ന ആക്രമണത്തില്‍ എട്ടു പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഏതു നിമിഷവും ഗാസയില്‍ കടന്നു കയറാന്‍ തയ്യാറെടുത്ത് ഇസ്രയേലിന്റെ വന്‍ സൈനിക സന്നാഹം അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരിക്കയാണ്. കരുതല്‍ ശേഖരത്തിലുള്ള 75,000 സൈനികരെക്കൂടി രംഗത്തിറക്കാന്‍ ഇസ്രയേലി മന്ത്രിസഭ അംഗീകാരം നല്‍കിയതോടെ കരയാക്രമണം ആസന്നമായി. ബുധനാഴ്ച മുതല്‍ തുടരുന്ന ഇസ്രയേലി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 48 ആയതായി പലസ്തീന്‍ അധികൃതര്‍ പറഞ്ഞു. എട്ട് കുട്ടികളും ഒരു ഗര്‍ഭിണിയും ഇതില്‍പ്പെടുന്നു. 600ല്‍ പരം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച സമാധാന ദൗത്യവുമായെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദിലുമായി ഇസ്മായില്‍ ഹനിയ ചര്‍ച്ച നടത്തിയ ഓഫീസ് മന്ദിരം മണിക്കൂറുകള്‍ക്കകമാണ് ആക്രമിക്കപ്പെട്ടത്. സമീപത്തെ പൊലീസ് ആസ്ഥാനത്തും മിസൈലുകള്‍ പതിച്ചു. ഹമാസ് നേതാവ് അബു ഹസ്സന്‍ സലാഹിന്റെ വീട് ആക്രമണത്തില്‍ തകര്‍ന്നു. 30 പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തി. ഹനിയയുടെ ഓഫീസും ഹമാസ് ആഭ്യന്തര മന്ത്രാലയവും പൊലീസ് ആസ്ഥാനവുമടക്കം നിരവധി പ്രധാന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് വ്യോമാക്രമണമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ശനിയാഴ്ച പുലര്‍ച്ചെ 180 വട്ടം വ്യോമാക്രമണം നടത്തിയതായി ഇസ്രയേലി ടിവി റിപ്പോര്‍ട്ട് ചെയ്തു.
നാലു വര്‍ഷം മുമ്പത്തെ നിഷ്ഠുരമായ കടന്നാക്രമണത്തിന്റെ ആവര്‍ത്തനത്തിനാണ് ഇസ്രയേലിന്റെ ആസൂത്രിത നീക്കം. വെള്ളിയാഴ്ച രാത്രി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാര്‍ ടെല്‍ അവീവില്‍ യോഗം ചേര്‍ന്നിരുന്നു. ആക്രമണം കൂടുതല്‍ വ്യാപകമാക്കാന്‍ ഈ യോഗത്തിലാണ് തീരുമാനിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് ഗാസയ്ക്കു മേല്‍ രൂക്ഷമായ വ്യോമാക്രമണം ആരംഭിച്ചത്. ഗാസയിലേക്കുള്ള ഹൈവേയില്‍ വന്‍ ആയുധ സന്നാഹത്തോടെ ഇസ്രയേലി സൈന്യം നിലയുറപ്പിച്ചിരിക്കയാണ്. അതിര്‍ത്തിയിലെ രണ്ടു പ്രധാന റോഡും അവര്‍ പിടിച്ചെടുത്തു.
ആക്രമണം തുടരുന്നതിനിടയിലും അറബ് ലോകത്തിന്റെ ഐക്യദാര്‍ഢ്യവുമായി ടുണീഷ്യ വിദേശ മന്ത്രി റഫീഖ് അബ്ദു സലാം ഗാസയിലെത്തി. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്നവരെ അദ്ദേഹം സന്ദര്‍ശിച്ചു. ഗാസയിലെത്തിയ ഈജിപ്ത് പ്രധാനമന്ത്രി ഹിഷാം ഖാന്ദില്‍ ഇസ്രയേലി ആക്രമണത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സമധാന ചര്‍ച്ചയ്ക്ക് മാധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്നും ഈജിപ്ത് വ്യക്തമാക്കിയിട്ടുണ്ട്.
ഗാസയിലെ സ്ഥിതി ആശങ്കാജനകമാണെന്നും ഇസ്രയേല്‍ സംയമനം പാലിക്കണമെന്നും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. മൂണ്‍ ഉടന്‍ ഗാസ സന്ദര്‍ശിക്കുമെന്നും അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. എന്നാല്‍ ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ത്ഥനക്ക് പുല്ലു വിലയാണു ഇസ്രേയേല്‍ കല്പിക്കുന്നത്. അതേ സമയം, അമേരിക്ക ഈ താന്തോന്നി രാഷ്ട്രത്തിന്ന് സമ്പൂര്‍ണ പിന്തുണയാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇസ്രയേലിന്റെ എന്ത് തൊന്നിയവാസത്തിന്ന് എന്നും കൂട്ടു നിന്നവര്‍ അമേരിക്ക മാത്രമാണു. ആയിരക്കണക്കിന്നാളുകളെ നിരപരാധികളായ കുട്ടികളെ സ്ത്രികളെ കൂട്ടക്കൊല ചെയ്യുമ്പോഴാണു അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ ഇസ്രേയേല്‍ പ്രധാനമന്ത്രി നെതന്യാഹുമായി ഫോണില്‍ വിളിച്ച് അമേരിക്കയുടെ പിന്തുണ അറിയിച്ചത്.
സമാധാനത്തിന്റെ വെള്ളരി പ്രാവുകളെന്ന് സ്വയം അവകാശപ്പെടുന്ന അമേരിക്കക്ക് ലോകത്ത് ചൊരപ്പുഴ ഒഴുക്കിയതിന്റെ ചരിത്രം മാത്രമെയുള്ളു. ഇന്നും ഇസ്രയേല്‍ പലസ്തീന്റെ മണ്ണില്‍ ഗാസയില്‍ ആയിരങ്ങളെ കൊന്നൊടുക്കി ചോരപ്പുഴ ഒഴുക്കുമ്പോഴും അവിടെ സമാധാനമുണ്ടാക്കുന്നതിന്ന് ശ്രമിക്കാതെ ചോരക്കൊതിയന്മാര്‍ക്ക് ഓശാന പാടാനും അവര്‍ക്ക് ആവശ്യമായ പിന്തുണ നൽകാനും ശ്രമിക്കുകയെന്നത് മനുഷ്യത്വമുള്ള മനുഷ്യരെയാകെ ഞെട്ടിച്ചിരിക്കുയാണു. ലോകം ഒന്നടക്കം ആവശ്യപ്പെടുന്നു… ഉടനെ നിര്‍ത്തണം ഈ മനുഷ്യക്കുരുതി… ചോരക്കൊതിയന്മാരായ ഇസ്രയേല്‍ സേനയെ ഉടനെ ചങ്ങലയ്ക്കിടണം… അതാണു ലോകം ഇന്ന് ആവശ്യപ്പെടുന്നത്…
– നാരായണൻ വെളിയംകോട്
- ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: narayanan-veliancode