ദുബൈ: അല്ലാഹു അക്ബര്‍ എന്ന മുദ്രാവാക്യത്തിന്റെ മഹത്വം കൂടുതല്‍ ഉയരങ്ങള്‍ താണ്ടിയ കാലയളവായിരുന്നു കഴിഞ്ഞ വര്‍ഷക്കാലമെന്ന് പ്രമുഖ വാഗ്മിയും ദുബൈ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടറുമായ മൗലവി അബ്ദുസ്സലാം മോങ്ങം പറഞ്ഞു. അല്‍മനാര്‍ അങ്കണത്തിലെ ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കിയതിനു ശേഷം ഖുത്വബ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്രഷ്ടാവിന്റെ മഹത്വവും മനുഷ്യന്റെ നിസ്സാരതയും ബോധ്യമായ പ്രകൃതി ദൃഷ്ടാന്തങ്ങള്‍ നിരവധി നമ്മുടെ മുമ്പിലവതരിച്ചു. ജപ്പാനിലെ സുനാമിയുടെ മുമ്പില്‍ നിസ്സഹായനായി നോക്കി നില്‍ക്കാനേ മനുഷ്യനു കഴിഞ്ഞുള്ളൂ. ഏറിയ ബുദ്ധിയും സമയവും അദ്ധ്വാനവും പണവും ചിലവഴിച്ച് തന്റെ സുഖ സൗഖ്യങ്ങള്‍ക്കായി മനുഷ്യന്‍ നിര്‍മ്മിച്ചെടുത്ത യന്ത്രങ്ങളും രമ്യഹര്‍മ്യങ്ങളും രാക്ഷസ രൂപം പൂണ്ട ചുഴികളില്‍ കുട്ടികളുടെ കളിപ്പാട്ടം പോലെ കറങ്ങിത്തിരിഞ്ഞു. നാടു മുഴുവന്‍ നക്കിത്തുടച്ചു.
ആരാണ് നന്ദിയുള്ളവര്‍ ആരാണ് നന്ദി കെട്ടവര്‍ എന്നറിയാനായി സ്രഷ്ടാവ് നമ്മെ പരീക്ഷണത്തിന് വിധേയമാക്കുകയാണ്. ആ പരീക്ഷണത്തില്‍ നാം വിജയിച്ചില്ലെങ്കില്‍ പിന്നെ വീണ്ടും നാം നഷ്ടകാരികളിലുള്‍പ്പെടും. സ്വന്തം ചെറുപ്പവും സ്രഷ്ടാവിന്റെ വലിപ്പവും മനസ്സിലായി താഴ്മയുള്ള ദാസന്മാരായില്ലെങ്കില്‍ നഷ്ടം മനുഷ്യന്റേതു തന്നെ. പരീക്ഷണങ്ങള്‍ അവസാനിക്കുന്നില്ല. ഭൗതിക സുഖ സൗകര്യങ്ങളില്‍ ലോകത്തു തന്നെ ഉന്നത അദ്വിതീയമായ സ്ഥാനമലങ്കരിക്കുന്ന അമേരിക്ക ഇന്ന് നാം ഈ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഐറീന്‍ കൊടുങ്കാറ്റിന് മുന്നില്‍ മുട്ടു വിറച്ചു നില്‍ക്കുന്നു. അദ്ദേഹം പറഞ്ഞു.
ഖുര്‍ആന്‍ പറഞ്ഞുവല്ലോ, “അപ്പോള്‍ ഏതൊരാളുടെ ഹൃദയത്തിന് ഇസ്ലാം സ്വീകരിക്കാന്‍ അല്ലാഹു വിശാലത നല്‍കുകയും അങ്ങനെ അവന്‍ തന്റെ രക്ഷിതാവിങ്കല്‍ നിന്നുള്ള പ്രകാശത്തിലായിരിക്കുകയും ചെയ്തുവോ (അവന്‍ ഹൃദയം കടുത്തു പോയവനെ പോലെയാണോ?) എന്നാല്‍ അല്ലാഹുവിന്റെ സ്മരണയില്‍ നിന്ന് അകന്ന് ഹൃദയങ്ങള്‍ കടുത്തു പോയവര്‍ക്കാകുന്നു നാശം. അത്തരക്കാര്‍ വ്യക്തമായ ദുര്‍മാര്‍ഗത്തിലത്രെ.”(അസ്സുമര്‍:22)
കാപട്യത്തിന്റെ ലാഞ്ഛനയില്ലാതെ തികഞ്ഞ ഇഖ്ലാസോടു കൂടി സ്രഷ്ടാവിലേക്ക് മടങ്ങേണ്ട ആവശ്യകതയിലേക്കാണ് സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. അതിനായി നാം നമ്മുടെ മുന്‍ഗണനാ പട്ടികയില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ജീവിതത്തെ മുച്ചൂടും മാറ്റി മറിക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ തിരിച്ചു കയറ്റം അസാദ്ധ്യമായ പതനത്തിലേക്ക് നാം നമ്മെത്തന്നെ വലിച്ചെറിയുന്നതിന് സമാനമായിരിക്കുമത്.
അനുഗൃഹീത റമദാനില്‍ നാം കര്‍മങ്ങള്‍ ചെയ്തത് തികഞ്ഞ പ്രതിഫലേച്ഛയില്ലാതെയും കളങ്കമൊഴിഞ്ഞ മനസ്സോടെയുമാണെങ്കില്‍ നാം ധന്യരായി. ആ ധന്യത ചോര്‍ന്നു പോകാത്ത വിധത്തില്‍ നാം നമ്മുടെ മുന്‍ഗണനാ പട്ടിക മാറ്റി എഴുതേണ്ടതുണ്ട്.
ഈദിന് രണ്ടു വശങ്ങളുണ്ട്. ഒന്ന് ദൈവീകം മറ്റേത് മാനുഷികം. ഇസ്ലാമിലെ ആഘോഷം സ്രഷ്ടാവിനെ മറന്ന് കൂത്താടാനുള്ള അവസരമല്ല. ആഘോഷിക്കാം, പക്ഷേ വിധി വിലക്കുകള്‍ക്ക് വിധേയമായി. ഇബാദത്തുകളില്‍ നിന്ന് മുക്തമാകാനുള്ള അവസരവുമല്ല ഈദ്. അതിരും എതിരുമില്ലാത്ത ആഘോഷങ്ങള്‍ക്ക് ഇസ്ലാമില്‍ ഒരു സ്ഥാനവുമില്ല.
രണ്ടാമത്തേത് മാനുഷികം. അതാകട്ടെ തന്റെ സഹജീവികളോട് മുസ്ലിം എങ്ങനെ വര്‍ത്തിക്കണം എന്നുള്ളതിന്റെ നിര്‍ദേശങ്ങളാണ്. കുടുംബത്തോടൊപ്പം ആഹ്ലാദത്തോടെ പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ രോഗത്താലോ സാമൂഹ്യ സാഹചര്യങ്ങളാലോ ആഘോഷിക്കേണ്ടതു പോലെ പെരുന്നാള്‍ ആഘോഷിക്കാനാവാത്ത ഹതഭാഗ്യരോട് കൂടെ നാമുണ്ടാകണം.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ലോകത്തെമ്പാടും നിരവധി മാറ്റങ്ങളുണ്ടായി; വിശിഷ്യ, ഇസ്ലാമിക ലോകത്ത്. ഒരു വര്‍ഷത്തിനു മുമ്പുള്ള ഇസ്ലാമിക ലോകമല്ല ഇന്നുള്ളത്. ഇസ്ലാമിക ലോകത്ത് വന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നന്മക്കായിരിക്കണമെന്ന് നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം. നല്ല നാളെകളായിരിക്കട്ടെ മുസ്ലിം ലോകത്തിനു വേണ്ടി വിധി കാത്തു വെച്ചിരിക്കുന്നതെന്ന് നമുക്ക് പ്രത്യാശിക്കാം, അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങള്‍ ഈദ് പ്രാര്‍ഥനകളില്‍ പങ്കെടുത്തു.
(അയച്ചു തന്നത് : ആരിഫ് സൈന്‍)