ന്യൂഡല്‍ഹി: കേന്ദ്ര റേയില്‍വേ മന്ത്രി ദിനേശ് ത്രിവേദി രാജി വെച്ചു. റെയില്‍വേ നിരക്കിലുള്ള വര്‍ദ്ധനവില്‍ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവുമായ മമത ബാനര്‍ജിയുടെ അപ്രീതിയാണ് മന്ത്രിയുടെ രാജിയിലേക്ക് നയിച്ചത്. ദിനേശ് തൃവേദി രാജിവെക്കണമെന്ന മമതയുടെ ആവശ്യം കോണ്‍ഗ്രസ്സ് നേതൃത്വം അംഗീകരിക്കുകയായിരുന്നു. ഷിപ്പിങ്ങ് മന്ത്രിയായ മുകുള്‍ റോയ് കേന്ദ്ര റെയില്‍വേ മന്ത്രിയായേക്കും. റെയില്‍വേ ബജറ്റ് അവതരിപ്പിച്ച് അതിനു പാര്‍ലമെന്റില്‍ മറുപടി പറയും മുമ്പേ മന്ത്രി രാജിവെച്ചത് യു. പി. എക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയെ മറികടന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജിയുമായി കൂടിയാലോചിച്ച് റെയില്‍വേ ബജറ്റ് നടപ്പാക്കിയെന്ന തോന്നല്‍ മമതയ്ക്കുണ്ട്. പാര്‍ട്ടിയില്‍ തന്റെ അപ്രമാധിത്വത്തിനു വിധേയനാകാത്ത മന്ത്രിയെ വച്ചു പൊറുപ്പിക്കുവാന്‍ മമത തയ്യാറായില്ല. കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്നും ദിനേശ് ത്രിവേദിയെ ഉടന്‍ നീക്കുവാന്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തോട് മമത ആവശ്യപ്പെടുകയായിരുന്നു.
വിഷയം സങ്കീര്‍ണ്ണമായതോടെ പൊതു ബഡ്ജറ്റ് അവതരിപ്പിച്ചു കഴിയുന്നതുവരെയെങ്കിലും കടുത്ത നടപടിയിലേക്ക് പോകരുതെന്ന് പ്രധാനമന്ത്രിയടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ മമതയോട് അഭ്യര്‍ഥിച്ചെങ്കിലും അവര്‍ അതിനു വഴങ്ങിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പു [ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ്സിനു വലിയ തിരിച്ചടിയാണ് ജനങ്ങലില്‍ നിന്നും നേരിടേണ്ടിവന്നത്. സംസ്ഥാനങ്ങളില്‍ വിവിധ പ്രാദേശിക കക്ഷികള്‍ കരുത്താര്‍ജ്ജിക്കുകയാണ്. അതിന്റെ പശ്ചാത്തലത്തില്‍ വരുന്ന പാര്‍ളമെന്റ് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂന്നാം മുന്നണിക്കുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം കണക്കാക്കുമ്പോള്‍ നിലവിലെ രാഷ്ടീയ സാഹചര്യത്തില്‍ മമതയ്ക്കു മുമ്പില്‍ മുട്ടുമടക്കുകയല്ലാതെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനു മറ്റു പോംവഴികള്‍ ഒന്നുമില്ലെന്നാണ് മനസ്സിലാക്കാനാകുക.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍