ന്യൂഡല്‍ഹി: ജനിതകമാറ്റം വരുത്തിയ നെല്ലിനങ്ങള്‍ കേരളത്തില്‍ പരീക്ഷണക്കൃഷി ചെയ്യാനുള്ള അനുമതിക്ക് വിദേശകമ്പനിയുടെ നീക്കം. അന്താരാഷ്‌ട്ര വിത്തുത്‌പാദക കുത്തകയായ ജര്‍മനിയിലെ ബെയര്‍ ബയോ സയന്‍സസ് ലിമിറ്റഡാണ് ഈ സംരംഭത്തിന് പിന്നില്‍. എന്നാല്‍ ജനിതക എന്‍ജിനിയറിംഗ് അവലോകനസമിതി വിശദീകരണം ആവശ്യപ്പെട്ട് തല്‍ക്കാലം ഇതു തടഞ്ഞിരിക്കുകയാണ്.
ആദ്യഘട്ടമായി കമ്പനിക്ക് ബയോടെക്‌നോളജി വകുപ്പിനു കീഴിലുള്ള ഇന്‍സ്‌റ്റിറ്റ്യൂഷണല്‍ ബയോസേഫ്‌ടി കമ്മിറ്റി, റിവ്യൂ കമ്മിറ്റി ഓണ്‍ ജനറ്റിക് മോഡിഫിക്കേഷന്‍ എന്നിവയുടെ അനുമതി ലഭിച്ചു. കേരളത്തിനുപുറമേ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, മഹാരാഷ്‌ട്ര, ഒറീസ, ഉത്തര്‍പ്രദേശ്, രാജസ്‌ഥാന്‍ സംസ്‌ഥാനങ്ങളില്‍, ജനിതകമാറ്റം വരുത്തിയ 45 നെല്ലിനങ്ങള്‍ക്കുള്ള പരീക്ഷണക്കൃഷി അനുമതിയാണ് ബെയര്‍ തേടിയിരിക്കുന്നത്.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്താണ് സംസ്‌ഥാനത്തെ ‘ജി.എം. ഫ്രീ സ്‌റ്റേറ്റ്’ ആയി പ്രഖ്യാപിച്ചത്. ഈ നിലപാട് തന്നെ യു.ഡി.എഫ്. സര്‍ക്കാരും തുടരുമെന്നു കൃഷിമന്ത്രി കെ.പി. മോഹനന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ പരീക്ഷണം പൂര്‍ണമായി നിരോധിച്ചിരിക്കുന്ന കേരളത്തില്‍ പരീക്ഷണക്കൃഷിക്ക് അനുമതി തേടിയതു സംസ്‌ഥാനസര്‍ക്കാരിന്റെ മൗനസമ്മതത്തോടെയാണെന്ന് ഈ മേഖലയിലുള്ളവര്‍ സംശയിക്കുന്നു.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, പരിസ്ഥിതി, വ്യവസായം, ശാസ്ത്രം, സാങ്കേതികം