മൂന്ന് വര്‍ഷവും നാല് മാസവും പൂര്‍ത്തിയാക്കി ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍ വിരമിക്കുന്നത് അറുപത്തി അഞ്ചാം വയസ്സിന്റെ നിറവിലേക്ക്. 1945 മെയ് 12ന് കോട്ടയം വൈക്കം തലയോലപ്പറമ്പിലാണ് കൊനകുപ്പക്കാട്ടില്‍ ഗോപിനാഥന്‍ ബാലകൃഷ്ണന്റെ ജനനം. സാമൂഹികമായി പിന്നോക്ക വിഭാഗം ആയിരുന്നിട്ടും തിരുവിതാംകൂറില്‍ നില നിന്നിരുന്ന പ്രത്യേക മായ സാമൂഹിക സാഹചര്യത്തില്‍ തിരുവിതാംകൂര്‍ മഹാരാജാവിന്റെ കാലത്ത് സ്കൂള്‍ വിദ്യാഭ്യാസത്തിനു സൌകര്യ മുണ്ടായിരുന്നു എന്ന് അദ്ദേഹം ഓര്‍ക്കുന്നു. പിന്നീട് വന്ന മിഷനറി സ്ക്കൂളുകള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കി. തന്റെ അച്ഛന്‍ മിഷനറി സ്കൂളിലാണ് പഠിച്ചത്. തന്റെ അച്ഛന് വിദ്യാഭ്യാസം ലഭിചില്ലാ യിരുന്നുവെങ്കില്‍ തനിക്കും വിദ്യാഭ്യാസം ലഭിക്കാനുള്ള സാധ്യത ഉണ്ടാവു മായിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
മഹാരാജാസ് ലോ കോളജില്‍ നിന്നും നിയമത്തില്‍ ബിരുദമെടുത്ത അദ്ദേഹം 1968ലാണ് കേരള ബാര്‍ കൌണ്‍സിലില്‍ അംഗമായത്. കേരള ഹൈക്കോടതിയില്‍ അഭിഭാഷകനായി പ്രവര്‍ത്തിച്ചു വരവെ 1985ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. 2000 ജൂണില്‍ സുപ്രീം കോടതിയില്‍ ജഡ്ജിയും, 2007 ജനുവരി 14ന് ഇന്ത്യയുടെ ചീഫ് ജസ്റ്റിസുമായി.
തന്റെ വിധികളുടെ വിവാദപരമായ നിലപാടുകള്‍ മൂലം ഒട്ടേറെ തവണ അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ജസ്റ്റിസ് നിര്‍മ്മല്‍ യാദവിന് എതിരെയുള്ള അഴിമതി കേസ് തടഞ്ഞതിന് പഞ്ചാബ് ഹരിയാന ബാര്‍ കൌണ്‍സില്‍ അദ്ദേഹത്തെ അപലപിച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ല എന്ന അദ്ദേഹത്തിന്റെ നിലപാടും വിവാദമായി.
ബലാല്‍സംഗത്തിന് ഇരയായ സ്ത്രീയ്ക്ക് അവര്‍ക്ക് തന്നെ ബലാല്‍സംഗം ചെയ്ത ആളെ വിവാഹം കഴിക്കാനുള്ള അവകാശം ചില കേസുകളില്‍ അനുവദിച്ചു കൊടുക്കണം എന്ന ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്റെ അഭിപ്രായം ഏറെ ഒച്ചപ്പാടുണ്ടാക്കി. പ്രതിക്ക് ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള ഒരു ഉപാധി മാത്രമാവും ഇത്തരം വിവാഹം എന്ന് ഒട്ടേറെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അന്ന് ചൂണ്ടിക്കാട്ടി. വിവാഹത്തിനു ശേഷവും പ്രതി ഇരയെ നിരന്തരം ബലാല്‍സംഗം ചെയ്യുന്ന ഭീതിദമായ അവസ്ഥയ്ക്ക് വരെ ഇത് വഴിവെക്കും എന്നും ഇരയുടെ നിസ്സഹായ അവസ്ഥയെ ചൂഷണം ചെയ്ത് അവരെ ഇത്തരം ഒരു ഒത്തുതീര്‍പ്പിന് ഭരണകൂടം നിര്‍ബന്ധിക്കുന്ന അവസ്ഥയാണ് ഇത്തരം ഒരു നിലപാട് മൂലം സംജാതമാവുക എന്നും വിമര്‍ശനം ഉയര്‍ന്നു.
ബ്ലോഗ്ഗര്‍മാരുടെ അഭിപ്രായ സ്വാതന്ത്ര്യ ത്തിന് കടിഞ്ഞാണിട്ടു കൊണ്ട് അദ്ദേഹം സ്വീകരിച്ച നിലപാട് ഇന്റര്‍നെറ്റ് ബ്ലോഗിങ്ങ് മേഖലയെ തന്നെ എന്നെന്നേക്കുമായി മാറ്റി മറിച്ചു. രാഷ്ട്രീയ പാര്‍ട്ടികളെ പോലും ബ്ലോഗ് വഴിയോ മറ്റ് ഏതെങ്കിലും ഇന്റര്‍നെറ്റ് സംവിധാനം വഴിയോ അപകീര്‍ത്തിപ്പെടുത്തുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നതിന് പോലും എതിര്‍ കക്ഷി പരാതിപ്പെട്ടാല്‍ കോടതിയില്‍ സമാധാനം പറയാന്‍ ബ്ലോഗര്‍ക്ക് ബാധ്യത ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ വിധി.
19 കാരനായ മലയാളി ബ്ലോഗര്‍ അജിത് ശിവസേനയ്ക്ക് എതിരെ ആരംഭിച്ച ഓര്‍ക്കുട്ട് കമ്യൂണിറ്റിയില്‍, ശിവസേന രാജ്യത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത് എന്ന വിഷയത്തില്‍ ഒട്ടേറെ പോസ്റ്റുകളും ചര്‍ച്ചകളും നടത്തിയിരുന്നു. ഇത് പലതും പേരില്ലാത്ത അനോണി കളുടെ (anonymous) പേരിലായിരുന്നു. ഇതിനെതിരെ ശിവസേന നല്‍കിയ പരാതിയില്‍ അജിത്തിന് നേരെ പൊതു ജന വികാരത്തെ വ്രണപ്പെടുത്തി എന്ന വകുപ്പില്‍ കുറ്റം ചാര്‍ത്തി പോലീസ് കേസെടുക്കുകയായിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ അജിത്ത് സുപ്രീം കോടതിയെ സമീപിച്ചു.
ബ്ലോഗിലെ ഉള്ളടക്കവും അതിലെ കമന്റുകളും ഒരു ചെറിയ ഗ്രൂപ്പില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നു എന്നും അതിലെ കമന്റുകള്‍ അവ എഴുതുന്ന ആള്‍ക്കാരുടെ മാത്രം അഭിപ്രായമാണെന്നും സുപ്രീം കോടതിയില്‍ കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയായ അജിത്ത് വാദിച്ചു. ബ്ലോഗിലെ അഭിപ്രായങ്ങള്‍ തന്റെ മൌലിക അവകാശമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രകാശനമാണ് എന്നും ഇതിനെ കുറ്റമായി കാണരുത് എന്നുമുള്ള അജിത്തിന്റെ വാദങ്ങള്‍ പക്ഷെ കോടതി ചെവി കൊണ്ടില്ല.
പ്രതി ഒരു കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥി ആയത് കൊണ്ട് ഇന്റര്‍നെറ്റ് പോര്‍ട്ടലുകള്‍ എത്രയധികം ആളുകള്‍ സന്ദര്‍ശിക്കും എന്ന കാര്യം അറിയുന്ന ആളാണ് എന്ന് ചീഫ് ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണനും ജസ്റ്റിസ് പി. സതാശിവം എന്നിവര്‍ അടങ്ങുന്ന ബെഞ്ച് ചൂണ്ടിക്കാട്ടി. അത് കൊണ്ട് തന്നെ ഇതിലെ ഉള്ളടക്കത്തെ സംബന്ധിച്ച് ഒരു പരാതി ഉയര്‍ന്നാല്‍ കോടതിക്ക് മുന്‍പില്‍ ഹാജരായി വിശദീകരണം നല്‍കാന്‍ പ്രതിക്ക് ബാധ്യതയുണ്ട് എന്നായിരുന്നു അജിത്തിനോട് കോടതിയുടെ ഉത്തരവ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നിയമം