കൊല്‍ക്കത്ത : 65 പേരുടെ മരണത്തിന് ഇടയാക്കിയ ഗ്യാനേശ്വരി എക്സ്പ്രസ് തീവണ്ടി പാളം തെറ്റിയ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് മാവോയിസ്റ്റുകള്‍ വ്യക്തമാക്കി. ഈ അപകടത്തിനു പുറകില്‍ മാവോയിസ്റ്റുകള്‍ ആണെന്നായിരുന്നു പോലീസിന്റെ ആരോപണം. അപകടത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ ഏറ്റെടുക്കുന്നു എന്ന മാവോയിസ്റ്റുകളുടെ പ്രസ്താവന അടങ്ങുന്ന രണ്ടു പോസ്റ്ററുകള്‍ സംഭവ സ്ഥലത്ത് നിന്നും കണ്ടെടുത്തതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അപകടത്തിനു പിറകില്‍ മാവോയിസ്റ്റുകളാണ് എന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നത്.
എന്നാല്‍ ഈ സംഭവത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ല എന്ന് മാവോയിസ്റ്റ് പിന്തുണയുള്ള പോലീസ് അതിക്രമങ്ങള്‍ക്ക് എതിരെയുള്ള ജനകീയ കമ്മിറ്റി (Peoples Committee against Police Atrocities – PCPA – പീപ്പിള്‍സ് കമ്മിറ്റി അഗെയിന്‍സ്റ്റ് പോലീസ് ആട്രോസിറ്റീസ്) വക്താവ് അസിത് മഹാതോ ഫോണ്‍ സന്ദേശത്തിലൂടെ അറിയിച്ചു. മാവോയിസ്റ്റുകളാണ് ഇത് ചെയ്തത് എന്ന് ആരെങ്കിലും ആരോപിച്ചാല്‍ തങ്ങള്‍ എന്ത് ചെയ്യും? ഈ സംഭവത്തെ കുറിച്ച് തങ്ങള്‍ക്ക് ഒന്നും അറിയില്ല. ഇതിനു പുറകില്‍ ആരാണെന്ന് കണ്ടു പിടിക്കേണ്ടത് പോലീസാണ്. ഇത്രയധികം പേരുടെ മരണത്തിന് ഇടയായ സംഭവത്തെ കുറിച്ച് കേള്‍ക്കുന്നത് ഖേദകരമാണ് എന്നും ഇദ്ദേഹം പറഞ്ഞു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പോലീസ് അതിക്രമം, പ്രതിരോധം