ന്യൂഡല്‍ഹി : താന്‍ ഇന്ത്യയില്‍ സുരക്ഷിതയല്ല എന്ന് രാജ്യദ്രോഹ കുറ്റം ചുമത്തി ജീവ പര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകനും ശിശു രോഗ വിദഗ്ദ്ധനുമായ ഡോ. ബിനായക് സെന്നിന്റെ പത്നി ഡോ. ഇലിന സെന്‍ പറഞ്ഞു. തന്റെയും മക്കളുടെയും സുരക്ഷിതത്വം കരുതി മറ്റൊരു രാജ്യത്ത് രാഷ്ട്രീയ അഭയം തേടുന്നതിനെ പറ്റി താന്‍ ഗൌരവമായി ചിന്തിച്ചു വരികയാണ് എന്നും അവര്‍ വ്യക്തമാക്കി. ഛത്തീസ്ഗഡിലെ ഭരണ സംവിധാനം തങ്ങള്‍ക്കെതിരാണ്. തനിക്ക് 25ഉം 20ഉം വയസുള്ള രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്. ഞങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നുണ്ട്. ഞങ്ങള്‍ എവിടെ പോയാലും പുറകെ ആളുകള്‍ വരുന്നു. പോലീസ് തങ്ങളെ വേട്ടയാടുന്നു. തങ്ങള്‍ക്ക് അജ്ഞാതമായ ഫോണ്‍ ഭീഷണികള്‍ വരുന്നു. ഈ സാഹചര്യത്തിലാണ് വേറെ ഏതെങ്കിലും ജനാധിപത്യ രാജ്യത്ത് രാഷ്ട്രീയ അഭയം തേടുന്നതിനെ കുറിച്ച് താന്‍ ചിന്തിച്ചത്.
ഡോ. ബിനായക് സെന്നിന്റെ 60ആം ജന്മ ദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ മോചനം ആവശ്യപ്പെട്ടു നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഡോ. ഇലിന സെന്‍.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കോടതി, പോലീസ് അതിക്രമം, പ്രതിഷേധം, മനുഷ്യാവകാശം