കൊച്ചി: എസ് എന്‍സി ലാവ്‌ലിന്‍ കേസിലെ ആറാം പ്രതിയും കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലൗസ് ട്രെന്‍ഡലിനെതിരേ ഓപ്പണ്‍ വാറണ്ട് നടപടികള്‍ തുടങ്ങാന്‍ എറണാകുളം പ്രത്യേക സിബിഐ കോടതി നിര്‍ദേശം നല്കി. ക്ലൗസിനെതിരേ പുറപ്പെടുവിച്ച സമന്‍സും വാറണ്ടും മടങ്ങിയ സാഹചര്യത്തിലാണു ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി തീരുമാനിച്ചത്. കേസ് ഈ മാസം 24ന് എറണാകുളം പ്രത്യേക സിബിഐ കോടതി ജഡ്ജി കെ.പി. ജ്യോതീന്ദ്രനാഥ് വീണ്ടും പരിഗണിക്കും.
ക്രിമിനല്‍ നടപടിക്രമത്തിലെ 70-ാം വകുപ്പ് അനുസരിച്ച് ഓപ്പണ്‍ വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതി നിര്‍ദേശം നല്കുകയായിരുന്നു. കോടതി റദ്ദാക്കുന്നതു വരെയോ തിരിച്ചു വിളിക്കുന്നതു വരെയോ വാറണ്ട് നിലനില്‍ക്കും. കുറ്റവാളികളെ കൈമാറുന്നതിന് ഇന്ത്യയും കാനഡയും തമ്മില്‍ രാജ്യാന്തര കരാര്‍ നിലവിലുള്ളതായി സിബിഐ കോടതിയെ അറിയിച്ചിരുന്നു.
ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ലാവ്‌ലിന്‍ കമ്പനിയുടെ ചീഫ് ഓഫീസര്‍ക്കു നേരിട്ടു സമന്‍സ് കൈമാറാന്‍ സിബിഐ കോടതിയുടെ അനുമതി തേടിയിരുന്നു. പോസ്റ്റല്‍ വഴിയല്ലാതെ നേരിട്ടു ന്യൂഡല്‍ഹിയില്‍ സമന്‍സ് നല്കാന്‍ അനുമതി ആവശ്യപ്പെട്ടു സിബിഐ ഇന്നലെ പ്രത്യേക അപേക്ഷ നല്കിയിട്ടുണ്ട്. കേസ് പരിഗണിക്കവേ ഒന്നാം പ്രതി വൈദ്യുതി വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി മോഹന ചന്ദ്രന്‍, പി. സിദ്ധാര്‍ഥമേനോന്‍, എ. ഫ്രാന്‍സിസ് എന്നിവര്‍ മാത്രമാണു കോടതിയില്‍ ഹാജരായത്. കേസിലെ എഴാം പ്രതി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മറ്റു പ്രതികള്‍ നേരിട്ടു ഹാജരായി നേരത്തെ ജാമ്യമെടുത്തിരുന്നു.
ഇവര്‍ ഇന്നലെ നേരിട്ടു ഹാജരാകാതെ അപേക്ഷ നല്കി. ആറാം പ്രതിയും ലാവ്ലിന്‍ കമ്പനിയുടെ വൈസ് പ്രസിഡന്റുമായ ക്ലൗസ് ട്രെന്‍ഡലിനും എട്ടാം പ്രതിയായ ലാവ്‌ലിന്‍ കമ്പനിക്കുവേണ്ടിയും ആരും കോടതിയില്‍ ഹാജരായില്ല. ക്ലൗസ് ട്രെന്‍ഡലും ലാവ്‌ലിന്‍ കമ്പനിയും സമന്‍സ് കൈപ്പറ്റിയിട്ടില്ലെന്നു സിബിഐ കോടതിയെ അറിയിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കേസ് മനഃപൂര്‍വം വൈകിക്കുകയാണ്. അതിനാല്‍ വാറണ്ട് നേരിട്ടു കൈമാറാന്‍ അനുമതി നല്കണമെന്നായിരുന്നു സിബിഐയുടെ ആവശ്യം.
എന്നാല്‍, സിബിഐയുടെ വെബ്‌സൈറ്റിലെ മാര്‍ഗ നിര്‍ദേശങ്ങളനുസരിച്ചാണു സമന്‍സ് കൈമാറിയതെന്നു കോടതി ചൂണ്ടിക്കാട്ടി. കക്ഷികള്‍ കോടതിയില്‍ വിശദീകരണം നല്കാത്ത സാഹചര്യത്തില്‍ നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാനാവില്ലെന്നും ഇതിനാല്‍ വാറണ്ട് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കണമെന്നും സിബിഐ വാദിച്ചു. അതേസമയം, ക്രിമിനല്‍ നടപടിക്രമം അനുസരിച്ചുള്ള നടപടികളേ സാധ്യമാകൂയെന്നു പറഞ്ഞ കോടതി, ഇതിനായി പ്രത്യേക അപേക്ഷ നല്കുകയാണെങ്കില്‍ പരിഗണിക്കാമെന്നും വ്യക്തമാക്കി.
കുറ്റവാളികളെ കൈമാറ്റം ചെയ്യാന്‍ ഇന്ത്യയും കാനഡയും തമ്മിലുള്ള ധാരണയനുസരിച്ചു സമന്‍സ് കൈമാറേണ്ടത് ആഭ്യന്തരവകുപ്പു വഴിയും വാറണ്ടു കൈമാറേണ്ടതു വിദേശകാര്യമന്ത്രാലയം വഴിയുമാണ്. എന്നാല്‍, കനേഡിയന്‍ അധികൃതര്‍ക്കു സമന്‍സ് എത്തിയത് ഇന്ത്യന്‍ ഹൈകമ്മീഷന്‍ വഴിയാണെന്നും ഇതിനാലാണു സമന്‍സുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാവാതെ വന്നതെന്നുമാണു മുമ്പു സിബിഐ കോടതിയെ അറിയിച്ചത്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, കേരളം, കോടതി, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം, വിവാദം, സാമ്പത്തികം