ന്യൂഡല്‍ഹി : 2002ലെ ഗുജറാത്ത് കലാപത്തിലെ ഇരകള്‍ ഉപവാസമിരിക്കുന്ന ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് തുറന്ന കത്തെഴുതി. മോഡിയുടെ ഉപവാസം രണ്ടാം ദിവസത്തിലേക്ക് കടന്ന ഇന്ന് ഇതിനെതിരെ പ്രതിഷേധവുമായി എത്തിയ ഇരകളെ പോലീസ് തടഞ്ഞു വെച്ചിരുന്നു. ഇവരോടൊപ്പം മനുഷ്യാവകാശ പ്രവര്‍ത്തകരായ മല്ലികാ സാരാഭായ്, മുകുള്‍ സിന്‍ഹ, ഭരത് പി. ജല, ഷംഷാദ് പത്താന്‍ എന്നിവരെയും പോലീസ് പിടികൂടി.
ഇരകള്‍ എഴുതിയ കത്തില്‍ ഇപ്രകാരം ചോദിക്കുന്നു: നിങ്ങള്‍ എന്തിനാണ് സദ്ഭാവനയ്ക്ക് വേണ്ടി എന്നും പറഞ്ഞ് ഇങ്ങനെ ഉപവാസം ഇരിക്കുന്നത്? ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിക്കും ഇങ്ങനെ സദ്ഭാവന കിട്ടാനായി ഉപവാസം ഇരുന്ന് പ്രായശ്ചിത്തം ചെയ്യേണ്ടി വന്നിട്ടില്ല. ഒരു ദശാബ്ദം കഴിഞ്ഞപ്പോഴാണോ താങ്കള്‍ക്ക് വികസനത്തിന്റെ പേരില്‍ നടത്തുന്ന പരസ്യ പ്രചരണം കൊണ്ടൊന്നും ജനങ്ങളുടെ വിശ്വാസവും ആദരവും സ്നേഹവും ലഭിക്കില്ലെന്ന് മനസിലായത്?
മോഡി അത്ര മഹാനായ മുഖ്യമന്ത്രി ആയിരുന്നുവെങ്കില്‍ എന്ത് കൊണ്ട് ആയിരക്കണക്കിന് മുസ്ലിങ്ങള്‍ ഗുജറാത്തില്‍ കൊല്ലപ്പെടുന്നത് തടയാന്‍ കഴിഞ്ഞില്ല? ഏതാനും സമ്പന്നരെ സഹായിക്കുന്ന വികസന പ്രവര്‍ത്തനം നടത്തിയത് കൊണ്ടായില്ല. ഒരു സമുദായവും അതിലെ ഇരകളും കടന്നു പോകുന്ന നരക യാതനയുടെ നേരെ താങ്കള്‍ എപ്പോഴെങ്കിലും എത്തി നോക്കാന്‍ ശ്രമിച്ചിട്ടുണ്ടോ? താങ്കള്‍ ഇതെല്ലാം ചെയ്യുന്നത് പ്രധാന മന്ത്രി ആവുക എന്ന ലക്ഷ്യത്തോടെ ആയിരിക്കാം എന്നാല്‍ തങ്ങള്‍ക്ക് വേണ്ടത് കേവലം നീതി മാത്രമാണ്. നീതി നടപ്പിലാക്കാതെ സദ്ഭാവന സാദ്ധ്യമല്ല എന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തീവ്രവാദം, പീഡനം, പ്രതിഷേധം