ന്യൂഡെല്‍ഹി: സാമ്പത്തിക തട്ടിപ്പും ആള്‍മാറാട്ടവും ഉള്‍പ്പെടെ നടത്തിയ മലയാളി നടി ലീന മരിയ പോളിനെ (25) ദില്ലിയില്‍ പോലീസ് അറസ്റ്റ് ചെയ്തു. മോഹന്‍ ലാല്‍ ഉള്‍പ്പെടെ സൂപ്പര്‍ താര ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ലീന മരിയയും സുഹൃത്തും ചേര്‍ന്ന് ഇരുപത് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടത്തിയത്. കനറ ബാങ്കുമായി ബന്ധപ്പെട്ട് 19 കോടി രൂപയാണ് നടിയും സുഹൃത്ത് ബാലാജി എന്ന ശേഖര്‍ റെഡ്ഡിയും തട്ടിച്ചത്. കനറ ബാങ്കില്‍ നിന്നും ജയദീപ് എന്ന പേരില്‍ വ്യാജരേഖ ചമച്ച് ലോണെടുത്ത് മുങ്ങുകയായിരുന്നു. ഇത് കൂടാതെ ആള്‍മാറാട്ടം നടത്തി 76 ലക്ഷത്തിന്റെ തട്ടിപ്പും നടത്തിയിട്ടുണ്ട്. ചെന്നൈയിലെ എഗ്മൂറിലാണ് ലീനയ്ക്കും സുഹൃത്ത് ബാലാജിക്കും എതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒരുമാസമായി ഒളിവിലായിരുന്ന നടിയെ തമിഴ്‌നാട് സെന്‍ട്രല്‍ ക്രൈംബ്രാഞ്ചും ദില്ലി പോലീസും ചേര്‍ന്നാണ് ഡെല്‍ഹിയിലെ വസന്ത് കുഞ്ചിലെ ആംബിയന്‍സ് മാളിനു സമീപത്തു നിന്നും അറസ്റ്റ് ചെയ്തത്. നടിയ്ക്കൊപ്പം ഉണ്ടായിരുന്ന അംഗരക്ഷകരും പിടിയിലായി എങ്കിലും കൂട്ടുപ്രതി ബാലാജി ഓടി രക്ഷപ്പെട്ടു. സാമ്പത്തിക തട്ടിപ്പ് നടത്തിയതിനും,ആള്‍മാറാട്ടാം നടത്തിയതിനും,അനുമതിയില്ലാതെ ആയുധം കൈവശം വെച്ചതിനും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒന്‍പത് ആഢംബര കാറുകള്‍, 81 വിലകൂടിയ വാച്ചുകള്‍, നാലു തോക്കുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ലീനയെ തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോകും.
മോഹന്‍ ലാല്‍ നായകനായ റെഡ് ചില്ലീസ്, ജയറാം ചിത്രമായ ഹ്സ്ബന്റ്സ് ഇന്‍ ഗോവ, കോബ്ര, മദ്രാസ് കഫേ തുടങ്ങിയ ചിത്രങ്ങളില്‍ ലീന മരിയ അഭിനയിച്ചിട്ടുണ്ട്. മോഡലിങ്ങിലും ലീന സജീവമാണ്. ലീനയുടെ മാതാപിതാക്കള്‍ ഗള്‍ഫിലാണെന്ന് സൂചനയുണ്ട്. ഡെല്‍ഹിയിലെ ആഢംഭര ഫാംഹൌസില്‍ ആയിരുന്നു നടിയും സുഹൃത്തും ഒളിവില്‍ കഴിഞ്ഞിരുന്നത്. മാസം 4 ലക്ഷം രൂപയാണ് ഈ ഫാം ഹൌസിന്റെ വാടക എന്നാണ് റിപ്പോര്‍ട്ടുകള്‍.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, കുറ്റകൃത്യം, കോടതി, സാമ്പത്തികം, സ്ത്രീ